ദൈവത്തിന്റെ അരുമമന്വന്തരങ്ങളിലെപ്പഴോ എവിടെയോ ഒരു ദൈവമുണ്ടായിരുന്നു. സൃഷ്ടിയായിരുന്നു അവന്റെ കര്‍മ്മം, സൃഷ്ടി മാത്രം!
കര്‍മ്മനിരതനായ ദൈവം വെറുതെയിരിയ്ക്കുക പതിവില്ല. മാറിവരുന്ന മഹായുഗങ്ങളിലേയ്ക്കുള്ള സൃഷ്ടിയില്‍ യുഗങ്ങളോളം മുഴുകിയിരിയ്ക്കുമായിരുന്നു അവന്‍. വിശ്രമിയ്ക്കണമെന്നു് തോന്നുമ്പോള്‍ വല്ലപ്പോഴും നിദ്രയിലാണ്ടുപോകാറുമുണ്ട്. യുഗങ്ങളില്‍ നിന്നും യുഗങ്ങളിലേയ്ക്ക് നിദ്ര നീണ്ടുപോകുന്നതും പതിവായിരുന്നു.
തന്റെ അരുമയായ അവളെ സൃഷ്ടിച്ചതിനുശേഷം ദൈവം വളരെ ക്ഷീണിതനായി കാണപ്പെട്ടു. യുഗങ്ങളോളം അശ്രാന്ത പരിശ്രമത്തിലായിരുന്നു ദൈവം. അവള്‍ തന്റെ സൃഷ്ടികളില്‍ ഏറ്റവും മികച്ചതായിരിയ്ക്കണമെന്ന നിര്‍ബ്ബന്ധമായിരുന്നു. ഏറ്റവും സുന്ദരിയാക്കി അവളെ സൃഷ്ടിയ്ക്കയും ചെയ്തു.
അരുമയുടെ നിര്‍മ്മലമായ മുഖം കണ്ടിട്ട് ദൈവത്തിന് തന്റെ കരവിരുതില്‍ വല്ലാത്ത അഭിമാനം തോന്നി. അവള്‍ക്ക് നവദ്വാരങ്ങള്‍ വരച്ചിട്ടുകൊടുത്തിട്ട്, ഹൃദയത്തില്‍ പ്രാണന്റെ സ്പന്ദനങ്ങളിറ്റിച്ചുകൊടുത്തിട്ട്, ദൈവം തന്റെ മട്ടുപ്പാവിലിരിയ്ക്കുകയായിരുന്നു.
താഴെ, ദൈവത്തിന്റെ ഉദ്യാനത്തില്‍, ദേവതാരുവൃക്ഷങ്ങള്‍ക്കുചുവട്ടില്‍ ഉലാത്തുകയായിരുന്നു അവള്‍. അവളുടെ മുഖം കണ്ടിട്ട് ചന്ദ്രബിംബം പോലെയും, കണ്ണുകളാകട്ടെ കൂമ്പിനില്ക്കുന്ന താമരപ്പൂക്കള്‍ പോലെയും തോന്നിച്ചു. മേനി പൂപോലെ മൃദുലവും തരളവുമായിരുന്നു. അവളുടെ മാറിടവും നിതംബവും കണ്ടിട്ട് ദൈവത്തിനുപോലും മനസ്സിലിത്തിരി ചാഞ്ചാട്ടമുണ്ടായിരുന്നു. അവളെക്കണ്ടപ്പോള്‍ പ്രപഞ്ചം തന്നെ ചഞ്ചലചിത്തനായി നിന്നുപോയിരുന്നുവോ എന്നും സംശയിയ്ക്കേണ്ടിയിരിയ്ക്കുന്നു.
ദൈവം അവള്‍ക്ക് ചാപല്യങ്ങള്‍ നിറയെ വാരിക്കോരിക്കൊടുത്തിട്ട്, കൂട്ടിനായി അവനെയും സൃഷ്ടിച്ചു.
അപ്പഴേയ്ക്കും യുഗങ്ങള്‍ കടന്നു പോയിരുന്നു.
അങ്ങനെ, ദൈവം തന്റെ സൃഷ്ടികള്‍ക്ക് പാപ-പുണ്യങ്ങളെക്കുറിച്ചും ധര്‍മ്മാ-ധര്‍മ്മങ്ങളെക്കുറിച്ചും ചൊല്ലികൊടുത്തുകൊണ്ട് തന്റെ മട്ടുപ്പാവിലുലാത്തുകയായിരുന്നു. അപ്പോള്‍, ഏഴുകടല്‍ കടന്നുവന്ന കാറ്റ് ദൈവത്തിന്റെ തിരുവസ്ത്രങ്ങളില്‍ തലോടി. കാലദേശാന്തരങ്ങള്‍ കടന്നു വന്നെത്തിയ കാറ്റ് ദൈവത്തിന്റെ കണ്‍പോളകളെ മെല്ലെത്തഴുകി. ദൈവം മെല്ലെ മയക്കത്തിലേയ്ക്ക് വീണുപോവുകയായിരുന്നു.
