ബലിക്കാക്കവട്ടത്തില്‍ ചാണകം മെഴുകി. വിളക്കും കിണ്ടിയും വച്ചു. നാക്കില തെക്കോട്ടു തിരിച്ചിട്ട് അതില്‍ നനച്ച അരിയും എള്ളും പഴവും കുഴച്ച് ഉരുളകളാക്കി വച്ചു. അച്ഛമ്മ കുട്ടിയുടെ കൈപിടിച്ച് നാക്കിലയില്‍ തിരി കത്തിച്ചുവച്ചു. കറുകത്തലപ്പുകൊണ്ട് അതില്‍ വെള്ളം തളിച്ചു.
"മോന്‍ അച്ഛനെ നന്നായി ധ്യാനിക്കണം, ട്ടോ....... ഇപ്പോള്‍ അച്ഛന്‍ മോനെ സ്വര്‍ഗ്ഗത്തിലിരുന്ന് നോക്കണുണ്ടാവും. അച്ഛനെത്ര സന്തോഷാവുംന്നറിയോ!”
വെള്ളം നനച്ച് കാക്കകളെ കൈകൊട്ടി വിളിച്ചു.
കാക്കകള്‍!
അവ മുജ്ജന്മങ്ങളില്‍ നിന്നും നമ്മളിലേക്കിറങ്ങിവരുന്ന വിരുന്നുകാരാകുന്നു.
അവര്‍ നമ്മുടെ വിശേഷങ്ങളറിയാന്‍ വരുന്ന പ്രപിതാമഹന്മാരാകുന്നു.
അച്ഛമ്മ പറഞ്ഞിട്ടുണ്ട്, എല്ലാവരും ഒരിക്കല്‍ കാക്കകളായി ജന്മമെടുക്കും. എല്ലാ മനുഷ്യരും ബലിക്കാക്കകളും കാവതികാക്കകളും ആയിത്തീരും. അച്ഛനും അമ്മയും കുട്ടിയും എല്ലാം.....
ഒരു ജന്മത്തില്‍ കാവതിക്കാക്കയെങ്കില്‍ അടുത്ത ജന്മത്തില്‍ ബലിക്കാക്ക.
പൂര്‍വ്വജന്മങ്ങളില്‍നിന്നും അവര്‍ കാക്കകളായി തങ്ങളുടെ ഉറ്റവരെ കാണാന്‍ വരും.
കുട്ടി കാക്കകളെ കൈകൊട്ടി വിളിച്ചു.......
അച്ഛാ വരൂ എന്ന് ഉള്ളുരുകി പ്രാര്‍ത്ഥിക്കാന്‍ അച്ഛമ്മ പറഞ്ഞു.
ബലിച്ചോറ് കൊത്താനെന്ന വ്യാജേന കാക്കകള്‍ പറന്നുവന്നു. ഇടംകണ്ണുകൊണ്ടവര്‍ മനുഷ്യന്റെ മനസ്സിന്റെ ഉള്ളറകളില്‍ ചിക്കിച്ചികഞ്ഞുകൊണ്ടിരുന്നു.
ഈ ബലിക്കാക്കകള്‍ക്ക് മുന്നില്‍ നഗ്നരാണു്നമ്മള്‍ .....
നമ്മള്‍ അവരുടെ പിറന്നപാടേയുള്ള കുട്ടികള്‍ ......
അവരോടൊന്നും ഒളിക്കാനാവില്ല നമ്മള്‍ക്ക്.
കാക്കകള്‍ക്ക് സംസാരിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്ന് കുട്ടി ആശിച്ചുപോയി. കൂട്ടത്തില്‍ തന്റെ അച്ഛനേതെന്ന് ചോദിച്ചറിയാമായിരുന്നു. അല്ലെങ്കില്‍ അച്ഛന്‍ ഇനി എന്നു വരുമെന്ന് ചോദിക്കയെങ്കിലും ചെയ്യാമായിരുന്നു.
കഴിഞ്ഞ മഴക്കാലത്ത് വന്നുപോയതാണ് അച്ഛന്‍. എപ്പഴും മഴക്കാലമാകുമ്പോഴാണ് അച്ഛന്‍ വരിക. അച്ഛന് മഴ ഇഷ്ടമായിരുന്നു. അതോ മഴയ്ക്ക് അച്ഛനെയോ? ഉമ്മറത്ത് ഉത്തരത്തിലേക്ക് നോക്കി അച്ഛനും മോനും കിടക്കും. ചിതലരിക്കുന്ന കഴുക്കോലുകള്‍ നോക്കി അച്ഛന്‍ കുട്ടിയോട് പറയും.
