സായാഹ്നം
വെറ്റിലയും പുകയിലയും കൊണ്ടുവരാമെന്ന് ഉണ്ണിമോന്‍ ഇന്നും പറഞ്ഞിരുന്നു. സ്‌നേഹമുള്ളവനാണ്, എന്നാല്‍ വലിയ മറവിക്കാരനും, അവന്റെ അച്ഛനെപ്പോലെ..............
ഇന്നെങ്കിലും കൊണ്ടുവരുമോ ആവോ!
ശൂന്യമായ വെറ്റിലച്ചെല്ലവുമെടുത്ത് ഉമ്മറത്ത് വന്നിരുന്നു. മുറ്റത്തേയ്ക്ക് കാലുമിട്ട് അസ്തമയസൂര്യനെ നേക്കിയിരുന്നു. ചേക്കേറാനുള്ള തിരക്കില്‍ എന്തൊക്കെയോ കൊത്തിപ്പെറുക്കി കാക്കകള്‍ കിഴക്കോട്ട് പറന്നു. പടിഞ്ഞാറ് സൂര്യന്‍ ഏതോ താഴ്‌വാരങ്ങളിലേക്കിറങ്ങാന്‍ നോക്കുകയാണ്. അവന്റെ മുഖം വല്ലാതെ ചുവന്നുതുടുത്തിരുന്നു.
എല്ലാവരും തിരക്കിലാണ്, കിളികളും മനുഷ്യരും. ആര്‍ക്കും ആരോടും യാത്ര പറയാനോ കുശലം ചോദിയ്ക്കാനോ നേരമില്ല, കൂടണയാനുള്ള വ്യഗ്രതയാണെല്ലാവര്‍ക്കും.
അടുത്ത വീട്ടില്‍ നിന്നും കുട്ടികളുടെ കലപില ശബ്ദം കേള്‍ക്കുന്നുണ്ട്. ഇവിടത്തെ അമ്മുവിന്റെ ശബ്ദവും ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. കുട്ടികള്‍ ഊഞാലിനുവേണ്ടിയുള്ള മത്സരത്തിലാണ്.
സുനന്ദ അകത്ത് പണിത്തിരക്കിലാണ്.
ഒന്ന് മിണ്ടിപ്പറയാന്‍ ഒരു കുഞ്ഞുമില്ലിവിടെ........
ഒരു വെറ്റിലയുടെ തുണ്ടെങ്കിലും കിട്ടിയെങ്കില്‍ !
എത്ര ദിവസമായി വെറ്റിലയില്‍ ചുണ്ണാമ്പുചേര്‍ത്ത് അടക്കയും പുകയിലയും കൂട്ടി നന്നായൊന്നു മുറുക്കിയിട്ട്! കല്ല്യാണം കഴിഞ്ഞനാള്‍ മുതലുള്ള ശീലമാണ്. ഉണ്ണിമോന്റെ അച്ഛന്‍ പഠിപ്പിച്ചതാണ്.
ജീവിതത്തിന്റെ ഈ സായാഹ്നത്തില്‍ ഗതകാലത്തിലേക്ക് നോക്കിയിരിക്കാനൊരു സുഖം.
ഉണ്ണിമോന്റെ അച്ഛന് നാലുംകൂട്ടി മുറുക്കാനിഷ്ടമായിരുന്നു. കിളിവാലന്‍ വെറ്റില വച്ച്, തലയും വാലും നുള്ളി, ഒരറ്റത്ത് ചുണ്ണാമ്പുതേച്ച്, പുകയിലത്തുണ്ടും അടക്കയും വയ്ച്ച് മടക്കി വായില്‍ തിരുകി , ചുണ്ട് ചുവപ്പിച്ച് ഉമ്മറക്കോലായിലിരുന്ന് വര്‍ത്തമാനം പറയുമ്പോള്‍ എന്തൊരനുഭൂതിയായിരുന്നു അന്നൊക്കെ!
കുമാരേട്ടന്‍ പറയും.
ചുണ്ട് ചോപ്പിച്ചാല്‍ പെണ്ണിന് നല്ലഴകാണ്.
അന്ന് ഒന്നിനും തിരക്കില്ലായിരുന്നു.
പുഴ പോലെ എല്ലാം ശാന്തമായിരുന്നു.
കുമാരേട്ടന്‍ അടയ്ക്ക വലിക്കാന്‍ പോകും.
കവുങ്ങില്‍ നിന്നും കവുങ്ങിലേക്ക് പകര്‍ന്നാടും.
പകര്‍ന്നാട്ടം.....
കവുങ്ങില്‍ന്നിന്നും കവുങ്ങിലേക്ക് വളഞ്ഞ്...
പിന്നെ മറ്റൊന്നിലേക്ക്.....
'' പോലെ.....
വളഞ്ഞ്.......
ആടിയുലഞ്ഞ്........
ഓര്‍ക്കുമ്പോള്‍ത്തന്നെ പേടിതോന്നും.
എന്നാലും എത്ര ശാന്തമായിരുന്നു! എത്ര സുന്ദരമായിരുന്നു!!
ഒരല്പമൊന്നു മിനുങ്ങി ഉമ്മറത്ത് വന്നിരുന്നാല്‍ കുമാരേട്ടന്റെ സരസസല്ലാപങ്ങള്‍ തുടങ്ങുകയായി.
ഒരോ ദിവസവും അടയ്ക്കാത്തോട്ടിയുമായി ഇറങ്ങുമ്പോള്‍ ഒറ്റ പ്രാര്‍ത്ഥനയേ ഉണ്ടായിരുന്നുള്ളൂ.
ന്റെ ഗുരുക്കളേ..... ഒന്നും വരുത്തരുതേ.........
