കടലാസ്സുപൂക്കള്‍


-->
തോളത്തെ മാറാപ്പ് കടത്തിണ്ണയിലിറക്കിവച്ച് വൃദ്ധ നിന്നുകിതച്ചു. ഇന്നലെയുടെ ഭാരം പേറി ആകെ തളര്‍ന്നുപോയിരുന്നു. നെടുതായൊന്നു നിശ്വസിച്ച് കടത്തിണ്ണയോട് ചേര്‍ന്നു നിന്നപ്പോഴും ഉണ്ണി തന്നെയായിരുന്നു മനസ്സില്‍ നിറഞ്ഞു നിന്നിരുന്നത്.
കഴിഞ്ഞ ആഴ്ച വീട്ടില്‍ വന്നു പോയതാണ്. വലിയ ദേഷ്യത്തിലായിരുന്നു വീടുവിട്ടിറങ്ങിപ്പോയത്. വീടെന്നുപറയാന്‍ ഒന്നുമില്ല. പുറമ്പോക്കില്‍ തെങ്ങോലകൊണ്ട് മറച്ചൊരു കുത്തിമറ. സ്വീകരണമുറിയും, ശയനമുറിയും അടുക്കളയും ഇല്ലാത്ത അല്ലെങ്കില്‍ എല്ലാം ഒന്നുതന്നെയായിട്ടുള്ള ഒരു വീട്.
ദൂരെ പട്ടണത്തില്‍ ലോട്ടറി വിറ്റ് നടക്കുന്ന ജോലിയാണവനിപ്പോള്‍. ആഴ്ചയിലൊരുവട്ടം അമ്മയെ കാണാനെത്താതിരിക്കില്ല. അമ്മയെ അത്രയ്ക്കിഷ്ടമാണ്. അമ്മയല്ലാതെ അവനാരുമില്ല ഈ ലോകത്ത്, അമ്മയ്ക്കും അങ്ങനെത്തന്നെ..... ഉണ്ണി പറയാറുമുണ്ട്. അമ്മയിരിയ്ക്കുന്നിടമാണ് വീട്. അമ്മയുണ്ടെങ്കിലേ വീട് വീടാകുന്നുള്ളൂ.
നഗരത്തില്‍ ലോട്ടറി വില്പന തുടങ്ങിയതില്‍ പിന്നെ അവന്‍ എപ്പഴും പറയാറുണ്ട്. അമ്മയിപ്പോ പണിയ്ക്കൊന്നും പോണ്ട..... ഒന്നിനൊക്കോണം പോന്നൊരു മോനുള്ളപ്പോള്‍ എന്തിനാ അമ്മ ചപ്പും ചവറും പറക്കാന്‍ പോണത്....? എന്നാലും ആവതുള്ളകാലം അവനൊരു സഹായം.....
മുഖത്തുനോക്കി അപ്പനാരെന്ന് ചോദിച്ചപ്പോള്‍ ഉള്ള് കിടുങ്ങിപ്പോയിരുന്നു. ഇപ്പഴും നെഞ്ചിലെ മിടിപ്പാറിയിട്ടില്ല. അപ്പനെ അന്വേഷിയ്ക്കാന്‍ എന്തുണ്ടായെന്നറിയില്ല. അറിഞ്ഞിട്ടെന്തിനെന്നുചോദിയ്ക്കാന്‍ തനിയ്ക്കാവുകയുമില്ല. അവന്‍ പറയുന്നതത്രയും ശരി. എന്നെങ്കിലുമൊരിയ്ക്കല്‍ ആ ചോദ്യം പ്രതീക്ഷിച്ചതു തന്നെയായിരുന്നു. തിരിച്ചൊന്നും ചോദിയ്ക്കാന്‍ തനിയ്ക്കാവില്ല എന്നുമറിയാമായിരുന്നു. എങ്കിലും അമ്മയുടെ മുഖത്തുനോക്കി ഉണ്ണി അങ്ങനെ ചോദിച്ചപ്പോള്‍ വല്ലാതെയായിപ്പോയി.
കലിതുള്ളിയാണവന്‍ പോയത്, ഇനിയിവിടേയ്ക്കില്ലെന്നു പറഞ്ഞ്.
