ഉഭയജീവി

ഓഫീസ് ജോലികള്‍ തിരക്കിട്ടവസാനിപ്പിച്ച് ഇറങ്ങുമ്പോള്‍ സമയസൂചികയില്‍ നാല് മണിയെന്ന് കാണുകയുണ്ടായി. റിക്കു ഇപ്പോള്‍ത്തന്നെ സ്‌ക്കൂളിനുമുന്നില്‍ കാത്തുനില്പ്പ് തുടങ്ങിയെന്നറിയുന്നു. അവന്റെ ടെലിപ്പതിക്ക് സന്ദേശങ്ങള്‍ അയാള്‍ക്ക് ലഭിച്ചു തുടങ്ങിയിട്ടുണ്ട്.
"വൈ ആര്‍ യൂ സോ ലേറ്റ് ഡാഡീ........?"
അങ്ങേത്തലയ്ക്കല്‍ റിക്കു വളരെ അക്ഷമനായി കാണപ്പെട്ടു.
"ഇറ്റ് വാസേ ബിസി ഡേ ഇന്‍ ഓഫീസ്, മൈ ഡിയര്‍ . റിയലി ടൂ ബിസി......"
അവന്റെ സന്ദേശങ്ങള്‍ എവിടെയോ പരിഭവത്താല്‍ മുറിഞ്ഞുപോയി.
"ഓക്കെ.....വെയ്റ്റ്, അയാം ജസ്റ്റ് കമിംഗ്......"
നിളയുടെ കരയില്‍ അപൂര്‍വ്വ ഇനത്തില്‍ പെട്ട ഒരു ജീവിയെ കണ്ടെത്തിയതായി സോഷ്യല്‍ നെറ്റ് വര്‍ക്കിലൂടെ സന്ദേശം ലഭിച്ചിരുന്നു. ജീവശാസ്ത്രത്തില്‍ തല്പരരായവരുടെ കൂട്ടായ്മയില്‍ അയാളും അംഗമണല്ലോ! റിക്കുവിന് പ്രധാന പഠനവിഷയം ജീവശാസ്ത്രമായതുകൊണ്ട് അവനുംകൂടെ കണ്ടോട്ടെ എന്ന് കരുതി.
ഭൂമുഖത്തും നിന്നും തുടച്ചുമാറ്റപ്പെട്ട വംശങ്ങളെക്കുറിച്ചുള്ള പഠനമാണല്ലോ ജീവശാസ്ത്രം. പിന്നെ വംശനാശം വരാതെ പിടിച്ചുനില്ക്കുന്ന അപൂര്‍വ്വം ചില ജീവികളെക്കുറിച്ചും വളരെ ഗഹനമായി പഠിക്കേണ്ടതുണ്ട്.
കരയിലും കടലിലും ജീവിക്കാന്‍ കഴിവുള്ള ജീവികള്‍ ഈ ഭൂമുഖത്തുണ്ടായിരുന്നെന്ന് എവിടെയോ വായിച്ചതോര്‍മ്മയുണ്ട്. തെളിവുകളൊട്ടേറെയുണ്ട്, ഭീമാകാരന്മാരായ ദിനോസറുകള്‍ മുതല്‍ തണുപ്പത്തു കുരലുപോട്ടുമാറുച്ചത്തില്‍ ചീറുന്ന ചീവീടുകള്‍ വരെ ഈ ഭൂമുഖത്ത് ജീവിച്ചിരുന്നതിന് തെളിവുകളനവധിയുണ്ട്. കോടാനുകോടി വൈവിധ്യമാര്‍ന്ന ജീവജാലങ്ങളുടെ ഒരു കലവറ തന്നെയായിരുന്നുവത്രേ ഈ ഭൂമി.
ജന്തുവൈവിധ്യത്തിന്റെ ഒരു കലവറ!