ഗുരുക്കള്‍ തറവാട്ടിലെ ദൈവമാണ്. ഉള്ളുരുകി വിളിച്ചാല്‍ വിളി കേള്‍ക്കാതിരിക്കില്ല. വിളിപ്പുറത്ത് വരും ഗുരുക്കള്‍ ........
മടങ്ങിവരുമ്പോള്‍ മടിക്കുത്തുനിറയെ പണവും ചുമലില്‍ ഒരുകുല പഴുക്കടയ്ക്കയും ഉണ്ടായിരിക്കും.
കുമാരേട്ടന് എന്നും പണിയായിരുന്നു. വേനല്‍ക്കാലത്ത് അടക്ക പറിയ്ക്കാന്‍ പോകും. മഴയായാല്‍ മഹാളിമരുന്ന് തളിക്കും. എന്നും കവുങ്ങില്‍നിന്നും കവുങ്ങിലേക്ക് പകര്‍ന്നാടിക്കൊണ്ടിരുന്നു. കുമാരേട്ടന് ഒന്നിനും പേടിയില്ലായിരുന്നു.
"ന്റെ ഗുരുക്കളുള്ളപ്പോളെന്തിനാ പേടിക്കണ്?”
പക്ഷേ ഒരു കര്‍ക്കടകത്തില്‍ മഹാളി തളിക്കുമ്പോള്‍ കുമാരേട്ടന് അടിപിഴച്ചു. കോരിയെടുത്ത് ആരൊക്കെയോ ഈ ഉമ്മറത്ത് കിടത്തിയപ്പോള്‍ ശരീരത്തിലെ ഓരോ അസ്ഥികളും നുറുങ്ങിയിരുന്നു.
ഗുരുക്കളെ ഉള്ളുരുകി വിളിച്ചു, ആരും വിളികേട്ടില്ല...... ഏഴാം ദിവസം കുമാരേട്ടന്‍ പോയി.
ആരുടെയോ കാലടിയൊച്ച കേട്ടാണ് സ്വപ്നത്തില്‍ നിന്നുണര്‍ന്നത്.
ഉണ്ണിമോനാണ്.
അവന്‍ പണി കഴിഞ്ഞ് വരികയാണ്.
കയ്യില്‍ തൂങ്ങുന്ന സഞ്ചിയിലേക്ക് കൊതിയോടെ നോക്കി. വെറ്റിലയും പുകയിലയും കൊണ്ടുവന്നിട്ടുണ്ടാകുമോ? എത്ര ദിവസമായി ഒന്നു മുറുക്കിയിട്ട്!
അമ്മയുടെ നോട്ടം കണ്ടിട്ട് ഉണ്ണിമോന്‍ അവന്റെ മറവിയെ സ്വയം ശപിച്ചു. ഇന്നും മറന്നു പോയല്ലോ, അമ്മേ..... കുറ്റബോധത്തോടെ അവന്‍ ഓര്‍ത്തു.
അവന്‍ ധൃതിപ്പെട്ട് മുറ്റത്തേക്കിറങ്ങി. കവലയിലേക്കുനടന്നു. നേരം ഇരുട്ടിയിരുന്നു. കട അടച്ചിരിക്കുമോ എന്നവന്‍ ആശങ്കപ്പെട്ടു. ഇല്ല, ഭാഗ്യം.......
'ഒരു കെട്ട് വെറ്റില, പിന്നെ ഒരു കണ്ണി പുകലയും......'
കടക്കാരന് പൈസ കൊടുത്ത് തിരിച്ച് നടക്കുമ്പോഴും അവന്‍ കിതക്കുന്നുണ്ടായിരുന്നു.
പടികയറുമ്പോള്‍ അമ്മ ഉമ്മറത്തെ ചുമരും ചാരി അവിടെത്തന്നെയിരിപ്പുയണ്ട്. പാവം, അച്ഛനുണ്ടായിരുന്നപ്പോള്‍ ഒരു കുറവും വരുത്തിയിരുന്നില്ല. ഇപ്പോള്‍ ആര്‍ക്കും വേണ്ടാത്തവരെപ്പോലെ........
"അമ്മേ, ഇതാ വെറ്റിലയും പുകലയും.....”
ചുവരും ചാരിയങ്ങനെ ഗതകാലസ്വപ്നങ്ങളില്‍ മുഴുകിയിരിക്കയാവാം, അമ്മ ഒന്നും മിണ്ടിയില്ല.
കുലുക്കി വിളിച്ചു നോക്കി.
"അമ്മേ.....”
അമ്മ വിളി കേട്ടില്ല.
അമ്മയുടെ ശരീരത്തിന്റ തണുപ്പ് തന്നിലേയ്ക്ക് പടരുന്നത് അയാള്‍ അറിയുന്നുണ്ടായിരുന്നു.

വിനോദ്.കെ.എ.

ബലിക്കാക്കവട്ടത്തില്‍ ചാണകം മെഴുകി. വിളക്കും കിണ്ടിയും വച്ചു. നാക്കില തെക്കോട്ടു തിരിച്ചിട്ട് അതില്‍ നനച്ച അരിയും എള്ളും പഴവും കുഴച്ച് ഉരുളകളാക്കി വച്ചു. അച്ഛമ്മ കുട്ടിയുടെ കൈപിടിച്ച് നാക്കിലയില്‍ തിരി കത്തിച്ചുവച്ചു. കറുകത്തലപ്പുകൊണ്ട് അതില്‍ വെള്ളം തളിച്ചു.
"മോന്‍ അച്ഛനെ നന്നായി ധ്യാനിക്കണം, ട്ടോ....... ഇപ്പോള്‍ അച്ഛന്‍ മോനെ സ്വര്‍ഗ്ഗത്തിലിരുന്ന് നോക്കണുണ്ടാവും. അച്ഛനെത്ര സന്തോഷാവുംന്നറിയോ!”
വെള്ളം നനച്ച് കാക്കകളെ കൈകൊട്ടി വിളിച്ചു.
