ഉമ്മറത്തെ ചാരുകസേരയിലിരുന്ന് നിത്യവും നരച്ച പകലെണ്ണിത്തീര്‍ക്കുന്നതിനൊപ്പം വീരപുരുഷന്മാരായ തന്റെ മുന്‍ഗാമികളുടെ പുരാവൃത്തങ്ങള്‍ ഏറെ അയവിറക്കാനുണ്ട് ചേമ്പാലക്കാട്ടില്‍ അബ്ദുവിന്. അക്കഥകളോരോന്നും ഉള്ളില്‍ നിന്ന് തികട്ടി വരുമ്പോള്‍ അയാളുടെ നരച്ച പകലുകള്‍ വര്‍ണ്ണാഭങ്ങളാകും, കാലത്തിന്റെ കുത്തിയൊഴുക്കില്‍ തളര്‍ന്നു പോയ കാലിലും നെഞ്ചിന്‍കൂടിനകത്തും ചോര കുത്തിയൊഴുകുന്നതായി തോന്നും.
അയാളുടെ ചിന്തകളുടെ ചരടു പൊട്ടിക്കുന്നത് മിക്കപ്പോഴും തൊട്ടടുത്തുള്ള ജുമായത്ത്പള്ളിയില്‍ നിന്നും ഉയരുന്ന ബാങ്കുവിളികളായിരിയ്ക്കും. അടുക്കളയില്‍ നിന്നുള്ള പാത്രങ്ങളുടെ കലമ്പലായിരിക്കും. അതുമല്ലങ്കില്‍, അസറിനോടു് ഒച്ച വയ്ക്കുന്ന സുബൈദയുടെ ശകാരവാക്കുകളായിരിക്കാം. അടുക്കളയോടും അസറിനോടും ഒരുമിച്ച് പോരാടുകയാണ് അവള്‍. മിണ്ടാന്‍ വയ്യാത്ത കുട്ടിയല്ലേ, അവന് വാശി ഇത്തിരി കൂടും. പറഞ്ഞാല്‍ കേള്‍ക്കില്ല.
ചേമ്പാലക്കാട്ടില്‍ പോക്കാമുവിന്റെ മരുമകളായി പടി കയറി വന്ന സുന്ദരിയായ സുബൈദ!കണ്ടാലറിയാത്തവണ്ണം മാറിപ്പോയി അവളിപ്പോള്‍. വീടരായി വന്ന കാലത്ത് ഈ വീട്ടില്‍ അടുക്കളപ്പണിയ്ക്കും പുറംപണിയ്ക്കും നിറയെ വേലക്കാരായിരുന്നു. ഇന്നവള്‍ അടുപ്പിലെ പുകയൂതിയൂതി കരുവാളിച്ചിരിയ്ക്കുന്നു. വെള്ളാരങ്കല്ലുകള്‍ പോലെ മനോഹരമായിരുന്ന അവളുടെ കണ്ണുകളിൽ ജീവസ്സറ്റു പോയിരിക്കുന്നു.
അന്നൊക്കെ ലോകത്തിന് വേറെ നിറമായിരുന്നുവെന്ന് അബ്ദുവിന് തോന്നാറുണ്ട്. ഇപ്പഴത്തെ നരച്ച നിറമല്ലായിരുന്നു മഴയ്ക്കും, വെയിലിനും, മഞ്ഞിനുമെല്ലാം. അന്നത്തെ വൃശ്ചികക്കാറ്റിന്റെ കുളിരുപോലും എത്ര ആസ്വാദ്യകരങ്ങളായിരുന്നു!
മുട്ടിനുതാഴെ ഒരല്പം മാത്രം ഇറക്കി പുത്തന്‍ ഒറ്റമുണ്ടുടുത്ത് ആമിനയോടോപ്പം ഓത്തുപള്ളിയില്‍ പോയിരുന്നത് ഇന്നലെയെന്നപോലെ അയാള്‍ ഓര്‍ക്കുന്നു. വഴിയോരത്തുനിന്നും പെണ്ണുങ്ങള്‍ കുശുമ്പുപറയും.
