ലൈന്‍മാന്‍

കയറ്റം കുത്തനെയുള്ളതായിരുന്നു.
പെഢല്‍ ആഞ്ഞ് ചവിട്ടി.
സൈക്കിള്‍ നീങ്ങുന്നില്ല.....
നിരങ്ങുന്നു.....
കിതച്ചുനില്ക്കുന്നു.......
ജീവിതം പോലെത്തന്നെയാകുന്നു എണ്ണയിടാത്ത ഈ സൈക്കിളും.
നീങ്ങുന്നില്ല, നിരങ്ങുന്നു, കിതച്ചുനില്ക്കുന്നു.
സൈക്കിള്‍ വഴിയോരത്തുനിര്‍ത്തി. കാക്കി നിക്കറിന്റെ പോക്കറ്റില്‍ മുഷിഞ്ഞു കിടക്കുന്ന കുറിപ്പെടുത്തുനോക്കുമ്പോഴും നെഞ്ചിലെ കിതപ്പാറിയിരുന്നില്ല. ഓഹീസില്‍ നിന്നും ഓവര്‍സീയര്‍ കുറിച്ചു തന്ന പരാതികളാണൊക്കെയും.
പരാതികള്‍ എണ്ണിനോക്കി. മൊത്തം പരാതികള്‍ എട്ട്. എല്ലാവരും വൈദ്യുതി തടസ്സപ്പെട്ടവര്‍.
വൈദ്യുതി പ്രാണവായു പോലെയാകുന്നു. പ്രാണവായുവില്ലെങ്കില്‍ ചലനമില്ല. ചലനമില്ലെങ്കില്‍ പ്രപഞ്ചമില്ല. പ്രപഞ്ചമില്ലെങ്കില്‍ …..
പരാതികള്‍ എത്രയും പെട്ടന്ന് പരിഹരിയ്ക്കേണ്ടിയിരിയ്ക്കുന്നു.
ഒന്ന്, വെളുത്താട്ടില്‍ അബു, പോസ്റ്റ് നമ്പര്‍ എട്ട് അഞ്ച് മൂന്ന്, വീട്ടില്‍ കറന്റില്ല.
രണ്ട്, കരുമത്തില്‍ കുമാരന്‍, പോസ്റ്റ് നമ്പര്‍ ഒന്ന് മൂന്ന് ആറ്, സര്‍വ്വീസ് വയര്‍ പൊട്ടി വീണു കിടക്കുന്നു.
മൂന്ന്,.............
കടലാസ്സില്‍ തെളിഞ്ഞുവരുന്നത് പരാതികളായിരുന്നില്ല.
മുഷിഞ്ഞ ഈ കടലാസ്സുകഷണങ്ങളില്‍ തെളിയുന്നത് രവിയുടെ മുഖം. അവന്റെ മുഖത്ത് പ്രാണന്റെ പിടച്ചില്‍ ഞാന്‍ കാണുന്നു. അവന്‍ അമ്മയെ വിളിച്ച് കരയുകയായിരുന്നു. എപ്പഴും ചിരി തങ്ങി നില്ക്കുമായിരുന്ന മുഖത്ത് വേദനയും ഭയപ്പാടും വിങ്ങിക്കിടന്നിരുന്നു. മുഖം വെന്ത് കരുവാളിച്ചുമിരുന്നു.
അഗ്നിസ്ഫുലിംഗങ്ങള്‍ അവന്റെ മുഖത്ത് പടര്‍ന്നു കയറുന്നത് നോക്കിനില്ക്കാനേ എനിയ്ക്ക് കഴിഞ്ഞുള്ളൂ.
വെറും മനുഷ്യനായ നീയെത്ര നിസ്സാരന്‍! ഓര്‍ക്കും തോറും കുറ്റബോധം തോന്നുന്നു. അവനവനോടുതന്നെ പുച്ഛം തോന്നുന്നു. മരണം മുഖത്തു നോക്കി പല്ലിളിച്ചു കാണിച്ചിട്ടും നീ ഒന്നും ചെയ്യുന്നില്ല, നിനക്കൊന്നും ചെയ്യാനാവുന്നില്ല.
രവിയ്ക്ക് ഈ ലോകത്ത് അമ്മ മാത്രമേയുണ്ടായിരുന്നുള്ളൂ. അച്ഛനാരെന്നുമറിയില്ല. ജീവിച്ചോ, മരിച്ചോ, അവനന്വേഷിയ്ക്കുന്നില്ല. ഒന്നറിയാം, അമ്മ കരയുമ്പോള്‍ അവന്റെ നെഞ്ച് തകരുന്നു, അമ്മ ചിരിയ്ക്കുമ്പോള്‍ മനസ്സ് താമരപോലെ വിടരുന്നു.
