ഒറ്റപ്പെട്ടവര്‍


രാവിലെ എണീറ്റ് പല്ലുതേക്കാനായി തൊടിയിലേക്കിറങ്ങിയപ്പോള്‍ വലിയൊരു പഴുക്കില തഴേക്കെറിഞ്ഞിട്ട് മുത്തശ്ശിമാവ് എന്നോട് ചോദിച്ചു.
"എന്ത് തെറ്റാണ് ഞാന്‍ നിന്നോടു ചെയ്തത്?”
ആ പഴുക്കില കുനിഞ്ഞെടുത്ത് പല്ലുതേയ്ക്കാനൊരുങ്ങുമ്പോള്‍ ഞാനോര്‍ത്തു. ശരി തന്നെ , മുത്തശ്ശിമാവ് ഒരു തെറ്റും ചെയ്തിരുന്നില്ലല്ലോ. മരങ്ങള്‍ തെറ്റു ചെയ്യുന്നില്ല. തെറ്റ് ചെയ്യുന്നവര്‍ മനുഷ്യന്‍ മാത്രം.
ഞാന്‍ കൊച്ചനിയനുമായി വഴക്കിട്ടതും, വീട് മാറാന്‍ തീരുമാനിച്ചതും, അമ്മയോട് പത്തു സെന്റ് സ്ഥലം ആവശ്യപ്പെട്ടതും ഒന്നും മുത്തശ്ശിമാവിന്റെ തെറ്റായിരുന്നില്ലല്ലോ.
കുറ്റബോധത്തോടെ ഒന്നുമുരിയാടാതെ നില്ക്കുമ്പോള്‍ കോടാലിയും കയറുമായി കുഞ്ഞാലി വന്നതും അവന്റെ ഒരോ പ്രഹരത്തിലും മുത്തശ്ശിമാവ് ഞെളിപിരി കൊണ്ടു കരഞ്ഞതും, വലിയൊരു അലര്‍ച്ചയോടെ തെക്കോട്ട് ചരിഞ്ഞതും എല്ലാം ഒരു നടുക്കത്തോടെ എന്റെ ഓര്‍മ്മയില്‍ തെളിഞ്ഞു.
ഇപ്പോള്‍ ഞാനൊന്നുമറിഞ്ഞില്ല എന്ന ഭാവത്തില്‍ മുത്തശ്ശിമാവ് നിവര്‍ന്നുനിന്ന് എന്നെ നോക്കിച്ചിരിക്കുന്നു. അമ്മ മക്കളോട് എന്നപോലെ. എന്നിട്ട് എന്റെ മുത്തശ്ശിയുടെയും മുത്തശ്ശിയായ മുത്തശ്ശിമാവ് എന്നോട് ചോദിയ്ക്കയാണ് എന്തപരാധമാണ് നിങ്ങളോട് ചെയ്തതെന്ന്!
എന്തിനാണെന്നെയിങ്ങനെ വെട്ടിമുറിച്ചിട്ടത്? ഓരോ കാറ്റിനും മാധുര്യമൂറുന്ന മാമ്പഴം താഴേയ്ക്കടര്‍ത്തിയിട്ടതിനോ? തണല്‍ തന്നതിനോ? സാന്ത്വനിപ്പിക്കാന്‍ കാറ്റിനെ പറഞ്ഞയച്ചതിനോ?
തെല്ലമ്പരപ്പോടെ ഞാന്‍ മുത്തശ്ശിയെ നോക്കി. പിന്നെ ആശ്വാസം കൊണ്ടു, ഹാവൂ! മുത്തശ്ശിമാവ് മരിച്ചില്ലല്ലോ!
മാവിന്റ കൊമ്പത്തിരുന്ന് അണ്ണാറക്കണ്ണന്‍ മധുരമേറുന്നൊരു മാമ്പഴം പകുതി കടിച്ച് താഴേയ്ക്കിട്ടു. ഉണ്ണിക്കുട്ടന്‍ ഉറക്കച്ചടവോടെ ഓടിവന്ന് ഇളിഭ്യനായി മടങ്ങിപ്പോയി.