“പോക്കാമാപ്ലടെ മക്കളാ…”
വടക്ക് ചെറുവള്ളിക്കടവു മുതല്‍ തെക്ക് വട്ടംപാടം വരെയും, കിഴക്കന്‍ തുരുത്തു മുതല്‍ പടിഞ്ഞാറ് കൊച്ചന്നൂരു വരെയും ചേമ്പാലക്കാട്ടില്‍ പോക്കാമുവിന്റെ സ്വത്തായിരുന്നു. പാടത്തും പറമ്പിലും നിരനിരയായി ഏരികള്‍. ഏരിപ്പുറത്തെല്ലാം ചക്കരവള്ളികള്‍. നോക്കെത്താ ദൂരത്തോളം ചക്കരവള്ളികള്‍ പടര്‍ന്നുകിടന്നു. പറിച്ചിട്ടും പറിച്ചിട്ടും തീരാതെ ചക്കരക്കിഴങ്ങ്.
മുറ്റത്ത് ചാരുകസേരയില്‍ അമര്‍ന്നിരിയ്ക്കും ചേമ്പാലക്കാട്ടില്‍ പോക്കാമു. അരികില്‍ വെറ്റിലച്ചെല്ലം. മണല്‍ വിരിച്ച മുറ്റത്ത് മുറുക്കാന്റെ ചോരപ്പാടുകള്‍. ചക്കരക്കിഴങ്ങ് കച്ചവടം കൊള്ളാന്‍ വന്ന് ഓഛാനിച്ച് നില്ക്കുന്ന വടക്കന്മാര്‍.
അബ്ദു മാത്രം ഇങ്ങനെ…………..
ഒന്നിനും കൊള്ളാത്തവന്‍………..
അതെ, ജനിച്ചുപോയി എന്നുമാത്രം. അയാള്‍ക്ക് തന്നോടുതന്നെ അവജ്ഞ തോന്നി.
മനുഷ്യന്‍ കാട്ടുമരങ്ങളെപ്പോലെയാകുന്നു. ഏതോ പടുകാറ്റില്‍ പൊട്ടിത്തൂളിച്ച് മുളപൊട്ടുന്ന വിത്തുകളത്രെ അവര്‍. ചുറ്റുപാടുകളില്‍നിന്നും വെള്ളവും വളവും ഊര്‍ജ്ജവും സ്വീകരിച്ച് വളരുന്നുവെന്നു മാത്രം. വളരേണ്ടെന്ന് തീരുമാനിക്കാന്‍ വിത്തിനാവില്ല തന്നെ. എല്ലാം ഉടയവനായ തമ്പുരാന്റെ തീരുമാനങ്ങള്‍.
മരങ്ങള്‍ പടര്‍ന്നു പന്തലിക്കുന്നു.
അബ്ദുവും മുളപൊട്ടി, പടര്‍ന്നു പന്തലിച്ചു. സുബൈദയെ നിക്കാഹ് കഴിച്ചു… വീടരാക്കി … വിത്തുകള്‍ പൊട്ടിത്തൂളിച്ച് വീണ്ടും മുളപൊട്ടി. എല്ലാം പടച്ചവന്റെ ഇംഗിതങ്ങള്‍!
നോക്കെത്താദൂരമൊക്കെ ഉപ്പയുടെ സ്വന്തം……..
എല്ലാം ചേമ്പാലക്കാട്ടില്‍ പോക്കാമുവിന്റെ……..
പോക്കാമുവിനുള്ളതെല്ലാം പോക്കാമുവിന്റെ വീടര്ക്ക്… പിന്നെ ആമിനയ്ക്കും അബ്ദുവിനും….
ചേമ്പാലക്കാട്ടില്‍ പോക്കാമു പുതിയ സാമ്രാജ്യങ്ങള്‍ വെട്ടിപ്പിടിക്കാന്‍ ദിവസവും ആധാരക്കെട്ടുകളുമായി പടിയിറങ്ങുമ്പോഴും വീടരൊന്നുമറിഞ്ഞില്ല. ഓരോ ആധാരങ്ങള്‍ ഒപ്പിട്ടുകൊടുക്കുമ്പോഴും അയാളുടെ കയ്യൊന്നും വിറച്ചില്ല. ചക്കരവള്ളികള്‍ പടര്‍ന്നു കിടന്നിരുന്ന ഏരികളൊക്കെയും നിരന്ന് പുതിയ സ്നേഹമതിലുകള്‍ വരയിടാന്‍ തുടങ്ങി. പുത്തന്‍പണക്കാരുടെ സൌധങ്ങള്‍ വലിയ കൂണുകള്‍ പോലെ മുളച്ചു പൊന്താന്‍ തുടങ്ങി.