പീടികയ്ക്കകത്തുനിന്നും വര്‍ക്കി വിളിച്ചു ചോദിച്ചു.
"ചാക്കോയുടെ വല്ല വിവരൂം ണ്ടോ, തള്ളേ...... ?”
വൃദ്ധ വര്‍ക്കിയെ രൂക്ഷമായൊന്നു നോക്കി.
ത്ഫൂ.....
ഇനിയിവിടെ നില്ക്കാനാവില്ല. മുത്തപ്പന്റെ പള്ളിയിലെ ഭണ്ഡാരം തുരന്ന് കള്ളുകുടിച്ച നിന്റെ തന്ത കുഞ്ഞുവറീതിനോട് ചോദിക്ക് എന്നുപറയാനാണ് തോന്നിയത്. പക്ഷേ, ഒന്നുമുരിയാടാതെ ഭാണ്ഡവുമെടുത്ത് വെയിലത്ത് ഇറങ്ങി നടന്നു.
അങ്ങാടി ആഘോഷത്തിനൊരുങ്ങുകയാണ്. മുത്തപ്പന്റെ തിരുനാളാണ് വരുന്നത്. വീടുകള്‍ ചായം തേച്ച് മോടിപിടിപ്പിക്കുന്ന തിരക്കിലാണെല്ലാരും. ഒരോരുത്തരും അവരവരുടെ ഭാവനയിലെ വര്‍ണ്ണങ്ങള്‍ ചുവരില്‍ തേച്ചുപിടിപ്പിയ്ക്കുന്നു. തെരുവോരത്ത് കുട്ടികള്‍ വെയിലിനെ തെല്ലും വകവയ്ക്കാതെ ഓടിക്കളിയ്ക്കുന്നുണ്ട്. തിരുനാളടുക്കുമ്പോള്‍, ദൂരദൂരങ്ങളിലെയ്ക്ക് ചേക്കേറിയ ഈ അങ്ങാടിയുടെ മക്കളെല്ലാം തിരിച്ചെത്തുന്നു, ഒത്തുകൂടുവാന്‍...
മുത്തപ്പന്റെ പള്ളിയും കടന്ന്, താഴത്തെ അങ്ങാടിയിലേക്കിറങ്ങി.
പള്ളിമുറ്റത്ത് ജനത്തിരക്കുണ്ട്. ഇന്ന് കുര്‍ബ്ബാനയുണ്ടെന്ന് തോന്നുന്നു.
വര്‍ഷങ്ങളെത്രയായി ഒരു കുര്‍ബ്ബാന കൈക്കൊണ്ടിട്ട്! ചെയ്തുപോയ പാപങ്ങളത്രയും കഴുകിക്കളയാനായി മനുഷ്യപുത്രന്റെ അപ്പവും വീഞ്ഞും കഴിച്ചിട്ടെത്ര നാളായി!
ലോകത്തെ പാപക്കറകള്‍ കഴുകിക്കളയാനായി തന്റെ ശരീരവും രക്തവും പങ്കുവച്ച മനുഷ്യപുത്രന്റെഓര്‍മ്മയ്ക്കായി വികാരിയച്ചന്‍ നമ്മെ ക്ഷണിയ്ക്കുന്നു. നിങ്ങള്‍ മനുഷ്യപുത്രന്റെ ശരീരമാകുന്ന ഈ അപ്പം ഭക്ഷിക്കുക, അവന്റെ രക്തമാകുന്ന ഈ വീഞ്ഞ് പാനം ചെയ്യുക!


സൂര്യന്‍ കനല്‍ കത്തി നില്ക്കയാണ്. കാലം കോറിവരച്ചിട്ട ശുഷ്‌ക്കിച്ച ശരീരത്തില്‍ വെയില്‍ ഉരുകിയിറങ്ങി. ഉരുകിയ വെയിലിനേക്കാള്‍ ഉഷ്ണം മനസ്സില്‍ നിറഞ്ഞിരുന്നു. തെരുവോരത്ത് പാറിക്കളിക്കുന്ന കടലാസ്സുകഷണങ്ങളും കുപ്പിപ്പാട്ടകളും തിരഞ്ഞ് വൃദ്ധ അലഞ്ഞുനടന്നു. ഈ കുപ്പിപ്പാട്ടകളും കടലാസ്സുകഷണങ്ങളും അവരുടെ അന്നമാകുന്നു, അന്നം ദൈവവും. വയറിന്റെ എരിച്ചലകറ്റാന്‍ തെരുവുകളില്‍ അലഞ്ഞുനടക്കുന്നു.