നമുക്കും വലിയൊരു വീടുവയ്ക്കണം.
ചിതലരിക്കാത്ത, ചോര്‍ന്നൊലിക്കാത്ത......
അത് അച്ഛന്റെ സ്വപ്നമായിരുന്നു.
അച്ഛന്‍ വന്നാല്‍ കുട്ടി എപ്പഴും കൂടെയുണ്ടാകും. അച്ഛനും മോനും കൂടെയാണ് കിടത്തവും നടത്തവും എല്ലാം..... ഇണപിരിയാത്ത ചങ്ങാതിമാരെപ്പോലെ......
കുട്ടിക്ക് അച്ഛനെ വലിയ ഇഷ്ടമായിരുന്നു. എല്ലാ വര്‍ഷവും അച്ഛന്‍ ദുബായില്‍നിന്നും വരുമ്പോള്‍ ഒരുപാട് കളിക്കോപ്പുകള്‍ കൊണ്ടുവരും. പിന്നെ ആരും കാണാത്ത തരം മിഠായികള്‍, പുത്തനുടുപ്പുകള്‍ .........
വലിയ ദേഷ്യക്കാരനാണ്. അമ്മയോട് എപ്പഴും കയര്‍ക്കുന്നത് കേള്‍ക്കാം. എന്നാലും കുട്ടിയോട് വലിയ ഇഷ്ടമാണ്.
ഇത്തവണ അച്ഛന്‍ ആഫ്രിക്കയിലേക്കാണ് പോയത്. കണ്മഷിപോലെ കറുത്തവരുടെ നാടത്രേ! പുല്‍ച്ചാടികളെയും പാറ്റകളെയുമൊക്കെ വറുത്തുതിന്നുമത്രേ അവര്‍ ! അവരുടെ സ്പ്രിംഗ് പോലുള്ള മുടി കാണാന്‍ നല്ല രസമുണ്ടത്രേ! കുട്ടിയുടെ മുടി നല്ല കോലന്‍ മുടിയാണ്. അച്ഛന് അവന്റെ കോലന്‍ മുടി നല്ല ഇഷ്ടമാണ്. എപ്പഴും അതില്‍ തലോടിക്കൊണ്ടിരിക്കും.
ആഫ്രിക്കയിലേക്ക് യാത്ര പുറപ്പെടുമ്പോള്‍ അച്ഛന്‍ വളരെ സന്തോഷവാനായിരുന്നു. നല്ല ശമ്പളമുള്ള ജോലിയാണ് അച്ഛന് കിട്ടിയിരിക്കുന്നതെന്ന് അമ്മ പറഞ്ഞു.
എപ്പോഴത്തെയുംപോലെ കുട്ടിയുടെ നെറുകയില്‍ ഉമ്മവച്ചിട്ടാണ് പോയത്. കണ്ണുകളില്‍ സ്വപ്നത്തിന്റെ തിളക്കമുണ്ടായിരുന്നുവെന്ന് കുട്ടി ഇപ്പഴുമോര്‍ക്കുന്നു.
ഇനി നമ്മള്‍ക്ക് നല്ലൊരു വീടൊക്കെ വയ്ക്കണം. ചിതലരിക്കാത്ത, ചോരാത്ത, നല്ല ഭംഗിയുള്ള വീട്. പിന്നെ വലിയോരു കോഴിക്കൂട്. കൂട്ടില്‍ നിറയെ കോഴിക്കുഞ്ഞുങ്ങള്‍ ,
കുട്ടിക്ക് എല്ലാം വലിയ ഇഷ്ടമാണ്......
പിന്നീടൊരിക്കല്‍ അച്ഛന്‍ വന്നത് കുട്ടി നന്നായി ഓര്‍ക്കുന്നു. അന്ന് അച്ഛന്‍ കുട്ടിക്ക് ഒന്നും കൊണ്ടുവന്നിരുന്നില്ല. ആദ്യമായിട്ടാണ് അച്ഛന്‍ വെറും കയ്യോടെ വരുന്നത്. ദിവസങ്ങളോളം അമ്മ കുട്ടിയെ സ്‌ക്കൂളില്‍ പറഞ്ഞയച്ചില്ല.
അച്ഛന്‍ വരും എന്നുമാത്രം അമ്മ എപ്പഴും പറഞ്ഞുകൊണ്ടിരുന്നു. പറയുമ്പോള്‍ അമ്മയുടെ കണ്ണുകള്‍ നിറയുന്നത് കുട്ടി അറിയുന്നുണ്ടായിരുന്നു. അമ്മ കരയുന്നതെന്തിനെന്ന് ചോദിച്ചപ്പോള്‍ അച്ഛമ്മയും കുട്ടിയെ കെട്ടിപ്പിടിച്ച് തേങ്ങിക്കരഞ്ഞു. കുട്ടിയ്‌ക്കൊന്നും മനസ്സിലായില്ല.
