കാപ്പിക്കാശ്


പുതിയ ഓഫീസിന്റെ വരാന്തയിലേയ്ക്ക് കയറുമ്പോള്‍ നന്നായി കിതക്കുന്നുണ്ടായിരുന്നു. രാവിലെ എട്ട് മണിക്കുതന്നെ കൗണ്ടര്‍ തുറക്കേണ്ടിയിരിക്കുന്നു. പുറത്ത് ജനം അക്ഷമരായി കാത്തുനില്പുണ്ടാകും. കാത്തിരുപ്പ് എപ്പോഴും ദുഷ്ക്കരം തന്നെ അത് മരണത്തിലേയ്ക്കെങ്കില്‍ പോലും.
കയറിച്ചെല്ലുന്നിടം അന്വേഷണക്കൗണ്ടര്‍, ടൈല്‍ വിരിച്ച നിലങ്ങള്‍, പാതി ഗ്ലാസ്സിട്ട് മറച്ച ഓഫീസ് മുറികള്‍, പണം സ്വീകരിക്കുന്ന കൗണ്ടറുകള്‍, വരിയായി നിന്ന് പണമടക്കുന്നതിന് വിസ്തൃതമായ വരാന്ത.
ഇത് ഞങ്ങളുടെ പുതിയ ഓഫീസാണ്.
പുതിയ ഒരു ഓഫീസ് എന്നും ഞങ്ങളുടെ സ്വപ്നമായിരുന്നു.
മുറിഞ്ഞ സര്‍വ്വീസ് വയറുകള്‍, പൊട്ടിയ അലൂമിനിയം കമ്പികള്‍, തുരുമ്പെടുത്ത ഇരുമ്പുദണ്ഡുകള്‍, തേക്കിന്റെ മുറിഞ്ഞ പോസ്റ്റുകള്‍, ചിതറിക്കിടക്കുന്ന ഷാക്കിളുകള്‍ ! ഇതൊക്കെ ഞങ്ങളുടെ പഴയ ഓഫീസിന്റെ മുഖമുദ്രകളത്രേ.
ശിലായുഗത്തിലെ ഏതോ ഗുഹാജീവികളേപ്പോലെയായിരുന്നു ഞങ്ങള്‍ .........
ഓരോരോ മാളങ്ങളില്‍ വസിക്കുന്നവര്‍ ........
കാറ്റും വെളിച്ചവും കടക്കാത്ത ഈ മാളങ്ങളില്‍ ഞങ്ങളെത്ര കഴിഞ്ഞുകൂടി.
ഇരുട്ടുമൂടിയ ഈ ഗുഹാദ്വാരങ്ങളിള്‍ മനുഷ്യര്‍ വന്ന് എത്തിനോക്കുമായിരുന്നു. കാരണം അവര്‍ക്ക് വെളിച്ചമില്ലാതെ ജീവിതം ദുഷ്‌കരമെന്നതുതന്നെ. അവര്‍ വെളിച്ചത്തിനായി ഞങ്ങളുടെ ഈ ഇരുണ്ട ഗുഹാമുഖങ്ങളില്‍ വന്നുമുട്ടുന്നു.
കൗണ്ടറിന്റെ പുറത്ത് വരാന്തയില്‍ ജനം അക്ഷമരായി കാത്തുനില്പുണ്ട്. ചില്ലറ മുറുമുറുപ്പുകളും കേള്‍ക്കുന്നുണ്ട്. ഇനി വഴിപാടുപെട്ടിയില്‍ പണമിട്ട് അവര്‍ ശാപവാക്കുകളുമായി തിരിച്ചുനടക്കും.
തിരക്കൊഴിഞ്ഞപ്പോള്‍ എന്റെ കണ്ണുകള്‍ അവനെ തിരഞ്ഞു.
അവനെ മാത്രം ഞാന്‍ കണ്ടില്ല.
കാപ്പിക്കാശ്!
