ഇംഗ്ലീഷ് മീഡിയത്തിലെ കുട്ടി

കുട്ടി സ്ക്കൂള്‍ബസ്സ് കാത്തു നില്ക്കയാണ്. പട്ടണത്തിലെ വലിയ ഇംഗ്ലീഷ് മീഢിയം സ്ക്കൂളിലാണ് അവന്‍ പഠിയ്ക്കുന്നത്. ഏറെ പണം നല്കിയാണ് അച്ഛന്‍ അവന് ആ വിദ്യാലയത്തില്‍ ഒരു സീറ്റ് തരപ്പെടുത്തിയത്.
ഭാഗ്യമുള്ള കുട്ടിയാണവന്‍. ഗ്രാമത്തിലെ വലിയ പണക്കാരന്റെ മകന്‍. രണ്ടുനില വീട്. ചുറ്റും ഉയരത്തില്‍ കെട്ടി നിര്‍ത്തിയഭംഗിയുള്ള മതില്‍. ഗെയിറ്റിനുമുകളില്‍ സിംഹരൂപങ്ങള്‍ മുഖമുയര്‍ത്തി നില്ക്കുന്നു. കണ്ടാല്‍ ആരും ഒന്നു നോക്കി നിന്നുപോകും. പിച്ചക്കാര്‍ പോലും അകത്ത് കടക്കാന്‍ ധൈര്യം കാണിയ്ക്കയില്ല.
മുറ്റത്ത് വലിയ നായക്കൂടുണ്ട്. കൂടിനകത്ത്, ഗേറ്റ് അനങ്ങുന്നതുംനോക്കി അര്‍ദ്ധമയക്കത്തിലായിരിയ്ക്കും ബ്രിട്ടോ. ഈച്ചപോലും അകത്ത് കടക്കാന്‍ ധൈര്യപ്പെടില്ല.
സ്‌ക്കൂള്‍ വണ്ടി ഇനിയും എത്തിയിട്ടില്ല. എന്നും അമ്മ ഒപ്പം ഉണ്ടാകാറുണ്ട്. കുട്ടിയുടെ സ്‌ക്കൂള്‍ ബാഗും തൂക്കി ബസ്സ് വരുന്നതും കാത്തുനില്ക്കാന്‍ അമ്മയ്ക്ക് വലിയ ഇഷ്ടമാണ്, തെല്ലൊരു ഗമയും ഇല്ലാതില്ല. ഇന്ന് അമ്മ വലിയ തിരക്കിലാണ്. ഏതോ സീരിയലിന്റെ വളരെ പ്രധാനപ്പെട്ട എപ്പിസോഡ് ഇന്നലെ കാണാന്‍ കഴിഞ്ഞിരുന്നില്ല. രാവിലെ പുനഃപ്രക്ഷേപണമുണ്ട്.
ഇന്നലെ മുതല്‍ അര മണിക്കൂര്‍ നേരത്തെ പവര്‍ക്കട്ടായിരുന്നു. എന്താണ് ഈ പവര്‍ക്കട്ടെന്നൊന്നും കുട്ടിയ്ക്കറിയില്ല. പെടുന്നനെ അയല്‍വീടുകളിലൊക്കെയും വൈദ്യുതിദീപങ്ങള്‍ അണയും. സ്വീകരണ മുറിയിലെ ടീവിയ്ക്കുള്ളിലിരുന്ന് ഒരു നാണവുമില്ലാതെ വാവിട്ടു കരയുന്ന പെണ്ണുങ്ങള്‍ കരച്ചില്‍ നിര്‍ത്തുകയാല്‍ വല്ലാത്തൊരു ശാന്തത പരക്കും. അമ്മയുടെ മുഖത്ത് മ്ലാനത പടരുന്നത് കാണാം. മറ്റെല്ലാ വീടുകളിലും വെളിച്ചം കെടുമ്പോള്‍ അവന്റെ വീട്ടില്‍ മാത്രം കെടാത്ത സൂത്രമെന്തെന്ന് കുട്ടിയ്ക്കിനിയും മനസ്സിലായിട്ടില്ല.
വണ്ടി വരാന്‍ ഇനിയും സമയമുണ്ട്. കുട്ടി റോഡിലൂടെ ഓടുന്ന വാഹനങ്ങള്‍ നോക്കി നിന്നു. നല്ല ചന്തമുള്ള പുതുപുത്തന്‍ വാഹനങ്ങള്‍. ഓരോ വാഹനങ്ങളും ഓരോ അണുകുടുംബങ്ങളുടെ പ്രതിനിധികള്‍. നില്ക്കാന്‍ നേരമില്ല, ചുറ്റും ഒന്നു കാണുവാനും നേരമില്ല. കാക്കക്കണ്ണുകൊണ്ടുപോലും ആരും നോക്കാത്തതില്‍ പരിഭവം പൂണ്ടു നില്ക്കയായിരുന്നു വഴിയോരത്തെ പച്ചപ്പ്.
