സ്വതന്ത്രന്‍


ബലിക്കാക്കകള്‍ അവസാനത്തെ അരിമണിയും കൊത്തിയെടുത്ത് പറന്നകന്നപ്പോള്‍ അയാള്‍ തിരിച്ചുനടന്നു. വല്ലാതെ ആശ്വാസം കൊണ്ടു അയാള്‍. കാരണം ഇപ്പോള്‍ അയാള്‍ ശരിക്കും സ്വതന്ത്രനായിരിക്കുന്നു.
സ്വാതന്ത്ര്യം!
അതെ, മരണം എല്ലാറ്റില്‍നിന്നുമുള്ള സ്വാതന്ത്ര്യം തന്നെയാകുന്നു.
വേദനകളില്‍നിന്ന്........
വേവലാതികളില്‍നിന്ന്..........
നിത്യവും നിതാന്തവുമായ ശാന്തിയിലേക്കുള്ള യാത്ര.
നനഞ്ഞ മണലിലൂടെ നഗ്നപാദനായി നടക്കുമ്പോള്‍ കടലും ശാന്തമായിരുന്നു. എല്ലാം അവസാനിച്ചതിന്റെ ശാന്തത. മനുഷ്യന്റെ മനസ്സിലെ ക്ഷോഭവിക്ഷോപങ്ങള്‍ പ്രകൃതി എങ്ങനെ തൊട്ടറിയുന്നുവോ ആവോ!
അമ്മയെപ്പോലെ പ്രകൃതി എപ്പഴും നമ്മുടെ മനസ്സിലേക്കിറങ്ങിവരുന്നു.
പിറകില്‍നിന്നും ഒരു ചിരി കേട്ടു.
ങ്‌ഹേ........
അതവന്‍തന്നെ, എന്റെ മോന്‍ !
മുപ്പത്തഞ്ചുവര്‍ഷം ഈ ചുമലിലേറ്റി നടന്ന എന്റെ പൊന്നുമോന്‍.
വരിതെറ്റിയ മഞ്ഞപ്പല്ലുകള്‍ കാട്ടി അവന്‍ നിന്ന് ചരിക്കുകയായിരുന്നു. ചിറിയിലൂടെ വെളുത്ത പത നുരഞ്ഞിറങ്ങുന്നു. ഒന്നുമറിയാത്തവന്റെ നിഷ്‌കളങ്കമായ ചിരി.
വളഞ്ഞ കാലുകള്‍ മണലിലൂടെ വലിച്ച് വലിച്ച് അവന്‍ അച്ഛന്റെ അടുത്തേക്ക് ഇഴഞ്ഞു വന്നു. അവനെ ഒന്നുകൂടെ ചുമലിലേറ്റി നടക്കാന്‍ അയാള്‍ കൊതിച്ചു. മുപ്പത്തിയഞ്ച് വര്‍ഷം ചുമലിലേറ്റി നടന്നിട്ടും അയാള്‍ക്ക് അതൊരു ഭാരമായി തോന്നിയിരുന്നില്ലല്ലോ.
കൈകള്‍ നീട്ടിയപ്പോള്‍ അവന്‍ എവിടെയോ പോയിമറഞ്ഞു.
അയാള്‍ ചുറ്റും പരതി.
എവിടെ?
അതാ, ദൂരെ തിരകള്‍ക്കുമുകളിലൂടെ തന്റെ ശോഷിച്ച കാലുകള്‍ ഏന്തി വലിഞ്ഞ് അവന്‍ വരുന്നുണ്ട്, അവന്റെ അച്ഛന്റെ അടുത്തേക്ക്. അച്ഛനില്ലാതെ അവന്‍ എന്തു ചെയ്യാനാണ്? ഉണ്ണാനും ഉടുക്കാനും ഉറങ്ങാനും അംഗവിക്ഷേപങ്ങള്‍കൊണ്ട് പരിഭവങ്ങള്‍ പങ്കുവക്കാനും എല്ലാം അവന് അച്ഛന്‍ വേണമായിരുന്നല്ലോ.
തന്റെ ഭാര്യയും ബന്ധുക്കളും ദൂരെയുള്ള ചൂളമരക്കാടുകളില്‍ നടന്നുമറയുന്നത് അയാള്‍ അറിയുന്നുണ്ടായിരുന്നു. ജീവിതത്തിലെ ഒരു ദുരിതപര്‍വ്വം അവസാനിച്ച സന്തോഷത്തിലായിരുന്നു അവരെല്ലാം.
പക്ഷേ, എവിടേക്ക് പോകണമെന്നറിയാതെ അയാള്‍ ആ മണല്‍പ്പരപ്പില്‍ നിസ്സംഗനായി നിന്നു.
ഇനി ?
ജീവിതത്തില്‍ ഇനി തനിക്കെന്താണ് ബാക്കിയുള്ളത്? തന്റെ എല്ലാ കര്‍ത്തവ്യങ്ങളും അവസാനിച്ചുവല്ലോ!
ഇപ്പോള്‍ , ഈ നിമിഷത്തില്‍ , അയാള്‍ക്കൊന്നും ചെയ്യാന്‍ ബാക്കിയുള്ളതായി തോന്നിയില്ല.