അച്ഛനും അമ്മയും എല്ലാമൊന്നായിരുന്നു. അവന്‍ ഉണര്‍വ്വിലും ഉറക്കത്തിലും അമ്മയെക്കുറിച്ചുമാത്രം പറഞ്ഞു. അമ്മയല്ലാതെ അവനൊന്നുമില്ല. അവന്റെ ഓരോ വര്‍ത്തമാനവും അമ്മയില്‍നിന്നും തുടങ്ങി അമ്മയില്‍ അവസാനിയ്ക്കുന്നു.
അച്ഛനില്ലാത്ത കുഞ്ഞിനെ അമ്മ വളര്‍ത്തിയ കഷ്ടപ്പാടുകള്‍......
അച്ഛനും അമ്മയും ഉള്ളവരുടെ വേവുന്ന നോട്ടങ്ങള്‍.....
അമ്മ ഒരരുവി പോലെയാകുന്നു.
സാന്ത്വനത്തിന്റെ കുളിരരുവി.
അമ്മ രവിയോടു പറഞ്ഞു.
നിയ്ക്ക് വയസ്സായി മോനേ, ഇനി ത്ര്യാ ന്നൊന്നും അറീല്ല്യാ..... ഇനിയോരാളെ കൈപിടിച്ച് കൊണ്ട്വോരണം.........സ്നേഹള്ളൊരാളെ....”
അതൊരു സ്വപ്നമാകുന്നു.
രവിയ്ക്കപ്പോഴും സംശയം.
അമ്മയേക്കാളും …..!?”
അതെ, അമ്മയേക്കാളും......”
അമ്മയേക്കാളും സ്നേഹമോ?”
രവിയ്ക്കത്ഭുതം.
അമ്മയെക്കാളും സ്നേഹം ഭൂമിയില്‍ കിട്ടുമോ?
അന്ന് പീക്ക് ഡ്യൂട്ടിയായിരുന്നു രണ്ടുപേര്‍ക്കും. രവിയ്ക്ക് അടുത്ത ദിവസം ഡ്യൂട്ടി ഓഫാണ്. ഡ്യൂട്ടി കഴിഞ്ഞാല്‍ റൂമില്‍ പോകണം. ഒന്നു കുളിയ്ക്കണം. അടുത്ത വണ്ടിയ്ക്ക് നാട്ടില്‍ പോകണം. നാടെന്നു പറഞ്ഞാല്‍ അമ്മ. രവിയ്ക്ക് നാടും വീടും എല്ലാം അമ്മ തന്നെ.
ടൌണില്‍നിന്നും നാട്ടിലേയ്ക്കുള്ള വണ്ടി എട്ട് മുപ്പതിനാകുന്നു.
പീക്ക് ഡ്യൂട്ടി കഴിയുവാന്‍ നിമിഷങ്ങള്‍ മാത്രമേയുണ്ടായിരുന്നുള്ളൂ.
നിമിഷങ്ങള്‍ക്ക് നീളമേറെയുണ്ടായിരുന്നു.
ഓവര്‍സീയര്‍ തിരക്കിട്ട് വന്നു.
ട്രാന്‍സ്ഫോര്‍മറിന്റെ ഡ്രോപ്പൌട്ട് ഫ്യൂസ് പോയിരിയ്ക്കുന്നു.
പീക്ക് ഡ്യൂട്ടി കഴിയുവാന്‍ ഇനി നിമിഷങ്ങള്‍ മാത്രം.
നീളമേറെയുള്ള നിമിഷങ്ങള്‍.
അവസാനത്തെ വണ്ടി കൃത്യം എട്ട് മുപ്പതിനുതന്നെയാകുന്നു.
പക്ഷേ, നമുക്കെന്തു ചെയ്യാനാകും! ട്രാന്‍സ്ഫോര്‍മറിന്റെ ഡ്രോപ്പൌട്ട് ഫ്യൂസ് പോയിരിയ്ക്കുന്നു.
വൈദ്യുതി പ്രപഞ്ചത്തിന്റെ ചലനമന്ത്രമാകുന്നു. ചലനമില്ലാത്ത പ്രപഞ്ചത്തെ നമുക്കോര്‍ക്കാന്‍ കൂടെ വയ്യാത്തതാകുന്നു.
