ബുഫെ

ഭാര്യയുടെ ബന്ധുവിന്റെ വീട്ടില്‍ പാലുകാച്ചായിരുന്നു ഇന്ന്. കൊട്ടാരവീട് എന്ന് വിളിക്കാനാണ് ഞങ്ങള്‍ ഇഷ്ടപ്പെടുന്നത്. ശരിക്കും ഒരു കൊട്ടാരം പോലുള്ള വീടുതന്നെയാണല്ലോ രാജീവ് കെട്ടിപ്പൊക്കിയിരിക്കുന്നത്. അകത്തും പുറത്തും വെണ്ണക്കല്ലുകള്‍ പതിച്ച, ശരിക്കും ഒരു കൊട്ടാരം വീടുതന്നെയാണത്. ഒരു താജ്മഹല്‍ പണിയാന്‍ എത്രയോ പേരുടെ വിയര്‍പ്പും അദ്ധ്വാനവും ഉണ്ടായിരുന്നിരിക്കാമെങ്കിലും നമ്മള്‍ ഒരു ഷാജഹാനെയും ഒരു മുംത്തസ്സിനെയും മാത്രം ഓര്‍ക്കുന്നു. അല്ലെങ്കില്‍ത്തന്നെ അത്രയധികം പേരെ ഓര്‍ത്തിരിക്കുക എന്നത് എളുപ്പവുമല്ലല്ലോ.
കൊട്ടാരസമാനമായ ആ വീട്ടിലേക്ക് കയറിച്ചെല്ലുമ്പോള്‍ വെറുംകയ്യോടെ പോകുന്നത് ശരിയല്ലെന്ന് ഭാര്യ പറഞ്ഞപ്പോള്‍ ഞാനും സമ്മതിക്കുകയായിരുന്നു. അവര്‍ക്ക് ഇതിന്റെയൊന്നും ആവശ്യമില്ലെന്ന് എല്ലാവര്‍ക്കുമറിയാം. എന്നാലും വെറും കയ്യോടെ എങ്ങനെ! പോരാത്തതിന്, അവര്‍ ഒരുമിച്ച് കളിച്ചു വളര്‍ന്നവര്‍, ഒരു വീടുപോലെ കഴിഞ്ഞവര്‍ .....
പട്ടണത്തിലെ പേരുകേട്ട അലങ്കാരവസ്തു വില്‍പ്പനശാലയില്‍ ഞങ്ങള്‍ നിന്ന് വിയര്‍ത്തു. അകത്തും പുറത്തും വെണ്ണക്കല്ലുകള്‍ പതിച്ച ആ കമാനത്തിലേക്ക് ഞങ്ങള്‍ എന്ത് സമ്മാനം കൊണ്ടുപോകും? വില്പനശാലയിലെ ചില്ലലമാരകളില്‍ അലങ്കാരവസ്തുക്കള്‍ ഞങ്ങളെ നോക്കി കൊഞ്ഞനം കുത്തി.
ഓട്ടുവിളക്കുകള്‍, ശയനമുറിയിലെ ദീപങ്ങള്‍, വീട്ടിയില്‍ കടഞ്ഞെടുത്ത കരിവീരന്മാര്‍, രവിവര്‍മ്മചിത്രങ്ങള്‍, വര്‍ണ്ണപ്രപഞ്ചം തീര്‍ക്കുന്ന പൂക്കൂടകള്‍, പക്ഷേ ഇവയൊന്നും രാജീവിന്റെ വീട്ടില്‍.... ഞങ്ങള്‍ അക്ഷരാര്‍ത്ഥത്തില്‍ ഒരു വിഷമസന്ധിയില്‍ അകപ്പെട്ടുകഴിഞ്ഞിരുന്നു.
മാഡം ഇതൊന്നു നോക്കൂ.....
ഇതെത്ര നല്ലതാണ്........
ഇത് വളരെ വിശേഷപ്പെട്ടതാണ്........
വിദേശത്തുനിന്നും ഇറക്കുമതി ചെയ്തതാണ്......
ഞങ്ങള്‍ക്കായി നിയോഗിക്കപ്പെട്ട സെയില്‍സ്‌മേന്‍ വാചാലനായി.
പക്ഷേ, ഞങ്ങള്‍ ഒരു സാധാരണ വീട്ടിലേക്കുള്ള വസ്തു വാങ്ങാന്‍ വന്നവരല്ലെന്ന് ആ സെയില്‍സ്മാന് അറിയില്ലല്ലോ. ഞങ്ങളുടെ കണ്ണുകള്‍ എവിടെയും ഉടക്കാതെ ചുറ്റിക്കറങ്ങി.
ഒടുവില്‍ ഭാര്യയുടെ കണ്ണിലാണ് ആ ഓട്ടുവിളക്ക് ആദ്യം ഉടക്കിയത്. സ്തൂപികാരൂപത്തില്‍ ചുറ്റിനും കൊച്ചുകൊച്ചുവിളക്കുകള്‍ തൂങ്ങിക്കിടക്കുന്ന ഒരു സുന്ദരശില്പം തന്നെയായിരുന്നു അത്. താന്‍ ആഗ്രഹിച്ചത് താന്‍തന്നെ കണ്ടെത്തിയ അഭിമാനത്തില്‍ ഭാര്യയുടെ മുഖമൊരല്പം തെളിഞ്ഞുവോ? അലങ്കാരവസ്തുക്കള്‍ എന്നും അവളുടെ ഒരു ദൗര്‍ബല്യം തന്നെയാണല്ലോ.