അടുത്തവീട്ടിലെ കുട്ടികള്‍ ചെണ്ടമേളം തുടങ്ങിയിട്ടുണ്ട്. കാദറിക്കയുടെ കുട്ടികളാണ്. വീടുകള്‍ വെള്ളപൂശുന്ന ജോലിയാണ് കാദറിക്കയ്ക്ക്. കാദറിക്ക പാവപ്പെട്ടവനായതുകൊണ്ട് അയാളുടെ കുട്ടികള്‍ മലയാളം മീഡിയം സ്‌ക്കൂളില്‍ പഠിക്കുന്നു. കഷ്ടമാണ് ആ കുട്ടികളുടെ കാര്യം. കുട്ടിക്ക് അവരുടെ കാര്യമോര്‍ത്ത് വിഷമം തോന്നാറുണ്ട്. ബാപ്പ പാവപ്പെട്ടവനായതുകൊണ്ട് ജീവിതത്തില്‍ അവര്‍ക്ക് എന്തൊക്കെ അവസരങ്ങളാണ് നഷ്ടമാകുന്നത്? അവര്‍ക്ക് ഡോക്ടറാകാന്‍ കഴിയില്ല, എഞ്ചിനീയറാകാന്‍ കഴിയില്ല, ഇംഗ്ലീഷില്‍ രണ്ടുവാക്ക് സംസാരിക്കാന്‍ ഒട്ടുമാവില്ല.
പക്ഷേ അവരുടെ കളി കാണാന്‍ നല്ല രസമുണ്ട്. രാവിലെ തുടങ്ങും. ബാപ്പ പണി കഴിഞ്ഞ് വരുമ്പോള്‍ കൊണ്ടുവരുന്ന കാലിപ്പാത്രങ്ങളിലാണ് അവരുടെ കലാപ്രകടനം.
വൈ ദിസ് കൊലവെറി കൊലവെറി ഡാ ........
കൂട്ടത്തില്‍ ജബ്ബാര്‍ അവനെ മാടിവിവിച്ചു. അവന്റെ കളി കാണാന്‍ നല്ല രസമുണ്ട്. നല്ല താളമുണ്ട്. സിനിമയിലെ നായകന്‍ കാണിക്കുന്നപോലെ അര്‍ത്ഥമില്ലാത്ത പാട്ടിന് വളരെ അര്‍ത്ഥവത്തായി അവന്‍ ചുവടുകള്‍ വയ്ക്കുന്നു.
വണ്ടി വരാന്‍ ഇനിയും സമയമുണ്ട്. കുട്ടി മെല്ലെ അവരുടെ അടുത്തേക്ക് നടന്നു. അമ്മ അകത്ത് ടീവി കാണുകയാണ്. വണ്ടിയുടെ ശബ്ദം കേള്‍ക്കുമ്പോള്‍ ഓടി വരാം.
ജബ്ബാര്‍ കുട്ടിയുടെ കൈ പിടിച്ച് മെല്ലെ ആടാന്‍ തുടങ്ങി.
വൈ ദിസ് കൊലവെറി കൊലവെറി ഡാ ........
ബാഗ് താഴെ വച്ച് രണ്ട് കയ്യും നിവര്‍ത്തി അവന്‍ ആടിത്തുടങ്ങി. താനും ഒട്ടും മോശമല്ല എന്ന് കുട്ടിക്ക് തോന്നി.
താളം മുറുകി.
വൈ ദിസ് കൊലവെറി കൊലവെറി ഡാ ........
നെറ്റിയി ല്‍ വിയര്‍പ്പിന്റെ ഉപ്പു് പടര്‍ന്നു. വിയര്‍പ്പുമണികള്‍ ഉരുകിയിറങ്ങി അമ്മ വാഷിംഗ് മെഷീനിലിട്ട് അലക്കിത്തേച്ച വെള്ള യൂണീഫോമില്‍ നനവായി പടര്‍ന്നതും, സ്‌ക്കൂള്‍ ബസ്സ് വന്നതും, ഉച്ചത്തില്‍ ഹോണ്‍ മുഴക്കിയതും, അമ്മ അകത്തുനിന്നും സീരിയല്‍ വിട്ട് ഓടി വന്നതും ഒന്നും കുട്ടി അറിഞ്ഞില്ല.
അമ്മയുടെ അലര്‍ച്ച കേട്ടാണ് അവന് ബോധം വന്നത്. തിരക്കിട്ട് ബാഗ് തോളിലിട്ട് അവന്‍ ഓടി. കിതച്ചുകൊണ്ട് വണ്ടിയില്‍ ഓടിക്കയറുമ്പോള്‍ അമ്മ കലിതുള്ളി നില്ക്കയാണ്. എത്രയെത്ര മാന്യന്മാരുടെ കുട്ടികള്‍ വരുന്ന സ്‌ക്കൂളാണ്! ക്ലാസ്സില്‍ അവരുടെ ഇടയില്‍ ദേഹമാസകലം അഴുക്കുപുരണ്ട് തന്റെ കുട്ടി ഇരിക്കുന്നത് ആ അമ്മയ്ക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു.
കുട്ടി ബസ്സില്‍ കയറി സീറ്റില്‍ ഇരുന്നു. വസ്ത്രത്തിലെ അഴുക്കും ചുളുക്കും അമ്മയുടെ കോപവുമായിരുന്നില്ല അവന്റെ ഉള്ളില്‍. അവന്റെ ഇളം മനസ്സില്‍ മറ്റൊന്നുമുണ്ടായിരുന്നില്ല. അവിടെ ജബ്ബാറും, താളത്തില്‍ ചെണ്ടകൊട്ടിയാടുന്ന കൂട്ടുകാരും മാത്രമായിരുന്നു.

വിനോദ്.കെ.എ.