വാര്‍ദ്ധക്യം സുന്ദരം
ശാരദ ഇനിയും ഒരുങ്ങിക്കഴിഞ്ഞിട്ടില്ല. ഒമ്പതുമണിയുടെ വണ്ടിയ്ക്ക് പോകാമെന്നായിരുന്നു തീരുമാനിച്ചിരുന്നത്. അയാള്‍ ഒരുങ്ങിയിരിയ്ക്കാന്‍ തുടങ്ങിയിട്ട് ഒരുപാടുനേരയമായിട്ടുണ്ടാകും. പതിവിലും നേരത്തെതന്നെ എഴുന്നേറ്റ് നട്ടുവളര്‍ത്തുന്ന ചെടികള്‍ക്കെല്ലാം വളരെ വാത്സല്യത്തോടെ വെള്ളമൊഴിച്ചു കൊടുത്തു. തൊടിയില്‍നിന്നും പഴുത്തുവീണ അടയ്ക്കയത്രയും പെറുക്കിക്കൊണ്ടുവന്നു. കിണറ്റില്‍നിന്നും തനിയെ വെള്ളം കോരിക്കുളിച്ച് സമയത്തിന് ഒരുപാടുമുന്നേത്തന്നെ അയാള്‍ ഒരുങ്ങിക്കഴിഞ്ഞിരുന്നു.

ബാക്കിസമയമിത്രയും വെറുതെയിരുന്ന് ഓരോ വിചാരങ്ങള്‍ കൊത്തിപ്പെറുക്കുകയായിരുന്നു അയാള്‍. ഈയ്യിടെയായി ഇതൊരു പതിവായിരിയ്ക്കുകയാണ്. കൊച്ചുകുട്ടികള്‍ മണലില്‍ വെള്ളാരങ്കല്ലുകള്‍ പെറുക്കിക്കളിയ്ക്കുന്നപോലെ. ഒന്നുമറിയാത്ത ബാല്യവും ചപലമായ കൌമാരവും, യൌവ്വനവും, നിസ്സഹായമായ വാര്‍ദ്ധക്യവും സ്മൃതിപഥത്തിലൂടെ ഒഴുകിയിറങ്ങിപ്പോവുകയാണെപ്പഴും. വര്‍ത്താമാനകാലത്തുനിന്നും പിറകോട്ടൂളിട്ട് ബാല്യവും കൌമാരവും യൌവ്വനവുമെല്ലാം വായിച്ചെടുക്കാന്‍ എന്തൊരു രസമാണെന്നയാളോര്‍ത്തു. ഓര്‍മ്മകളില്‍ മുങ്ങിനിവരുക വല്ലാത്തൊരു സുഖം തന്നെയെന്നയാളറിയുന്നു.

അയാളുടെ ചിന്തകള്‍ക്ക് വിരാമമിടാനെന്നോണം അകത്ത് ഫോണ്‍ ചിലമ്പി.
ഏതാനും നിമിഷങ്ങള്‍ക്കുമുമ്പ് ചുമരിലെ നാഴികമണി എട്ടുതവണ മുഴങ്ങിയിരുന്നു. ഈ വീട്ടില്‍ ജീവന്റെ സ്പന്ദനമുണ്ടെന്ന് പലപ്പോഴും ഓര്‍മ്മിപ്പിയ്ക്കുന്നത് ഈ നാഴികമണിയും, വല്ലപ്പോഴും ചിലമ്പിക്കരയുന്ന ഫോണുമാണെന്ന് അയാള്‍ മനസ്സിലാക്കുന്നു.

ഫോണ്‍ കുറച്ചിടെ ചിലമ്പിക്കരഞ്ഞ്, വിവശയായി നിന്നു. തെല്ലിട മൌനത്തിനുശേഷം വീണ്ടുമവള്‍ ചിലമ്പാന്‍ തുടങ്ങി.

എഴുന്നേല്ക്കാനാഞ്ഞപ്പഴേയ്ക്കും ശാരദ തിരക്കിട്ട് നടന്നു വരുന്ന ശബ്ദം കേട്ടു.