ആളുകള്‍ അപ്പുറത്തും ഇപ്പുറത്തും നിന്ന് ഓരോന്ന് കുശുകുശുക്കുന്നുണ്ടായിരുന്നു. കുട്ടിയോട് ആരും ഒന്നും മിണ്ടുന്നില്ല. ചെറിയകുട്ടിയല്ലേ അവന്‍! മുതിര്‍ന്നവരുടെ കാര്യത്തില്‍ കുട്ടികള്‍ ഇടപെടാന്‍ പാടില്ല.
പടിക്കല്‍ ആംബുലന്‍സ് വന്നു നിന്ന ആ ദിവസം കുട്ടി ഇപ്പഴും നടുക്കത്തോടെ ഓര്‍ക്കുന്നു. മുറ്റം നിറയെ ആള്‍ക്കാരായിരുന്നു. കുറെ ആള്‍ക്കാര്‍ താങ്ങിപ്പിടിച്ച് ഒരു വലിയ പെട്ടി കൊണ്ടുവന്ന് മുറ്റത്തുവയ്ച്ചു. ആരൊക്കെയോ ചുറ്റികകൊണ്ടടിച്ച് ആ പെട്ടി തുറന്നു.
പെട്ടിയില്‍ അച്ഛന്‍ ഉറങ്ങിക്കിടക്കുകയായിരുന്നു.
ആരാണ് അച്ഛനെ ഈ പെട്ടിയില്‍ അടച്ചിട്ടത് ?
ആരും ഒന്നുംതന്നെ മിണ്ടുന്നില്ല. എല്ലാവരും കരയുന്നു.
അച്ഛനും ഒന്നും മിണ്ടുന്നില്ല.
ഈറനുടുത്ത്, പൂജാരി ചൊല്ലിക്കൊടുത്ത മന്ത്രങ്ങള്‍ ചൊല്ലി അച്ഛനെ വലം വയ്ക്കുമ്പോഴും കുട്ടി നിര്‍വ്വികാരനായിരുന്നു. അച്ഛന്റെ തലക്കല്‍ തീകൊളുത്താന്‍ പറഞ്ഞപ്പോള്‍ അവന്‍ മടിച്ചുനിന്നു.
അച്ഛന് മോക്ഷം കിട്ടാനല്ലേ, കുട്ടാ....
അച്ഛമ്മയുടെ വാക്കുകള്‍ ഇപ്പഴും കാതുകളില്‍ മുഴങ്ങുന്നു.
എന്റെ അച്ഛനെ തീ വയ്ക്കുന്നതെന്തിനാണ് ? അവന് ചോദിക്കണമെന്നുണ്ട്..... കഴിയുന്നില്ല.
കുട്ടിയ്ക്ക് ഒന്നിനും കഴിയുന്നില്ല.
ഇപ്പോള്‍ ഈ ബലിക്കാക്കകളില്‍ ആരാണ് തന്റെ അച്ഛനെന്ന് തിരയുമ്പോഴും കുട്ടി കൗതുകപ്പെടുകയാണ്. അച്ഛന്‍ എന്തുകൊണ്ടായിരിക്കും തന്നോട് മിണ്ടാതിരുന്നത്!
കൂട്ടത്തില്‍ വലിയൊരു ബലിക്കാക്ക കുട്ടിയെത്തന്നെ നോക്കി നില്‍ക്കുന്നതായി അവന് തോന്നി. കാക്ക കുട്ടിയെ ചാഞ്ഞും ചരിഞ്ഞും നോക്കി, കണ്ട് കൊതിതീരാത്ത പോലെ.
എന്റെ അച്ഛനായിരിക്കുമോ? കുട്ടിയുടെ വിശേഷങ്ങള്‍ അറിയാന്‍ വന്നതാകുമോ?
കുട്ടിക്ക് ഉറക്കെ ചോദിക്കണമെന്നുണ്ട്...... കഴിയുന്നില്ല.... കുട്ടിക്ക് ഒന്നിനും കഴിയുന്നില്ല.
ഓരോ ബലിക്കാക്കയും പറന്നുപോയി.
വര്‍ത്തമാനകാലത്തില്‍നിന്നും അവര്‍ മുജ്ജന്മങ്ങളിലേക്ക് ഊളിയിട്ടു പറന്നകന്നു. കുട്ടിയോട് ഒന്നും മിണ്ടാതെ.......

വിനോദ്.കെ.എ.