വൈവാഹികം
ഇന്നലെയും പെണ്‍കുട്ടി സ്വപ്നം കണ്ടിരുന്നു. അതേ സ്വപ്നം തന്നെ! സ്വപ്നത്തിന്റെയുള്ളിലെ സ്വപ്നത്തില്‍ ഒരു ചെറുപ്പക്കാരനുമുണ്ടായിരുന്നു. അയാള്‍ക്ക് മഹിയുടെ മുഖച്ഛായയുമുണ്ടായിരുന്നു. അവര്‍ കടല്‍ക്കരയിലൂടെ നടക്കുകയായിരുന്നു. ചേക്കേറുന്ന പക്ഷികളെ നോക്കി ചെറുപ്പക്കാരന്‍ ഇങ്ങനെ പറയുകയും ചെയ്തു.

"ചേക്കേറുന്ന പക്ഷികളെ കണ്ടോ? അവ സമദൂരത്തിലാണ് സഞ്ചരിക്കുന്നത്. സമാന്തരരേഖകളായി അവ ഒഴുകിപ്പോകുന്നു. നമുക്ക് ആ പക്ഷികളേപ്പോലെയാകാം, കെട്ടുപാടുകളില്ലാതെ ദൂരങ്ങളിലേയ്ക്കുപറക്കാം"

കടല്‍ വിരിച്ചുതന്ന മണല്‍പ്പരപ്പിലൂടെ അവര്‍ ബഹുദൂരം നടന്നു. മൗനത്തിലും സംവദിച്ചുകൊണ്ടിരുന്നു അവര്‍, വ്യാകരണവും ലിപിയുമില്ലാതെ.......

സ്വപ്നത്തില്‍നിന്നുണര്‍ന്നപ്പോള്‍ പെണ്‍കുട്ടിയുടെ മനസ്സ് അസ്വസ്ഥമാകാന്‍ തുടങ്ങി. തന്റെ സ്വപ്നത്തിന് തീരെ നിറമില്ലായിരുന്നുവെന്ന് പെണ്‍കുട്ടി അപ്പോഴാണോര്‍ത്തത്.

ആ ചെറുപ്പക്കാരന്‍ മഹി തന്നെയായിരുന്നുവോ?

അവള്‍ മഹിയുടെ വാക്കുകള്‍ ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചു.

നമ്മള്‍ പ്രണയം മറക്കുക.

പ്രണയം! ഏതോ ഉച്ചക്കിറുക്കന്റെ ഭ്രാന്തജല്പനങ്ങള്‍ ... രണ്ടു മനസ്സുകള്‍ ഉന്മാദാവസ്ഥയുടെ ഉച്ചസ്ഥായിയിലെത്തുമ്പോള്‍ പ്രണയമെന്നു വിളിക്കപ്പെടുന്നു. വാസ്തവത്തില്‍ പ്രണയമെന്നൊന്നുണ്ടായിരിയ്ക്കുമോ?

മഹീ, എന്നും നമ്മള്‍ സഹയാത്രികര്‍ മാത്രമായിരുന്നു.

പൊള്ളുന്ന വെയിലും പാതയോരത്തെ തണലിന്റെ സാന്ത്വനവും ഒരുമിച്ചനുഭവിച്ചറിഞ്ഞ സഹയാത്രികര്‍ മാത്രമായിരുന്നില്ലേ നമ്മള്‍ ?

വെറും സമാന്തരസഞ്ചാരികള്‍ .....

ആരോ ഗോവണി കയറി വരുന്നുണ്ട്. അമ്മയായിരിക്കും.

"എന്താ മോളേ, ഇതുവരെ നീ ഒരുങ്ങിയില്ലേ?...............”

വാതില്‍ക്കല്‍ അമ്മയുടെ സ്‌നേഹമസൃണമായ സ്വരം.


"ടൗണിലെത്തിവിളിച്ചിരുന്നു. അവരിപ്പഴിങ്ങെത്തും...........”

അമ്മയുടെ മുഖത്തൊരല്പം ക്ഷീണം ബാധിച്ചിട്ടുണ്ടോ? വാര്‍ദ്ധക്യത്തിന്റെ നേര്‍ത്ത മുടിയിഴകള്‍ നെറ്റിയിലേക്കൂര്‍ന്നു വീണുകിടന്നിരുന്നെങ്കിലും അമ്മ ഇപ്പഴും സുന്ദരിയായിരിയ്ക്കുന്നു. വല്ലാത്തൊരുല്‍ക്കണ്ഠ അമ്മയുടെ മുഖത്ത് നിഴല്‍ പടര്‍ത്തിയിരുന്നു. വലിയൊരു ഭാരം ഇറക്കിവെക്കുന്നതിന്റെ ഉല്‍ക്കണ്ഠ!

അവള്‍ ഒന്നും പറഞ്ഞില്ല. ഡ്രസ്സിംഗ് ടേബിളിനുമുന്നില്‍ പെണ്‍കുട്ടി തന്നെത്തന്നെ നോക്കിനിന്നു. ഒരല്പനേരം അപരിചിതരെപ്പോലെ അവര്‍ നിര്‍നിമേഷരായി കണ്ണുകളില്‍ കൊരുത്തുനിന്നു.

കണ്ണുകളില്‍ നേര്‍ത്ത നനവുപടരുന്നത് അവളറിയുന്നുണ്ടായിരുന്നു.