അനിലയായിരിയ്ക്കും. ഈയ്യിടെയായി അവള്‍ ദിവസവും വിളിയ്ക്കാറുണ്ട്. അവള്‍ ഭര്‍ത്താവൊത്ത് ദുബായിലേയ്ക്ക് ചേക്കേറിയിട്ട് പത്തിരുപത് വര്‍ഷമാകുന്നു. നാട്ടില്‍ ഒരു കൊച്ചുവീടും തൊടിയും, തൊടിയിലെ വാഴക്കുടപ്പനും, കലമ്പല്‍കൂട്ടുന്ന അണ്ണാറക്കണ്ണനും എന്നും ഒരു സ്വപ്നമായിത്തന്നെ അവളുടെ നെഞ്ചിലുറയുന്നു. സ്വപ്നങ്ങള്‍ നെഞ്ചിലുറഞ്ഞുകൂടുമ്പോള്‍ അവള്‍ അമ്മയെ വിളിയ്ക്കുന്നു.
മുറ്റത്തും തൊടിയിലുമൊക്കെ പട്ടുപാവാടയിട്ടവള്‍ തുള്ളിക്കളിച്ചിരുന്നതും മൂവാണ്ടന്‍ മാവിന്റെ കൊമ്പത്തിരുന്ന കുയിലിനോട് കന്നംകടിച്ചിരുന്നതും അയാളോര്‍ത്തു. മക്കളുടെ നിഷ്ക്കളങ്കമായ ബാല്യത്തിലേയ്ക്ക് കണ്ണുംനട്ടിരുന്ന് ആര്‍ക്കെങ്കിലും മതിയായിട്ടുണ്ടാകുമോ എന്നയാള്‍ ആശ്ചര്യപ്പെടുന്നുണ്ടായിരുന്നു.

ദേ, കേക്കണുണ്ടോ ?”

ശാരദ ഫോണ്‍ വച്ച് അയാളുടെയടുത്തു വന്നു.

ന്താ......”

ത്ര നാളായി അവരിങ്ങനെ അന്യനാട്ടില്....... വായ്പയെടുത്തിട്ടെങ്കിലും ഒരു വീടുവയ്ക്കണമെന്നുണ്ടവള്‍ക്ക്...... ”

മനുഷ്യന്‍ എപ്പഴും മുന്നോട്ടുതന്നെ സഞ്ചരിയ്ക്കാനാഗ്രഹിയ്ക്കുന്നു. സഞ്ചാരപഥങ്ങളിലെ നിമ്നോന്നതങ്ങള്‍ അവനെ വട്ടം കറക്കുന്നു. മുമ്പും പിമ്പും തിരിയാതെ മനുഷ്യന്‍ നട്ടംതിരിയുന്നു.

ദേ, പിന്നെ ങ്ങളെന്തോ വായ്പയെടുക്കാന്‍ പോണൂന്ന് പറഞ്ഞ് കേട്ടതിന്റെ വേവലാതീലാണവള്‍.... അച്ഛനെ സഹായിയ്ക്കാന്‍ അവള്‍ടെ കയ്യിലൊന്നൂല്ല്യാന്നുള്ള സങ്കടൂം ണ്ട്.....”

ങ്ഹും......”

നാഴികമണിയില്‍ ഒമ്പതുമുഴങ്ങിയപ്പോള്‍ അവര്‍ വീട് പൂട്ടിയിറങ്ങി.

പട്ടണത്തിലേയ്ക്ക് വണ്ടി കയറുമ്പോള്‍ ഒന്നും ഒരു തിട്ടവുമില്ലായിരുന്നു. നഗരത്തിലെ വളരെ പ്രശസ്തമായ ധനകാര്യസ്ഥാപനം ലക്ഷ്യമാക്കി നടക്കുമ്പോള്‍ ഒരു വായ്പ വേണം എന്നുമാത്രമേ അയാളുടെ മനസ്സിലുണ്ടായിരുന്നുള്ളൂ. എന്ത് വായ്പയെന്നോ ഏത് വായ്പയെന്നോ യാതൊരു മുന്‍വിധിയും ഉണ്ടായിരുന്നില്ല.