ട്രാന്‍സ്ഫോര്‍മറിന്റെ ചുറ്റും കാട്ടുവള്ളികള്‍ പടര്‍ന്നു കിടക്കുകയായിരുന്നു. അതിക്രമിച്ചു കടക്കുന്നവരെ നോക്കി താഴെ പെരുച്ചാഴികള്‍ കണ്‍മിഴിച്ചു നിന്നു.
മിണ്ടാപ്രാണികള്‍!
ദൈവം അവരുടെ കാതുകള്‍ക്കു തുളയിട്ടിരുന്നുവെങ്കിലും അവ ഒന്നും കേട്ടിരുന്നില്ല. കണ്ണുകളിലെ തിമിരപ്പാട നീക്കിയിരുന്നുവങ്കിലും അവ ഒന്നും കാണുന്നുണ്ടായിരുന്നില്ല. അവര്‍ ഒന്നും കാണുന്നില്ല, ഒന്നും കേള്‍ക്കുന്നില്ല. അരുതാത്തതൊന്നും കാണാതെ, കേള്‍ക്കാതെ അവ മാളങ്ങളിലേയ്ക്ക് ഉള്‍വലിഞ്ഞു.
ഫ്യൂസ് കമ്പി കടിച്ചുപിടിച്ച് ട്രാന്‍സ്ഫോര്‍മറിന്റെ തറയിലേയ്ക്ക് കയറുമ്പോള്‍ അവന്റെ കാക്കി നിക്കറിന്റെ പിറകില്‍ പ്ലേയര്‍ ഒരു വവ്വാലിനെപ്പോലെ തൂങ്ങിക്കിടന്നിരുന്നു.
ഫീഡര്‍ ഓഫ് ചെയ്തുവെന്നാണ് ഓവര്‍സീയര്‍ അറിയിച്ചിരുന്നത്. ഏത് ഫീഡറിലെ വൈദ്യുതിയാണ് ട്രാന്‍സ്ഫോര്‍മറിലൂടെ ഒഴുകിയെത്തുന്നതെന്ന് ഡ്യൂട്ടിയിലുള്ള ഓവര്‍സീയര്‍ക്കേ അറിയൂ. ഓവര്‍സീയര്‍ അറിയുന്നത് സബ് എഞ്ചിനീയറില്‍നിന്ന്. അതൊരു ചങ്ങലയാകുന്നു.
എര്‍ത്ത് റാഡ് ഘടിപ്പിയ്ക്കേണ്ടെന്ന തീരുമാനം രവിയുടേതുതന്നെയായിരുന്നു. നേരമില്ല, പീക്ക് ഡ്യൂട്ടി കഴിയാന്‍ ഇനി നിമിഷങ്ങള്‍ മാത്രം. നാട്ടിലേയ്ക്കുള്ള വണ്ടി കൃത്യം എട്ട് മുപ്പതിനുതന്നെ പുറപ്പെടുന്നു.
നിമിഷങ്ങള്‍ക്കപ്പോള്‍ നീളം വല്ലാതെ കുറഞ്ഞിരുന്നുവോ?
രവിയുടെ മനസ്സില്‍ മുഴുവന്‍ അമ്മയായിരുന്നു.
അവന്‍ കേട്ടത് ട്രാന്‍സ്ഫോര്‍മറിന്റെ മൂളലായിരുന്നില്ല, തിരക്കേറിയ നിരത്തിലെ വാഹനങ്ങളുടെ മുരളലുമായിരുന്നില്ല, അമ്മയുടെ താരാട്ടായിരുന്നു മനസ്സില്‍ നിറച്ചും.
എല്ലാം നിമിഷങ്ങള്‍ക്കുള്ളില്‍ അവസാനിച്ചിരുന്നു, ഒരു മിന്നല്‍ പോലെ.
ഇടിമുഴക്കത്തോടെ അഗ്നിസ്ഫുലിംഗങ്ങള്‍ അവനെ എടുത്ത് എറിയുകയായിരുന്നു. ഏത് കൈവഴികളിലൂടെയാണ് അഗ്നി ഒഴുകിയെത്തിയതെന്നറിയില്ല. അഗ്നിഗോളമായി അവന്‍ നിലത്തുരുണ്ടു.
രവി. എന്റെ കൂട്ടുകാരന്‍.
അവന്‍ അമ്മയെ വിളിച്ചു കരഞ്ഞു.
വേദനകളില്‍ അമ്മ അവസാനവാക്കാകുന്നു.
തൊട്ടടുത്ത് കണ്‍മിഴിച്ചുനില്ക്കുന്ന കൂട്ടുകാരനെ അവന്‍ കാണുന്നില്ല.
അവന്‍ അമ്മയെ വിളിച്ചു കേണു.