മനുഷ്യന് വേണ്ടത് ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം, ധനം……. പിന്നെ അവന് പ്രമാണിത്തം വേണം. ജയിച്ചു ശീലിച്ചവര്‍ക്ക് ഞരമ്പുകളില്‍ വിജയത്തിന്റെ ഉന്മാദം. ചേമ്പാലക്കാട്ടില്‍ പോക്കാമുവിനും വിജയത്തിന്റെ ഉന്മാദമായിരുന്നു. തോല്‍വിയെന്തെന്ന് അയാള്‍ അറിഞ്ഞില്ല. വിജയിയുടെ ഉന്മാദഭാവം മാത്രമേ പോക്കാമുവിന് സഹജമായിരുന്നുള്ളൂ. എല്ലാം വെട്ടിപ്പിടിക്കാനിറങ്ങിയ പോരാളിയായിരുന്നു അയാള്‍.
ചുറ്റും ശത്രുക്കള്‍ കഴുകന്മാരേപ്പോലെ വട്ടമിട്ടു.
ആരായിരുന്നു ശത്രു?
ആലഞ്ചേരിക്കാര്‍, വൈശംപറമ്പുകാര്‍, വെളുത്താടന്മാര്‍ …..
പോക്കാമു ഒന്നിനെയും വകവച്ചില്ല. അയാളെ ആര്‍ക്കും തോല്‍പ്പിയ്ക്കാനുമായില്ല.
തോല്‍പ്പിച്ചത് മരണമായിരുന്നു.
ഒടിവച്ചു കൊന്നതത്രേ…..
നിലാവുള്ള രാത്രിയില്‍ ഒടിയന്‍ കാളയുടെ രൂപത്തില്‍ വന്നു.
മരണം ഒടിയനായി മുന്നില്‍ വന്നുനില്ക്കുമ്പോള്‍ നേരെ നോക്കിക്കൂട, കണ്ടഭാവം കാണിച്ചുകൂടാ!
കണ്ടഭാവം കാണിച്ചാല്‍ മരണം സുനിശ്ചിതം.
ചേമ്പാലക്കാട്ടില്‍ പോക്കാമു പക്ഷേ കണ്ടു, നെഞ്ചുവിരിച്ചുനിന്നു കണ്ടു.
“ജ്ജ് അപ്പുണ്ണിപ്പറയനാണോടാ…?”
നിവര്‍ന്നുനിന്ന് മെതിയടിയിട്ട നീളന്‍ കാലുകള്‍ നീട്ടി കാളയുടെ വയറ്റത്തിട്ടൊന്നു പെരുക്കി. കാളയ്ക്ക് നൊന്തു. പക്ഷെ, കരഞ്ഞതപ്പുണ്ണിപ്പറയനായിരുന്നു.
“തല്ലല്ലേ, മ്പ്രാക്കളേ….”
അപ്പുണ്ണി കരഞ്ഞു.
വീണിടത്തിട്ട് വീണ്ടും വീണ്ടും ചവിട്ടി. എന്നിട്ടും കലിയടങ്ങിയില്ല.
“ആരാണ്ടാ നായി അന്നെ ബടക്ക് ബിട്ടത്….”
അപ്പുണ്ണിയ്ക്ക് മിണ്ടണമെന്നുണ്ട്. വാക്കുകള്‍ തൊണ്ടയില്‍ കുരുങ്ങിക്കിടന്നു. അവന് ഒന്നും മിണ്ടാന്‍ വയ്യ.
ശത്രു ആരെന്നറിയില്ല, ആലഞ്ചേരിക്കാരാകാം, വൈശംപറമ്പുകാരാകാം, വെളുത്താടന്മാരാകാം, ചക്കരക്കിഴങ്ങ് കച്ചവടം കൊള്ളാന്‍ കിട്ടാത്ത വടക്കന്മാരാകാം……
മൂന്നാം ദിവസം അപ്പുണ്ണിപ്പറയന്‍ ചോര ഛര്‍ദ്ദിച്ച് മരിച്ചു.
പാതിരാത്രിയില്‍ പോക്കാമു കയ്യാലപ്പുരയില്‍ കയറി വാതിലടച്ചു. ബീവി വിളിച്ചിട്ടു മിണ്ടിയില്ല. പൊന്നാനിക്ക് കെട്ടിക്കൊണ്ടുപോയ പുന്നാരമോള് ആമിന വന്ന് വിളിച്ചു.