കഴിഞ്ഞ മുപ്പത്തഞ്ചുവര്‍ഷമായി അയാള്‍ ഒന്നും അറിയുന്നില്ലായിരുന്നു. അറിയുന്നതിത്രമാത്രം, തന്റെ മോന്‍ , വികൃതമെങ്കിലും നിഷ്‌ക്കളങ്കമായ അവന്റെ ചിരികള്‍ , പരിഭവങ്ങള്‍ !
ഭാര്യ, ബന്ധുക്കള്‍ .......
ഒന്നും അയാള്‍ ചിന്തിച്ചിരുന്നില്ലല്ലോ!
ഭാര്യയും ബന്ധുക്കളും ചൂളമരക്കാടുകളും കടന്ന് ഒരു പൊട്ടുപോലെ അകന്നുപോയിരുന്നു.
അവര്‍ എന്നും രണ്ടു ലോകത്തായിരുന്നുവല്ലോ!
നാട്ടിലെ വലിയ പണക്കാരന്റെ മകള്‍ . ചുണ്ടില്‍ ചുവന്ന ചായം തേച്ച്, തോളില്‍ പൊങ്ങച്ചസഞ്ചിയും തൂക്കി, അവള്‍ സ്ത്രീ-പുരുഷ സമത്വത്തിനായി അഹോരാത്രം പാടുപെടുന്നവള്‍ ...... വീട്ടില്‍ ഒന്നുമറിയാത്ത ഉണ്ണി പിച്ചവച്ചു കളിച്ചുനടന്നു, വളര്‍ന്നിട്ടും വളരാതെ.......
അവനെല്ലാം അച്ഛനായിരുന്നു, അച്ഛന്‍മാത്രം.....
എല്ലാം അവസാനിച്ചുവല്ലോ, ഇനി എവിടേക്കെന്നറിയാതെ നിസ്സംഗനായി അയാള്‍ ആ മണല്‍പ്പരപ്പില്‍ കടല്‍ത്തിരകളെയും നോക്കിനിന്നു.
കാണെക്കാണെ കടല്‍ പ്രക്ഷുബ്ദമാകുന്നത് അയാളറിഞ്ഞു. കടല്‍ അയാളുടെ മനസ്സ് തൊട്ടറിയുന്നുണ്ടായിരുന്നു, അമ്മയെപ്പോലെ.
കടലമ്മയുടെ പുറത്തേറി അവന്‍ വരുന്നത് അയാള്‍ കണ്ടു. അതെ, അതവന്‍ തന്നെ. വായിലൂടെ വെള്ളിനുര പതപ്പിച്ച് അവന്‍ നിന്ന് ചിരിക്കുകയായിരുന്നു. ആ ചിരി അപ്പോള്‍ ലോകത്തില്‍വച്ച് ഏറ്റവും മനോഹരമായി അയാള്‍ക്ക് തോന്നി.
ചിരിച്ചുകൊണ്ട് അവന്‍ അച്ഛനെ മാടിവിളിക്കുകയാണ്. അച്ഛനില്ലാതെ അവന്‍ ജീവിക്കുന്നതെങ്ങനെ, അല്ലെങ്കില്‍ മരിക്കുന്നതെങ്ങനെ ?! അവന് ഉണ്ണാനും, ഉറങ്ങാനും, ഉടുക്കാനുമല്ലാം അവന്റെ അച്ഛന്‍ വേണം.
'അച്ഛാ.....'
അച്ഛാ എന്ന് വിളിച്ചതവന്‍തന്നെയോ!?
ജീവിതത്തില്‍ ആദ്യമായി അച്ഛാ എന്ന വിളികേട്ട് അയാള്‍ കോരിത്തരിച്ചു. തന്റെ പൊന്നുമോനെ ഒന്നുകൂടെ വാരിയെടുത്ത് എന്നത്തേയും പോലെ തോളിലേറ്റി നടക്കാന്‍ അയാള്‍ കൊതിച്ചു.
വിറയ്ക്കുന്ന കാലുകളോടെ അയാള്‍ മുന്നോട്ടുനടന്നു. നടന്ന് തിരമാലകളുടെ മുന്നിലെത്തി നിന്നു. പിന്നെ തിരമാലകളെ വകഞ്ഞുമാറ്റി അയാള്‍ മുന്നോട്ടാഞ്ഞുനടന്നു. കടലമ്മ തന്റെ ചേലയൊതുക്കിപ്പിടിച്ച് അയാള്‍ക്ക് വഴിയൊരുക്കിക്കൊടുത്തു.
അപ്പോഴും അയാളുടെ പൊന്നുമോന്‍ അച്ഛനെയും നോക്കി നിര്‍ത്താതെ നിന്ന് ചിരിക്കുന്നുണ്ടായിരുന്നു. കടലിന്റെ ഗര്‍ജ്ജനത്തിനുമേലെ അവന്റെ ചിരി മുഴങ്ങി കേള്‍ക്കുന്നുണ്ടായിരുന്നു.

വിനോദ്.കെ.എ.