പളനി

"അണ്ണാ, വിറകുടയ്ക്കാനുണ്ടോ........... വിറക് ?"

കറുത്ത്, മെലിഞ്ഞ, ഉയരം കുറഞ്ഞിട്ടുള്ള ഒരു തമിഴ് പയ്യന്‍ ഗെയിറ്റിനുവെളിയില്‍ നിന്ന് പതുങ്ങിയ സ്വരത്തില്‍ ചോദ്യമെറിഞ്ഞുകൊണ്ട് നിന്നപ്പോള്‍ നേരം വെളുത്തിട്ടേ ഉണ്ടായിരുന്നുള്ളു. അവന്‍ ആദ്യമായി വേലയന്വേഷിയ്ക്കുന്നതിന്റെ ജാള്യതയൊതുക്കി, തന്റെ ഉന്തിയ പല്ലുകള്‍ കാട്ടി ചിരിയ്ക്കുന്നുണ്ടായിരുന്നു. ചുമലില്‍ അവന് താങ്ങാവുന്നതിലുമധികം ഭാരമുള്ള ഴു വിയര്‍ത്തു കിടന്നിരുന്നു.

എനിയ്ക്ക് അറിയാവുന്ന തമിഴില്‍ അവനെ ഞാന്‍ അകത്തേയ്ക്ക് ക്ഷണിച്ചു.

"തമ്പീ, കേറി വാങ്കോ......"
തോളിലെ മഴു താഴെയിറക്കി അവന്‍ എന്നെ തെല്ലു ദയനീയമായിത്തന്നെ നോക്കി.

"ഇന്നേയ്ക്ക് വേല ഒന്നും കിടയാത് അണ്ണാ....... വിറകുടയ്ക്കാനുണ്ടോ ?"

അവന്റെ തമിഴും മലയാളവും ഇടകലര്‍ത്തിയ ചോദ്യം കേട്ടതായി ഭാവിയ്ക്കാതെ ഞാന്‍ അവനോട് ചോദിച്ചു.

"ഉങ്ക പേരെന്നാ... തമ്പീ.....?"

ഉന്തിയ പല്ലുകള്‍ക്കുമേലെ കറുപ്പും ചുവപ്പും കലര്‍ന്ന മോണ കാട്ടി അവന്‍ വീണ്ടും ചിരിച്ചു കാണിച്ചു.

"മുരുകന്‍..... സര്‍...."

"ഊരെങ്കെ.....?"

"തഞ്ചാവൂരാണ്.... സര്‍...."

എവിടെയോ കേട്ടുമറന്ന, അല്ലെങ്കില്‍ കണ്ടു മറന്നപോലെ തോന്നി. എനിയ്ക്കെന്റെ ജിജ്ഞാസ അടക്കാന്‍ കഴിഞ്ഞില്ല.

"നീ....... പളനിയുടെ...?!......."

"കുളന്തൈ താനാ.....സര്‍...."

എന്റെ ചോദ്യം പൂരിപ്പിച്ചുകൊണ്ട് അവന്‍ വീണ്ടും തൊണ്ണുന്തി ചിരിച്ചു.

പളനിയെ ഞാനറിയും. പളനിയെപ്പോലെ ഒരു നൂറുകൂട്ടം ആള്‍ക്കാരെ അറിയാം. കവലയില്‍ പലവ്യഞ്ജനങ്ങള്‍ വില്പനയ്ക്കു വച്ചിരിയ്ക്കുന്ന എന്റെ പീടികത്തിണ്ണയില്‍ എന്നും അന്തിയുറങ്ങവാനെത്താറുള്ളനവധി അന്യദേശത്തൊഴിലാളികളില്‍ ഒരുവനാകുന്നു പളനി.

പേരു പോലും തികച്ചുമില്ലാത്ത ചിലര്‍.

പായല്‍ പോലെ അടിഞ്ഞു കൂടിയ ചിലര്‍.

മുഖമില്ലാതെ നടക്കുന്ന നീങ്ങുന്ന ചിലര്‍.

അവരുടെ ഇടയില്‍ പളനിയുമുണ്ടായിരുന്നു.

