ചേര
നട്ടുച്ചയായിരുന്നു. കത്തുന്ന കനല്‍ക്കണ്ണുകളോടെ സൂര്യന്‍ ഭൂമിയെ നോക്കിനിന്നു. താഴെ, ഇരുണ്ട പാതയിലൂടെ മനുഷ്യരെ വഹിച്ചുകൊണ്ട് വാഹനങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും പൊയ്‌ക്കൊണ്ടിരുന്നു.
പാതയ്ക്കപ്പുറം പൊന്തയില്‍നിന്നും നിഴലനക്കങ്ങള്‍ കാണുന്നുണ്ട്. അവന്‍ എത്തിയിട്ടുണ്ടെന്നു തോന്നുന്നു. എന്നും വരാറുണ്ടവന്‍. പിറകില്‍ രാജകലയുള്ള സുന്ദരന്‍. അവനാരായാലും ഒരു അഭിജാതകുടുംബത്തിലെ അംഗമെന്നുറപ്പ്.
നേരമേറെയായി കാത്തുനില്ക്കുന്നു ഈ പാതയൊന്നു മുറിച്ചു കടക്കാന്‍. പണ്ട് ഇതൊരൊറ്റയടിപ്പാതയായിരുന്നു. മനുഷ്യന്റെ കാലടികള്‍ കഷ്ടിച്ചു കടന്നുപോകുന്ന ഒരു നേര്‍രേഖ. ബാക്കിയെല്ലാം പുല്ല് പിടിച്ചു കിടന്നിരുന്നു. വല്ലപ്പോഴും വല്ല മനുഷ്യരും ഇതുവഴി പോയെങ്കിലായി. പാതയ്ക്കിരുവശങ്ങളിലും കുറ്റിക്കാടുകളില്‍ നട്ടുച്ചയ്ക്കുപോലും ചീവീടുകളുടെ കരച്ചില്‍ കേള്‍ക്കുമായിരുന്നു.
കാണെക്കാണെ ഈ ഒറ്റയടിപ്പാതയും വളര്‍ന്നു. മനുഷ്യര്‍ അവിടെ കല്ലുപതിച്ച് മുകളില്‍ കറുത്തുകൊഴുത്തൊരു ദ്രാവകം ഉരുക്കിയൊഴിച്ചത് ഇപ്പഴുമോര്‍ക്കുന്നു. വെയില്‍ ചൂടുപിടിക്കുമ്പോള്‍ ആ കറുത്ത പ്രതലം നന്നായി ചുട്ടുപഴുത്തിരിക്കും. അപ്പുറത്തേക്കൊന്നു കടക്കുമ്പോഴേക്കും വയറൊക്കെ പൊള്ളി ഒരുവിധമായിരിക്കും.
കുന്നും കുളങ്ങളുമുള്ള നാടായിരുന്നു ഞങ്ങളുടെ. ഞങ്ങളുടെയെന്ന് ഉറപ്പിച്ച് പറയാന്‍ കഴിയുമോ എന്നറിയില്ല. മനുഷ്യന്‍ എല്ലാം കയ്യടക്കി വച്ചിരിക്കുകയാണല്ലോ. ഈ ഭൂമി മുഴുവന്‍ പങ്കുവച്ചിട്ടും അവന് കൊതിതീരുന്നില്ല.
പൊന്തയുടെ അപ്പുറത്ത് മനുഷ്യരുടെ നൃത്തവിദ്യാലയമാണ്. സദാ ചിലങ്കയൊച്ച കേള്‍ക്കാം.
പൊന്തയില്‍നിന്നും ഇപ്പഴും അനക്കം കേള്‍ക്കുന്നുണ്ട്. അവന്‍ അവിടെത്തന്നെയുണ്ട്. ചിലങ്കയുടെ അലയൊലികള്‍ അവനെ ആശങ്കാകുലനാക്കുന്നുണ്ട്. മട്ടും ഭാവവും കണ്ടിട്ട് എന്തൊക്കെയോ സ്വപ്നങ്ങള്‍ കാണാന്‍ തുടങ്ങിയപോലുണ്ട്. കണ്ണുകളില്‍ സ്വപ്നത്തിന്റെ തിളക്കവും കാമത്തിന്റെ തീനാളങ്ങളും കാണാനാവുന്നുണ്ട്.
വിശന്നിട്ടു വയ്യ. വല്ലതും കഴിച്ചിട്ട് ദിവസമെത്രയായി! ഈ പാതയൊന്ന് മുറിച്ച് കടന്നിരുന്നെങ്കില്‍! അപ്പുറത്തെ പൊന്തയില്‍നിന്നും വല്ല പുല്‍ച്ചാടികളെയെങ്കിലും പിടിച്ചു തിന്നാമായിരുന്നു. പിന്നെ ആ സുന്ദരനെയൊന്നു കാണുകയുമാവാം. അവന്റെ കണ്ണുകളിലെ കാമത്തിന്റെ കനലിത്തിരി വാരിയെടുക്കയും ചെയ്യാം.
ഇപ്പോള്‍ ആളനക്കമൊന്നും കേള്‍ക്കുന്നില്ല. മെല്ലെ പാതയിലേക്ക് ചാഞ്ഞുനില്ക്കുന്ന ശീമക്കൊന്നയിലൂടെ അരിച്ച് താഴേക്കിറങ്ങി. അപ്പുറത്ത് പൊന്തയില്‍നിന്നും അവന്‍ ഉല്‍ക്കണ്ഠയോടെ നോക്കി. കറുത്ത പ്രതലത്തില്‍ വയറുരഞ്ഞപ്പോള്‍ പൊള്ളുന്നുണ്ടായിരുന്നു.
പെടുന്നനെ ഭൂമി കുലുങ്ങുന്നൊരു ശബ്ദം കേട്ടു. ശരീരമാസകലം കിടുങ്ങി വിറച്ചു. പിറകോട്ട് കുത്തിത്തിരിഞ്ഞ് ചാടി.
ഹോ! തലനാരിഴക്കു രക്ഷപ്പെട്ടു.....
സീല്‍ക്കാരശബ്ദത്തോടെ ചക്രങ്ങള്‍ നിന്നു, നിരങ്ങിപ്പോയി......
ശരീരമാസകലം വിങ്ങിവിറക്കുന്നപോലെ.....
അപ്പുറത്ത് ഭയവിഹ്വലനായി അവന്‍ നോക്കി നില്പ്പുണ്ടായിരുന്നു.
പിന്‍കുറിപ്പ് : ചേരയും മൂര്‍ഖന്‍പാമ്പും ഇണചേരാറുണ്ട്. ഒരു നാട്ടറിവ്, എത്രമാത്രം വാസ്തവമുണ്ടെന്നറിയില്ല.