കാക്കകള്‍!
അവ മുജ്ജന്മങ്ങളില്‍ നിന്നും നമ്മളിലേക്കിറങ്ങിവരുന്ന വിരുന്നുകാരാകുന്നു.
അവര്‍ നമ്മുടെ വിശേഷങ്ങളറിയാന്‍ വരുന്ന പ്രപിതാമഹന്മാരാകുന്നു.
അച്ഛമ്മ പറഞ്ഞിട്ടുണ്ട്, എല്ലാവരും ഒരിക്കല്‍ കാക്കകളായി ജന്മമെടുക്കും. എല്ലാ മനുഷ്യരും ബലിക്കാക്കകളും കാവതികാക്കകളും ആയിത്തീരും. അച്ഛനും അമ്മയും കുട്ടിയും എല്ലാം.....
ഒരു ജന്മത്തില്‍ കാവതിക്കാക്കയെങ്കില്‍ അടുത്ത ജന്മത്തില്‍ ബലിക്കാക്ക.
പൂര്‍വ്വജന്മങ്ങളില്‍നിന്നും അവര്‍ കാക്കകളായി തങ്ങളുടെ ഉറ്റവരെ കാണാന്‍ വരും.
കുട്ടി കാക്കകളെ കൈകൊട്ടി വിളിച്ചു.......
അച്ഛാ വരൂ എന്ന് ഉള്ളുരുകി പ്രാര്‍ത്ഥിക്കാന്‍ അച്ഛമ്മ പറഞ്ഞു.
ബലിച്ചോറ് കൊത്താനെന്ന വ്യാജേന കാക്കകള്‍ പറന്നുവന്നു. ഇടംകണ്ണുകൊണ്ടവര്‍ മനുഷ്യന്റെ മനസ്സിന്റെ ഉള്ളറകളില്‍ ചിക്കിച്ചികഞ്ഞുകൊണ്ടിരുന്നു.
ഈ ബലിക്കാക്കകള്‍ക്ക് മുന്നില്‍ നഗ്നരാണു്നമ്മള്‍ .....
നമ്മള്‍ അവരുടെ പിറന്നപാടേയുള്ള കുട്ടികള്‍ ......
അവരോടൊന്നും ഒളിക്കാനാവില്ല നമ്മള്‍ക്ക്.
കാക്കകള്‍ക്ക് സംസാരിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്ന് കുട്ടി ആശിച്ചുപോയി. കൂട്ടത്തില്‍ തന്റെ അച്ഛനേതെന്ന് ചോദിച്ചറിയാമായിരുന്നു. അല്ലെങ്കില്‍ അച്ഛന്‍ ഇനി എന്നു വരുമെന്ന് ചോദിക്കയെങ്കിലും ചെയ്യാമായിരുന്നു.
കഴിഞ്ഞ മഴക്കാലത്ത് വന്നുപോയതാണ് അച്ഛന്‍. എപ്പഴും മഴക്കാലമാകുമ്പോഴാണ് അച്ഛന്‍ വരിക. അച്ഛന് മഴ ഇഷ്ടമായിരുന്നു. അതോ മഴയ്ക്ക് അച്ഛനെയോ? ഉമ്മറത്ത് ഉത്തരത്തിലേക്ക് നോക്കി അച്ഛനും മോനും കിടക്കും. ചിതലരിക്കുന്ന കഴുക്കോലുകള്‍ നോക്കി അച്ഛന്‍ കുട്ടിയോട് പറയും.
നമുക്കും വലിയൊരു വീടുവയ്ക്കണം.
ചിതലരിക്കാത്ത, ചോര്‍ന്നൊലിക്കാത്ത......
അത് അച്ഛന്റെ സ്വപ്നമായിരുന്നു.
അച്ഛന്‍ വന്നാല്‍ കുട്ടി എപ്പഴും കൂടെയുണ്ടാകും. അച്ഛനും മോനും കൂടെയാണ് കിടത്തവും നടത്തവും എല്ലാം..... ഇണപിരിയാത്ത ചങ്ങാതിമാരെപ്പോലെ......
കുട്ടിക്ക് അച്ഛനെ വലിയ ഇഷ്ടമായിരുന്നു. എല്ലാ വര്‍ഷവും അച്ഛന്‍ ദുബായില്‍നിന്നും വരുമ്പോള്‍ ഒരുപാട് കളിക്കോപ്പുകള്‍ കൊണ്ടുവരും. പിന്നെ ആരും കാണാത്ത തരം മിഠായികള്‍, പുത്തനുടുപ്പുകള്‍ .........
വലിയ ദേഷ്യക്കാരനാണ്. അമ്മയോട് എപ്പഴും കയര്‍ക്കുന്നത് കേള്‍ക്കാം. എന്നാലും കുട്ടിയോട് വലിയ ഇഷ്ടമാണ്.
ഇത്തവണ അച്ഛന്‍ ആഫ്രിക്കയിലേക്കാണ് പോയത്. കണ്മഷിപോലെ കറുത്തവരുടെ നാടത്രേ! പുല്‍ച്ചാടികളെയും പാറ്റകളെയുമൊക്കെ വറുത്തുതിന്നുമത്രേ അവര്‍ ! അവരുടെ സ്പ്രിംഗ് പോലുള്ള മുടി കാണാന്‍ നല്ല രസമുണ്ടത്രേ! കുട്ടിയുടെ മുടി നല്ല കോലന്‍ മുടിയാണ്. അച്ഛന് അവന്റെ കോലന്‍ മുടി നല്ല ഇഷ്ടമാണ്. എപ്പഴും അതില്‍ തലോടിക്കൊണ്ടിരിക്കും.
