പുളിയുറുമ്പുകള്‍
ഇന്നും ലക്ഷ്മണരേഖ കൊണ്ടുവന്നില്ല അല്ലേ?”
വീട്ടിലേക്ക് വന്നുകയറുമ്പോള്‍ ഭാര്യയുടെ പതിവുചോദ്യം തന്നെയാണ് ഇന്നും അയാളെ എതിരേറ്റത്. ഭാര്യ തന്നയച്ച ലിസ്റ്റ് പ്രകാരം എല്ലാം വാങ്ങിയിട്ടുണ്ടോ എന്ന് അയാള്‍ ഓര്‍ത്തെടുത്തു നോക്കി. മോള്‍ക്ക് റിബ്ബണും നെയിംസ്ലിപ്പും . മോന് മഷി നിറയ്ക്കുന്ന പേന. പിന്നെ അവള്‍ക്ക് തുന്നാനുള്ള വെള്ളയും കറുപ്പും നൂലുകള്‍.
എല്ലാം വാങ്ങിയിട്ടുണ്ട്. കൂട്ടത്തില്‍, പത്തു രൂപയുടെ ഒരു ലക്ഷ്മണരേഖയും, വാങ്ങിയ്ക്കുവാന്‍ തെല്ലും അയാള്‍ക്ക് താല്പര്യമില്ലായിരുന്നുവെങ്കിലും.
ചോക്കുപെന്‍സില്‍ രൂപത്തിലൊരു കീടനാശിനിയാണ് ലക്ഷ്മണരേഖ. ഈ ചോക്കുപെന്‍സില്‍കൊണ്ട് ഒരു വര വരച്ചാല്‍ അതിനപ്പുറം പ്രാണികള്‍ക്ക് കടക്കാനാവില്ല. അവ കുഴഞ്ഞുവീണ് ചാകും.
മരണത്തിലേയ്ക്ക് ആയാസരഹിതമായ ഒരു വഴി.
ഇന്നും ലക്ഷ്മണരേഖ കൊണ്ടുവന്നില്ലെന്നു കരുതി ഭാര്യയുടെ മുഖത്ത് ഇരുട്ട് പടരുന്നതും നോക്കി അയാള്‍ സ്വയം ആനന്ദിച്ചു ചിരിച്ചു.
"എനിക്കറിയാം നിങ്ങള്‍ കൊണ്ടുവരില്ലെന്ന്.... വലിയ ജന്തുസ്‌നേഹിയല്ലേ!”
അവള്‍ അമര്‍ഷത്തോടെ അടുക്കളയിലേക്ക് നടന്നുപോയി.
കുറെ ദിവസങ്ങളായി അടുക്കളയില്‍ പുളിയുറുമ്പുകളുടെ കടന്നുകയറ്റമാണ്. വടക്കുപുറത്തെ ഞാവല്‍മരം ഇലക്ട്രിസിറ്റിബോര്‍ഡുകാര്‍ വന്ന് വെട്ടിമുറിച്ചതു മുതല്‍ തുടങ്ങിയതാണ്. മെലിഞ്ഞുണങ്ങിയ കാലുകളാല്‍ വേച്ചുവേച്ച് പുളിയുറുമ്പുകള്‍ വരിവരിയായി ഞങ്ങളുടെ ഈ കൊച്ചുസാമ്രാജ്യത്തേക്ക് ശത്രുരാജ്യത്തേക്ക് പട്ടാളക്കാരെന്നപോലെ കടന്നുവരുന്നു.
പാതിയമ്പുറത്തിനുമുകളിലും അടുപ്പിനുചുറ്റും ചുവന്ന നിറത്തിലുള്ള പുളിയുറുമ്പുകള്‍ ശത്രുരാജ്യത്തെ വലയം ചെയ്ത കണക്കെ നിലകൊണ്ടു.