കടയില്‍ നിന്നും ഇറങ്ങുമ്പോള്‍ പകല്‍ അവസാനിച്ചിരുന്നു. തെരുവ് വിളക്കുകള്‍ പകല്‍ വെളിച്ചവുമായി മത്സരം തുടങ്ങിയതേയുള്ളൂ. അവിടവിടെ പകല്‍വെളിച്ചത്തിന്റെ പോറലുകള്‍ മാഞ്ഞിരുന്നില്ല.
തെരുവില്‍ വഴിപോക്കരുടെ തിരക്കായിരുന്നു.
ബംഗാളികള്‍.... തമിഴന്മാര്‍......
പണിയെടുക്കുന്ന തൊഴിലാളികള്‍ , അവര്‍ നിഴലുകളായി കിതപ്പോടെ മുന്നോട്ടുനീങ്ങി. ക്ഷീണിതരായി..... തെരുവില്‍ അവരുടെ കിതപ്പിന്റെ താളവും വിയര്‍പ്പിന്റെ ഗന്ധവും മാത്രമേ ഉണ്ടായിരുന്നുള്ളൂ. അവര്‍ തങ്ങളുടെ കൂടാരത്തിലേക്ക് തിരിച്ചുപോകയാണ്..... ഉറുമ്പുകളെപ്പോലെ....
ഇന്ന് രാവിലെയായിരുന്നു പാലുകാച്ചല്‍. ഇനി വൈകീട്ടുള്ള ഒത്തുചേരല്‍ വിരുന്നാണ്. ഭാര്യ തിരക്കുകൂട്ടിയപ്പോള്‍ ഞാന്‍ ബൈക്കിന്റെ വേഗത അല്പം കൂട്ടി. മെയിന്‍ റോഡില്‍ നിന്നും തിരിഞ്ഞപ്പോള്‍തന്നെ ദീപാലങ്കാരങ്ങള്‍ തെളിഞ്ഞുതുടങ്ങിയിരുന്നു. കൊട്ടാരംവീട് അടുക്കുന്തോറും കാതടപ്പിക്കുന്ന പാശ്ചാത്യസംഗീതത്തിന്റെ അലയൊലികള്‍ കേള്‍ക്കായി. അടുക്കുന്തോറും സംഗീതം എന്റെ നെഞ്ചിടിപ്പായി.
ഗേറ്റിനുമുമ്പില്‍ തന്നെ കേരളീയവേഷത്തില്‍ പാശ്ചാത്യസംഗീതം തൊഴുകയ്യോടെ നില്ക്കുന്നു. പിറകില്‍ രാജീവ് എളിമയുടെ മൂര്‍ത്തിമത്ഭാവമായി നിന്നു ചിരിച്ചു. രാജീവ് എന്നും അങ്ങനെയാണ്, എല്ലാം ഒരു ചിരിയിലൊതുക്കും. സത്യത്തില്‍ അവന്റെ വളര്‍ച്ച എല്ലാവരെയും അത്ഭുതപ്പെടുത്തിയിരുന്നു. വെറുമൊരു സോഫ്റ്റുവെയര്‍ എഞ്ചിനീയര്‍ ഗള്‍ഫില്‍ സ്വന്തമായി വ്യവസായം തുടങ്ങുമ്പോള്‍ ആരും കരുതിയില്ല ഇങ്ങനെ ഒരു നിലയില്‍ എത്തുമെന്ന്. ഇപ്പോള്‍ ഗള്‍ഫില്‍ മിക്കവാറും എല്ലാ എണ്ണക്കമ്പനികള്‍ക്കും ഉരുക്കുപൈപ്പുകള്‍ അവന്‍ നിര്‍മ്മിച്ചുകൊടുക്കുന്നു.
കയ്യില്‍ സമ്മാനപ്പൊതിയുമായി തെല്ലു ജാള്യതയോടെ ഞങ്ങള്‍ പരുങ്ങിനിന്നപ്പോള്‍ റിമ വന്നു. രാജീവിന്റെ ഭാര്യ. റിമ രാജീവിനെപ്പോലെയല്ല. അവള്‍ വാതോരാതെ സംസാരിച്ചുകൊണ്ടിരിക്കും. രാജീവിന്റെ എല്ലാ ഐശ്വര്യങ്ങള്‍ക്കും പിറകില്‍ അവളാണെന്ന് അവളുടെ ഓരോ ചലനങ്ങളും പറയുന്നു.
ബുഫെ തുടങ്ങിക്കഴിഞ്ഞിരുന്നു. ഇരുട്ടും വെളിച്ചവും ഇടകലര്‍ന്ന അലങ്കാരവീഥികളിലൂടെ അതിഥികള്‍ കയ്യില്‍ തീറ്റപ്പാത്രങ്ങളുമായി മുന്നേറി. ചപ്പാത്തി, പൊറോട്ട, പൂരി, ദോശ, ഇടിയപ്പം, ചിക്കന്‍ , മട്ടന്‍ , തന്തൂര്‍ , ഫിഷ്, കാടയിറച്ചി....... തങ്ങള്‍ക്കിഷ്ടപ്പെട്ട വിഭവങ്ങള്‍ തേടി മേയാന്‍വിട്ട താറാവിന്‍കൂട്ടങ്ങളെപ്പോലെ അതിഥികള്‍ പരതിനടന്നു. ക്ഷീണിതരായി ചിലര്‍ കരയ്ക്കുകയറി നീണ്ട വരാന്തയില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്.