ഗോവണിയിറങ്ങുമ്പോള്‍ മനസ്സ് കനം തൂങ്ങിനിന്നു. ബാല്യവും കൗമാരവും മഴനൂലുകള്‍പോലെ പെയ്തിറങ്ങി. ഇനിയെല്ലാം കുപ്പിവളപ്പൊട്ടുകളുടെ വര്‍ണ്ണാഭമായ ശേഖരങ്ങള്‍ മാത്രം.
സ്വീകരണമുറിയില്‍ വേണ്ടപ്പെട്ടവരെല്ലാം സ്ഥാനം പിടച്ചിരുന്നു. അച്ഛന്‍ പതിവിലധികം സന്തുഷ്ടനായി കാണപ്പെട്ടു. എല്ലാവരും ഭൗതികസംഭാഷണങ്ങളില്‍ മുഴുകിയിരിക്കയാണ്. രണ്ടു കുടുംബങ്ങളുടെ സ്ഥാവരജംഗമവസ്തുക്കളുടെ കണക്കെടുപ്പ് നടക്കുകയായിരുന്നു അവിടെ.
ജാള്യതയോടെ പെണ്‍കുട്ടി അകത്തളത്തിലേക്കിറങ്ങി വന്നു.

പിന്നെയെപ്പഴോ അവള്‍ സ്വീകരണമുറിയിലെ കാഴ്ച്ചവസ്തുക്കളിലൊന്നായിമാറി.

മനോഹരമായ ആ കാഴ്ചവസ്തുവിനോട് സുമുഖനായ ചെറുപ്പക്കാരന്‍ ചോദിച്ചു.

"പേരെന്താണ് കുട്ടിയുടെ?”

അത് തികച്ചും അപ്രസക്തമായ ഒരു ചോദ്യമായിതോന്നി ആ കാഴ്ച്ചവസ്തുവിന്. പേര് ഒരിക്കലും ഈ കച്ചവടത്തിന് തടസ്സമാകില്ലല്ലോ! കാഴ്ചവസ്തുവിന്റെയുള്ളില്‍ ചിരിയൂറി.

പെണ്‍കുട്ടി അവളുടെ പേര് പറഞ്ഞു.

"സാഹിത്യമായിരുന്നു പ്രധാനവിഷയം അല്ലേ. ഏത് വര്‍ഷമായിരുന്നു ഡിഗ്രി കംപ്ലീറ്റ് ചെയ്തത്...?”
വര്‍ഷം അവള്‍ക്ക് ഹൃദിസ്ഥമായിരുന്നു.

"കുട്ടിയ്ക്ക്എന്നെക്കുറിച്ച് ഒന്നും അറിയണ്ടേ? ഡിഗ്രി ശ്രീകൃഷ്ണയിലായിരുന്നു. ദുബായില്‍ ചെറിയൊരു ബസിനസ്സൊക്കെയായിട്ട് കൂടിയിരിക്കയാണ്......”

ആവനാഴിയിലെ ചോദ്യങ്ങളെല്ലാമൊഴിഞ്ഞെന്നുതോന്നുന്നു.

മുഖാമുഖം അവിടെ അവസാനിക്കുകയായിരുന്നു.

അവള്‍ സാവധാനം തിരിഞ്ഞുനടന്നു. ഇനി വേണ്ടപ്പെട്ടവര്‍ കച്ചവടമുറപ്പിക്കാനുള്ള ശ്രമം തുടരട്ടെ! സുന്ദരന്‍, സുമുഖന്‍, സാമ്പത്തികമായി നമ്മള്‍ക്കൊപ്പം നില്ക്കാന്‍ പോരുന്നവന്‍, കുടുംബമഹിമയില്‍ ഒട്ടും പിന്നിലല്ലാത്തവന്‍, വിശകലനങ്ങളില്‍ മുങ്ങിനിവരട്ടെ അവരെല്ലാരും.

മഹി പറഞ്ഞതെത്ര ശരി? പ്രണയമല്ല വിവാഹം. അത് സ്ഥിതിവിവരക്കണക്കുകളുടെ കൂട്ടല്‍ കിഴിക്കലുകളാകുന്നു. ആ കൂട്ടല്‍ കിഴിക്കലുകളില്‍ മഹി വെറും വട്ടുപ്പൂജ്യമത്രേ....................

ഗോവണി കയറിപ്പോകുമ്പോള്‍ പെണ്‍കുട്ടിയുടെ മനസ്സ് ശുദ്ധശൂന്യം. അവള്‍ മെല്ലെ വാതിലടച്ചുതഴുതിട്ടു. മട്ടുപ്പാവിലെ നേര്‍ത്ത ഇളംകാറ്റ് അവളെത്തഴുകി. പകലവന്‍ അന്തിമാനത്തേക്ക് ചായുവാന്‍ തയ്യാറെടുത്തുതുടങ്ങിയിരുന്നു. ഇനി വൈകാതെത്തന്നെ അന്തിമാനം ചുവന്നുതുടുക്കും. പക്ഷികള്‍ ചേക്കേറാനായി സമദൂരത്തില്‍ പറന്നകലും.

എല്ലാം തികച്ചും സാധാരണം.

അസാധാരണമായി ഇവിടെ ഒന്നുമില്ല.

വിനോദ്.കെ.എ.