അടുത്തൊരു വീട്ടില്‍ നിന്നും ഏതോ ഒരമ്മ ഉണ്ണിയ്ക്ക് ചോറ് വാത്സല്യവും ഭീഷണിയും കുഴച്ചൂട്ടുന്ന ശബ്ദം കേള്‍ക്കായി.
അമ്മടെ ചക്കരക്കുട്ട്യല്ലേ.... ഒരു ഉരുള കൂടെ ......
കുട്ട്യോളെ പിടിയ്ക്കാന്‍ തള്ള വരണുണ്ട്..........
വൃദ്ധ തന്റെ ഉണ്ണിയെ ഓര്‍ത്തു. അങ്ങാടിത്തെരുവിലും പണക്കാരുടെ വടക്കിനിപ്പുറത്തും കെട്ടിനിന്നിരുന്ന അവന്റെ ബാല്യം. കീറിയ നിക്കറും വിശപ്പും എപ്പഴും അവന് കൂട്ടുകാരായിരുന്നു.
തന്തയില്ലാത്തവന്‍.........
ആരും അവനെ കൂടെ കൂട്ടിയില്ല. എന്നും അവന്‍ ഒറ്റയ്ക്കായിരുന്നു. അമ്മയുടെ മുണ്ടിന്റെ തലപ്പത്തുനിന്നും അവന്‍ മാറിയതുമില്ല.
കത്തുന്ന വെയില്‍പോലെ ഓര്‍മ്മകള്‍ വൃദ്ധയുടെ മനസ്സിലേയ്ക്കുരുകിയൊലിച്ചു.
ഗോപാലന്റെ ചായക്കട കണ്ടപ്പോള്‍ തള്ള നിന്നു.
വല്ലാത്ത ദാഹം. ഒരു ചായ കുടിയ്ക്കാം.
ചായക്കടയിലെയ്ക്ക് കയറാന്‍നോക്കി എന്തോ ഓര്‍ത്തിട്ടെന്നപോലെ വൃദ്ധ പുറത്തുതന്നെ നിന്നു. വൃദ്ധയുടെ വൃത്തിഹീനമായ വസ്ത്രങ്ങളിലേയ്ക്ക് ഒരു താക്കീതെന്നപോലെ ചായക്കടയുടമ നോക്കിനിന്നതുകൊണ്ടോ... എന്തോ!
ഭാണ്ഡത്തില്‍നിന്നും ചില്ലറത്തുട്ടുകള്‍ പെറുക്കിയെടുത്ത് മേശപ്പുറത്ത് എത്തിച്ചുവച്ചു.
ഒരു ചായ കൊണ്ടാ, ഗോപാലാ.......”
കഴിയ്ക്കാനെന്തൂട്ടാ വേണ്ടേ …...?”
"ഒന്നും വേണ്ട ന്റെ ഗോപാലാ...... ഹെന്തൊരു ചൂടാ ! ദാഹിച്ചു വലഞ്ഞു മനുഷ്യന്‍....”
തികച്ചും ശൂന്യമായിരുന്ന ഭാണ്ഡം നോക്കി ഗോപാലന്‍ ചോദിച്ചു.
"ഇന്ന് കോളൊന്നും ല്ലല്ലോ.......?”
അതെ, കോളൊന്നുമില്ല. തന്റെ ജന്മം പോലെത്തന്നെ ശൂന്യമായ ഭാണ്ഡത്തിലേയ്ക്കുനോക്കി അവര്‍ നെടുവീര്‍പ്പിട്ടു.
ചൂടുള്ള ചായ അകത്ത് ചെന്നപ്പോള്‍ എന്തോ ഒരുണര്‍വ്വ് തോന്നി. ഭാണ്ഡമെടുത്ത് വീണ്ടും നടക്കാന്‍ തുടങ്ങി.
ഇടവഴിയിലേയ്ക്ക് തിരിഞ്ഞ് ഓടിട്ട ഒരു പഴയ വീടിന്നുമുന്നില്‍ വൃദ്ധ നിന്നു.
