വായനശാല


ആങ്ങളയും പെങ്ങളും കൂടെ വായനശാലയിലേക്കിറങ്ങിയതാണ്. അമ്മ അകത്ത് പണിത്തിരക്കിലാണ്, അച്ഛന്‍ പുറത്തേക്ക് നടക്കാനിറങ്ങിയതുമാണ്. സാധാരണ അച്ഛന്റെ കൂടെയാണ് വായനശാലയില്‍ പോകാറ്.
ഇന്ന് സ്‌ക്കുളില്‍ പ്രശസ്തയായ ഒരു സാഹിത്യകാരി വന്നിരുന്നു. വായനയുടെ മൂല്യങ്ങളെക്കുറിച്ച് അവര്‍ വളരെ സരസമായി കുട്ടികള്‍ക്ക് പറഞ്ഞുകൊടുത്തിരുന്നു. വായിക്കണം, വായിച്ചാലേ വളരൂ.... പക്ഷേ, വായന മരിച്ചുകൊണ്ടിരിക്കുകയാണ്.
അച്ഛന്‍ കുറച്ച് വായനാശീലമൊക്കെയുള്ള ആളായതുകൊണ്ട് കുട്ടികള്‍ക്ക് അടുത്തുള്ള വായനശാലയില്‍ അംഗത്വം എടുത്തിട്ടുണ്ട്. വായനയുടെ വിശാലമായ ലോകത്തേക്ക് അവര്‍ ചിറകുവിടര്‍ത്തുമെന്ന് അച്ഛന്‍ ആശിച്ചുപോയിരുന്നു.
വായനശാല വളരെ ദൂരെയൊന്നുമല്ല. കഷ്ടി ഒരു കിലോമീറ്റര്‍ നടക്കയേ വേണ്ടൂ. വൈകുന്നേരത്തെ ഇളംകാറ്റേറ്റ് നടക്കാനൊരു സുഖം തന്നെയാണ്. അച്ഛന്‍ കുട്ടികളോടു പറയാറുണ്ട്, കുട്ടിക്കാലത്ത് ബഷീറിന്റെയും, കോവിലന്റെയും, ഉറൂബിന്റെയുംമൊക്കെ പുസ്തകങ്ങള്‍ മടിയിലൊളിപ്പിച്ച് വായിച്ചത്, സ്‌ക്കൂള്‍ യുവജനോത്സവത്തില്‍ കഥാരചനയില്‍ ഒന്നാം സമ്മാനം നേടിയത്, ബാലരമയില്‍ ചെറുകഥ പ്രസിദ്ധീകരിച്ചത്, അങ്ങനെയങ്ങനെ.... അച്ഛന്‍ എന്തുകൊണ്ടാണ് ഒരു എഴുത്തുകാരനാകാതിരുന്നത് എന്ന് കുട്ടികള്‍ കൗതുകപ്പടാറുണ്ട്.
വഴിയോരത്തെ വൃക്ഷത്തണലില്‍ കുട്ടികള്‍ വട്ടംകൂടി നില്ക്കുന്നുണ്ടായിരുന്നു. ജോണ്‍സണ്‍മാഷിന്റെ ട്യൂഷന്‍ സെന്ററില്‍ ട്യൂഷന് പോകുന്ന കുട്ടികളാണ്. ഇത് പഠിക്കാനുള്ള പ്രായമാണ്. ഈ പ്രായത്തില്‍ എന്ത് ചപ്പും ചവറും അവരുടെ തലയില്‍ കയറും. ആകാശത്തിനുകീഴെ എല്ലാ അറിവുകളും അവര്‍ക്ക് പകര്‍ന്നു കൊടുക്കാം
അറിവു നേടാനുള്ള ഈ നെട്ടോട്ടത്തില്‍ വഴിയോരത്തെ ഈ തണല്‍മരം അവരുടെ ഇടത്താവളം. പാവം കുട്ടികള്‍ ! അവര്‍ക്ക് കളിക്കാന്‍ അവകാശമില്ല. കുസൃതികാണിക്കാന്‍ നേരമില്ല. പൂവിനോടും പൂമ്പാറ്റയോടും കളി പറയാന്‍ നേരമില്ല. ഒന്നിനുമില്ല ഈ ലോകത്ത് നേരം. നിറുത്താതെ നമ്മള്‍ ഓടുന്നു. എവിടേക്കെന്നറിയില്ല, നമ്മള്‍ ഓടുന്നുവെന്നുമാത്രം.
പുഴ കടന്നു പോകണം. പണ്ടൊക്കെ ഇവിടെ കടത്തുവഞ്ചി ഉണ്ടായിരുന്നെന്ന് അച്ഛന്‍ പറഞ്ഞുകേട്ടിട്ടുണ്ട്. ഇക്കരെ നിന്നും കടത്തുകാരനെ വിളിക്കും.
പൂഹേയ്...........