ഞാനോര്‍ക്കുന്നു, എത്ര സുന്ദരമായിരുന്നു ആ ദിനരാത്രങ്ങള്‍! അന്നൊക്കെ ഞങ്ങള്‍ എല്ലാവരും ഈ മുത്തശ്ശിയുടെ കുട്ടികളായിരുന്നു. മനുഷ്യനും, കിളികളും, ഇത്തിള്‍ക്കണ്ണികളും, പുള്ളുകളും, പാറ്റകളും എല്ലാം മുത്തശ്ശിയുടെ കുട്ടികള്‍ . ഓരോ കാറ്റിനും ആ മടിത്തട്ടിലേക്ക് ഓടിയെത്തുക ഞങ്ങളുടെ പതിവായിരുന്നു. മുത്തശ്ശി താഴേയ്ക്കെറിഞ്ഞു തരുന്ന മാമ്പഴങ്ങള്‍ക്ക് മധുരമൊരായിരമായിരുന്നു. കാലം ചുക്കിച്ചുളിച്ച ആ ശരീരത്തില്‍ എന്നും വാല്‍സല്യത്തിന്റെ നനവുണ്ടായിരുന്നു.
കൊച്ചനിയന്റെ വിവാഹത്തോടെ എല്ലാം മാറുകയായിരുന്നു. വിവാഹത്തിന്റെ ആഹ്‌ളാദത്തിമര്‍പ്പുകളടങ്ങും മുമ്പേ പ്രിയതമ എന്റെ കാതില്‍ കുശുകുശുക്കാന്‍ തുടങ്ങി. നമ്മള്‍ ഉദ്ദേശിച്ചപോലൊന്നുമല്ല അവള്‍ . അവനും മാറിത്തുടങ്ങിയിരുന്നു. പഴയ പോലെ സ്‌നേഹമൊന്നുമില്ല. നിങ്ങളെ 'മൊഞ്ചൂക്കേ' എന്നുവിളിച്ച് ഓടി വരുന്നില്ല.
"മൊഞ്ചൂക്കേ...”
അതെ, അങ്ങനെയാണ് അവന്‍ എന്നെ വിളിച്ചിരുന്നത്. കുട്ടിയായിരുന്നപ്പോള്‍ അവന്റെ വായില്‍നിന്നും ഊര്‍ന്നുവീണിരുന്ന അപസ്വരങ്ങള്‍! മൊഞ്ചൂക്ക്! അതെന്റെ വിളിപ്പേരായി മാറി.
മൊഞ്ചൂക്കേ.....
ആ വിളി അവന്റെ സ്‌നേഹമാകുന്നു.
പ്രിയതമ കാതില്‍ പറഞ്ഞു, അവന്റെ സ്‌നേഹം വറ്റിപ്പോയിരിയ്ക്കുന്നു. ഒരു പക്ഷേ, പുതിയ കൈവഴികള്‍ തിരിഞ്ഞുപോയതാകാം.
ഒന്നുമല്ല, എല്ലാം നിന്റെ തോന്നലുകള്‍! അവന്‍ ഇപ്പഴും നമ്മുടെ കൊച്ചുകുട്ടി തന്നെ. ഓര്‍മ്മയുണ്ടോ നിനക്ക്? നമ്മുടെ കല്ല്യാണം കഴിയുന്ന കാലത്ത് അവന്‍ എത്ര ചെറിയ കുട്ടിയായിരുന്നു. മൊഞ്ചൂക്കേ മൊഞ്ചൂക്കേ എന്നുവിളിച്ച് എപ്പഴും എന്റെ പിന്നാലെ നടക്കുമായിരുന്നു അവന്‍...., നമ്മള്‍ ഉറങ്ങുമ്പോള്‍ അവനും നമ്മുടെ ഇടയില്‍ കിടക്കുമായിരുന്നു. എന്തൊക്കെ കുസൃതികള്‍ ഒപ്പിക്കുമായിരുന്നു! നിനക്കും അവനോട് വാല്‍സല്യം തന്നെ. അച്ഛന്‍ മരിച്ചതിനുശേഷം അവന്റെ അച്ഛന്‍ ഞാന്‍ തന്നെയായിരുന്നുവെന്നും നിനക്കറിയാമല്ലോ.