ഞങ്ങള്‍ ഗ്രാമവാസികളുടെ ഓര്‍മ്മയില്‍ എന്നും അയാള്‍ ഉണ്ടായിരുന്നു, ഗ്രാമത്തിന്റെ ഒരു ഭാഗമായിത്തന്നെ. പുലരി പോലെ, സന്ധ്യ പോലെ, സുന്ദരിയായിരുന്ന ഞങ്ങളുടെ ചെറുവള്ളിപ്പുഴക്കടവ് പോലെ, കടവത്ത് ഉലഞ്ഞു നിന്നിരുന്ന ആല്‍മരം പോലെ, നോക്കെത്താദൂരം പരന്നു കിടന്നിരുന്ന പുഞ്ചപ്പാടങ്ങള്‍ പോലെ, പ്രകൃതിയുടെ അനസ്യൂത വിസ്മയങ്ങളിലൊന്നായിരുന്നു ഞങ്ങള്‍ക്ക് പളനിയും.

തഞ്ചാവൂരുനിന്നും വന്ന പളനി ഞങ്ങളുടെ ഗ്രാമത്തിന്റെ വിറകുവെട്ടുകാരനായി അവതരിയ്ക്കുകയായിരുന്നു. പളനിയുടെ ആ പരുപരുത്ത ആ ശബ്ദം ഇപ്പോഴും എന്റെ കാതില്‍ മുഴുങ്ങുന്നതായി തോന്നുന്നു. ഉടയ്ക്കുന്ന വിറകിന്റെ കിരുകിരുപ്പാര്‍ന്ന ശബ്ദം തന്നെയായിരുന്നു അയാള്‍ക്കും.

വെളുക്കുമ്പോഴേ അയാള്‍ മഴു തോളിലിട്ട് നടന്നു തുടങ്ങും.

"വിറകുടയ്ക്കാനുണ്ടോ........... വിറക് ?"

പളനിയുടെ ബലിഷ്ടമായ കൈകളില്‍ മഴു എപ്പോഴും ഒരു അലങ്കാരം തന്നെ. മഴുവിന്റെ ആവേഗത്തിനൊപ്പം അയാളുടെ മാറിടം ഉയര്‍ന്നു താഴും. വിറകിന്റെ ചീളുകള്‍ ചിതറിത്തെറിയ്ക്കും. വിയര്‍പ്പുകണങ്ങള്‍ നെറ്റിയില്‍നിന്നും പാദം വരെ ഉരുകിയിറങ്ങും.

പളനി ഉടയ്ക്കുന്ന വിറകു് ഞങ്ങളുടെ ഗ്രാമത്തിന്റെ അഗ്നിയാകുന്നു, ഇന്ധനമാകുന്നു. അഗ്നി കെടാതെ കാക്കാന്‍ ഗ്രാമത്തിന്റെ ഓരോ മുക്കിലും മൂലയിലും അയാള്‍ മഴു തോളില്‍ തൂക്കി നടന്നെത്തി. അയാളുടെ കിതപ്പിന്റെ താളം ഞങ്ങളുടെ ഉണര്‍വ്വിന്റെയും ഉറക്കത്തിന്റെയും ഭാഗമായിത്തീര്‍ന്നു.

ലഹരി നുരയുന്ന വൈകുന്നേരങ്ങള്‍ മാത്രം പളനിയെ ദുര്‍ബ്ബലനാക്കിയിരുന്നു. ഇരുട്ടു പടരുമ്പോള്‍ പളനിയുടെ സിരകള്‍ ലഹരി ആവശ്യപ്പെടും. ലഹരിയുടെ തിരമാലകളില്‍ മുങ്ങുന്ന വൈകുന്നേരങ്ങളില്‍ ദിക്കറിയാതെ തപ്പിയും തടഞ്ഞും മുട്ടിലിഴഞ്ഞും അയാള്‍ അലയുന്നത് ഗ്രാമത്തിന്റെ നിത്യക്കാഴ്ചയായിരുന്നു.

ചിലപ്പോഴൊക്കെ വിറകു കീറുന്ന പോലെത്തന്നെ ഉച്ചത്തില്‍ അയാള്‍ കരയുന്നതു കേള്‍ക്കാം.

ലഹരിയില്‍ സ്നേഹത്തിന്റെ അഗ്നി പടരുന്ന നേരങ്ങളില്‍ പളനിയ്ക്ക് മുരുകനെ കാണണം.

മുരുകന്‍ പളനിയുടെ ചോരയാകുന്നു.

സ്വന്തം ചോരയില്‍നിന്നും മുളപൊട്ടിയ ഒരേയൊരു വിത്ത്.