റിമ ഞങ്ങളെ വീടിനകത്തേക്ക് കൂട്ടിക്കൊണ്ടുപോയി. വീടിനുചുറ്റും രണ്ട് വശങ്ങളിലും നീണ്ടുകിടക്കുന്ന വരാന്ത. ശീതീകരിച്ച സ്വീകരണമുറികള്‍ , കൊത്തുപണികളാല്‍ അലങ്കരിച്ച ശയനമുറികള്‍ , ഏതൊക്കെയോ പ്രശസ്തരായ കലാകാരന്മാരുടെ ചിത്രങ്ങള്‍ , ശില്പ്പങ്ങള്‍ ..... ഏതോ മുഗള്‍ രാജാവിന്റെ കൊട്ടാരത്തില്‍ വന്നെത്തിയ പ്രതീതി.
റിമ കൊച്ചുകുട്ടിയെപ്പോലെ വാചാലയായി. ഞങ്ങള്‍ക്ക് എല്ലാം പറഞ്ഞു തന്നുകൊണ്ടിരുന്നു.
"എന്നാല്‍ നിങ്ങളിനി ഭക്ഷണം കഴിച്ചോളൂ, പ്ലീസ് സെര്‍വ് യുവേര്‍സെല്‍ഫ്'.....”
റിമ മറ്റൊരു അതിഥിയുടെ കൂടെ ഒഴുകിപ്പോയി. ഞങ്ങള്‍ തീറ്റപ്പാത്രവുമെടുത്ത് നടന്നു. താറാവുകളേപ്പോലെ മുങ്ങിത്തപ്പാന്‍ തുടങ്ങി. ഞങ്ങള്‍ ഒരു കുളത്തില്‍ അകപ്പെട്ടിരുന്നു. ഏതു കരയിലാണ് ഞങ്ങള്‍ക്കിഷ്ടപ്പെട്ട വിഭവങ്ങള്‍ ഒരുക്കിയിരിക്കുന്നത് ?
അതെ, ഞങ്ങള്‍ ശരിക്കും താറാവുകളായി മാറിയിരുന്നു.
കാതടപ്പിക്കുന്ന പാശ്ചാത്യസംഗീതം ഞങ്ങള്‍ താറാവുകളെ ഉന്മത്തരാക്കുന്നുണ്ടായിരുന്നു.
എല്ലാം കണ്ട് രാജീവ് ആ വലിയ കൊട്ടാരംവീടിനു മുന്നില്‍ പുഞ്ചിരിയോടെ നിന്നു.
അപ്പോള്‍ ദൂരെ അറബിനാട്ടില്‍ , പിടിച്ചാല്‍ പിടിയെത്താത്ത വണ്ണത്തിലുള്ള ഉരുക്ക് പൈപ്പുകള്‍ നീക്കിയും നിരക്കിയും അവന്റെ തൊഴിലാളികള്‍ കിതക്കുകയായിരുന്നു.
മലയാളികള്‍, തമിഴന്മാര്‍, ബംഗാളികള്‍.....
പല നാട്ടില്‍ നിന്നും വന്നവര്‍, പല ഭാഷകളില്‍ സംവദിക്കുന്നവര്‍ .....
അവരുടെ കിതപ്പിന് ഒരേ സ്വരം, വിയര്‍പ്പിന് ഒരേ മണം......
എന്തുകൊണ്ടോ എനിക്കെന്റെ തീറ്റ മുഴുവിക്കാന്‍ കഴിഞ്ഞില്ല. എന്റെ ഭക്ഷണത്തിന് വിയര്‍പ്പിന്റെ വല്ലാത്തൊരു ഗന്ധം എനിക്കനുഭവപ്പെട്ടു.
ബംഗാളിയുടെ, മലയാളിയുടെ, തമിഴന്റെ, ഒരു തൊഴിലാളിയുടെ......

വിനോദ്.കെ.എ.ന്യൂനമര്‍ദ്ദം

ഇറയത്തുകൂടെ മഴ കുത്തിയൊലിച്ചുകൊണ്ടിരുന്നു. മഴത്തുള്ളികള്‍ മുറ്റത്ത് വിരിച്ചിട്ട മണലില്‍ കുഴികളുണ്ടാക്കുകയായിരുന്നു. വൃക്ഷലതാദികളൊക്കെ തണുത്ത് മിഴികൂമ്പിനിന്നു. പ്രകൃതിയുടെ നനഞ്ഞ ഭാവം അയാളിലും ഉറവപൊട്ടിയിരുന്നു. തണുപ്പ് അയാളുടെ ഓരോ രോമകൂപങ്ങളിലും സ്ഥാനം പിടിച്ചിരുന്നു.
ഉമ്മറത്തിണ്ണയില്‍ മഴയെ നോക്കി അയാള്‍ ഇരുന്നു.