ആഫ്രിക്കയിലേക്ക് യാത്ര പുറപ്പെടുമ്പോള്‍ അച്ഛന്‍ വളരെ സന്തോഷവാനായിരുന്നു. നല്ല ശമ്പളമുള്ള ജോലിയാണ് അച്ഛന് കിട്ടിയിരിക്കുന്നതെന്ന് അമ്മ പറഞ്ഞു.
എപ്പോഴത്തെയുംപോലെ കുട്ടിയുടെ നെറുകയില്‍ ഉമ്മവച്ചിട്ടാണ് പോയത്. കണ്ണുകളില്‍ സ്വപ്നത്തിന്റെ തിളക്കമുണ്ടായിരുന്നുവെന്ന് കുട്ടി ഇപ്പഴുമോര്‍ക്കുന്നു.
ഇനി നമ്മള്‍ക്ക് നല്ലൊരു വീടൊക്കെ വയ്ക്കണം. ചിതലരിക്കാത്ത, ചോരാത്ത, നല്ല ഭംഗിയുള്ള വീട്. പിന്നെ വലിയോരു കോഴിക്കൂട്. കൂട്ടില്‍ നിറയെ കോഴിക്കുഞ്ഞുങ്ങള്‍ ,
കുട്ടിക്ക് എല്ലാം വലിയ ഇഷ്ടമാണ്......
പിന്നീടൊരിക്കല്‍ അച്ഛന്‍ വന്നത് കുട്ടി നന്നായി ഓര്‍ക്കുന്നു. അന്ന് അച്ഛന്‍ കുട്ടിക്ക് ഒന്നും കൊണ്ടുവന്നിരുന്നില്ല. ആദ്യമായിട്ടാണ് അച്ഛന്‍ വെറും കയ്യോടെ വരുന്നത്. ദിവസങ്ങളോളം അമ്മ കുട്ടിയെ സ്‌ക്കൂളില്‍ പറഞ്ഞയച്ചില്ല.
അച്ഛന്‍ വരും എന്നുമാത്രം അമ്മ എപ്പഴും പറഞ്ഞുകൊണ്ടിരുന്നു. പറയുമ്പോള്‍ അമ്മയുടെ കണ്ണുകള്‍ നിറയുന്നത് കുട്ടി അറിയുന്നുണ്ടായിരുന്നു. അമ്മ കരയുന്നതെന്തിനെന്ന് ചോദിച്ചപ്പോള്‍ അച്ഛമ്മയും കുട്ടിയെ കെട്ടിപ്പിടിച്ച് തേങ്ങിക്കരഞ്ഞു. കുട്ടിയ്‌ക്കൊന്നും മനസ്സിലായില്ല.
ആളുകള്‍ അപ്പുറത്തും ഇപ്പുറത്തും നിന്ന് ഓരോന്ന് കുശുകുശുക്കുന്നുണ്ടായിരുന്നു. കുട്ടിയോട് ആരും ഒന്നും മിണ്ടുന്നില്ല. ചെറിയകുട്ടിയല്ലേ അവന്‍! മുതിര്‍ന്നവരുടെ കാര്യത്തില്‍ കുട്ടികള്‍ ഇടപെടാന്‍ പാടില്ല.
പടിക്കല്‍ ആംബുലന്‍സ് വന്നു നിന്ന ആ ദിവസം കുട്ടി ഇപ്പഴും നടുക്കത്തോടെ ഓര്‍ക്കുന്നു. മുറ്റം നിറയെ ആള്‍ക്കാരായിരുന്നു. കുറെ ആള്‍ക്കാര്‍ താങ്ങിപ്പിടിച്ച് ഒരു വലിയ പെട്ടി കൊണ്ടുവന്ന് മുറ്റത്തുവയ്ച്ചു. ആരൊക്കെയോ ചുറ്റികകൊണ്ടടിച്ച് ആ പെട്ടി തുറന്നു.
പെട്ടിയില്‍ അച്ഛന്‍ ഉറങ്ങിക്കിടക്കുകയായിരുന്നു.
ആരാണ് അച്ഛനെ ഈ പെട്ടിയില്‍ അടച്ചിട്ടത് ?
ആരും ഒന്നുംതന്നെ മിണ്ടുന്നില്ല. എല്ലാവരും കരയുന്നു.
അച്ഛനും ഒന്നും മിണ്ടുന്നില്ല.
ഈറനുടുത്ത്, പൂജാരി ചൊല്ലിക്കൊടുത്ത മന്ത്രങ്ങള്‍ ചൊല്ലി അച്ഛനെ വലം വയ്ക്കുമ്പോഴും കുട്ടി നിര്‍വ്വികാരനായിരുന്നു. അച്ഛന്റെ തലക്കല്‍ തീകൊളുത്താന്‍ പറഞ്ഞപ്പോള്‍ അവന്‍ മടിച്ചുനിന്നു.
അച്ഛന് മോക്ഷം കിട്ടാനല്ലേ, കുട്ടാ....
അച്ഛമ്മയുടെ വാക്കുകള്‍ ഇപ്പഴും കാതുകളില്‍ മുഴങ്ങുന്നു.
എന്റെ അച്ഛനെ തീ വയ്ക്കുന്നതെന്തിനാണ് ? അവന് ചോദിക്കണമെന്നുണ്ട്..... കഴിയുന്നില്ല.
കുട്ടിയ്ക്ക് ഒന്നിനും കഴിയുന്നില്ല.
ഇപ്പോള്‍ ഈ ബലിക്കാക്കകളില്‍ ആരാണ് തന്റെ അച്ഛനെന്ന് തിരയുമ്പോഴും കുട്ടി കൗതുകപ്പെടുകയാണ്. അച്ഛന്‍ എന്തുകൊണ്ടായിരിക്കും തന്നോട് മിണ്ടാതിരുന്നത്!
കൂട്ടത്തില്‍ വലിയൊരു ബലിക്കാക്ക കുട്ടിയെത്തന്നെ നോക്കി നില്‍ക്കുന്നതായി അവന് തോന്നി. കാക്ക കുട്ടിയെ ചാഞ്ഞും ചരിഞ്ഞും നോക്കി, കണ്ട് കൊതിതീരാത്ത പോലെ.