പഴയ ഒഫീസില്‍ അവന്‍ മിക്കവാറും എല്ലാദിവസവും എത്താറുണ്ട്. വരാന്തയുടെ ഒരറ്റത്ത് ക്ഷമയോടെ കാത്തുനില്ക്കുന്നുണ്ടാകും അവന്‍.
എന്റെ കൈയ്യില്‍ നിന്നും ചില്ലറത്തുട്ടുകള്‍ക്കായി മഞ്ഞപ്പല്ലുകള്‍ വെളിയില്‍ക്കാട്ടി തല ചൊറിഞ്ഞ് അവന്‍ നില്ക്കും. വായിലെ പുഴുപ്പല്ലുകള്‍ മുഴുവന്‍ പുറത്തുകാട്ടി അവന്‍ എപ്പഴും ചിരിച്ചുകൊണ്ടിരിയ്ക്കും. ജടപിടിച്ച താടിരോമങ്ങള്‍ താഴേക്കിറങ്ങാന്‍ മടിച്ച് കെട്ടിപ്പിണഞ്ഞുകിടക്കും.
ഉള്ളില്‍ വിശപ്പിന്റെ നെരിപ്പോടെരിയുമ്പോഴും അവന്‍ നിന്നു ചിരിക്കുന്നു.
'കാപ്പിക്കാശ്ണ്ടാ.......?'
രണ്ട് ഇഡ്ഡലി അല്ലെങ്കില്‍ ദോശ. അതിനുള്ള കാശ്. അതുമതി.
ഇല്ലെന്നു പറഞ്ഞാല്‍ അവന്‍ ഇല്ലേ എന്ന് ചോദിച്ച് തിരിച്ച് നടക്കും.
അവന് നിരാശയില്ല. സ്വപ്നങ്ങളില്ല. ഉള്ളത് ഉള്ളെരിയിക്കുന്ന വിശപ്പുമാത്രം.
വിശപ്പ് അവനെ നയിക്കുന്നു. വയറിന്റെ വിളി മാത്രം അവന്‍ കേള്‍ക്കുന്നു.
സത്യത്തില്‍ അവന്‍ ഒരു സന്യാസിയെന്നു ഞാനറിയുന്നു. സമൂഹത്തിന്റെ കെട്ടുപാടുകളില്‍നിന്നും മോചിതനായവന്‍,
ചിന്തകള്‍ ഇല്ലാത്തവന്‍ ......
അവന്‍ വിശപ്പിനെക്കുറിച്ചുമാത്രം ചിന്തിക്കുന്നു, വിശപ്പിനോടുമാത്രം സംവദിക്കുന്നു.
ഉണ്ണീ, ഒരു ഉരുളകൂടെ കഴിക്കൂ എന്ന് അമ്മയ്‌ക്കൊരിക്കലും അവനോട് കൊഞ്ചേണ്ടി വന്നിട്ടില്ല. ജനിച്ചപ്പോള്‍ മുതല്‍ അവന്‍ കൊടുത്തതെല്ലാം വാരിവലിച്ചു തിന്നു. അമ്മയുടെ മുലപ്പാല് കുടിച്ച് ദാഹം തീര്‍ന്നില്ല. കണ്ടതെല്ലാം അവന്‍ വാരിത്തിന്നു. ആഗ്നേയഗ്രന്ധികള്‍ ഉല്പാദിപ്പിക്കുന്ന ദഹനരസങ്ങള്‍ കിട്ടിയതെല്ലാം തീപോലെ വിഴുങ്ങി. പാടത്തും പറമ്പിലും പണിയെടുത്ത് അച്ഛനില്ലാത്ത ഉണ്ണിയുടെ വിശപ്പ് മാറ്റാന്‍ അമ്മ പാടുപെട്ടു.
തിന്നിട്ടും തിന്നിട്ടും അവന്റെ വിശപ്പടങ്ങിയില്ല. ആമാശയത്തിന്റെ വിങ്ങലുകള്‍ അവന് എരിയുന്ന തീനാമ്പുകളാകുന്നു.