ഉമ്മറമാകെ മാറാല മൂടിക്കിടന്നിരുന്ന വീട്ടിലേയ്ക്കുനോക്കി വൃദ്ധ നെടുവീര്‍പ്പിട്ടു. ഓര്‍മ്മകളില്‍ മുങ്ങി നിവരുമ്പോള്‍ വൃദ്ധയുടെ മുഖത്ത് വിഷാദഛവി പടരുന്നുണ്ടായിരുന്നു. കയ്യാലയില്‍ മൂന്നാല് പൊട്ടിപ്പൊളിഞ്ഞ ശവപ്പെട്ടികളും അവയുടെ മൂടികളും അനാഥമായിക്കിടക്കുന്നുണ്ടായിരുന്നു.
മതിലിനകത്തുനിന്നും കടലാസ്സുപൂക്കള്‍ തെരുവിലേയ്ക്കെത്തിനോക്കി നിന്നു. ഉള്ളിലെ ദാഹവും ഉഷ്ണവും തികട്ടി ചിരിച്ചുലയുന്ന കടലാസ്സുപൂക്കള്‍. സ്വയം വേനലില്‍ ചുട്ടെരിയുമ്പോഴും മനുഷ്യന്റെ മനസ്സില്‍ വര്‍ണ്ണം വിരിയിക്കുന്നു ഈ കടലാസ്സുപൂവുകള്‍. അവ വൃദ്ധയെ തന്റെ കുട്ടിക്കാലത്തേക്ക് കൂട്ടിക്കൊണ്ടുപോയി.
കയ്യാലപ്പുറത്ത് അയാള്‍ ഇരിക്കുന്നതായി തോന്നി. അതെ, പഴയ ശവപ്പെട്ടി വില്പനക്കാരന്‍ തന്നെ…..
"അല്ലിയാമ്പല്‍ക്കടവിലന്നരയ്ക്കുവെള്ളം.........”
അയാളുടെ ചുണ്ടില്‍ മൂളിപ്പാട്ടിന്റെയീണം എന്നും സ്ഥായിയായിരുന്നുവല്ലോ! അതോ തന്നെ കാണുമ്പോള്‍ മാത്രമായിരുന്നുവോ?
അന്നും മുറ്റം നിറയെ കടലാസ്സുപൂക്കള്‍ പൂത്തുലഞ്ഞു നില്ക്കുമായിരുന്നു. പലപല വര്‍ണ്ണങ്ങളില്‍....... ചോരയുടെ കടുംനിറത്തിലും, മാലാഖമാരുടെ ശുഭ്രവര്‍ണ്ണത്തിലും, നിറയെ.
അയാള്‍ എപ്പഴും പുതിയൊരു ശവപ്പെട്ടിയുടെ നിര്‍മ്മാണത്തിലായിരിക്കും. ആത്മാവ് നഷ്ടപ്പെട്ട ഏതെങ്കിലുമൊരാള്‍ അയാളെ ഉറ്റുനോക്കുന്നുണ്ടാകും, എപ്പഴും.
അയാള്‍ ഒരു പുണ്യകര്‍മ്മം ചെയ്യുകയാണ്.
ആത്മാവ് നഷ്ടമാകുന്നവര്‍ക്കൊരിടത്താവളം. പുഴു-പ്രാണകളില്‍നിന്നും രക്ഷ, വിനാഴികകള്‍ക്കെങ്കിലും....
ചുണ്ടില്‍ പുഞ്ചിരിയുടെ നനവുള്ള ചോദ്യമെറിയാറുണ്ടയാള്‍.
ചുവന്ന കടലാസ്സുപൂക്കള്‍ നിനക്കിഷ്ടല്ലേ ?“
ങ്ഹും.... “
"ചോരയുടെ നിറമോ ?”
ചോര നിയ്ക്ക് പേട്യാണ്.....”
മരണമോ?”
നിക്ക് പേട്യാണ്......”
"ഒരിക്കല്‍ നിന്റെ പൊന്നാങ്ങളമാര്‍ വരും, എന്റെ ചോരയ്ക്കായി........ ചോരയുടെ നിറം ചോപ്പ്, മരണത്തിന് കറുപ്പും......”