മനുഷ്യന്‍ ദൈവത്തിന്റെ ഉദ്യാനത്തില്‍ ഒന്നും ചെയ്യാനില്ലാതെ അങ്ങോട്ടുമിങ്ങോട്ടുമുലാത്തി. സൃഷ്ടാവിന്റെ പള്ളിയുറക്കമുണര്‍ത്താന്‍ അവര്‍ക്കാകുമായിരുന്നില്ല.
വിരസമായി യുഗങ്ങള്‍ പിന്നെയും കടന്നുപോയിക്കൊണ്ടിരുന്നു.
പിന്നെയെപ്പഴോ അവര്‍ ഭൂമിയിലേയ്ക്കിറങ്ങി നടന്നു.
ദൈവം പള്ളിയുറക്കം കഴിഞ്ഞുണര്‍ന്നപ്പോള്‍ ഏതോ ഒരു മഹായുഗത്തിന്റെ അവസാനത്തില്‍ കൃതയുഗവും, ത്രേതായുഗവും, ദ്വാപരയുഗവും കടന്ന്, കലിയുഗാന്ത്യത്തിലെവിടെയോ കിതച്ചുനില്ക്കയായിരുന്നു കാലം.
ഉണര്‍ച്ചയില്‍ ദൈവം ആദ്യമോര്‍ത്തത് അവളെയായിരുന്നു.
അവള്‍!
അവളെവിടെപ്പോയി, തന്റെ അരുമ ?!
കൂട്ടിനായി സൃഷ്ടിച്ച അവനെയും കാണുന്നില്ലല്ലോ!
ദൈവം വേവലാതിപൂണ്ടു.
പിന്നെ, അവരെയന്വേഷിച്ച് ആകാശങ്ങളിലൊക്കെയുമലഞ്ഞു നടന്നു. ആകാശങ്ങളിലെവിടെയും അവരെക്കണ്ടില്ലെന്നതിനാല്‍ ദൈവം ഭൂമിയിലേയ്ക്കിറങ്ങി വന്നു.
ഭൂമിയിലെ തനിയ്ക്ക് പരിചിതമല്ലാത്ത നാട്ടുവഴികളിലൂടെയും പട്ടണങ്ങളിലൂടെയും ദൈവം അദൃശ്യനായി നടന്നുനീങ്ങി. തന്റെ സൃഷ്ടികളില്‍ ശ്രേഷ്ഠതരമായിട്ടുള്ളതിനെ കാണുവാന്‍ ദൈവം ഒരുപാട് വെമ്പല്‍കൊണ്ടിരുന്നു.
പുഴയും കടലും, കാടും മരുഭൂമിയും കടന്ന്, ഉയര്‍ന്നുനില്ക്കുന്ന കമാനങ്ങളും അവയ്ക്ക് കണ്ണുപറ്റാതിരിയ്ക്കാനായി നിരന്നു നിന്ന കൂരകളും കടന്ന് ദൈവം അവളെ തിരഞ്ഞു നടന്നു.
ഇരുള്‍ പടര്‍ന്ന വീഥികളിലൂടെ മനുഷ്യന്‍ പുഴുക്കളെപ്പോലെ ഒഴുകി നടക്കുന്നതവന്‍ തന്റെ വാത്സല്യക്കണ്ണുകളില്‍ കണ്ടു. ദൈവത്തിന് മനുഷ്യനെ കണ്ടിട്ടു മനസ്സിലായില്ല. മനുഷ്യന്‍ ഒരുപാടു മാറിപ്പോയിരുന്നു. അവന്റെ നിഷ്ക്കളങ്കഭാവമത്രയും വാര്‍ന്നുപോയതു കണ്ട് ദൈവം അമ്പരന്നു നിന്നുപോയി.
മനുഷ്യന്റെ കണ്ണുകളിത്രയും കലുഷിതമായതെന്തേ?
മുഖമിത്രയും പരുഷമായതെന്തേ?
ദൈവത്തിന്റെ കണ്ണുകള്‍ അപ്പഴും അവളെ തിരയുകയായിരുന്നു,
തന്റെ അരുമയെ...
അവള്‍!
അവളുടെ ചന്ദ്രബിംബം പോലത്തെ മുഖവും പിന്നെ താമരപ്പൂക്കള്‍പോലുള്ള കണ്ണുകളും ആരെയും മോഹിതരാക്കുന്ന അഴകളവുകളും ദൈവത്തിന്റെ മനോമുകുരത്തില്‍ മിന്നിത്തെളിഞ്ഞു!