ഭാര്യ പിന്നെയും പുളിയുറുമ്പുകളെ അടിച്ചുകൂട്ടി അടുപ്പില്‍ കൊണ്ടുപോയി ചെരിഞ്ഞു. ചെറിയൊരു സീല്‍ക്കാരത്തോടെ അവ എരിഞ്ഞടങ്ങി. പക്ഷേ പുളിയുറുമ്പുകള്‍ അവസാനിക്കുന്നില്ല. തുറന്നിട്ട ജാലകങ്ങളിലൂടെ അവ വീണ്ടും അരിച്ചുവന്നു. വരിവിരിയായി എത്ര അച്ചടക്കത്തോടെയാണ് അവ കടന്നുവരുന്നത്! കാലുകള്‍ നീട്ടിവച്ച്, കുറിയ കൊമ്പുകള്‍ ചായ്ചും ചരിച്ചും അവര്‍ നടന്നു വന്നു. പുളിയുറുമ്പുകള്‍ മനുഷ്യന് മാതൃകയാകണം. മനുഷ്യനേപ്പോലെ പുളിയുറുമ്പുകള്‍ സ്വാര്‍ത്ഥരാകുന്നില്ല. അവര്‍ കൂട്ടായ്മയില്‍ വിശ്വസിക്കുന്നു.
ഇന്ന് തെല്ലൊരഭിമാനത്തോടെ കൊണ്ടുവന്ന ലക്ഷ്മണരേഖ അവള്‍ക്കുനേരെ നീട്ടിയപ്പോള്‍ അവിശ്വസനീയമായ എന്തോ സംഭവിച്ചതുപോലെ അവള്‍ അയാളെ നോക്കി. ആയുധം കിട്ടിയ പോരാളിയേപ്പോലെ അവളുടെ മുഖം തിളങ്ങി.
അയാള്‍ക്ക് വലിയ സന്തോഷമൊന്നും തോന്നിയില്ല. എല്ലാ ജീവജാലങ്ങളേയും പോലെ പുളിയുറുമ്പുകളും ദൈവത്തിന്റെ സൃഷ്ടികള്‍..... മാനും, മയിലും, മനുഷ്യനും, പുല്‍ച്ചാടിയും, പുളിയുറുമ്പും എല്ലാമെല്ലാം....... കൊല്ലാന്‍ മനുഷ്യനെ ആരും അധികാരപ്പെടുത്തിയിട്ടില്ലല്ലോ! മനുഷ്യന്‍മാത്രം വേലികള്‍കെട്ടി അവന്റെ സാമ്രാജ്യങ്ങള്‍ തീര്‍ക്കുന്നു. അവര്‍ അവരവരുടെ സാമ്രാജ്യങ്ങളില്‍ വാഴുന്നു. അവന്റെ ഭാര്യ, അവന്റെ കുട്ടികള്‍ , അവന്റെ വീട്, അവന്റെ സ്വപ്നങ്ങള്‍!
ദൈവത്തിന്റെ സൃഷ്ടിയില്‍ ഏറ്റവും മഹത്തരം മനുഷ്യന്‍ തന്നെയാകുന്നു. പിന്നെയെല്ലാം അവന് വഴിയൊരുക്കുന്നവര്‍. അവന്‍ എല്ലാവരുടെയും യജമാനന്‍.... കിളികളുടെ, പൂമ്പാറ്റകളുടെ, മൃഗങ്ങളുടെ, പുളിയുറുമ്പുകളുടെ...... എല്ലാ ജീവജാലങ്ങള്‍ക്കുമായി അവന്‍ നിയമസംഹിതകള്‍ തീര്‍ക്കുന്നു, അവന്റെ ഭാഷയില്‍ ......