എന്റെ അച്ഛനായിരിക്കുമോ? കുട്ടിയുടെ വിശേഷങ്ങള്‍ അറിയാന്‍ വന്നതാകുമോ?
കുട്ടിക്ക് ഉറക്കെ ചോദിക്കണമെന്നുണ്ട്...... കഴിയുന്നില്ല.... കുട്ടിക്ക് ഒന്നിനും കഴിയുന്നില്ല.
ഓരോ ബലിക്കാക്കയും പറന്നുപോയി.
വര്‍ത്തമാനകാലത്തില്‍നിന്നും അവര്‍ മുജ്ജന്മങ്ങളിലേക്ക് ഊളിയിട്ടു പറന്നകന്നു. കുട്ടിയോട് ഒന്നും മിണ്ടാതെ.......

വിനോദ്.കെ.എ.

ഇംഗ്ലീഷ് മീഡിയത്തിലെ കുട്ടി

കുട്ടി സ്ക്കൂള്‍ബസ്സ് കാത്തു നില്ക്കയാണ്. പട്ടണത്തിലെ വലിയ ഇംഗ്ലീഷ് മീഢിയം സ്ക്കൂളിലാണ് അവന്‍ പഠിയ്ക്കുന്നത്. ഏറെ പണം നല്കിയാണ് അച്ഛന്‍ അവന് ആ വിദ്യാലയത്തില്‍ ഒരു സീറ്റ് തരപ്പെടുത്തിയത്.
ഭാഗ്യമുള്ള കുട്ടിയാണവന്‍. ഗ്രാമത്തിലെ വലിയ പണക്കാരന്റെ മകന്‍. രണ്ടുനില വീട്. ചുറ്റും ഉയരത്തില്‍ കെട്ടി നിര്‍ത്തിയഭംഗിയുള്ള മതില്‍. ഗെയിറ്റിനുമുകളില്‍ സിംഹരൂപങ്ങള്‍ മുഖമുയര്‍ത്തി നില്ക്കുന്നു. കണ്ടാല്‍ ആരും ഒന്നു നോക്കി നിന്നുപോകും. പിച്ചക്കാര്‍ പോലും അകത്ത് കടക്കാന്‍ ധൈര്യം കാണിയ്ക്കയില്ല.
മുറ്റത്ത് വലിയ നായക്കൂടുണ്ട്. കൂടിനകത്ത്, ഗേറ്റ് അനങ്ങുന്നതുംനോക്കി അര്‍ദ്ധമയക്കത്തിലായിരിയ്ക്കും ബ്രിട്ടോ. ഈച്ചപോലും അകത്ത് കടക്കാന്‍ ധൈര്യപ്പെടില്ല.
സ്‌ക്കൂള്‍ വണ്ടി ഇനിയും എത്തിയിട്ടില്ല. എന്നും അമ്മ ഒപ്പം ഉണ്ടാകാറുണ്ട്. കുട്ടിയുടെ സ്‌ക്കൂള്‍ ബാഗും തൂക്കി ബസ്സ് വരുന്നതും കാത്തുനില്ക്കാന്‍ അമ്മയ്ക്ക് വലിയ ഇഷ്ടമാണ്, തെല്ലൊരു ഗമയും ഇല്ലാതില്ല. ഇന്ന് അമ്മ വലിയ തിരക്കിലാണ്. ഏതോ സീരിയലിന്റെ വളരെ പ്രധാനപ്പെട്ട എപ്പിസോഡ് ഇന്നലെ കാണാന്‍ കഴിഞ്ഞിരുന്നില്ല. രാവിലെ പുനഃപ്രക്ഷേപണമുണ്ട്.
ഇന്നലെ മുതല്‍ അര മണിക്കൂര്‍ നേരത്തെ പവര്‍ക്കട്ടായിരുന്നു. എന്താണ് ഈ പവര്‍ക്കട്ടെന്നൊന്നും കുട്ടിയ്ക്കറിയില്ല. പെടുന്നനെ അയല്‍വീടുകളിലൊക്കെയും വൈദ്യുതിദീപങ്ങള്‍ അണയും. സ്വീകരണ മുറിയിലെ ടീവിയ്ക്കുള്ളിലിരുന്ന് ഒരു നാണവുമില്ലാതെ വാവിട്ടു കരയുന്ന പെണ്ണുങ്ങള്‍ കരച്ചില്‍ നിര്‍ത്തുകയാല്‍ വല്ലാത്തൊരു ശാന്തത പരക്കും. അമ്മയുടെ മുഖത്ത് മ്ലാനത പടരുന്നത് കാണാം. മറ്റെല്ലാ വീടുകളിലും വെളിച്ചം കെടുമ്പോള്‍ അവന്റെ വീട്ടില്‍ മാത്രം കെടാത്ത സൂത്രമെന്തെന്ന് കുട്ടിയ്ക്കിനിയും മനസ്സിലായിട്ടില്ല.
വണ്ടി വരാന്‍ ഇനിയും സമയമുണ്ട്. കുട്ടി റോഡിലൂടെ ഓടുന്ന വാഹനങ്ങള്‍ നോക്കി നിന്നു. നല്ല ചന്തമുള്ള പുതുപുത്തന്‍ വാഹനങ്ങള്‍. ഓരോ വാഹനങ്ങളും ഓരോ അണുകുടുംബങ്ങളുടെ പ്രതിനിധികള്‍. നില്ക്കാന്‍ നേരമില്ല, ചുറ്റും ഒന്നു കാണുവാനും നേരമില്ല. കാക്കക്കണ്ണുകൊണ്ടുപോലും ആരും നോക്കാത്തതില്‍ പരിഭവം പൂണ്ടു നില്ക്കയായിരുന്നു വഴിയോരത്തെ പച്ചപ്പ്.