വഴിയോരത്തെ ഏതോ ഒരു കൊച്ചുകൂരയുടെ വാതില്‍പ്പഴുതിലെവിടെയോ അവളുടെ മിഴിവെട്ടം കണ്ടിട്ട് ദൈവം നിന്നു. ഇത് തന്റെ സൃഷ്ടിതന്നെയോ ഇതെന്നത്ഭുതംകൂറി. അവളുടെ കണ്ണുകളില്‍ ഭീതിയുടെ മിന്നായങ്ങള്‍ കാണപ്പെട്ടു. അവള്‍ തന്നെയല്ലേ അതെന്ന് ദൈവം ആശങ്ക പൂണ്ടു.
കൂരയുടെ ഒരുകോണില്‍ ദൈവം അദൃശ്യനായി ഒതുങ്ങിനിന്നു. ആരെയോ കാത്തിരിയ്ക്കുകയാണവള്‍. പക്ഷേ കാത്തിരിപ്പു് ഭീതിയുടേതെന്ന് ദൈവമറിയുന്നു. അവള്‍ ക്ഷീണിതയും ദുഃഖിതയുമാണല്ലോയെന്നോര്‍ത്ത് ദൈവം കുണ്ഠിതപ്പെട്ടു.
ഓലകൊണ്ടുമറച്ച ആ ഒറ്റമുറിയില്‍ ഒരുകോണില്‍ മണ്‍കലത്തില്‍ എന്തോ തിളച്ചുയരുന്നുണ്ടായിരുന്നു. മണ്‍കലത്തിനരികെ ഒരുകൊച്ചുകുട്ടി മൂക്കു ചീറ്റിക്കരയുന്നു.
പക്ഷേ, അവള്‍ തെരുവിലേയ്ക്ക് വഴിക്കണ്ണുംനട്ടിരിയ്ക്കയായിരുന്നു.
തെരുവിലൂടെ കാലുറയ്ക്കാതെ, വേച്ചു വേച്ചു നടന്നുവരുന്ന ആ രൂപത്തെ ഞെട്ടലോടെ ദൈവം നോക്കി നിന്നു.
ങ്ഹേ, അതവനല്ലേ......! അവള്‍ക്കു കൂട്ടായിരിയ്ക്കാന്‍ താന്‍ തന്നെ സൃഷ്ടിച്ചവന്‍....!
ദൈവം പിന്നെ അവിടെ നിന്നില്ല. വീണ്ടും നടന്നു.
അതവളായിരിയ്ക്കില്ല. ഒരിയ്ക്കലും അതവളായിരിയ്ക്കില്ല....
ദൈവം പിറുത്തുകൊണ്ടിരുന്നു.
അപ്പഴേയ്ക്കും ഇരുട്ടിന് കട്ടികൂടിയിരുന്നു. ദൂരെയെവിടെനിന്നോ രാത്രിപ്പക്ഷികള്‍ കരഞ്ഞു. തെരുവ് മിക്കവാറും വിജനമായിക്കഴിഞ്ഞിരുന്നു.
പെട്ടന്ന് അകലെ ഒരു പൊട്ടുപോലെ അവള്‍ നടന്നുപോകുന്നത് ദൈവം കണ്ടു.
അതെ, അവള്‍തന്നെ.....
തന്റെ അരുമകളായ സൃഷ്ടികളെ ഏത് കൂരിരുട്ടിലും ദൈവം തിരിച്ചറിയുന്നു.
പക്ഷേ, ദൈവം സൃഷ്ടിയ്ക്കുമ്പോഴുണ്ടായിരുന്ന നിര്‍മ്മലമായ മുഖമായിരുന്നില്ല അത്. അവളുടെ മുടിയിഴകളുടെ കറുപ്പത്രയും നഷ്ടമായി മടുപ്പാര്‍ന്നൊരു ചെമ്പന്‍ നിറമായിത്തീര്‍ന്നിരിയ്ക്കുന്നു. ചുണ്ടത്ത് വൃത്തിഹീനമായ എതോ ചായം തേച്ച് പിടിപ്പിച്ചുമിരുന്നു.
എവിടേയ്ക്കാണവള്‍ തിരക്കിട്ടുപോകുന്നതെന്നറിയുന്നില്ല.
എതിര്‍ ദിശയില്‍നിന്നും വന്ന മുച്ചക്രവാഹനം വലിയൊരു സീല്‍ക്കാരശബ്ദത്തോടെ അവളുടെ മുന്നില്‍ നിരങ്ങിനിന്നു. തെരുവിന്റെ നിശ്ശബ്ദതെ കീറിമുറിച്ച് ആ മുച്ചക്രവാഹനം അവളെയുമേറ്റി വലിയൊരു നിശാനൃത്തശാലയ്ക്കുമുമ്പില്‍ കിതപ്പാര്‍ന്നുനിന്നു.