വിത്ത് വളര്‍ന്നു വലുതായി മരം കാട്ടിയപ്പോള്‍ ഒരേയൊരു ആഗ്രഹം. പട്ടണത്തിലെ കോളേജില്‍ വൈദ്യശാസ്ത്രം പഠിയ്ക്കാന്‍ പോകണം.

പളനിയുടെ മകന്‍ ഡാക്ടറാ.......!?

ഊരില്‍ എല്ലാവരും മൂക്കത്ത് വിരല്‍ വയ്ക്കുമായിരുന്നുവെന്ന് പളനി പറയാറുണ്ട്.

പൈത്ത്യക്കാരന്‍!

ചിരിയടങ്ങാതെ നാട്ടുകാര്‍ വിമ്മിട്ടപ്പെട്ടു പോകുമത്രേ!

എന്നാല്‍, പളനിയ്ക്ക് സംശയമേതുമില്ല. മുരുകന്‍ പെരിയ ഡോക്ടറാക വേണം. പട്ടണത്തിലെ പെരിയ കോളേജില്‍ താമസിച്ചു പഠിയ്ക്കുവാന്‍ ഫീസിനത്തില്‍ തന്നെ വര്‍ഷം തോറും ഒരു ലക്ഷം രൂപയെങ്കിലും കരുതണം. താമസത്തിനും ഭക്ഷണത്തിനും വേറെയും.

"പര്‍വ്വായില്ലൈ........”

പളനിയുടെ വാക്കുകളില്‍ തികഞ്ഞ ആത്മവിശ്വാസം. കൈകള്‍ക്ക് കരുത്തും ചങ്കുറപ്പും ആയുസ്സുമുള്ളപ്പോള്‍ ഒന്നും ഒരു പ്രശ്നമാകുന്നില്ല.

അച്ഛന്‍ വിറകുടയ്ക്കുന്നു. മഴുവിന്റെ ആവേഗം പണം ചുരത്തുന്നു. മകന്‍ മനുഷ്യശരീരത്തിന്റെ ഉള്ളറകളില്‍ രഹസ്യത്തിന്റെ ചിപ്പികളെ ഊളിയിട്ടു പെറുക്കുന്നു.

"വിറകുടയ്ക്കാനുണ്ടോ........... വിറക് ?"

ഇരുട്ടു പടരുന്നതുവരെ അയാള്‍ പണിയെടുക്കും. പണിയെടുക്കാതെ ഒരു നിമിഷംകൂടെ ഇരുന്നുകൂടാ. കാരണം പളനിയുടെ മകന്‍ പട്ടണത്തില്‍ പെരിയ ഡോക്ടറാകാന്‍ പഠിയ്ക്കുന്നു.

ഇപ്പോള്‍ അതേ പളനിയുടെ ചോര എന്റെ മുന്നില്‍ വന്നു നിന്ന് ഒരു വേലയ്ക്കായി കെഞ്ചി നില്ക്കുമ്പോള്‍ ഞാന്‍ വീണ്ടും ഒരു ദീപാവലിക്കാലത്തേയ്ക്ക് മടങ്ങുന്നു.

ദീപാവലി!

തമിഴ് മക്കളുടെ ദീപക്കാഴ്ചകളുടെ ഉത്സവകാലം!!

ദീപാവലി അടുക്കുന്തോറും പളനിയുടെ കണ്ണുകളില്‍ നക്ഷത്രങ്ങളുടെ പൊലിമ തിങ്ങുകയായി. തമിഴകത്ത് ദീപങ്ങള്‍ വിരിയുംമുമ്പേ അയാളുടെ മനസ്സില്‍ ദീപക്കാഴ്ചകള്‍ നിറയും. നുരച്ച കള്ളും നാടന്‍ വാറ്റും ചേര്‍ന്ന ഉള്ളില്‍ ഭക്തി ഉണരുന്ന നേരം. സന്ധ്യാദീപം തെളിയന്ന ഓരോ വീടിന്നു മുന്നിലും അയാള്‍ സാഷ്ടാംഗം നമസ്ക്കരിയ്ക്കും. അയാള്‍ കാണുന്ന ദീപങ്ങളൊക്കെ തൊഴുതു. നിലം തൊട്ടു നെറുകയില്‍ വച്ചു.