അടുത്തവീട്ടിലെ കുട്ടികള്‍ ചെണ്ടമേളം തുടങ്ങിയിട്ടുണ്ട്. കാദറിക്കയുടെ കുട്ടികളാണ്. വീടുകള്‍ വെള്ളപൂശുന്ന ജോലിയാണ് കാദറിക്കയ്ക്ക്. കാദറിക്ക പാവപ്പെട്ടവനായതുകൊണ്ട് അയാളുടെ കുട്ടികള്‍ മലയാളം മീഡിയം സ്‌ക്കൂളില്‍ പഠിക്കുന്നു. കഷ്ടമാണ് ആ കുട്ടികളുടെ കാര്യം. കുട്ടിക്ക് അവരുടെ കാര്യമോര്‍ത്ത് വിഷമം തോന്നാറുണ്ട്. ബാപ്പ പാവപ്പെട്ടവനായതുകൊണ്ട് ജീവിതത്തില്‍ അവര്‍ക്ക് എന്തൊക്കെ അവസരങ്ങളാണ് നഷ്ടമാകുന്നത്? അവര്‍ക്ക് ഡോക്ടറാകാന്‍ കഴിയില്ല, എഞ്ചിനീയറാകാന്‍ കഴിയില്ല, ഇംഗ്ലീഷില്‍ രണ്ടുവാക്ക് സംസാരിക്കാന്‍ ഒട്ടുമാവില്ല.
പക്ഷേ അവരുടെ കളി കാണാന്‍ നല്ല രസമുണ്ട്. രാവിലെ തുടങ്ങും. ബാപ്പ പണി കഴിഞ്ഞ് വരുമ്പോള്‍ കൊണ്ടുവരുന്ന കാലിപ്പാത്രങ്ങളിലാണ് അവരുടെ കലാപ്രകടനം.
വൈ ദിസ് കൊലവെറി കൊലവെറി ഡാ ........
കൂട്ടത്തില്‍ ജബ്ബാര്‍ അവനെ മാടിവിവിച്ചു. അവന്റെ കളി കാണാന്‍ നല്ല രസമുണ്ട്. നല്ല താളമുണ്ട്. സിനിമയിലെ നായകന്‍ കാണിക്കുന്നപോലെ അര്‍ത്ഥമില്ലാത്ത പാട്ടിന് വളരെ അര്‍ത്ഥവത്തായി അവന്‍ ചുവടുകള്‍ വയ്ക്കുന്നു.
വണ്ടി വരാന്‍ ഇനിയും സമയമുണ്ട്. കുട്ടി മെല്ലെ അവരുടെ അടുത്തേക്ക് നടന്നു. അമ്മ അകത്ത് ടീവി കാണുകയാണ്. വണ്ടിയുടെ ശബ്ദം കേള്‍ക്കുമ്പോള്‍ ഓടി വരാം.
ജബ്ബാര്‍ കുട്ടിയുടെ കൈ പിടിച്ച് മെല്ലെ ആടാന്‍ തുടങ്ങി.
വൈ ദിസ് കൊലവെറി കൊലവെറി ഡാ ........
ബാഗ് താഴെ വച്ച് രണ്ട് കയ്യും നിവര്‍ത്തി അവന്‍ ആടിത്തുടങ്ങി. താനും ഒട്ടും മോശമല്ല എന്ന് കുട്ടിക്ക് തോന്നി.
താളം മുറുകി.
വൈ ദിസ് കൊലവെറി കൊലവെറി ഡാ ........
നെറ്റിയി ല്‍ വിയര്‍പ്പിന്റെ ഉപ്പു് പടര്‍ന്നു. വിയര്‍പ്പുമണികള്‍ ഉരുകിയിറങ്ങി അമ്മ വാഷിംഗ് മെഷീനിലിട്ട് അലക്കിത്തേച്ച വെള്ള യൂണീഫോമില്‍ നനവായി പടര്‍ന്നതും, സ്‌ക്കൂള്‍ ബസ്സ് വന്നതും, ഉച്ചത്തില്‍ ഹോണ്‍ മുഴക്കിയതും, അമ്മ അകത്തുനിന്നും സീരിയല്‍ വിട്ട് ഓടി വന്നതും ഒന്നും കുട്ടി അറിഞ്ഞില്ല.
അമ്മയുടെ അലര്‍ച്ച കേട്ടാണ് അവന് ബോധം വന്നത്. തിരക്കിട്ട് ബാഗ് തോളിലിട്ട് അവന്‍ ഓടി. കിതച്ചുകൊണ്ട് വണ്ടിയില്‍ ഓടിക്കയറുമ്പോള്‍ അമ്മ കലിതുള്ളി നില്ക്കയാണ്. എത്രയെത്ര മാന്യന്മാരുടെ കുട്ടികള്‍ വരുന്ന സ്‌ക്കൂളാണ്! ക്ലാസ്സില്‍ അവരുടെ ഇടയില്‍ ദേഹമാസകലം അഴുക്കുപുരണ്ട് തന്റെ കുട്ടി ഇരിക്കുന്നത് ആ അമ്മയ്ക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു.
കുട്ടി ബസ്സില്‍ കയറി സീറ്റില്‍ ഇരുന്നു. വസ്ത്രത്തിലെ അഴുക്കും ചുളുക്കും അമ്മയുടെ കോപവുമായിരുന്നില്ല അവന്റെ ഉള്ളില്‍. അവന്റെ ഇളം മനസ്സില്‍ മറ്റൊന്നുമുണ്ടായിരുന്നില്ല. അവിടെ ജബ്ബാറും, താളത്തില്‍ ചെണ്ടകൊട്ടിയാടുന്ന കൂട്ടുകാരും മാത്രമായിരുന്നു.