“ഉപ്പാന്റെ പൊന്നുമോളാ ബിളിക്കണത്, ബാതില് തൊറക്കുപ്പാ…”
ഉപ്പ വാതില് തുറന്നില്ല.
ഏഴാം ദിവസം ഉപ്പ പോയി. ഉപ്പ ആദ്യമായി തോല്‍ക്കുന്നത് വീടരറിഞ്ഞു.
ബാക്കിയായി ചേമ്പാലക്കാട്ടില്‍ അബ്ദു മാത്രം, ഒന്നിനും കൊള്ളാതെ….
ഇന്ന് കാലങ്ങളായി വെള്ളതേക്കാത്ത ഈ വലിയ വീടിന്റെ ഉമ്മറത്തിരിക്കുമ്പോള്‍ അയാളുടെ ഉള്ളുകലങ്ങി. ഇനി ഊ വീടും പുരയിടവും മാത്രമുണ്ട്.
പതുക്കെ എണീയ്ക്കാന്‍ നോക്കി. കാലുകള്‍ അനങ്ങുന്നില്ല. ഈ കാലുകളുടെ സ്പന്ദനം നിലച്ചിട്ട് എത്രയോ വര്‍ഷങ്ങളായി, എന്നിട്ടും അയാള്‍ നടക്കാന്‍ ശ്രമിയ്ക്കാറുണ്ട്. നടക്കാന്‍ കഴിയില്ലെന്ന് ഒരിക്കലും മനസ്സ് അംഗീകരിയ്ക്കില്ലായിരിയ്ക്കും.
ആമിന ഇനിയും എത്തിയിട്ടില്ല. ഉച്ചയ്ക്ക് വീട്ടില്‍നിന്നും ഇറങ്ങിപ്പോയതാണ്. ഓള്‍ക്ക് ഹാലിളകിയ സമയമാണ്. അവള്‍ മറ്റൊരു ലോകത്തായിരിക്കും. അവിടെ അബ്ദുവില്ല, അബ്ദുവിന്റെ വീടരില്ല, മക്കളില്ല.
മനുഷ്യന്റെ സമനില ഒരു നൂല്‍പ്പാലം പോലെയാകുന്നു . അങ്ങോട്ട് വീണാലും ഇങ്ങോട്ട് ചാഞ്ഞാലും അഗാധമായ കൊക്ക. വീഴുമ്പോള്‍ വസ്തുവിന് ഭാരം നഷ്ടമാകുന്നു. വസ്തു അതിന്റെ ഭാരങ്ങളില്‍ നിന്നും മോചനം നേടി അപ്പൂപ്പന്‍താടിപോലെ ഒഴുകി നടക്കും. ആമിനയും ഒഴുകി നടക്കുന്നു.
കവലയില്‍ ആള് കൂടിയിട്ടുണ്ടാകും. ആരാന്റുമ്മയ്ക്ക് ഭ്രാന്തു വന്നാ കാണാനെന്താ ചേല്!
പടിക്കല്‍നിന്നും ഒരാളനക്കം. കാദറിക്ക ധൃതിപ്പെട്ട് വരുന്നുണ്ട്. കിതക്കുകയാണ്. മഴ നനഞ്ഞിട്ടുമുണ്ട്.
“അബ്ദു…. ജ്ജ് അറിഞ്ഞാ…… ആമിനു പ്രസംഗം തുടങ്ങി…. ആരും പറഞ്ഞാലക്കൊണ്ട് കേക്കണില്ല….”
അയാള്‍ ദയനീയമായി കാദറിക്കയെ നോക്കി.
“ജ്ജ് ഒരു കാര്യം ചെയ്യ് പാത്തുമ്മൂനെ പറഞ്ഞയ്ക്ക്….”
അയാള്‍ വിളിച്ചു.
“മോളേ പാത്തുമ്മൂ…. അമ്മായീനെ വിളിച്ചുംകൊണ്ടു വാ…”
മഴ തെല്ല് ശമിച്ചിട്ടുണ്ട്. കുടയെടുക്കാതെ, മനസ്സില്ലാമനസ്സോടെ പാത്തുമ്മു ചാറ്റല്‍ മഴയത്ത് ഇറങ്ങി നടന്നു. ഒരുപക്ഷേ അവള്‍ക്കുമറിയില്ല ഇതെത്രാമത്തെ തവണയാണ് അമ്മായിയെ കവലയില്‍നിന്നും കൂട്ടി വരുന്നതെന്ന്.