ഉണ്ടായിരുന്നതൊക്കെ നുള്ളിപ്പെറുക്കി മകളെ ഒരു ഗള്‍ഫുകാരന് കൈപിടച്ചുകൊടുത്തപ്പഴേ അയാള്‍ നിസ്വനായിരുന്നു. പിന്നെ ശാരദയുടെ വയ്യായ്കയും.
ശാരദയ്ക്കെന്നും ഒരോ വയ്യായ്കയാണ്. വല്ലാതായിരിയ്ക്കുന്നു അവള്‍. മാറത്തെ അരുതാത്ത വളര്‍ച്ചകള്‍ പലതവണ നീക്കം ചെയ്തതാണ്. എന്നിട്ടും വേദന വിട്ടുമാറിയിരുന്നില്ല. മരുന്നും മന്ത്രങ്ങളുമായിങ്ങനെ കഴിഞ്ഞുകൂടുന്നു. നഗരത്തിലെ വലിയ ആശുപത്രിയില്‍ കൊണ്ടുപോകണം. ഇനി അതേയുള്ളൂ ഒരു പ്രതീക്ഷ. ജീവിതത്തിന്റെയീ സായന്തനത്തില്‍ ആരെയും ബുദ്ധിമുട്ടിയ്ക്കരുതെന്നുമാത്രം അയാള്‍ക്ക് വലിയ നിര്‍ബ്ബന്ധമുണ്ടായിരുന്നു.
കുറെ ദിവസങ്ങളായി അയാളുടെയുള്ളില്‍ ആ വായ്പയെക്കുറിച്ചുള്ള ചിന്തകള്‍ കുടിയേറിയിട്ട്. ആവതുള്ളകാലത്തുകൂട്ടിയ വീടും പുരയിടവും, മണ്ഡരി ബാധിച്ച കുറച്ച് തെങ്ങുകളും, മഹാളി പിടിച്ചുണങ്ങിപ്പോയ കവുങ്ങുകളും. ഇതൊക്കെയാണ് ഈടായിട്ട് നല്കാനുള്ളത്. എന്തെങ്കിലുമൊരു വായ്പയെടുത്താല്‍ മനുഷ്യരേപ്പോലെ ജീവിയ്ക്കാമല്ലോ എന്നുമാത്രമേ അയാള്‍ കരുതിയുള്ളൂ.
ഒപ്പമെത്താന്‍ ശാരദ നന്നേ പണിപ്പെടുന്നുണ്ടായിരുന്നു. പ്രായത്തിന്റെ തളര്‍ച്ച അയാളെ ഒട്ടും ബാധിച്ചിട്ടുണ്ടായിരുന്നില്ല. പ്രായംകൊണ്ട് പത്തുവയസ്സിന്റെ അന്തരം അവര്‍ തമ്മിലുണ്ടായിരുന്നെങ്കിലും, പകുതിയിലേറെ നര കയറിയിട്ടുണ്ടെങ്കിലും, അയാള്‍ക്ക് ഭാര്യയേക്കള്‍ നല്ല ചുറുചുറുക്കുണ്ടായിരുന്നു. അവള്‍ കൂടെ വരേണ്ട കാര്യമൊന്നുമില്ലായിരുന്നു. വയ്യായ്കയുള്ളപ്പോള്‍ ഒറ്റയ്ക്കങ്ങനെ വീട്ടിലിരുത്തണ്ടല്ലോ എന്നു കരുതി. ഒറ്റയ്ക്കിരിയ്ക്കുമ്പോള്‍ ദെണ്ണം ഏറിയപോലെ തോന്നും.
ചില്ലുവാതില്‍ തുറന്ന് അകത്തേയ്ക്കുകടന്നപ്പോള്‍ അവരുടെ ശരീരം ഡിസംബര്‍ രാത്രികളിലത്തേതുപോലെ കുളിരുകോരി. ടൈല്‍ വിരിച്ച വര്‍ണ്ണാഭമായ നിലങ്ങള്‍ അവര്‍ക്കൊരല്പം സ്ഥലകാല വിഭ്രാന്തിയും സമ്മാനിച്ചു. വളരെ അപൂര്‍വ്വമായിട്ടുമാത്രമേ അയാള്‍ ടൌണില്‍ വരിക പതിവുള്ളൂ. വര്‍ഷത്തിലൊരിയ്ക്കല്‍ കൊട്ടടയ്ക്ക വില്ക്കാന്‍ വരും. പിന്നെ ഒറ്റയ്ക്കും തറ്റയ്ക്കും വീണുകിട്ടുന്ന കളിയടയ്ക്ക വില്ക്കാന്‍ വല്ലപ്പോഴുമൊക്കെ വരാറുണ്ട്. ടൌണുമായിട്ടുള്ള അയാളുടെ ബന്ധം അവിടെ അവസാനിയ്ക്കുന്നു.

ചില്ലുകൂടിന്നകത്തിരിയ്ക്കുന്ന സുമുഖനായ ആ ചെറുപ്പക്കാരനോടയാള്‍ മെല്ലെപ്പറഞ്ഞു.