ഗൗതമബുദ്ധനെപ്പോലെ അവന്‍ ഒരുനാള്‍ വീടുവിട്ടിറങ്ങി. ബുദ്ധന്‍ ജീവിതദുരിതങ്ങളുടെ കാരണം തേടിപ്പോയെങ്കില്‍ , ഇവന്‍ വിശപ്പിന്റെ വിളികേട്ട് തെരുവിലേക്കിറങ്ങി.
ദൈവം മനുഷ്യനെ സൃഷ്ടിച്ചുവെങ്കില്‍, എന്തിനവന് വിശപ്പു നല്കി!
ആധുനീകരിച്ച ഓഫീസിന്റെ സുഖശീതളിമയ്ക്കപ്പുറം, പുറത്ത് വെയില്‍ തിളയ്ക്കുന്നുണ്ടായിരുന്നു. കാക്കയ്ക്കിരിക്കാന്‍ തണലില്ലാത്ത മൈതാനത്തില്‍ വ്യാപാരസമുച്ചയങ്ങള്‍ വിയര്‍ത്തുനിന്നു. പണമിടപാടുസ്ഥാപനങ്ങള്‍, സൂപ്പര്‍മാര്‍ക്കറ്റുകള്‍, വിരലമര്‍ത്തുമ്പോള്‍ ചുടുചായ ലഭിക്കുന്ന ആധുനീകരീച്ച ചായക്കടകള്‍, കാണെക്കാണെ ലോകം മാറുന്നത് നമ്മള്‍ അറിയുന്നില്ല.
ഞാന്‍ ഓര്‍ക്കുകയായിരുന്നു, എന്തേ അവന്‍ വരാതിരിക്കാന്‍ ?
ടൈല്‍ വിരിച്ച് മിന്നുന്ന ഈ പ്രതലം കണ്ടിട്ടോ, തിളങ്ങുന്ന കണ്ണാടിക്കൂടുകള്‍ കണ്ടിട്ടോ, വിസ്തൃതമായ ഈ ഓഫീസിന്റെ പൊലിമ കണ്ടിട്ടോ, എന്തെന്നറിയില്ല അവന്‍ മാത്രം വന്നില്ല.
എന്റെ കണ്ണുകള്‍ എന്തോ അവനെ തിരഞ്ഞുകൊണ്ടിരുന്നു.
കാപ്പിക്കാശെവിടെ ?
ഒടുവില്‍ എന്റെ കണ്ണുകള്‍ അവനിലുടക്കി. ഒരു നിഴല്‍പോലെ ഞാനവനെ കണ്ടു. അതെ, അവന്‍ തന്നെയായിരുന്നു. പച്ചക്കറികളുടെ മൊത്തവ്യാപാരം നടത്തുന്ന കടയുടെ പിറകില്‍ മാലിന്യക്കൂമ്പാരങ്ങള്‍ക്കിടയില്‍ അവന്‍ എന്തൊക്കെയോ തിരയുന്നു.
ചീഞ്ഞളിഞ്ഞ തക്കാളി, പഴങ്ങള്‍ , പച്ചക്കറികള്‍ ......
അവന്‍ തിരയുകയാണ്. അവന്റെയുള്ളിലെ വിശപ്പ് എല്ലാം തിരയുന്നു.
ഉള്ളിലെ ആഗ്നേയഗ്രന്ധികള്‍ അവനോടാജ്ഞാപിച്ചു.
എന്തെങ്കിലും കൊണ്ടുവാ..........
ചീഞ്ഞതെന്നോ അളിഞ്ഞതെന്നോ അവന് ഭേദമില്ല, ഉള്ളിലെ ആഗ്നേയരസങ്ങള്‍ എല്ലാറ്റിനെയും ദഹിപ്പിക്കുന്നു.
തെരുവുനായ്ക്കള്‍ അവരുടെ ഊഴത്തിനായി അപ്പുറത്ത് കാത്തുനില്ക്കുന്നുണ്ടായിരുന്നു.

വിനോദ്.കെ.എ.