എങ്കിലും പ്രിയതമയുടെ മുഖത്തെ അസംതൃപ്തിയുടെ കാറൊഴിഞ്ഞില്ല. ഇരുണ്ട മേഘങ്ങള്‍ കൂട്ടിയുരസ്സിയ അഗ്നി അണഞ്ഞതുമില്ല. നെരിപ്പോടുപോലെ അത് എരിഞ്ഞുകൊണ്ടേയിരുന്നു.
കാണെക്കാണെ അവന്‍ ഞങ്ങളില്‍നിന്നും അകന്നുപോകുന്നത് വേദനയോടെ നോക്കിനിന്നു. അവന്‍, അവന്റെ ലോകം, അവന്റെ സ്വപ്നങ്ങള്‍! അവിടെ മൊഞ്ചൂക്കില്ല, മൊഞ്ചൂക്കിന്റെ പ്രിയതമയില്ല, ഉണ്ണിക്കുട്ടനില്ല.....
അടുത്തിരുന്നുള്ള ആ അകലം എന്നില്‍ നീറിപ്പടര്‍ന്നപ്പോള്‍ ഞാന്‍ അമ്മയോട് വീടുവയ്ക്കാന്‍ സ്ഥലം ചോദിച്ചു. മുത്തശ്ശിമാവിന്റെ അപ്പുറത്തും ഇപ്പുറത്തും കയര്‍ വലിച്ചുകെട്ടി. കിഴക്ക് ഭാഗം അടുക്കള. വടക്കുവശത്തും തെക്കുവശത്തും ശയനമുറികള്‍, പടിഞ്ഞാറ് പൂമുഖം. മണലില്‍ സിമന്റ് ചേര്‍ത്ത് കല്ലുകൊണ്ടു ഞങ്ങള്‍ ചുവരുകള്‍ തീര്‍ത്തു. ആകാശം കാണാതിരിക്കാന്‍ മുകളില്‍ കോണ്‍ക്രീറ്റ് സ്ലാബുകള്‍ തീര്‍ത്തു. മനസ്സുകള്‍ സംവദിക്കുവാന്‍ മടിച്ചുനിന്നപ്പോള്‍ ആ കോണ്‍ക്രീറ്റ് കൂടാരത്തില്‍ ഒതുങ്ങിക്കൂടി.
ഞാന്‍ മുത്തശ്ശിയുടെ അടുത്തേക്ക് ചേര്‍ന്നുനിന്നു. പരുപരുത്ത ആ മാറിടത്തില്‍ മുഖമമര്‍ത്തി ഞാന്‍ കരഞ്ഞു.
മാപ്പ്, മുത്തശ്ശീ ...... മാപ്പ്!!
ഒരു പകല്‍സ്വപ്നത്തില്‍ നിന്നും കണ്‍തുറന്നപ്പോള്‍ മുന്നില്‍ ഉണ്ണിക്കുട്ടന്‍ ... തൊട്ടു പിറകില്‍ പ്രിയതമയും......
"അച്ഛന്‍ സ്വപ്നം കണ്ടോ?”
ഞാന്‍ ചുറ്റും കണ്ണോടിച്ചു നോക്കി. ചുറ്റും കോണ്‍ക്രീറ്റ് ചുവരുകള്‍ ! ചായം തേച്ച പുത്തന്‍ ചുവരിന്റെ മണം. തുറന്നിട്ട വാതായനങ്ങളിലൂടെ വെളിച്ചം എന്നെ പുണരാന്‍ വരുന്നു. എന്റെ കണ്ണുകള്‍ അപ്പോഴും തൊടിയിലെ മുത്തശ്ശിമാവിനെ തിരയുകയായിരുന്നു. മുത്തശ്ശിമാവ് അവിടെ ഇല്ലായിരുന്നു. കോണ്‍ക്രീറ്റ് ചുവരുകള്‍ക്കുള്ളില്‍ ഞങ്ങള്‍ തീര്‍ത്തും ഒറ്റയ്ക്കായിരുന്നു.

വിനോദ്