അവളൊന്നും മിണ്ടീല്ല്യ.....
ആങ്ങിളമാര്‍.....
അവരെ കുറ്റം പറയുന്നതവള്‍ക്കിഷ്ടല്ല. അവളുടെ മുഖം ചുവക്കും. കവിളുകളില്‍ ചുവപ്പ് പടരുന്നതയാള്‍ക്കിഷ്ടമായിരുന്നു. ചുവപ്പ് അവളെ സുന്ദരിയാക്കുന്നു. അത് അയാളില്‍ ഉന്മാദമുണര്‍ത്തുന്നു.
അയാള്‍ പറയും.
ഈ ശവപ്പെട്ടി വില്പ്പനക്കാരന്‍ നിന്നെ സ്നേഹിക്കുന്നു.
നിന്റെയീ കരിമിഴികളെ,
പൂത്തുലഞ്ഞ പനങ്കുല മുടിയിഴകളെ,
ഇളംചുവപ്പാര്‍ന്ന ചുണ്ടുകളെ,
അരുണിമ പടര്‍ന്നയീ കവിളിണയെ,
എല്ലാം ഞാനിഷ്ടപ്പെടുന്നു......
പല നിറങ്ങളില്‍, പല രൂപങ്ങളില്‍ വിരിയുന്ന കടലാസ്സുപൂക്കളുടെ ലോകം അവള്‍ എപ്പഴൊക്കെയോ ഇഷ്ടപ്പെട്ടുതുടങ്ങിയിരുന്നു. ആ ശവപ്പെട്ടി വില്പനക്കാരനെയും.
അയാളുടെ എണ്ണക്കറുപ്പുള്ള ചുരുള്‍മുടികളെ,
മുഖത്ത് മിന്നി മറയുന്ന പരുഷഭാവത്തെ,
ചുണ്ടില്‍ വിരിയുന്ന മന്ദഹാസത്തിനെ,
പൊഴിഞ്ഞു വീഴുന്ന മൂളിപ്പാട്ടിനെ,
എല്ലാമെല്ലാം..... 
ഇടവഴിയിലും, കുളക്കടവിലും, ഉത്സവങ്ങളിലും, കുര്‍ബ്ബാന കൈക്കൊള്ളുമ്പോഴും അവളുടെ കണ്ണുകള്‍ ചാക്കോച്ചേട്ടനെത്തിരക്കി. അങ്ങാടിത്തെരുവിലെ ഓരോ പുല്‍നാമ്പുകള്‍ക്കും അവരെ തിരിച്ചറിയാറായി.
അപ്പഴയ്ക്കും ആങ്ങിളമാര്‍ അവളെ ചോദ്യം ചെയ്യാന്‍ തുടങ്ങിയിരുന്നു.
ശവപ്പെട്ടി ചാക്കോനെന്റെ ആരാടീ......?”
ഒന്നാമനാങ്ങള നിന്ന് കലുക്കാഞ്ഞു.
ന്റെ ആര്വല്ല.... ന്നാലും നിക്കിഷ്ടാ....”
മൂത്തു മുരത്ത അവന്റെ കൈപ്പാടുകള്‍ അവളുടെ തളിരുപോലത്തെ മേനിയില്‍ തിണര്‍ത്തു കിടന്നു. ഒന്നല്ല, രണ്ടല്ല..... ഒരു നൂറുതവണ.
അവള്‍ക്ക് നൊന്തില്ല, ഒരു തുള്ളി കണ്ണീരുപോലും പൊടിഞ്ഞുമില്ല.
മേടയില്ക്കാരടെ കൂട്ടീടെ മോത്ത് നോക്കാനെങ്ങനെ ധൈര്യം വന്നു?”
രണ്ടാമനാങ്ങളയ്ക്ക് ഒരുപിടിയും കിട്ടീല്ല.
പെങ്ങളുകുട്ടിയ്ക്ക് ഇതെന്തുപറ്റിയതെന്നോര്‍ത്ത് ഇളയവന്‍ ഉമ്മറക്കോലായില്‍ തളര്‍ന്നിരുന്നു. അവന്‍ കൂട്ടത്തില്‍ ഏറ്റവും സ്നേഹസമ്പന്നന്‍.....