വിനോദ്.കെ.എ.

പുളിയുറുമ്പുകള്‍
ഇന്നും ലക്ഷ്മണരേഖ കൊണ്ടുവന്നില്ല അല്ലേ?”
വീട്ടിലേക്ക് വന്നുകയറുമ്പോള്‍ ഭാര്യയുടെ പതിവുചോദ്യം തന്നെയാണ് ഇന്നും അയാളെ എതിരേറ്റത്. ഭാര്യ തന്നയച്ച ലിസ്റ്റ് പ്രകാരം എല്ലാം വാങ്ങിയിട്ടുണ്ടോ എന്ന് അയാള്‍ ഓര്‍ത്തെടുത്തു നോക്കി. മോള്‍ക്ക് റിബ്ബണും നെയിംസ്ലിപ്പും . മോന് മഷി നിറയ്ക്കുന്ന പേന. പിന്നെ അവള്‍ക്ക് തുന്നാനുള്ള വെള്ളയും കറുപ്പും നൂലുകള്‍.
എല്ലാം വാങ്ങിയിട്ടുണ്ട്. കൂട്ടത്തില്‍, പത്തു രൂപയുടെ ഒരു ലക്ഷ്മണരേഖയും, വാങ്ങിയ്ക്കുവാന്‍ തെല്ലും അയാള്‍ക്ക് താല്പര്യമില്ലായിരുന്നുവെങ്കിലും.
ചോക്കുപെന്‍സില്‍ രൂപത്തിലൊരു കീടനാശിനിയാണ് ലക്ഷ്മണരേഖ. ഈ ചോക്കുപെന്‍സില്‍കൊണ്ട് ഒരു വര വരച്ചാല്‍ അതിനപ്പുറം പ്രാണികള്‍ക്ക് കടക്കാനാവില്ല. അവ കുഴഞ്ഞുവീണ് ചാകും.
മരണത്തിലേയ്ക്ക് ആയാസരഹിതമായ ഒരു വഴി.
ഇന്നും ലക്ഷ്മണരേഖ കൊണ്ടുവന്നില്ലെന്നു കരുതി ഭാര്യയുടെ മുഖത്ത് ഇരുട്ട് പടരുന്നതും നോക്കി അയാള്‍ സ്വയം ആനന്ദിച്ചു ചിരിച്ചു.
"എനിക്കറിയാം നിങ്ങള്‍ കൊണ്ടുവരില്ലെന്ന്.... വലിയ ജന്തുസ്‌നേഹിയല്ലേ!”
അവള്‍ അമര്‍ഷത്തോടെ അടുക്കളയിലേക്ക് നടന്നുപോയി.
കുറെ ദിവസങ്ങളായി അടുക്കളയില്‍ പുളിയുറുമ്പുകളുടെ കടന്നുകയറ്റമാണ്. വടക്കുപുറത്തെ ഞാവല്‍മരം ഇലക്ട്രിസിറ്റിബോര്‍ഡുകാര്‍ വന്ന് വെട്ടിമുറിച്ചതു മുതല്‍ തുടങ്ങിയതാണ്. മെലിഞ്ഞുണങ്ങിയ കാലുകളാല്‍ വേച്ചുവേച്ച് പുളിയുറുമ്പുകള്‍ വരിവരിയായി ഞങ്ങളുടെ ഈ കൊച്ചുസാമ്രാജ്യത്തേക്ക് ശത്രുരാജ്യത്തേക്ക് പട്ടാളക്കാരെന്നപോലെ കടന്നുവരുന്നു.
പാതിയമ്പുറത്തിനുമുകളിലും അടുപ്പിനുചുറ്റും ചുവന്ന നിറത്തിലുള്ള പുളിയുറുമ്പുകള്‍ ശത്രുരാജ്യത്തെ വലയം ചെയ്ത കണക്കെ നിലകൊണ്ടു.
ഭാര്യ പിന്നെയും പുളിയുറുമ്പുകളെ അടിച്ചുകൂട്ടി അടുപ്പില്‍ കൊണ്ടുപോയി ചെരിഞ്ഞു. ചെറിയൊരു സീല്‍ക്കാരത്തോടെ അവ എരിഞ്ഞടങ്ങി. പക്ഷേ പുളിയുറുമ്പുകള്‍ അവസാനിക്കുന്നില്ല. തുറന്നിട്ട ജാലകങ്ങളിലൂടെ അവ വീണ്ടും അരിച്ചുവന്നു. വരിവിരിയായി എത്ര അച്ചടക്കത്തോടെയാണ് അവ കടന്നുവരുന്നത്! കാലുകള്‍ നീട്ടിവച്ച്, കുറിയ കൊമ്പുകള്‍ ചായ്ചും ചരിച്ചും അവര്‍ നടന്നു വന്നു. പുളിയുറുമ്പുകള്‍ മനുഷ്യന് മാതൃകയാകണം. മനുഷ്യനേപ്പോലെ പുളിയുറുമ്പുകള്‍ സ്വാര്‍ത്ഥരാകുന്നില്ല. അവര്‍ കൂട്ടായ്മയില്‍ വിശ്വസിക്കുന്നു.
ഇന്ന് തെല്ലൊരഭിമാനത്തോടെ കൊണ്ടുവന്ന ലക്ഷ്മണരേഖ അവള്‍ക്കുനേരെ നീട്ടിയപ്പോള്‍ അവിശ്വസനീയമായ എന്തോ സംഭവിച്ചതുപോലെ അവള്‍ അയാളെ നോക്കി. ആയുധം കിട്ടിയ പോരാളിയേപ്പോലെ അവളുടെ മുഖം തിളങ്ങി.