അമ്മയുടെ സ്നേഹസ്പര്‍ശത്തിനായി വെമ്പി.
ഈ ഇരുപത്തിയഞ്ചാം വയസ്സിലും അമ്മ അവന് ഉരുള ഉരുട്ടിക്കൊടുക്കുമായിരുന്നു. അമ്മയ്ക്ക് അവന്‍ എന്നും മടിയിലിരുന്ന് അമ്മിഞ്ഞ നുകരുന്ന പൈതല്‍.
എങ്കിലും, അമ്മയെക്കാളും സ്നേഹം മരണത്തിനായിരുന്നുവോ?
മരണം അവനെ വാരിയെടുത്തു.
മരണം എറളാടന്‍ പക്ഷിയെപ്പോലെയാകുന്നു. ദൂരെ മരക്കൊമ്പത്തിരുന്ന് അവന്‍ കണ്ണുവയ്ക്കുന്നു, തന്റെ കോഴിക്കുഞ്ഞിനെ. തള്ളക്കോഴിപോലും അറിയുന്നില്ല. കൊത്തിക്കൊണ്ടുപോകുന്നു.
മരണം മുന്നില്‍നിന്ന് കൊഞ്ഞനം കുത്തി കാണിച്ചു. ഇത് നിന്റെ കൂട്ടുകാരന്‍. ഉണര്‍വ്വിലും ഉറക്കത്തിലും ഇണപിരിയത്തവര്‍ നിങ്ങള്‍. ഇവനെ ഞാന്‍ കൊണ്ടുപോകുന്നു. നീ നോക്കിനിന്നുകൊള്ളുക......
താങ്ങിയെടുത്ത് ജീപ്പില്‍ കയറ്റുമ്പോഴും ജീവന്‍ പിടയ്ക്കുന്നുണ്ടായിരുന്നു. പ്രാണന്റെ പിടച്ചിലില്‍ ജീപ്പിന്റെ വാതില്‍ വളഞ്ഞുപോയിരുന്നു. ജീവിതത്തിന്റെ വാതിലെന്നോണം തിരിച്ചുവരാന്‍ അവന്‍ സര്‍വ്വ ശക്തിയുമെടുത്തിരുന്നു.
പെരുച്ചാഴികള്‍ മാളങ്ങളില്‍ നിന്നിറങ്ങി വന്നു ചുറ്റും നോക്കി കോക്രി കാണിച്ചു.
വെന്ത മാംസത്തിന്റെ മടുപ്പാര്‍ന്ന ഗന്ധം എന്നില്‍ നിറയുന്നു.
സൈക്കിള്‍ ആഞ്ഞ് ചവിട്ടി. നീങ്ങുന്നില്ല. വിയര്‍പ്പുകണങ്ങള്‍ നെറ്റിയിലൂടെ ഊര്‍ന്നിറങ്ങി.
കൈകാലുകള്‍ വിറയ്ക്കുന്നു. പാടില്ലാത്തതാകുന്നു.
ശരീരം തളരുന്നു. പാടില്ലാത്തതാകുന്നു.
നീ വെറുമൊരു ലൈന്‍മാന്‍ മാത്രമെന്നറിയുക. പരാതികള്‍ പരിഹരിയ്ക്കുക നിന്റെ കര്‍മ്മം, നിന്റെ നിയോഗം. നിന്റെ അന്നത്തിനായി നീ പണിയെടുക്കേണ്ടിരിയ്ക്കുന്നു. നിന്റെ വികാരങ്ങളെ നീ ഒഴുകാനനുവദിയ്ക്കാതെ വരമ്പിട്ടു നിര്‍ത്തിക്കൊള്ളുക.
ഓവര്‍സീയര്‍ മുന്നില്‍ വന്നു നിന്നു.
ഓവര്‍സീയര്‍ ചിരിയ്ക്കുന്നില്ല.
മുഖം ശുദ്ധ ശൂന്യം.
ശൂന്യമായ മുഖത്തുനിന്നും വന്യമായ വാക്കുകള്‍ അടര്‍ന്നു വീഴുന്നു.
ഇപ്പോള്‍ നിന്റെ കണക്കില്‍ എട്ട് പരാതികളാണുള്ളത്. അവ നിന്റെ കാക്കി നിക്കറിന്റെ പോക്കറ്റില്‍ മുഷിഞ്ഞിരിയ്ക്കുകയാണ്. എത്രയും പെട്ടന്ന് അവ പരിഹരിയ്ക്കേണ്ടിയിരിയ്ക്കുന്നു.

വിനോദ്.കെ.