ഒന്നാമനാങ്ങളയുടെ കലി ഓരിയ്ക്കലും അടങ്ങിയില്ല. അവന്‍ വലിയ ദേഷ്യക്കാരനായിരുന്നു.
"അവനോട് പറഞ്ഞേക്ക് ഒരു ശവപ്പെട്ടി കൂടെ പണിതോളാന്‍..….. അവന്റൊരു ശവപ്പെട്ടിക്കച്ചവടം..... ഇന്നത്തോടെ എല്ലാം നിര്‍ത്തിയേയ്ക്കാം....”
പല്ല് കടിച്ചു ഞെരിച്ചുകൊണ്ടവന്‍ ഇരുട്ടത്തേയ്ക്കിറങ്ങിപ്പോയത് ഇന്നലെയെന്നോണമോര്‍ക്കുന്നു.
ശവപ്പെട്ടിചാക്കോയെ പിന്നെ ആരും കണ്ടതായറിവില്ല.
മരിച്ചോ, ജീവിച്ചോ ആര്‍ക്കും ഒന്നുമറിയില്ലായിരുന്നു.
ആങ്ങളമാരൊന്നുമുരിയാടിയില്ല.
അടുക്കളയില്‍നിന്ന് അമ്മ നെടുവീര്‍പ്പിട്ടു. അപ്പനില്ലാത്ത കുറവറിയിയ്ക്കാതെ എങ്ങനെ വളര്‍ത്തീണ്ടാക്ക്യേതാണ് ഇവറ്റകളെ......
വടക്കിനിപ്പുറത്തുനിന്നും പെണ്ണിന്റെ ഓക്കാനം കേട്ട് അമ്മയുടെ മനസ്സില്‍ തീയ്യാളി. ആങ്ങളമാരുടെ മനസ്സില്‍ കനല്‍ പെരുത്തു.
ചതിച്ചോ, ന്റെ മുത്തപ്പാ........
പെണ്ണൊന്നും മിണ്ടിയില്ല. അവള്‍ ചാക്കോച്ചേട്ടനെ മാത്രമോര്‍ത്തു. അയാളെമാത്രം ചോദിച്ചു. ന്റെ ഉണ്ണീടച്ഛനെവിടേന്ന് മാത്രം അവള്‍ ചോദിച്ചു. ആങ്ങളമാരുത്തരം മുട്ടി നിന്നു.
ഉണ്ണിയെ അവളാര്‍ക്കും വിട്ടുകൊടുക്കില്ല. അവന്‍ വയറ്റില്‍ക്കിടന്ന് ചവിട്ടും കുത്തും തുടങ്ങി.
ആങ്ങളമാരും അമ്മയും കരഞ്ഞ് കാലുപിടിച്ചിട്ടും അവള്‍ ഉണ്ണിയെ വിട്ടുകൊടുത്തില്ല.
ഉണ്ണീടച്ഛനെക്കാണാതെയിനി വീട്ടിലേയ്ക്കില്ല, മുത്തപ്പനാണേ സത്യം. ആരൂല്ല്യ നിയ്ക്ക്........
നിറവയറും കണ്ണീരുമായി മൂന്നാങ്ങളമാരുടെ ഓമനപ്പെങ്ങള്‍ തെരുവിലേയ്ക്കിറങ്ങി.
അവള്‍ കുപ്പിപ്പാട്ടകളും കടലാസ്സും പെറുക്കി നടന്നു, മഞ്ഞിലും മഴയിലും, ഇരുളിലും വെളിച്ചത്തിലും. അവള്‍ കടലാസ്സുപൂക്കളെയും തെരുവിനെയും മാത്രം സ്നേഹിച്ചു. പിന്നെ ചാക്കോച്ചേട്ടന്‍ സമ്മാനിച്ചിട്ടുപോയ ഉണ്ണിയെയും.
പകല്‍ മാഞ്ഞുതുടങ്ങിയിയ്ക്കുന്നു. ആശങ്കകളുടെ ഭാണ്ഡവുമേറ്റി വിവശയായി വിജനമായ തെരുവിലൂടെ വൃദ്ധ നടന്നു.
ഉണ്ണി ഇന്നും വരില്ലായിരിക്കുമോ

വിനോദ്.കെ.എ.