എത്ര ദിവസമായി ഈ മഴ തുടങ്ങിയിട്ട്!
തണുപ്പകറ്റാന്‍ അയാള്‍ ബീഡിയുടെ പുക ഊതിവിട്ടുകൊണ്ടിരുന്നു. എങ്കിലും അയാള്‍ വിറയ്ക്കുന്നുണ്ടായിരുന്നു.
എത്ര നേരമായി ഇങ്ങനെ ഇരിക്കാന്‍ തുടങ്ങിയിട്ടെന്ന് അയാള്‍ക്കും ഓര്‍മ്മയില്ല. ഒരു പ്രതീക്ഷയുമില്ലാത്ത, നിരര്‍ത്ഥകമായ ഈ കുത്തിയിരിപ്പ്......
വാഴത്തോപ്പുകള്‍ക്കപ്പുറം പാടശേഖരങ്ങളിലേക്ക് കണ്ണുംനട്ട് അയാളിരുന്നു.
മഴയൊരല്പം ശമിച്ചപ്പോള്‍ അയാള്‍ തൂമ്പയെടുത്ത് പുറത്തേക്കിറങ്ങി. വാഴത്തോപ്പുകള്‍ കടന്ന് പാടവരമ്പത്തേക്കിറങ്ങി. തോട്ടുവരമ്പിലൂടെ അയാള്‍ മുന്നോട്ടുനടന്നു.
വയലേലകള്‍ക്കിടയില്‍ നിന്നും തവളകള്‍ കരഞ്ഞുകൊണ്ടിരുന്നു. ഏതോ ഉള്‍ക്കടലുകളില്‍ ഉത്ഭവിച്ച ന്യൂനമര്‍ദ്ദത്തില്‍ നിന്നും രൂപംകൊണ്ട മാരിക്കാറുകളാണീ മഴയെന്നറിയാതെ അവ കാലവര്‍ഷത്തിന് സ്വാഗതം പറയുകയായിരുന്നു.
ചീവീടുകളുടെ ചെകിട് തുളക്കുന്ന ശബ്ദം ഒരു ഇടവപ്പാതിയുടെ ഓര്‍മകള്‍ നല്കുന്നുണ്ടായിരുന്നു.
നെല്‍ക്കതിരുകള്‍ നനഞ്ഞുവീര്‍ത്ത് അയാള്‍ കാണാനെന്നോണം ചാഞ്ഞുകിടന്നു. നിസ്സഹായരായ മിണ്ടാപ്രാണികള്‍ അവരെ പരിപാലിക്കുന്നവരെ നോക്കുന്നപോലെ അവ അയാളെ നോക്കിക്കിടന്നു.
വെള്ളം വരമ്പ് കവിയാന്‍ തുടങ്ങിയിരുന്നു. തോടും വയലും ഒരേ നിരപ്പായിരിക്കുന്നു. ഇനി വെള്ളം പുറത്തേക്കൊഴുക്കാനൊന്നും കഴിയില്ലെന്ന് അയാള്‍ മനസ്സിലാക്കിയതുകൊണ്ട് തൂമ്പ തോട്ടുവരമ്പത്ത് വച്ച് അയാള്‍ വരമ്പത്തുകൂടെ വെറുതെ നടന്നു.
നശിച്ച മഴ. അയാള്‍ ഉള്ളില്‍ പ്രാകി കൊണ്ടിരുന്നു. നമുക്ക് ജീവനും ഉണര്‍വ്വും തേജസ്സും തരുന്ന അതേ മഴയെത്തന്നെ അയാള്‍ ശപിച്ചുകൊണ്ടിരുന്നു. അയാള്‍ വെറുതെ കുറെനേരം വരമ്പത്തുകൂടെ നടന്നു. എന്തിനെന്നറിയില്ല.
പിന്നെ വരമ്പത്ത് കൂനിക്കൂടിയിരുന്ന്   നെല്‍ക്കതിരുകള്‍ എടുത്തുനോക്കി. ചിലതെല്ലാം മുളപൊട്ടിയിരുന്നു. പുതുനാമ്പുകള്‍, മഹാപ്രളയത്തില്‍ വീണ്ടും മരിക്കുവാനായി ജന്മമെടുക്കുന്ന പുതുമുകുളങ്ങള്‍ , അയാളുടെ മനസ്സില്‍ അവ തീനാളങ്ങളായി രൂപമെടുത്തു.
ഇത്തവണ ഇരുപത് ഏക്കര്‍ പാട്ടത്തിനെടുത്തതാണ്. ഭാര്യയുടെ സ്വര്‍ണ്ണമെല്ലാം അടുത്ത സഹകരണബാങ്കില്‍ പണയം വച്ച് ഇള്ളതെല്ലാം നുള്ളിപ്പെറുക്കി, ഒരുപാട് പ്രതീക്ഷകളോടെ കൃഷിയിറക്കിയതാണ് ഇത്തവണ. കഴിഞ്ഞ വര്‍ഷം വളം വാങ്ങിയ ഇനത്തില്‍ ഇനിയും കടയുടമയ്ക്ക്   പണം കൊടുക്കാനുണ്ട്. ഇത്തവണയും വളം കടമായിത്തന്നത് അയാളുടെ സന്മനസ്സ്. എല്ലാ കടങ്ങളും ഇത്തവണ വീട്ടാമെന്ന് അയാള്‍ വ്യാമോഹിച്ചിരുന്നു.