മാരിക്കാറുകള്‍ക്കൊപ്പം നൃത്തം ചെയ്തിരുന്ന മയിലുകള്‍ , കാട്ടിലെ രാജാവായി വാഴ്ത്തപ്പെട്ടിരുന്ന സിംഹം, വസന്താഗമനത്തിനായി പാടുമായിരുന്ന കുയിലുകള്‍ , വിശേഷങ്ങള്‍ക്ക് എഴുന്നള്ളിക്കപ്പെട്ടിരുന്ന ആജാനബാഹുക്കളായ ആനകള്‍ , പുള്ളിപ്പുലികള്‍ ,വരയാടുകള്‍ , കലമാനുകള്‍, അങ്ങനെയങ്ങനെ.....
പ്രപഞ്ചസൃഷ്ടാവിന്റെ ഓരോ കരവിരുതുകള്‍ !
കഥകളിലൊക്കെ വര്‍ണ്ണിച്ചിട്ടുള്ള പോലെ അങ്ങനെയൊരാള്‍ ഉണ്ടായിരിക്കുമോ?
അവന്‍ വെറുതെയിരിക്കുമ്പോള്‍ നേരമ്പോക്കിനായി കളിമണ്ണുകൊണ്ട് രൂപങ്ങള്‍ സൃഷ്ടിക്കുന്നു. രൂപങ്ങള്‍ മനസ്സിനിണങ്ങിയാല്‍ അവന്‍ തന്റെ സൃഷ്ടികള്‍ക്ക് ജീവന്‍ പകര്‍ന്നു കൊടുക്കുന്നു. അവയില്‍ കാമ-ക്രോധവികാരങ്ങള്‍ സന്നിവേശിപ്പിച്ച് അവന്‍ ദൂരെ നിന്നു നോക്കി രസിക്കുന്നു. പിന്നെ അവന് എപ്പഴെങ്കിലും മടുപ്പ് തോന്നുമ്പോള്‍ അവന്‍ തന്നെ ആ വിഗ്രഹങ്ങള്‍ തച്ചുടക്കുന്നു.
ഇന്നീ ഭൂമഖത്ത് മനുഷ്യനും, പിന്നെ അവന്റെ ആവശ്യങ്ങള്‍ക്കുമാത്രമായി വളര്‍ത്തുന്ന വിരലിലെണ്ണാവുന്ന ചില പക്ഷിമൃഗാദികളും, ദൃഷ്ടിക്ക് ഗോചരമല്ലാത്ത കുറെ സൂക്ഷ്മാണുക്കളും മാത്രം.
അയാള്‍ ധൃതിപ്പെട്ട് പാര്‍ക്കിങ്ങിലേക്ക് നടന്നു. സൂര്യതാപം ഏറെ ലഭ്യമാകുന്നതിനുവേണ്ടി മുകളിലത്തെ ലെയറിലാണ് വണ്ടി പാര്‍ക്ക് ചെയ്തിരിക്കുന്നത്. ബാറ്ററി ചാജ്ജ് ലെവല്‍ സീറോയ്ക്കടുത്തായിരുന്നു. കുറച്ചു ദിവസങ്ങളായി മൂടിക്കെട്ടിയ അന്തരീക്ഷമായിരുന്നു. ഭൂമി മൊത്തം മഞ്ഞ് മൂടിക്കിടന്നു. സൂര്യന്‍ പുറത്തേക്ക് എത്തിനോക്കുന്നുപോലുമില്ലായിരുന്നു. ഇന്ന് താരതമ്യേന നല്ല വെയിലുണ്ട്.
അയാളുടെ ഇംഗിതമറിഞ്ഞ് കാര്‍ തനിയെ സ്റ്റാര്‍ട്ടായി നിന്നു. ബാറ്ററി ലെവല്‍ തൃപ്തികരമായിരുന്നു. യാത്രക്ക് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ അയാള്‍ വാഹനത്തിന്റെ കമ്പ്യൂട്ടറിലേക്ക് സന്നിവേശിപ്പച്ചു.
മെയിന്റോഡിലേക്ക് പ്രവേശിച്ചപ്പോള്‍ വാഹനത്തിനകത്തെ താപനില തീരെ കുറവായിത്തോന്നിയതിനാല്‍ , മുപ്പത് ഡിഗ്രിയിലേക്ക് ഉയര്‍ത്താന്‍ വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്കി.
