ന്യൂനമര്‍ദ്ദം

ഇറയത്തുകൂടെ മഴ കുത്തിയൊലിച്ചുകൊണ്ടിരുന്നു. മഴത്തുള്ളികള്‍ മുറ്റത്ത് വിരിച്ചിട്ട മണലില്‍ കുഴികളുണ്ടാക്കുകയായിരുന്നു. വൃക്ഷലതാദികളൊക്കെ തണുത്ത് മിഴികൂമ്പിനിന്നു. പ്രകൃതിയുടെ നനഞ്ഞ ഭാവം അയാളിലും ഉറവപൊട്ടിയിരുന്നു. തണുപ്പ് അയാളുടെ ഓരോ രോമകൂപങ്ങളിലും സ്ഥാനം പിടിച്ചിരുന്നു.
ഉമ്മറത്തിണ്ണയില്‍ മഴയെ നോക്കി അയാള്‍ ഇരുന്നു.
എത്ര ദിവസമായി ഈ മഴ തുടങ്ങിയിട്ട്!
തണുപ്പകറ്റാന്‍ അയാള്‍ ബീഡിയുടെ പുക ഊതിവിട്ടുകൊണ്ടിരുന്നു. എങ്കിലും അയാള്‍ വിറയ്ക്കുന്നുണ്ടായിരുന്നു.
എത്ര നേരമായി ഇങ്ങനെ ഇരിക്കാന്‍ തുടങ്ങിയിട്ടെന്ന് അയാള്‍ക്കും ഓര്‍മ്മയില്ല. ഒരു പ്രതീക്ഷയുമില്ലാത്ത, നിരര്‍ത്ഥകമായ ഈ കുത്തിയിരിപ്പ്......
വാഴത്തോപ്പുകള്‍ക്കപ്പുറം പാടശേഖരങ്ങളിലേക്ക് കണ്ണുംനട്ട് അയാളിരുന്നു.
മഴയൊരല്പം ശമിച്ചപ്പോള്‍ അയാള്‍ തൂമ്പയെടുത്ത് പുറത്തേക്കിറങ്ങി. വാഴത്തോപ്പുകള്‍ കടന്ന് പാടവരമ്പത്തേക്കിറങ്ങി. തോട്ടുവരമ്പിലൂടെ അയാള്‍ മുന്നോട്ടുനടന്നു.
വയലേലകള്‍ക്കിടയില്‍ നിന്നും തവളകള്‍ കരഞ്ഞുകൊണ്ടിരുന്നു. ഏതോ ഉള്‍ക്കടലുകളില്‍ ഉത്ഭവിച്ച ന്യൂനമര്‍ദ്ദത്തില്‍ നിന്നും രൂപംകൊണ്ട മാരിക്കാറുകളാണീ മഴയെന്നറിയാതെ അവ കാലവര്‍ഷത്തിന് സ്വാഗതം പറയുകയായിരുന്നു.
ചീവീടുകളുടെ ചെകിട് തുളക്കുന്ന ശബ്ദം ഒരു ഇടവപ്പാതിയുടെ ഓര്‍മകള്‍ നല്കുന്നുണ്ടായിരുന്നു.
നെല്‍ക്കതിരുകള്‍ നനഞ്ഞുവീര്‍ത്ത് അയാള്‍ കാണാനെന്നോണം ചാഞ്ഞുകിടന്നു. നിസ്സഹായരായ മിണ്ടാപ്രാണികള്‍ അവരെ പരിപാലിക്കുന്നവരെ നോക്കുന്നപോലെ അവ അയാളെ നോക്കിക്കിടന്നു.
വെള്ളം വരമ്പ് കവിയാന്‍ തുടങ്ങിയിരുന്നു. തോടും വയലും ഒരേ നിരപ്പായിരിക്കുന്നു. ഇനി വെള്ളം പുറത്തേക്കൊഴുക്കാനൊന്നും കഴിയില്ലെന്ന് അയാള്‍ മനസ്സിലാക്കിയതുകൊണ്ട് തൂമ്പ തോട്ടുവരമ്പത്ത് വച്ച് അയാള്‍ വരമ്പത്തുകൂടെ വെറുതെ നടന്നു.
നശിച്ച മഴ. അയാള്‍ ഉള്ളില്‍ പ്രാകി കൊണ്ടിരുന്നു. നമുക്ക് ജീവനും ഉണര്‍വ്വും തേജസ്സും തരുന്ന അതേ മഴയെത്തന്നെ അയാള്‍ ശപിച്ചുകൊണ്ടിരുന്നു. അയാള്‍ വെറുതെ കുറെനേരം വരമ്പത്തുകൂടെ നടന്നു. എന്തിനെന്നറിയില്ല.