വിളിച്ചാലും വരില്ല… നാശം…. പാത്തുമ്മ മുറുമുറുത്തു.
കവലയില്‍ ആമിന പ്രസംഗം തുടങ്ങിയിരിക്കുന്നു… ആമിനയുടെ പ്രസംഗത്തിന് ആദിമധ്യാന്തങ്ങളില്ല… വിഷയദാരിദ്ര്യമില്ല… ആമുഖവും പരിസമാപ്തിയുമില്ല…. ആരാന്റുമ്മക്ക് ഭ്രാന്തായാല്‍ കാണാനെന്താ ശേല്……..
പാത്തുമ്മയെക്കണ്ടപ്പോള്‍ ആമിനു കരഞ്ഞു.
“അള്ളാ, ന്നെ കൊല്ലാന്‍ വരണൂ നായിക്കള്…എന്തിന്റെ പിരാന്താ ഈ നായിക്കള്‍ക്ക്…”
പിന്നെ ധൈര്യം സംഭരിച്ചു.
“ഞമ്മള് ആമിനു. ചേമ്പാലക്കാട്ടില്‍ പോക്കാമൂന്റെ മോളാണ്. ചേമ്പാലക്കാട്ടില്‍ പോക്കാമൂന്ന് പറഞ്ഞാ ആരാന്നാ വിശാരം. ഇന്നാട് മുഴ്വന്‍ ഭരിച്ചോരാ ഓര്… ഓരിക്കടെ മുമ്പില് വന്നാ ഇവരൊക്കെ മൂത്തറം പാത്തും. പൊന്നാനിക്കരേ, ഇന്നോട് കളിക്കണ്ടാട്ടാ….”
ആമിനു പാത്തുമ്മയെ നോക്കി. ആമിനയ്ക്ക് മനസ്സിലാകുന്നില്ല. ആമിനു വേറൊരു ലോകത്താകുന്നു. ആമിനയ്ക്ക് ആരെയും മനസ്സിലാകുന്നില്ല. ആമിനുവിന്റെ ലോകത്ത് പാത്തുമ്മയില്ല, അബ്ദുവും സുബൈദയുമില്ല, അവരുടെ മിണ്ടാന്‍വയ്യാത്ത മകനുമില്ല. അവിടെ ആരുമുണ്ടായിരുന്നില്ല.
ആമിന ശത്രുപാളയത്തില്‍ അകപ്പെട്ടിരിയ്ക്കുന്നു.
പൊന്നാനിക്കാര്‍….
അവര്‍ പുളിയുറുമ്പുകളെപ്പോലെയാണ്. കടിച്ചാല്‍ വിടില്ല… ജീവന്‍ പോയാലും വിടില്ല.
പക്ഷേ ആമിനയ്ക്ക് ആരെയും പേടിയില്ല. കാരണം അവള്‍ ചേമ്പാലക്കാട്ടില്‍ പോക്കാമൂന്റെ മോളാണ്.
“ആരൊക്കെയാ ങ്ങള്?!… പൊന്നാനിക്കാരാ??!!…… ങ്ങള് പാട്ടിനു പൊക്കോളീ… ന്നോട് കളിക്കണ്ട ങ്ങള്… ഞാനേ പോക്കാമൂന്റെ മോളാ… ന്നോട് കളിച്ചാലക്കൊണ്ട് ങ്ങള് വിവരറിയും….”
പൊന്നാനിയില്‍ നിന്നൊരു പുതുമാപ്ലയായിരുന്നു ആമിനയെ നിക്കാഹ് കഴിച്ചത്. മേനി നിറയെ പൊന്നായിട്ടാണ് ആമിന പുത്യാപ്ലയുടെകൂടെ പോയത്. അബ്ദു ഇന്നലെയെന്നോണം എല്ലാമോര്‍ക്കുന്നു. ചേമ്പാലക്കാട്ടില്‍ പോക്കാമൂന്റെ മോളല്ലേ, ഒന്നിനും ഒരു കുറവും ഇല്ലായിരുന്നു.
പുതുമോടി കഴിയുംമുമ്പേ അവള്‍ തിരിച്ചുവന്നു.