ഒരു വായ്പയെക്കുറിച്ച് അന്വേഷിയ്ക്കാന്‍ വന്നതായിരുന്നു...... ”

ചെറുപ്പക്കാരന്‍ അയാളെ കൌതുകത്തോടെ നോക്കി. വായ്പയെടുക്കാന്‍ ത്രാണിയുണ്ടോ എന്നോ, വയസ്സുകാലത്തിതെന്തിനൊരു വായ്പയെന്നോ …. ആ നോട്ടത്തിന്റെ ധ്വനി ശരിയ്ക്കും അയാള്‍ക്ക് മനസ്സിലായില്ല.

ഏതുതരം വായ്പയാണ് താങ്കള്‍ ഉദ്ദേശിയ്ക്കുന്നത് ?”

മേശപ്പുറത്ത് ചിതറിക്കിടന്നിരുന്ന ലഘുലേഖകള്‍ ചിക്കിപ്പെറുക്കിയെടുത്ത് അയാളെ കാണിച്ചുകൊണ്ട് ചെറുപ്പക്കാരന്‍ വാചാലനായി.

വായ്പകള്‍ പലവിധത്തിലാണുള്ളത്. ആവശ്യങ്ങള്‍ക്കനുസൃതമായിട്ടാണ് വായ്പ നല്കുന്നത്. പഠനത്തിന്, വിവാഹത്തിന്, വീടുപണിയ്ക്ക്, വാഹനം വാങ്ങിയ്ക്കുന്നതിന് അങ്ങനെയങ്ങനെ...... ഓരോന്നിനും പലിശനിരക്കും വ്യത്യസ്ഥം.

ങ്ഹാ.... പിന്നെയൊന്നുണ്ട്.... വാര്‍ദ്ധക്യവായ്പ.... നിരാലംബരായ വയോധികര്‍ക്ക് അവരുടെ വാര്‍ദ്ധക്യം സുഗമമായി തള്ളിനീക്കുന്നതിനായി അവരുടെ പേരിലുള്ള സ്ഥാവര-ജംഗമവസ്തുക്കളുടെ ഈടിന്മേല്‍ പണം കടമായി നല്കുന്നു. റിവേഴ്സ് ഹൌസിങ്ങ് ലോണെന്നുപറയും. തിരിച്ചടവിനേക്കുറിച്ച് വേവലാതിപ്പെടേണ്ട, അത് അനന്തരാവകാശികളുടെ ഉത്തരവാദിത്തമാകുന്നു.

സ്ഥലവും വീടും ഈടായിട്ടു നല്കണം. പതിനഞ്ചുവര്‍ഷത്തെ കുടി-കട സര്‍ട്ടിഫിക്കറ്റ്. ആധാരത്തിന്റെ പകര്‍പ്പ്, നികുതിയടച്ചതിന് രശീതി....

ചെറുപ്പക്കാരന്‍ പ്രതീക്ഷയോടെ അയാളെ നോക്കി.

അയാള്‍ വീണ്ടും ചിന്തകളെ ചിക്കിപ്പെറുക്കാന്‍ തൂടങ്ങി. അയാള്‍ക്കുതന്നെ തിട്ടമില്ലായിരുന്നു താന്‍ നിരാലംബനാണോയെന്ന്. പിന്നെ, പച്ചയായ ജീവിതത്തിന്നുമുന്നില്‍ എല്ലാവരും നിരാലംബര്‍ തന്നെയല്ലേ എന്നാശ്വസിയ്ക്കാനും ശ്രമിച്ചു.
ഉത്തരമൊന്നുമില്ലാത്ത ചോദ്യങ്ങളുമായി തികച്ചും വൈദേശികമായ ആ ശീതളിമയില്‍ അയാള്‍ നട്ടം തിരിഞ്ഞുനിന്നു. വല്ലാതെ കുളിരുന്നുണ്ടായിരുന്നു. രോമരാജികളിലോരോന്നിലും അരിച്ചുകയറിയ കുളിരിനെ പിന്നിലടച്ചിട്ട് അയള്‍ ശാരദയോടൊപ്പം ഇറങ്ങി നടന്നു. കത്തുന്ന വെയിലത്തേയ്ക്ക്.
പിറകില്‍ വര്‍ണ്ണക്കടലാസ്സിലെഴുതിവച്ചിരുന്ന പരസ്യങ്ങള്‍ അവരെ നോക്കിച്ചിരിച്ചു കാണിയ്ക്കുന്നുണ്ടായിരുന്നു.

നിങ്ങളുടെ വാര്‍ദ്ധക്യം സുന്ദരമാക്കുവാന്‍..... 


വിനോദ്.കെ.എ.