ഇന്ന് പുഴയ്ക്ക് കുറുകെ പാലമുണ്ട്. പുഴ എന്നു പറയാമെന്നുമാത്രം. പണ്ടൊക്കെ മഴക്കാലമാകുമ്പോള്‍ ഈ പുഴ കൂലംകുത്തിയൊഴുകാറുണ്ടത്രേ..... ഒരായിരം കുപ്പിവളകളിട്ട പെണ്‍കുട്ടിയെപ്പോലെ ചിരിച്ചുലയാറുണ്ടത്രേ..... അച്ഛന്‍ ഭാഗ്യവാനാണെന്ന് കുട്ടികളറിയുന്നുണ്ട്. കുട്ടികള്‍ക്ക് ഇതെല്ലാം കേട്ടുകേള്‍വി മാത്രം.
വായനശാല പഴയൊരു കെട്ടിടത്തിലാണ്. രണ്ട് മുറികള്‍ . ഒരു മുറി നിറയെ പുസ്തകങ്ങള്‍..... കടന്നുചെല്ലുന്ന മുറിയില്‍ ഒരു മൂലയില്‍ ടീവി സ്ഥാപിച്ചിരിക്കുന്നു. വായനക്കാരെ കാത്ത് ചേതനയറ്റുകിടക്കുന്ന കുറെ പത്രങ്ങളും മാഗസിനുകളും വാരിവിതറിയ ഒരു മേശയുണ്ട് മധ്യത്തില്‍. മേശയ്ക്കുചുറ്റും കുറച്ചു വായനക്കാര്‍ ടീവിയിലേക്ക് കണ്ണുംനട്ട് സിനിമയുടെ ക്ലൈമാക്‌സില്‍ ചകിതരായിരിക്കുന്നു.
കുട്ടികള്‍ മെല്ലെ അകത്തേക്ക് കടന്നു. മാറാല മൂടിക്കിടക്കുന്ന മുറിനിറയെ അലമാരകളായിരുന്നു. അലമാരകള്‍ നിറയെ കീറിപ്പറിഞ്ഞ, ചട്ടയില്ലാത്ത പൂസ്തകങ്ങള്‍ , ബഷീറും ഉറൂബും കോവിലനുമെല്ലാം അവിടെ നഗ്നരായിരിക്കുന്നു
കുട്ടികള്‍ക്ക് ഏതോ അപരിചിതലോകത്ത് എത്തിപ്പെട്ട പ്രതീതിയുണ്ടായിരുന്നു. ഒരുപക്ഷേ, അച്ഛന്‍ കൂടെയില്ലാതിരുന്നതുകൊണ്ടാകാം.
അകത്ത്, പഴയൊരു മരക്കസേരയിലിരുന്ന് ലൈബ്രേറിയന്‍ ഉറക്കം തൂങ്ങുന്നുണ്ടായിരുന്നു. ക്ഷണിക്കപ്പെടാത്ത അതിഥികളെന്നപോലെ അയാള്‍ കുട്ടികളെ നോക്കി. എന്തോ ഒരവിശ്വാസത്തിന്റെ രേഖാചിത്രങ്ങള്‍ അയാളുടെ മുഖത്ത് മിന്നിമായുന്നുണ്ടായിരുന്നു.
കുട്ടികള്‍ ഉറൂബിനെയും, ബഷീറിനേയും, തകഴിയെയും, മലയാറ്റൂരിനെയും, ബെന്യാമിനെയും തിരഞ്ഞുതളര്‍ന്നു. ലൈബ്രേറിയന്‍ ഉറക്കത്തില്‍ നിന്നുണര്‍ന്ന് തെല്ലൊരു കൗതുകത്തോടെ ഇത് സ്വപ്നമല്ലെന്നുറപ്പക്കാന്‍ ശ്രമിച്ചു
ഇനി ഒരുപക്ഷ, വായന മരിച്ചിട്ടില്ലായിരിക്കുമോ?
അയാള്‍ സ്വയം ചോദിച്ചു.
കുട്ടികള്‍ പുസ്തകവുമെടുത്ത് പുറത്തേയ്ക്കിറങ്ങുമ്പോഴും സിനിമയുടെ ക്ലൈമാക്‌സ് എവിടെയും എത്തിയിരുന്നുല്ല. അനാഥപ്രേതങ്ങളെപ്പോലെ മേശപ്പുറത്ത് പുസ്തകങ്ങള്‍ വായന പുനര്‍ജ്ജനിക്കുമെന്ന പ്രത്യാശയില്‍ ചിതറിക്കിടന്നു.
അപ്പോഴും ആ പാവം ലൈബ്രേറിയന്‍ പ്രത്യാശയോടെ സ്വയം ചോദിക്കയായിരുന്നു.
ഇനിയും വായന മരിച്ചിട്ടില്ലായിരിക്കുമോ?

വിനോദ്.കെ.എ.