എത്രനേരം അവിടെ അങ്ങിനെയിരുന്നെന്ന് ഓര്‍മ്മയില്ല. സൂര്യന്‍ ഉദിക്കാതെതന്നെ അസ്തമിച്ചു. മഴ വീണ്ടും ചാറിപ്പെയ്യാന്‍ തുടങ്ങിയപ്പോള്‍ അയാള്‍ തൂമ്പയുമെടുത്ത് തിരിച്ചു നടന്നു.
"നെല്ലൊക്കെ വീണോ, കുമാരാ?”
വഴിയില്‍ ആരൊക്കെയോ എറിഞ്ഞിട്ട ചോദ്യങ്ങളൊന്നും അയാള്‍ കേട്ടില്ല. മനസ്സുനിറയെ നനഞ്ഞുവീര്‍ത്തു മുളപൊട്ടിയ വിത്തുകളായിരുന്നു. വിത്തുകള്‍ പെരുകുന്നു. പെരുകിപ്പെരുകി അവ കടമായിത്തീരുന്നു. കടമൊക്കെ നെഞ്ചില്‍ വിങ്ങലായി ഉറയുന്നു.
അയാള്‍ നടന്നു.
തൂമ്പ ഇറയത്തുവച്ച്, കൈകാല്‍ കഴുകി വീണ്ടും ഉമ്മറത്തിണ്ണയില്‍ ഇരിപ്പുറപ്പിച്ചു.
"കണ്ടം നെറഞ്ഞോ?”
ചോദിക്കുമ്പോള്‍ ഭാര്യയുടെ മുഖത്ത് ഉല്‍ക്കണ്ഠയേക്കാള്‍ നിസ്സംഗതയായിരുന്നു. സ്വപ്നങ്ങളും പ്രതീക്ഷകളും ഒന്നുമില്ലാത്തവരുടെ നിസ്സംഗത. എന്നും അവള്‍ അങ്ങനെയായിരുന്നു. അമിതമായ വികാരപ്രകടനങ്ങളൊന്നുമില്ല. എപ്പഴും മുഖത്ത് ശാന്തത അല്ലെങ്കില്‍ നിസ്സംഗത.
അയളൊന്നും പറഞ്ഞില്ല.
പുറത്ത് മഴ അപ്പോഴും തകര്‍ത്തു പെയ്യുന്നുണ്ടായിരുന്നു. തെരുവുവിളക്കുകളുടെ നേര്‍ത്ത വെളിച്ചം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ആ വെളിച്ചത്തിനുമപ്പുറം പുലരി വെള്ളകീറുന്നതും നോക്കി അയാള്‍ കാത്തിരുന്നു. പിന്നെയും അയാള്‍ സ്വപ്നങ്ങള്‍ നെയ്യുകതന്നെയായിരുന്നു.

വിനോദ്.കെ.എ.

സ്വതന്ത്രന്‍


ബലിക്കാക്കകള്‍ അവസാനത്തെ അരിമണിയും കൊത്തിയെടുത്ത് പറന്നകന്നപ്പോള്‍ അയാള്‍ തിരിച്ചുനടന്നു. വല്ലാതെ ആശ്വാസം കൊണ്ടു അയാള്‍. കാരണം ഇപ്പോള്‍ അയാള്‍ ശരിക്കും സ്വതന്ത്രനായിരിക്കുന്നു.
സ്വാതന്ത്ര്യം!
അതെ, മരണം എല്ലാറ്റില്‍നിന്നുമുള്ള സ്വാതന്ത്ര്യം തന്നെയാകുന്നു.
വേദനകളില്‍നിന്ന്........
വേവലാതികളില്‍നിന്ന്..........
നിത്യവും നിതാന്തവുമായ ശാന്തിയിലേക്കുള്ള യാത്ര.
നനഞ്ഞ മണലിലൂടെ നഗ്നപാദനായി നടക്കുമ്പോള്‍ കടലും ശാന്തമായിരുന്നു. എല്ലാം അവസാനിച്ചതിന്റെ ശാന്തത. മനുഷ്യന്റെ മനസ്സിലെ ക്ഷോഭവിക്ഷോപങ്ങള്‍ പ്രകൃതി എങ്ങനെ തൊട്ടറിയുന്നുവോ ആവോ!
അമ്മയെപ്പോലെ പ്രകൃതി എപ്പഴും നമ്മുടെ മനസ്സിലേക്കിറങ്ങിവരുന്നു.
പിറകില്‍നിന്നും ഒരു ചിരി കേട്ടു.
ങ്‌ഹേ........
അതവന്‍തന്നെ, എന്റെ മോന്‍ !
മുപ്പത്തഞ്ചുവര്‍ഷം ഈ ചുമലിലേറ്റി നടന്ന എന്റെ പൊന്നുമോന്‍.
വരിതെറ്റിയ മഞ്ഞപ്പല്ലുകള്‍ കാട്ടി അവന്‍ നിന്ന് ചരിക്കുകയായിരുന്നു. ചിറിയിലൂടെ വെളുത്ത പത നുരഞ്ഞിറങ്ങുന്നു. ഒന്നുമറിയാത്തവന്റെ നിഷ്‌കളങ്കമായ ചിരി.
