ഗര്‍ത്തം


ഉണ്ണി ഒന്നും അറിഞ്ഞിരുന്നില്ല. മുറ്റത്ത് ചെറിയോരു വിള്ളല്‍ വന്നതും, കാണെക്കാണെ അത് വളര്‍ന്നുവലുതായി ഭൂമിയുടെ ആഴങ്ങളിലേക്കിറങ്ങിപ്പോയതും, അടുക്കളപ്പണി കഴിഞ്ഞ് അമ്മ എത്തിയതും, ബോധരഹിതയായതും, ഒന്നും അവനറിഞ്ഞിരുന്നില്ല.
ഇന്നലെ കിട്ടിയ മൊബൈല്‍ ഫോണിന്റെ മാന്ത്രികവലയത്തിലായിരുന്നു അവന്‍ ... വിരല്‍ തൊടുമ്പോള്‍ ചിത്രങ്ങള്‍ തെളിയുന്നൊരു മൊബൈല്‍ ഫോണ്‍ എന്നും അവന്റെ സ്വപ്നമായിരുന്നു. ക്ലാസ്സില്‍ കൂട്ടുകാര്‍ക്കെല്ലാം അത്തരത്തിലുള്ള ഫോണ്‍ ഉണ്ട്. അവന്റെ കയ്യില്‍ മാത്രം കാലഹരണപ്പെട്ട, നിറം മങ്ങിയ ഒരു ഫോണായിരുന്നു.
അവന്‍ മൊബൈലില്‍ ചാറ്റ് റൂമുകളില്‍ കയറിയിറങ്ങി. സുന്ദരികളും സുന്ദരന്മാരും അവന്റെ ചുറ്റും ഒഴുകിനടന്നു.
അമ്മയുടെ കരച്ചില്‍ കേട്ട് അവന്‍ സ്വപ്നലോകത്തുനിന്നും ഇറങ്ങി വന്നു.
അയല്‍വീട്ടിലെ അടുക്കളപ്പണി കഴിഞ്ഞ് അമ്മ ഇപ്പോള്‍ എത്തിയതേയുള്ളൂ.......
വീടിനുമുമ്പില്‍ ഒരു ചെറിയൊരു കുഴി പ്രത്യക്ഷപ്പെട്ടിരുന്നു. തലേന്ന് കിടക്കുന്നതിനുമുമ്പ് അങ്ങനെ ഒരു കുഴി അവിടെ ഇല്ലായിരുന്നു എന്ന് ഉറപ്പുണ്ട്.
പിന്നെ എങ്ങനെയായിരിക്കും ആ കുഴി രൂപപ്പെട്ടത്?
ഉണ്ണി സയന്‍സ് ക്ലാസ്സില്‍ പഠിച്ച കാര്യങ്ങള്‍ ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചു.
ഭൂമി ഒരു ഗോളമാകുന്നു. ഉള്ളില്‍ എരിയുന്ന തീ നിറച്ച ഒരു ഭീകരഗോളം. കലുഷമായ ഭൂമിയുടെ മുഖം പലപ്പോഴും ശാന്തം. പലപ്പോഴും അവള്‍ രൗദ്രഭാവം പൂണ്ട് നില്ക്കാറുമുണ്ട്.
കുഴി വളരെ ചെറിയതായിരുന്നു. രണ്ടടിയോളം താഴ്ച്ച കാണും. എന്നാലും ശൂന്യതയില്‍നിന്നും ഈ കുഴി എങ്ങനെ വന്നെന്ന ചോദ്യത്തിന് ആര്‍ക്കും ഉത്തരമില്ല. ഒരുപക്ഷേ, ഇതൊരു സ്വപ്നം മാത്രമായിരിക്കാം. അമ്മ അങ്ങനെ ആശ്വസിക്കാന്‍ ശ്രമിച്ചു.