ദീപം തെളിയ്ക്കുന്ന മലയാളിപ്പെണ്ണില്‍ അയാള്‍ തമിഴകത്തിന്റെ അമ്മയെ കാണുന്നു. ദീപം തെളിയ്ക്കുന്നത് അമ്മയാകുന്നു. അമ്മയുടെ പാദങ്ങള്‍ ദൈവത്തിന്റേതിനു തുല്യം. അടങ്ങിയിരിയ്ക്കാനാവില്ല, ഭക്തിപാരവശ്യമേറുന്നു. പളനി അമ്മയുടെ കാല്‍ക്കല്‍വീണ് നമസ്ക്കരിച്ചു.

അമ്മാ ശരണം......

തായേ ശരണം........

അന്ന് നേരമിരുട്ടിയിട്ടും പളനിയെക്കണ്ടില്ല.

ഇരുട്ട് കട്ട പിടിയ്ക്കുന്നു. എന്തു പറ്റിയോ ആവോ!

കവലയില്‍ ഷട്ടറുകള്‍ ഓരോന്നായി താഴ്ന്നുതുടങ്ങിയിരുന്നു. മനുഷ്യശരീരങ്ങള്‍ അവിടവിടെ ഓരോ മുക്കിലും മൂലയ്ക്കലും ചായുവാനായി കൂനിക്കൂടിയിരിയ്ക്കുന്നു. പളനിയെ മാത്രം കാണുന്നില്ല.

പളനിയെങ്കെ?

തമിഴന്മാര്‍ കണ്ണും കാതും കൂര്‍പ്പിച്ചിരുന്നു. നേരം വെളുക്കുവോളം ചൂട്ട് കത്തിച്ച് അവര്‍ പളനിയെ തിരഞ്ഞു. നേരം വെളുത്തിട്ടും പളനിയെ കണ്ടില്ല. പളനിയെ പിന്നെ ആരും കണ്ടിട്ടില്ല.

ഴ്ചകള്‍ക്കുശേഷം ചെറുവള്ളിപ്പുഴപ്പാലത്തിന്റെ കൈവരികള്‍ക്കുതാഴെ പളനിയുടെ അഴുകിയ രൂപം പൊന്തി. ഉടുത്ത വസ്ത്രം മാത്രമേ അഴുകാത്തതായുണ്ടായിരുന്നുള്ളൂ. അഴുകിയ ശരീരത്തില്‍ പുഴുക്കള്‍ ഉന്മാദനൃത്തം ചെയ്യുന്നുണ്ടായിരുന്നു.

"വേലയിരുക്കാ അണ്ണാ.......?”

അവന്റെ ചോദ്യം എന്നെ വീണ്ടും വര്‍ത്തമാനത്തിന്റെ മുള്‍മുനകളില്‍ കൊണ്ടുവന്നു നിര്‍ത്തി.

വേലൈ ഒന്നും ഇരിയ്ക്കാത് തമ്പി......”

തെല്ല് വിഷമത്തോടെ ഞാന്‍ പറഞ്ഞു വിട്ടു.

മഴുവെടുത്ത് തോളത്തു തൂക്കി തെല്ലൊരു സങ്കടത്തോടെ അവന്‍ പടി കടന്നു പോകുമ്പോള്‍ പളനിയുടെ വിയര്‍പ്പില്‍ ഉപ്പുപാട പടര്‍ന്ന് മിനുസമാര്‍ന്ന മഴു ഞാന്‍ നോക്കിനിന്നു. അത് മുരുകന്റെ കഴുത്തില്‍ ഒരു സ്റ്റെതസ്ക്കോപ്പെന്ന പോലെ ഒട്ടിക്കിടക്കുന്നുവോ? പളനിയുടെ മുരടിച്ചു പോയ പാഴ്ക്കിനാവുകള്‍ ആ മഴുവിന് ചുറ്റും വട്ടമിട്ടുവോ?

അവന്റെ കുരുന്നു കണ്ഠത്തില്‍നിന്നും നേര്‍ത്തുനേര്‍ത്തില്ലാതാകുന്ന ശബ്ദം വീണ്ടും ഇറങ്ങിവന്നു.

വിറകുടയ്ക്കാനുണ്ടോ, വിറകു്........ ?!

അപ്പാവെ പോലെ വിറകുകീറുന്ന കിരുകിരുപ്പാര്‍ന്ന ശബ്ദമായിരുന്നില്ല അത്.