വളഞ്ഞ കാലുകള്‍ മണലിലൂടെ വലിച്ച് വലിച്ച് അവന്‍ അച്ഛന്റെ അടുത്തേക്ക് ഇഴഞ്ഞു വന്നു. അവനെ ഒന്നുകൂടെ ചുമലിലേറ്റി നടക്കാന്‍ അയാള്‍ കൊതിച്ചു. മുപ്പത്തിയഞ്ച് വര്‍ഷം ചുമലിലേറ്റി നടന്നിട്ടും അയാള്‍ക്ക് അതൊരു ഭാരമായി തോന്നിയിരുന്നില്ലല്ലോ.
കൈകള്‍ നീട്ടിയപ്പോള്‍ അവന്‍ എവിടെയോ പോയിമറഞ്ഞു.
അയാള്‍ ചുറ്റും പരതി.
എവിടെ?
അതാ, ദൂരെ തിരകള്‍ക്കുമുകളിലൂടെ തന്റെ ശോഷിച്ച കാലുകള്‍ ഏന്തി വലിഞ്ഞ് അവന്‍ വരുന്നുണ്ട്, അവന്റെ അച്ഛന്റെ അടുത്തേക്ക്. അച്ഛനില്ലാതെ അവന്‍ എന്തു ചെയ്യാനാണ്? ഉണ്ണാനും ഉടുക്കാനും ഉറങ്ങാനും അംഗവിക്ഷേപങ്ങള്‍കൊണ്ട് പരിഭവങ്ങള്‍ പങ്കുവക്കാനും എല്ലാം അവന് അച്ഛന്‍ വേണമായിരുന്നല്ലോ.
തന്റെ ഭാര്യയും ബന്ധുക്കളും ദൂരെയുള്ള ചൂളമരക്കാടുകളില്‍ നടന്നുമറയുന്നത് അയാള്‍ അറിയുന്നുണ്ടായിരുന്നു. ജീവിതത്തിലെ ഒരു ദുരിതപര്‍വ്വം അവസാനിച്ച സന്തോഷത്തിലായിരുന്നു അവരെല്ലാം.
പക്ഷേ, എവിടേക്ക് പോകണമെന്നറിയാതെ അയാള്‍ ആ മണല്‍പ്പരപ്പില്‍ നിസ്സംഗനായി നിന്നു.
ഇനി ?
ജീവിതത്തില്‍ ഇനി തനിക്കെന്താണ് ബാക്കിയുള്ളത്? തന്റെ എല്ലാ കര്‍ത്തവ്യങ്ങളും അവസാനിച്ചുവല്ലോ!
ഇപ്പോള്‍ , ഈ നിമിഷത്തില്‍ , അയാള്‍ക്കൊന്നും ചെയ്യാന്‍ ബാക്കിയുള്ളതായി തോന്നിയില്ല.
കഴിഞ്ഞ മുപ്പത്തഞ്ചുവര്‍ഷമായി അയാള്‍ ഒന്നും അറിയുന്നില്ലായിരുന്നു. അറിയുന്നതിത്രമാത്രം, തന്റെ മോന്‍ , വികൃതമെങ്കിലും നിഷ്‌ക്കളങ്കമായ അവന്റെ ചിരികള്‍ , പരിഭവങ്ങള്‍ !
ഭാര്യ, ബന്ധുക്കള്‍ .......
ഒന്നും അയാള്‍ ചിന്തിച്ചിരുന്നില്ലല്ലോ!
ഭാര്യയും ബന്ധുക്കളും ചൂളമരക്കാടുകളും കടന്ന് ഒരു പൊട്ടുപോലെ അകന്നുപോയിരുന്നു.
അവര്‍ എന്നും രണ്ടു ലോകത്തായിരുന്നുവല്ലോ!
നാട്ടിലെ വലിയ പണക്കാരന്റെ മകള്‍ . ചുണ്ടില്‍ ചുവന്ന ചായം തേച്ച്, തോളില്‍ പൊങ്ങച്ചസഞ്ചിയും തൂക്കി, അവള്‍ സ്ത്രീ-പുരുഷ സമത്വത്തിനായി അഹോരാത്രം പാടുപെടുന്നവള്‍ ...... വീട്ടില്‍ ഒന്നുമറിയാത്ത ഉണ്ണി പിച്ചവച്ചു കളിച്ചുനടന്നു, വളര്‍ന്നിട്ടും വളരാതെ.......
അവനെല്ലാം അച്ഛനായിരുന്നു, അച്ഛന്‍മാത്രം.....
എല്ലാം അവസാനിച്ചുവല്ലോ, ഇനി എവിടേക്കെന്നറിയാതെ നിസ്സംഗനായി അയാള്‍ ആ മണല്‍പ്പരപ്പില്‍ കടല്‍ത്തിരകളെയും നോക്കിനിന്നു.
കാണെക്കാണെ കടല്‍ പ്രക്ഷുബ്ദമാകുന്നത് അയാളറിഞ്ഞു. കടല്‍ അയാളുടെ മനസ്സ് തൊട്ടറിയുന്നുണ്ടായിരുന്നു, അമ്മയെപ്പോലെ.