അയാള്‍ക്ക് വലിയ സന്തോഷമൊന്നും തോന്നിയില്ല. എല്ലാ ജീവജാലങ്ങളേയും പോലെ പുളിയുറുമ്പുകളും ദൈവത്തിന്റെ സൃഷ്ടികള്‍..... മാനും, മയിലും, മനുഷ്യനും, പുല്‍ച്ചാടിയും, പുളിയുറുമ്പും എല്ലാമെല്ലാം....... കൊല്ലാന്‍ മനുഷ്യനെ ആരും അധികാരപ്പെടുത്തിയിട്ടില്ലല്ലോ! മനുഷ്യന്‍മാത്രം വേലികള്‍കെട്ടി അവന്റെ സാമ്രാജ്യങ്ങള്‍ തീര്‍ക്കുന്നു. അവര്‍ അവരവരുടെ സാമ്രാജ്യങ്ങളില്‍ വാഴുന്നു. അവന്റെ ഭാര്യ, അവന്റെ കുട്ടികള്‍ , അവന്റെ വീട്, അവന്റെ സ്വപ്നങ്ങള്‍!
ദൈവത്തിന്റെ സൃഷ്ടിയില്‍ ഏറ്റവും മഹത്തരം മനുഷ്യന്‍ തന്നെയാകുന്നു. പിന്നെയെല്ലാം അവന് വഴിയൊരുക്കുന്നവര്‍. അവന്‍ എല്ലാവരുടെയും യജമാനന്‍.... കിളികളുടെ, പൂമ്പാറ്റകളുടെ, മൃഗങ്ങളുടെ, പുളിയുറുമ്പുകളുടെ...... എല്ലാ ജീവജാലങ്ങള്‍ക്കുമായി അവന്‍ നിയമസംഹിതകള്‍ തീര്‍ക്കുന്നു, അവന്റെ ഭാഷയില്‍ ......
തെല്ലൊരാഹ്‌ളാദത്തോടെ ലക്ഷ്മണരേഖ അയാളുടെ കയ്യില്‍നിന്നും തട്ടിവാങ്ങി അവള്‍ ജനലിന്മേലും പാതിയമ്പുറത്തും കോറിവരയ്ക്കാന്‍ തുടങ്ങി. ലക്ഷ്മണരേഖ കടക്കാന്‍ ശ്രമിച്ച പുളിയുറുമ്പുകള്‍ യുദ്ധത്തിലെ പോരാളികളെപ്പോലെ മരിച്ചു വീഴാന്‍ തുടങ്ങി. അത്യാഹിതം സംഭവിച്ച പോരാളികളെ അന്വേഷിച്ച് കൂടുതല്‍ പോരാളികളെത്തി. ഏതാനും നിമിഷങ്ങള്‍ക്കകം എല്ലാ പോരാളികളും മരിച്ചുവീണു. കുരുക്ഷേത്രഭൂമിയുടെ ഒരറ്റത്തിരുന്ന് അന്ധനായ ധൃതരാഷ്ട്രര്‍ ഗാന്ധാരിയോടൊപ്പം ഇരുന്ന് കേണു. പിന്നെ എപ്പഴോ അവരും മരിച്ചുവീണു.
ഭാര്യ ഇപ്പോള്‍ പതിവിലേറെ സന്തോഷവതിയാണ്. മരണത്തില്‍ മനുഷ്യന്‍ ഇത്രയധികം സന്തോഷിക്കുന്നതെന്തിനെന്ന് എനിക്കറിയില്ല. ഒരുപക്ഷേ, മരണം ശാശ്വതമായൊരു സത്യമെന്നതിനാല്‍ മരണത്തിലായിരിക്കണം നാമേറെ സന്തോഷിക്കേണ്ടിയിരിക്കുന്നത്.
അയാള്‍ക്ക് കിടന്നിട്ടുറക്കം വന്നില്ല. മനസ്സ് അസ്വസ്ഥമായിരുന്നു. മനസ്സ് ഒരു വിചിത്രപ്രതിഭാസം തന്നെയാകുന്നു. അപഥസഞ്ചാരിയായ ഒരു കുതിരയെപ്പോലെ അവന്‍ മേച്ചില്‍പ്പുറങ്ങള്‍ തേടി നടക്കും. ഒരിക്കലും അടങ്ങിയിരിക്കില്ല. തിരിഞ്ഞും മറിഞ്ഞും കിടന്നു.
പിന്നെ എപ്പഴോ കണ്‍പോളകളില്‍ കനം തൂങ്ങി. ഭാരം നഷ്ടമാകുന്നതുപോലെ തോന്നി. അപ്പൂപ്പന്‍താടി കണക്കെ അയാള്‍ ഒഴുകിനടന്നു. ആരൊക്കെയോ താങ്ങിയെടുക്കുന്നതായി തോന്നി. അവര്‍ക്ക് നീണ്ടുമെലിഞ്ഞ കാലുകളുണ്ടായിരുന്നു. അവരുടെ ചെറിയ തലയ്ക്കു മുകളില്‍ തീരെ ചെറിയ കൊമ്പുകളുണ്ടായിരുന്നു. കൊമ്പുകള്‍കൊണ്ട് അവരയാളെ ഇറുക്കെപ്പിടിച്ചിരുന്നു.
പിന്നെപ്പിന്നെ, പുളിയുറുമ്പുകളുടെ ലോകത്ത് എത്തിപ്പെട്ടതായി അയാളറിഞ്ഞു. ഇവിടെ ഈ പുളിയുറുമ്പുകള്‍ യജമാനന്മാര്‍. അവര്‍ക്ക് അവരുടെ നിയമങ്ങള്‍ . അവരുടെ ഭാഷയില്‍ അവരെഴുതുന്നു, വായിക്കുന്നു, നടപ്പിലാക്കുന്നു.
അയാള്‍....... അയാള്‍ പുളിയുറുമ്പുകളുടെ ലോകത്തകപ്പെട്ട ഒരു പാവം മനുഷ്യന്‍ !

വിനോദ്.കെ..