അവന്‍ വീണ്ടും മൊബൈലില്‍ കുത്തിയിരുന്നു. ചാറ്റ് റൂമുകളില്‍ സുന്ദരികളും സുന്ദരന്മാരും നിറഞ്ഞു നിന്നു. എത്ര സുന്ദരമായ, വര്‍ണ്ണാഭമായ ലോകം. മണ്ണിന്റെ മണമില്ലാത്ത, മഴയുടെ അസ്വാസ്ഥ്യങ്ങളില്ലാത്ത,......
ഹായ് ഡാ......
സുന്ദരികള്‍ സുന്ദരന്മാരെ അഭിവാദ്യം ചെയ്തു.
എപ്പഴോ മയക്കം അവന്റെ കണ്‍പോളകളില്‍ കനം തൂങ്ങി.
അമ്മ കുട്ടയില്‍ മണ്ണ് കോരി കുഴി നിറയ്ക്കാനുള്ള ശ്രമത്തിലാണ്. കുഴി നിറയുന്നില്ല. ഭൂമിദേവിക്കു വിശപ്പടങ്ങുന്നില്ല. തന്നതെല്ലാം തിരിച്ചെടുക്കാനുള്ള ശ്രമത്തിലാണ് അവള്‍ . സംഹാരഭാവംപൂണ്ട് അവള്‍ അലറി.
കൊണ്ടുവരൂ... എല്ലാം എനിക്കു തിരിച്ചു കൊണ്ടുതരൂ.....
അമ്മ മണ്ണു കോരിയിട്ടുകൊണ്ടേയിരുന്നു.
കുഴി നിറയുന്നില്ല.......
ഉണ്ണിക്ക് അമ്മയെ തടയണമെന്നുണ്ട്. പക്ഷേ, അമ്മ ഒന്നും കേള്‍ക്കുന്നില്ല. അമ്മയുടെ കൈകാലുകള്‍ കുഴയുന്നത് ഉണ്ണി അറിയുന്നുണ്ട്. എന്നാലും അമ്മ കുട്ടകള്‍ നിറച്ചുകൊണ്ടേയിരുന്നു. അമ്മയെ തടയാന്‍ അവന് കഴിയുന്നില്ല. അവന്റെ നാവ് വരണ്ടിരുന്നു. ഒന്നും മിണ്ടാനാകുന്നില്ല.
കൊണ്ടുവരൂ... എല്ലാം എനിക്ക് തിരിച്ച് കൊണ്ടുതരൂ....
ഇടിമുഴക്കം പോലെ ഭുമിദേവി ഗര്‍ജ്ജിച്ചു കൊണ്ടിരുന്നു.
അമ്മ ആവുന്നത്ര വേഗത്തില്‍ നടക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നു. കാലുകള്‍ കുഴയുന്നു. കൈകള്‍ തളരുന്നു. പിന്നെ എപ്പഴോ അഗാധമായ ഭൂഗോളത്തിന്റെ നിഗൂഢതയിലേക്ക് അവര്‍ തളര്‍ന്നുവീണു.
എല്ലാം ഭൂമിദേവി തിരിച്ച് വാങ്ങിക്കുകയാണെന്ന് ഉണ്ണി അറിയുന്നുണ്ടായിരുന്നു. മണ്ണും മരങ്ങളും ആകാശവും കയ്യടക്കി മലിനമാക്കിയ മനുഷ്യനില്‍നിന്നും എല്ലാം തിരിച്ച് വാങ്ങിയ്ക്കുകയായിരുന്നു.
ഉണ്ണിക്ക് കരയണമെന്നുണ്ടായിരുന്നു. കഴിയുന്നില്ല. അവന്‍ അമ്മയെ പിന്‍തുടര്‍ന്നുകൊണ്ടു നടന്നു. ഭൂമിദേവി അവനെയും മാടിവിളിക്കുന്നുണ്ടായിരുന്നു.

വിനോദ്.കെ.എ.