കടലമ്മയുടെ പുറത്തേറി അവന്‍ വരുന്നത് അയാള്‍ കണ്ടു. അതെ, അതവന്‍ തന്നെ. വായിലൂടെ വെള്ളിനുര പതപ്പിച്ച് അവന്‍ നിന്ന് ചിരിക്കുകയായിരുന്നു. ആ ചിരി അപ്പോള്‍ ലോകത്തില്‍വച്ച് ഏറ്റവും മനോഹരമായി അയാള്‍ക്ക് തോന്നി.
ചിരിച്ചുകൊണ്ട് അവന്‍ അച്ഛനെ മാടിവിളിക്കുകയാണ്. അച്ഛനില്ലാതെ അവന്‍ ജീവിക്കുന്നതെങ്ങനെ, അല്ലെങ്കില്‍ മരിക്കുന്നതെങ്ങനെ ?! അവന് ഉണ്ണാനും, ഉറങ്ങാനും, ഉടുക്കാനുമല്ലാം അവന്റെ അച്ഛന്‍ വേണം.
'അച്ഛാ.....'
അച്ഛാ എന്ന് വിളിച്ചതവന്‍തന്നെയോ!?
ജീവിതത്തില്‍ ആദ്യമായി അച്ഛാ എന്ന വിളികേട്ട് അയാള്‍ കോരിത്തരിച്ചു. തന്റെ പൊന്നുമോനെ ഒന്നുകൂടെ വാരിയെടുത്ത് എന്നത്തേയും പോലെ തോളിലേറ്റി നടക്കാന്‍ അയാള്‍ കൊതിച്ചു.
വിറയ്ക്കുന്ന കാലുകളോടെ അയാള്‍ മുന്നോട്ടുനടന്നു. നടന്ന് തിരമാലകളുടെ മുന്നിലെത്തി നിന്നു. പിന്നെ തിരമാലകളെ വകഞ്ഞുമാറ്റി അയാള്‍ മുന്നോട്ടാഞ്ഞുനടന്നു. കടലമ്മ തന്റെ ചേലയൊതുക്കിപ്പിടിച്ച് അയാള്‍ക്ക് വഴിയൊരുക്കിക്കൊടുത്തു.
അപ്പോഴും അയാളുടെ പൊന്നുമോന്‍ അച്ഛനെയും നോക്കി നിര്‍ത്താതെ നിന്ന് ചിരിക്കുന്നുണ്ടായിരുന്നു. കടലിന്റെ ഗര്‍ജ്ജനത്തിനുമേലെ അവന്റെ ചിരി മുഴങ്ങി കേള്‍ക്കുന്നുണ്ടായിരുന്നു.

വിനോദ്.കെ.എ.

ഗര്‍ത്തം


ഉണ്ണി ഒന്നും അറിഞ്ഞിരുന്നില്ല. മുറ്റത്ത് ചെറിയോരു വിള്ളല്‍ വന്നതും, കാണെക്കാണെ അത് വളര്‍ന്നുവലുതായി ഭൂമിയുടെ ആഴങ്ങളിലേക്കിറങ്ങിപ്പോയതും, അടുക്കളപ്പണി കഴിഞ്ഞ് അമ്മ എത്തിയതും, ബോധരഹിതയായതും, ഒന്നും അവനറിഞ്ഞിരുന്നില്ല.
ഇന്നലെ കിട്ടിയ മൊബൈല്‍ ഫോണിന്റെ മാന്ത്രികവലയത്തിലായിരുന്നു അവന്‍ ... വിരല്‍ തൊടുമ്പോള്‍ ചിത്രങ്ങള്‍ തെളിയുന്നൊരു മൊബൈല്‍ ഫോണ്‍ എന്നും അവന്റെ സ്വപ്നമായിരുന്നു. ക്ലാസ്സില്‍ കൂട്ടുകാര്‍ക്കെല്ലാം അത്തരത്തിലുള്ള ഫോണ്‍ ഉണ്ട്. അവന്റെ കയ്യില്‍ മാത്രം കാലഹരണപ്പെട്ട, നിറം മങ്ങിയ ഒരു ഫോണായിരുന്നു.
അവന്‍ മൊബൈലില്‍ ചാറ്റ് റൂമുകളില്‍ കയറിയിറങ്ങി. സുന്ദരികളും സുന്ദരന്മാരും അവന്റെ ചുറ്റും ഒഴുകിനടന്നു.
അമ്മയുടെ കരച്ചില്‍ കേട്ട് അവന്‍ സ്വപ്നലോകത്തുനിന്നും ഇറങ്ങി വന്നു.
അയല്‍വീട്ടിലെ അടുക്കളപ്പണി കഴിഞ്ഞ് അമ്മ ഇപ്പോള്‍ എത്തിയതേയുള്ളൂ.......
വീടിനുമുമ്പില്‍ ഒരു ചെറിയൊരു കുഴി പ്രത്യക്ഷപ്പെട്ടിരുന്നു. തലേന്ന് കിടക്കുന്നതിനുമുമ്പ് അങ്ങനെ ഒരു കുഴി അവിടെ ഇല്ലായിരുന്നു എന്ന് ഉറപ്പുണ്ട്.