നിര്‍ദ്ദേശിച്ചതനുസരിച്ച് അയാളുടെ വാഹനം ഒമ്പതാമത്തെ വേഗതകുറഞ്ഞ ട്രാക്കിലൂടെ മെല്ലെ നീങ്ങിക്കൊണ്ടിരുന്നു. എന്തോ ഇന്ന് ട്രാഫിക്ക് അല്പം കുറവാണ്. പാതക്കിരുവശവും പ്ലാസ്റ്റിക് പുല്‍ത്തകിടികള്‍ പാകിയിരിക്കുന്നു. ജലദൗര്‍ലഭ്യം നിമിത്തം ഇപ്പോള്‍ നഗരത്തില്‍ മിക്കയിടങ്ങളിലും പ്ലാസ്റ്റിക് പുല്‍ത്തകിടികളാണ് വിരിക്കുന്നത്. നല്ല കാര്യം. ജീവനില്ലാത്ത ജന്തുക്കള്‍ക്ക് ജീവിക്കാനാണിവിടം ഉത്തമം.
പാതയോരത്ത് പഴയകാലത്തെ ഓഫീസ് ഷെല്‍ഫുകള്‍ കണക്കെ ഫ്‌ളാറ്റ് സമുച്ചയങ്ങള്‍. അവ വാഹനത്തിന്റെ വേഗതക്കനുസൃതമായി പിറകോട്ടു പൊയ്‌ക്കൊണ്ടിരുന്നു.
റിക്കു പുറത്തുതന്നെ കാത്തുനില്പ്പുണ്ടായിരുന്നു. കയ്യിലുള്ള ഡിവൈസില്‍ എന്തൊക്കെയോ കണ്ണുകള്‍കൊണ്ട് കുത്തിക്കുറിക്കുന്നുണ്ടായിരുന്നു. കഴിഞ്ഞ വര്‍ഷത്തെ ഐടി മേളയില്‍ അവന് വാങ്ങിക്കൊടുത്തതായിരുന്നു. ആകാശത്തിനു കീഴെയുള്ള എല്ലാ അറിവുകളെയും സംഗ്രഹിച്ചിരിക്കുന്നു ആ കൊച്ചുഡിവൈസിനുള്ളില്‍. പണ്ടൊക്കെ കടലാസുകൊണ്ടു നിര്‍മ്മിച്ച നോട്ടുപുസ്തകങ്ങളായിരുന്നുവത്രേ വിദ്യാര്‍ത്ഥികള്‍ ഉപയോഗിച്ചിരുന്നത്. ഇത്രയും അറിവ് നോട്ടുബുക്കുകളില്‍ പകര്‍ത്തിവയ്ക്കണമെങ്കില്‍ എത്രമാത്രം അദ്ധ്വാനം വേണ്ടിവരുമെന്നോര്‍ത്തപ്പോള്‍ അയാള്‍ക്ക് ചിരി വന്നു.
വാഹനത്തിന്റെ മഞ്ഞലൈറ്റുകള്‍ താനേ തെളിഞ്ഞപ്പോഴാണ് പുറത്ത് മഞ്ഞുമൂടിത്തുടങ്ങിയത് അയാള്‍ അറിയുന്നത്. ഇപ്പോള്‍ വര്‍ഷത്തിന്റെ മുക്കാല്‍ ഭാഗവും ഭൂമി മഞ്ഞില്‍ മൂടിക്കിടക്കുന്നു. നൂറ്റാണ്ടുകള്‍ക്കുമുമ്പ് ഭൂമിയില്‍ നാല് ഋതുക്കളുണ്ടായിരുന്നു. വസന്തം, ഗ്രീഷ്മം, ശരത്ത്, ശിശിരം. വസന്തം പൂക്കളുടെ ഉത്സവമായിരുന്നുവത്രേ! മഞ്ഞിനും മഴക്കും വേനലിനുമെല്ലാം വെവ്വേറെ കാലങ്ങള്‍! ഇപ്പോള്‍ വര്‍ഷത്തില്‍ അധികഭാഗവും മഞ്ഞില്‍ മൂടിക്കിടക്കുന്നു. നട്ടുച്ചക്കുപോലും പലപ്പോഴും സൂര്യന്‍ മുഖം കാണിക്കാറില്ല.