പിന്നെ വരമ്പത്ത് കൂനിക്കൂടിയിരുന്ന്   നെല്‍ക്കതിരുകള്‍ എടുത്തുനോക്കി. ചിലതെല്ലാം മുളപൊട്ടിയിരുന്നു. പുതുനാമ്പുകള്‍, മഹാപ്രളയത്തില്‍ വീണ്ടും മരിക്കുവാനായി ജന്മമെടുക്കുന്ന പുതുമുകുളങ്ങള്‍ , അയാളുടെ മനസ്സില്‍ അവ തീനാളങ്ങളായി രൂപമെടുത്തു.
ഇത്തവണ ഇരുപത് ഏക്കര്‍ പാട്ടത്തിനെടുത്തതാണ്. ഭാര്യയുടെ സ്വര്‍ണ്ണമെല്ലാം അടുത്ത സഹകരണബാങ്കില്‍ പണയം വച്ച് ഇള്ളതെല്ലാം നുള്ളിപ്പെറുക്കി, ഒരുപാട് പ്രതീക്ഷകളോടെ കൃഷിയിറക്കിയതാണ് ഇത്തവണ. കഴിഞ്ഞ വര്‍ഷം വളം വാങ്ങിയ ഇനത്തില്‍ ഇനിയും കടയുടമയ്ക്ക്   പണം കൊടുക്കാനുണ്ട്. ഇത്തവണയും വളം കടമായിത്തന്നത് അയാളുടെ സന്മനസ്സ്. എല്ലാ കടങ്ങളും ഇത്തവണ വീട്ടാമെന്ന് അയാള്‍ വ്യാമോഹിച്ചിരുന്നു.
എത്രനേരം അവിടെ അങ്ങിനെയിരുന്നെന്ന് ഓര്‍മ്മയില്ല. സൂര്യന്‍ ഉദിക്കാതെതന്നെ അസ്തമിച്ചു. മഴ വീണ്ടും ചാറിപ്പെയ്യാന്‍ തുടങ്ങിയപ്പോള്‍ അയാള്‍ തൂമ്പയുമെടുത്ത് തിരിച്ചു നടന്നു.
"നെല്ലൊക്കെ വീണോ, കുമാരാ?”
വഴിയില്‍ ആരൊക്കെയോ എറിഞ്ഞിട്ട ചോദ്യങ്ങളൊന്നും അയാള്‍ കേട്ടില്ല. മനസ്സുനിറയെ നനഞ്ഞുവീര്‍ത്തു മുളപൊട്ടിയ വിത്തുകളായിരുന്നു. വിത്തുകള്‍ പെരുകുന്നു. പെരുകിപ്പെരുകി അവ കടമായിത്തീരുന്നു. കടമൊക്കെ നെഞ്ചില്‍ വിങ്ങലായി ഉറയുന്നു.
അയാള്‍ നടന്നു.
തൂമ്പ ഇറയത്തുവച്ച്, കൈകാല്‍ കഴുകി വീണ്ടും ഉമ്മറത്തിണ്ണയില്‍ ഇരിപ്പുറപ്പിച്ചു.
"കണ്ടം നെറഞ്ഞോ?”
ചോദിക്കുമ്പോള്‍ ഭാര്യയുടെ മുഖത്ത് ഉല്‍ക്കണ്ഠയേക്കാള്‍ നിസ്സംഗതയായിരുന്നു. സ്വപ്നങ്ങളും പ്രതീക്ഷകളും ഒന്നുമില്ലാത്തവരുടെ നിസ്സംഗത. എന്നും അവള്‍ അങ്ങനെയായിരുന്നു. അമിതമായ വികാരപ്രകടനങ്ങളൊന്നുമില്ല. എപ്പഴും മുഖത്ത് ശാന്തത അല്ലെങ്കില്‍ നിസ്സംഗത.
അയളൊന്നും പറഞ്ഞില്ല.
പുറത്ത് മഴ അപ്പോഴും തകര്‍ത്തു പെയ്യുന്നുണ്ടായിരുന്നു. തെരുവുവിളക്കുകളുടെ നേര്‍ത്ത വെളിച്ചം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ആ വെളിച്ചത്തിനുമപ്പുറം പുലരി വെള്ളകീറുന്നതും നോക്കി അയാള്‍ കാത്തിരുന്നു. പിന്നെയും അയാള്‍ സ്വപ്നങ്ങള്‍ നെയ്യുകതന്നെയായിരുന്നു.

വിനോദ്.കെ.എ.