തെല്ലൊരാഹ്‌ളാദത്തോടെ ലക്ഷ്മണരേഖ അയാളുടെ കയ്യില്‍നിന്നും തട്ടിവാങ്ങി അവള്‍ ജനലിന്മേലും പാതിയമ്പുറത്തും കോറിവരയ്ക്കാന്‍ തുടങ്ങി. ലക്ഷ്മണരേഖ കടക്കാന്‍ ശ്രമിച്ച പുളിയുറുമ്പുകള്‍ യുദ്ധത്തിലെ പോരാളികളെപ്പോലെ മരിച്ചു വീഴാന്‍ തുടങ്ങി. അത്യാഹിതം സംഭവിച്ച പോരാളികളെ അന്വേഷിച്ച് കൂടുതല്‍ പോരാളികളെത്തി. ഏതാനും നിമിഷങ്ങള്‍ക്കകം എല്ലാ പോരാളികളും മരിച്ചുവീണു. കുരുക്ഷേത്രഭൂമിയുടെ ഒരറ്റത്തിരുന്ന് അന്ധനായ ധൃതരാഷ്ട്രര്‍ ഗാന്ധാരിയോടൊപ്പം ഇരുന്ന് കേണു. പിന്നെ എപ്പഴോ അവരും മരിച്ചുവീണു.
ഭാര്യ ഇപ്പോള്‍ പതിവിലേറെ സന്തോഷവതിയാണ്. മരണത്തില്‍ മനുഷ്യന്‍ ഇത്രയധികം സന്തോഷിക്കുന്നതെന്തിനെന്ന് എനിക്കറിയില്ല. ഒരുപക്ഷേ, മരണം ശാശ്വതമായൊരു സത്യമെന്നതിനാല്‍ മരണത്തിലായിരിക്കണം നാമേറെ സന്തോഷിക്കേണ്ടിയിരിക്കുന്നത്.
അയാള്‍ക്ക് കിടന്നിട്ടുറക്കം വന്നില്ല. മനസ്സ് അസ്വസ്ഥമായിരുന്നു. മനസ്സ് ഒരു വിചിത്രപ്രതിഭാസം തന്നെയാകുന്നു. അപഥസഞ്ചാരിയായ ഒരു കുതിരയെപ്പോലെ അവന്‍ മേച്ചില്‍പ്പുറങ്ങള്‍ തേടി നടക്കും. ഒരിക്കലും അടങ്ങിയിരിക്കില്ല. തിരിഞ്ഞും മറിഞ്ഞും കിടന്നു.
പിന്നെ എപ്പഴോ കണ്‍പോളകളില്‍ കനം തൂങ്ങി. ഭാരം നഷ്ടമാകുന്നതുപോലെ തോന്നി. അപ്പൂപ്പന്‍താടി കണക്കെ അയാള്‍ ഒഴുകിനടന്നു. ആരൊക്കെയോ താങ്ങിയെടുക്കുന്നതായി തോന്നി. അവര്‍ക്ക് നീണ്ടുമെലിഞ്ഞ കാലുകളുണ്ടായിരുന്നു. അവരുടെ ചെറിയ തലയ്ക്കു മുകളില്‍ തീരെ ചെറിയ കൊമ്പുകളുണ്ടായിരുന്നു. കൊമ്പുകള്‍കൊണ്ട് അവരയാളെ ഇറുക്കെപ്പിടിച്ചിരുന്നു.
പിന്നെപ്പിന്നെ, പുളിയുറുമ്പുകളുടെ ലോകത്ത് എത്തിപ്പെട്ടതായി അയാളറിഞ്ഞു. ഇവിടെ ഈ പുളിയുറുമ്പുകള്‍ യജമാനന്മാര്‍. അവര്‍ക്ക് അവരുടെ നിയമങ്ങള്‍ . അവരുടെ ഭാഷയില്‍ അവരെഴുതുന്നു, വായിക്കുന്നു, നടപ്പിലാക്കുന്നു.
അയാള്‍....... അയാള്‍ പുളിയുറുമ്പുകളുടെ ലോകത്തകപ്പെട്ട ഒരു പാവം മനുഷ്യന്‍ !

വിനോദ്.കെ..