കോണ്‍ക്രീറ്റ് കമാനങ്ങള്‍ക്കുമപ്പുറം സൂര്യന്‍ തന്റെ മഞ്ഞവെയില്‍ ഇടയ്ക്ക് കാണിച്ചുതരുന്നുണ്ട്. അയാളുടെ ഇംഗിതമനുസരിച്ച് വാഹനത്തിന് വേഗതകൂടിവന്നു. ഇരുട്ടുന്നതിനുമുമ്പേ അവിടെ എത്തേണ്ടതുണ്ട്, വനംവകുപ്പുകാരും മൃഗസംരക്ഷണവകുപ്പുകാരും എത്തുന്നതിനു മുമ്പുതന്നെ. ഭൂമുഖത്ത് ഒരുപാട് വനങ്ങളും മൃഗങ്ങളുമൊക്കെയുള്ള കാലത്ത് സൃഷ്ടിക്കപ്പെട്ട രണ്ട് ഡിപ്പാര്‍ട്ടുമെന്റുകളാണിവ. ഇന്നിപ്പോള്‍ വനങ്ങളും മൃഗങ്ങളുമൊന്നും ഇല്ലാതിരുന്നിട്ടും ഈ രണ്ട് ഡിപ്പാര്‍ട്ടുമെന്റുകളും അങ്ങനെ തുടരുന്നുവെന്നു മാത്രം.
പാലം കടന്നപ്പോള്‍ കാറിന്റെ വേഗത തനിയെ കുറഞ്ഞു.
താഴെ, നിള മരിച്ചുകിടന്നിരുന്നു.
നിള പണ്ട് ഒരു നദിയായിരുന്നു. കുപ്പിവളകളിട്ട പെണ്‍കുട്ടിയെന്ന് കവി വര്‍ണ്ണിച്ചതിവളെയായിരുന്നു. മഴവെള്ളം കുത്തിയോലിച്ചു പോകുമ്പോഴുണ്ടാകാന്‍ സാധ്യതയുള്ള ശബ്ദമായിരിക്കാം ഒരുപക്ഷേ കവി ഉദ്ദേശിക്കുന്നത്. ഇപ്പോള്‍ അവള്‍ ഒരു ഓര്‍മ്മ മാത്രമായി താഴെ ചേതനയറ്റുകിടക്കുന്നു.
പാലത്തിന്റെ അടിവാരത്ത് മനുഷ്യര്‍ വട്ടംകൂടിനില്പ്പുണ്ട്. എല്ലാം ജീവശാസ്ത്രകുതുകികളായിരിക്കും.
പാതയോരത്തെ പാര്‍ക്കിംഗില്‍ വാഹനം നിര്‍ത്തി അയാള്‍ ഇറങ്ങിനടന്നു.
കുത്തനെ ഇറക്കമായതിനാല്‍ റിക്കു വരാന്‍ മടിച്ചു നിന്നു. ഭൂമുഖത്തെ എല്ലാ അറിവുകളും കാഴ്ചകളും അവന്റെ കയ്യിലെ കുഞ്ഞുഡിവൈസിലുണ്ടെന്നിരിക്കെ എന്തിനീ സാഹസമെന്ന ചിന്ത തികച്ചും സ്വാഭാവികം.
"കമോണ്‍ , ദിസ് ഈസ് കൈ്വറ്റ് ഇന്ററസ്റ്റിംഗ്......."
വനം വകുപ്പുകാരെത്തിയിട്ടുണ്ട്. അവര്‍ ആ ജന്തുവിനെ പിടക്കാനുള്ള ശ്രമത്തിലാണ്. ഉപദ്രവകാരിയല്ലെങ്കിലും ഒരാശങ്ക എല്ലാവരുടെയും ഉള്ളില്‍ കുരുങ്ങിക്കിടക്കുന്നു.