“അനക്ക് പുത്യാപ്ലേനെ പറ്റീല്ലേ ആമിനാ?….”
പെണ്ണിന് മിണ്ടാട്ടമില്ല. ആങ്ങള ചോദിച്ചിട്ടും അവള്‍ ഒന്നും മിണ്ടിയില്ല. ഉമ്മ കരഞ്ഞു പറഞ്ഞിട്ടും ഒന്നും മിണ്ടിയില്ല.
അവളുടെ മനസ്സില്‍ ഒന്നുമില്ലായിരുന്നു. ആരെന്തു ചോദിച്ചാലും അവള്‍ക്കൊന്നും പറയാനില്ല. അവളുടെ മനസ്സ് ശുദ്ധശൂന്യമായിരുന്നു.
മീശ മുളയ്ക്കാത്തൊരു കുണ്ടനായിരുന്നു അവന്‍. അവന്‍ പാടത്തും പറമ്പിലുമൊക്കെ പോത്തിനെ മേയ്ക്കാന്‍ വന്ന കാലിപ്പിള്ളേരുമായി കളിച്ചു നടന്നു. അവന് പോത്തുംകുട്ടികളോടായിരുന്നു അമിനയേക്കാളിഷ്ടം. അവന്റുപ്പ അവളെ നോക്കി. ഓള്‍ക്ക് മൈലാഞ്ചി കൊണ്ടു വന്നു ഉപ്പ. കുപ്പിവളയും മോതിരവും കൊണ്ടുവന്നു.
“ജ്ജ് ഒന്നോണ്ടും പേടിക്കണ്ട, അന്നെ ഞമ്മള് നോക്കിക്കോളാ….”
കാമാതുരമായ അയാളുടെ കണ്ണുകള്‍ അവളുടെ ഓരോ രോമകൂപങ്ങളിലും അരിച്ചു കയറി.
“അന്നെ ഞമ്മള് ഹൂറിയെപ്പോലെ നോക്കാ, മ്മടെ മൂന്നാമത്തെ വീടരായിക്കോ….. ഈദ്ദുനിയാവിലാരുമറിയാമ്പോണില്ല….. ഓനെക്കൊണ്ടൊന്നിനും കയ്യൂല്ല…”
അയാള്‍ ചിരിച്ചു. കുടവയറിന്റെ മുകളില്‍ പച്ച അരപ്പട്ട കുലുങ്ങി. ചിരി പുളിയുറുമ്പുകളെപ്പോലെ അവളെ മൂടി.
പുളിയുറുമ്പുകള്‍! അവ കടിച്ചാല്‍ വിടില്ല. മരണം വരെയും വിടാന്‍ പോണില്ല.
ആമിന ഓടി..…
ഏതോ അഗാധങ്ങളില്‍ നിപതിച്ച് ഭാരമറ്റ ഒരു പാഴ്വസ്തുവായി മാറിയിരുന്നു അവള്‍.
അപ്പഴേക്കും ചേമ്പാലക്കാട്ടില്‍ അബ്ദുവിന്റെ പാടത്തും പറമ്പിലും ചക്കരവള്ളികളുടെ തലയെല്ലാം തീര്‍ത്തും കരിഞ്ഞുപോയിരുന്നു. ഏരികളൊക്കെ നിരപ്പാക്കി അവിടെ കോണ്‍ക്രീറ്റ് കമാനങ്ങള്‍ കൂണുകള്‍ പോലെ എഴുന്ന് നിന്നിരുന്നു. അവയിലൊക്കെയും പുത്തന്‍ പണക്കാര്‍ വന്ന് കുടി പാര്‍പ്പു തുടങ്ങിയിരുന്നു.
നരച്ച പകലുകളെണ്ണിത്തീരാതെ അബ്ദു വിഷണ്ണനായി ഉമ്മറത്ത് തളര്‍ന്നിരിക്കുന്നു. അയാളുടെ സ്വപ്നങ്ങള്‍ക്ക് തീരെ നിറം തീരെ കെട്ടുപോയിരിക്കുന്നു. ചായമടര്‍ന്ന ചുമരില്‍ കറുപ്പിലും വെളുപ്പിലും ആരോ വരച്ചു തൂക്കിയിട്ടിരുന്ന ചേമ്പാലക്കാട്ടില്‍ പോക്കാമുവിന്റെ നരച്ച ചിത്രം പോലെത്തന്നെ.
© വിനോദ്