അവള്‍ നക്ഷത്രമണിമാളികയുടെ മുകളിലത്തെ നിലയിലേയ്ക്ക് കയറിപ്പോകുമ്പോള്‍ അവളുടെ കൂടെ ഒരു ചെറുപ്പക്കാരനുമുണ്ടായിരുന്നു. അയാളുടെ മുഖം ആ അരണ്ട വെളിച്ചത്തിലും ദൈവത്തിന് തിരച്ചറിയുന്നുണ്ടായിരുന്നു. അത് അവള്‍ക്കുകൂട്ടായി ദൈവം സൃഷ്ടിച്ച മനുഷ്യനെപ്പോലെ തന്നെയിരുന്നു.
അവള്‍, ഈ പാതിരാത്രിയില്‍ ഇവിടെ എന്തെടുക്കാനെന്ന് കൌതുകം പൂണ്ട് ദൈവം ആ നക്ഷത്രനൃത്തശാലയ്ക്കുമുമ്പില്‍ നില്പായി.
നാഴികകളുടെ കാത്തിരിപ്പിനൊടുവില്‍, അവള്‍ വന്നു. അഴിഞ്ഞുലഞ്ഞവേഷവും, പാറിയ ചെമ്പന്‍മുടിയിഴകളും. മാറത്ത് എന്തൊക്കെയോ തിരുകിവച്ച് അവള്‍ മറ്റൊരു മുച്ചക്രവാഹനത്തിന് കാത്തുനില്പായി.
ഒന്നും മനസ്സിലാകാതെ ആശയറ്റവനേപ്പോലെ ദൈവം വീണ്ടും നടന്നു.
ആയിരിയ്ക്കില്ല, അതവളായിരിയ്ക്കില്ല......
ദൈവം ആശ്വസിയ്ക്കുവാന്‍ ശ്രമിച്ചു.
രാത്രിപ്പക്ഷികള്‍ അപ്പഴും യാമമേതെന്നറിയാതെ കരഞ്ഞുകൊണ്ടിരുന്നു.
ദൂരെ നിന്നും ദൈവം ഒരു കരച്ചില്‍ കേട്ടു.
വളരെ ദാരുണമായിരുന്നു ആ കരച്ചില്‍.
അതെ, അതവളുടെ കരച്ചില്‍ത്തന്നെയെന്ന് ദൈവത്തിനുറപ്പുണ്ടായിരുന്നു.
ദൈവത്തിന്റെ അരുമയുടെ കരച്ചില്‍.....
നെഞ്ചിടിപ്പോടെ ദൈവം ശബ്ദം കേട്ടിടത്തേയ്ക്കോടി.
ഇരുട്ടിന്റെ മറവില്‍, ഭീതിതമായിരുന്നു അവിടെക്കണ്ട രംഗങ്ങള്‍.
മൂന്നാലാളുകള്‍ ചേര്‍ന്ന് അവളെ കടിച്ചുകീറുന്നുണ്ടായിരുന്നു. ചന്ദ്രബിംബം പോലത്തെ മുഖവും, താമരക്കൂമ്പുപോലത്തെ കണ്ണുകളും, തളിരുപോലത്തെ മേനിയും അവര്‍ കുത്തിക്കീറിയിട്ടിരുന്നു. ദൈവം അരുമയായി വരച്ചിട്ട നവദ്വാരങ്ങളിലൊന്നില്‍ അവര്‍ കമ്പി കുത്തിക്കയറ്റുന്നുണ്ടായിരുന്നു.
നേര്‍ത്തൊരുനിലാവിന്റെ ഇത്തിരി വെട്ടത്തില്‍ ആ കാപാലികന്മാരുടെ മുഖം ഒരു ഞെട്ടലോടെ ദൈവം കണ്ടു.
എല്ലാവര്‍ക്കും ഒരേ മുഖമായിരുന്നു.
തനിയ്ക്കേറ്റവും അരുമയായ തന്റെ സൃഷ്ടിയെ അവരെല്ലാം ചേര്‍ന്ന് കൊത്തിക്കീറുന്നതും നോക്കി ദൈവം നിശ്ചേതനനായി നിന്നു.
സൃഷ്ടി മാത്രമല്ലോ തന്റെ കര്‍മ്മമെന്നോര്‍ത്ത് ദൈവം നൈരാശ്യം പൂണ്ടു.
അവളായിരിയ്ക്കില്ല...... ഒരിയ്ക്കലും അവളായിരിയ്ക്കില്ല.....
ദൈവം പിറുപിറുത്തുകൊണ്ടിരുന്നു.

വിനോദ്.കെ.എ.