പിന്നെ എങ്ങനെയായിരിക്കും ആ കുഴി രൂപപ്പെട്ടത്?
ഉണ്ണി സയന്‍സ് ക്ലാസ്സില്‍ പഠിച്ച കാര്യങ്ങള്‍ ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചു.
ഭൂമി ഒരു ഗോളമാകുന്നു. ഉള്ളില്‍ എരിയുന്ന തീ നിറച്ച ഒരു ഭീകരഗോളം. കലുഷമായ ഭൂമിയുടെ മുഖം പലപ്പോഴും ശാന്തം. പലപ്പോഴും അവള്‍ രൗദ്രഭാവം പൂണ്ട് നില്ക്കാറുമുണ്ട്.
കുഴി വളരെ ചെറിയതായിരുന്നു. രണ്ടടിയോളം താഴ്ച്ച കാണും. എന്നാലും ശൂന്യതയില്‍നിന്നും ഈ കുഴി എങ്ങനെ വന്നെന്ന ചോദ്യത്തിന് ആര്‍ക്കും ഉത്തരമില്ല. ഒരുപക്ഷേ, ഇതൊരു സ്വപ്നം മാത്രമായിരിക്കാം. അമ്മ അങ്ങനെ ആശ്വസിക്കാന്‍ ശ്രമിച്ചു.
അവന്‍ വീണ്ടും മൊബൈലില്‍ കുത്തിയിരുന്നു. ചാറ്റ് റൂമുകളില്‍ സുന്ദരികളും സുന്ദരന്മാരും നിറഞ്ഞു നിന്നു. എത്ര സുന്ദരമായ, വര്‍ണ്ണാഭമായ ലോകം. മണ്ണിന്റെ മണമില്ലാത്ത, മഴയുടെ അസ്വാസ്ഥ്യങ്ങളില്ലാത്ത,......
ഹായ് ഡാ......
സുന്ദരികള്‍ സുന്ദരന്മാരെ അഭിവാദ്യം ചെയ്തു.
എപ്പഴോ മയക്കം അവന്റെ കണ്‍പോളകളില്‍ കനം തൂങ്ങി.
അമ്മ കുട്ടയില്‍ മണ്ണ് കോരി കുഴി നിറയ്ക്കാനുള്ള ശ്രമത്തിലാണ്. കുഴി നിറയുന്നില്ല. ഭൂമിദേവിക്കു വിശപ്പടങ്ങുന്നില്ല. തന്നതെല്ലാം തിരിച്ചെടുക്കാനുള്ള ശ്രമത്തിലാണ് അവള്‍ . സംഹാരഭാവംപൂണ്ട് അവള്‍ അലറി.
കൊണ്ടുവരൂ... എല്ലാം എനിക്കു തിരിച്ചു കൊണ്ടുതരൂ.....
അമ്മ മണ്ണു കോരിയിട്ടുകൊണ്ടേയിരുന്നു.
കുഴി നിറയുന്നില്ല.......
ഉണ്ണിക്ക് അമ്മയെ തടയണമെന്നുണ്ട്. പക്ഷേ, അമ്മ ഒന്നും കേള്‍ക്കുന്നില്ല. അമ്മയുടെ കൈകാലുകള്‍ കുഴയുന്നത് ഉണ്ണി അറിയുന്നുണ്ട്. എന്നാലും അമ്മ കുട്ടകള്‍ നിറച്ചുകൊണ്ടേയിരുന്നു. അമ്മയെ തടയാന്‍ അവന് കഴിയുന്നില്ല. അവന്റെ നാവ് വരണ്ടിരുന്നു. ഒന്നും മിണ്ടാനാകുന്നില്ല.
കൊണ്ടുവരൂ... എല്ലാം എനിക്ക് തിരിച്ച് കൊണ്ടുതരൂ....
ഇടിമുഴക്കം പോലെ ഭുമിദേവി ഗര്‍ജ്ജിച്ചു കൊണ്ടിരുന്നു.
അമ്മ ആവുന്നത്ര വേഗത്തില്‍ നടക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നു. കാലുകള്‍ കുഴയുന്നു. കൈകള്‍ തളരുന്നു. പിന്നെ എപ്പഴോ അഗാധമായ ഭൂഗോളത്തിന്റെ നിഗൂഢതയിലേക്ക് അവര്‍ തളര്‍ന്നുവീണു.
എല്ലാം ഭൂമിദേവി തിരിച്ച് വാങ്ങിക്കുകയാണെന്ന് ഉണ്ണി അറിയുന്നുണ്ടായിരുന്നു. മണ്ണും മരങ്ങളും ആകാശവും കയ്യടക്കി മലിനമാക്കിയ മനുഷ്യനില്‍നിന്നും എല്ലാം തിരിച്ച് വാങ്ങിയ്ക്കുകയായിരുന്നു.
ഉണ്ണിക്ക് കരയണമെന്നുണ്ടായിരുന്നു. കഴിയുന്നില്ല. അവന്‍ അമ്മയെ പിന്‍തുടര്‍ന്നുകൊണ്ടു നടന്നു. ഭൂമിദേവി അവനെയും മാടിവിളിക്കുന്നുണ്ടായിരുന്നു.

വിനോദ്.കെ.എ.