കാല്‍പ്പാദങ്ങള്‍ നിലത്തൂന്നി, കാല്‍മുട്ടുകള്‍ നിലത്ത് പരത്തിയിട്ട്, കൈകള്‍കോണ്ട് മുന്‍വശം താങ്ങി, കണ്ണുകള്‍ പുറത്തേക്ക് തള്ളിയിട്ട് ആ പാവം ജീവി ഇമവെട്ടാതെ ചുറ്റും കൂടിനിന്ന മനുഷ്യരെ നോക്കിനിന്നു. അഞ്ചോ ആറോ ഇഞ്ച് നീളവും, ഒരു നാലിഞ്ച് വീതിയും കാണും. ചൊറിപിടിച്ചപോലെ വൃത്തിഹീനമായിരുന്നു ദേഹമാസകലം. കണ്ണുകള്‍ ആര്‍ദ്രമായിരുന്നു.
ഏതോ അന്യഗ്രഹജീവിയെപ്പോലെ അത് ഇത്തിരി ദയയ്ക്കായി അറിയാത്ത ഭാഷയില്‍ അപേക്ഷിക്കുന്നപോലെ അയാള്‍ക്കുതോന്നി.
അയാളുടെ ക്യാമറക്കണ്ണുകള്‍ മിന്നിത്തെളിഞ്ഞു, ഒപ്പം റിക്കുവിന്റെയും.
കൈയ്യില്‍ ഗ്ലൗസിട്ട ഒരുദ്യോഗസ്ഥന്‍ വളരെ കരുതലോടെ വന്ന് അതിന്റെ ഇരു കക്ഷങ്ങളിലൂടെയും അമര്‍ത്തിപ്പിടിച്ചു.
വളരെ നേര്‍ത്തൊരു കരച്ചിലോടെ ആ ജന്തു ഒന്നുപിടഞ്ഞു.
പിന്നെ നിശ്ശബ്ദം അവന്‍ വിധിക്കു കീഴടങ്ങി. അതിനെ ചെറിയൊരു കൂട്ടിലാക്കി ആ വനപാലകര്‍ മുകളില്‍ നിര്‍ത്തിയിട്ട വാഹനത്തില്‍ കയറിപ്പോയി.
ജനം പിരിഞ്ഞുതുടങ്ങിയപ്പോള്‍ അയാള്‍ റിക്കുവിനെക്കൂട്ടി തിരിച്ച് തന്റെ വാഹനത്തിലേക്ക് നടന്നു.
തെരുവ് വിളക്കുകള്‍ കണ്‍മിഴിച്ചു തുടങ്ങിയിരുന്നു. റിക്കുവിന്റെ അരക്കെട്ടില്‍ സീറ്റ്‌ബെല്‍റ്റ് മുറുകി. അവന്‍   ചിന്തയില്‍ മുഴുകി. പിന്നെ അവന്റെ മനസ്സ് ഡിജിറ്റല്‍ ഡയറിയില്‍ ഇങ്ങനെ കോറിയിടാന്‍ തുടങ്ങി.
5012, നവംമ്പര്‍ 14, ..........
ടുഡെ ഐ ഹാവ് സീന്‍ വണ്‍ മിറാക്കുലസ് ക്രീച്ചര്‍ . ഇറ്റ് കാന്‍ ലിവ് ഇന്‍ വാട്ടര്‍ ആള്‍സോ.... ഇറ്റ് ലുക്ക്‌സ് സോ സ്റ്റ്രെയ്ഞ്ച് ഏന്‍ഡ് അഗ്‌ളി. ഇറ്റ്‌സ് നെയിമീസ് ടോഡ്, സയന്റിഫിക്ക് നെയിമീസ്....................
പിന്‍കുറിപ്പ് : ദ്രാവിഡഭാഷയായ മലയാളം ഇപ്പഴും നെഞ്ചിലേറ്റി സ്വപ്നലോകത്ത് താമസിക്കുന്ന വിരലിലെണ്ണാവുന്ന ചിലരിപ്പോഴും ഈ ഭൂമുഖത്തുണ്ടെന്നറിയുന്നു. അവര്‍ക്കു വേണ്ടി അവരുടെ ഭാഷയിലെഴുതിയ ഒരു അനുഭവക്കുറിപ്പാണിത്. ആംഗലേയ ഭാഷ കഴിവതും ഒഴിവാക്കാന്‍ ശ്രമിച്ചിട്ടുണ്ട്.

വിനോദ്.കെ.എ.