നിക്കാഹ്


കവിളിണയില്‍ നാണം മുളയ്ക്കും മുമ്പേ പാത്തുമ്മയുടെ നിക്കാഹ് ഉറപ്പിച്ചിരുന്നു. അവള്‍ക്കറിയില്ലായിരുന്നു എന്തിനാണ് നിക്കാഹ് കഴിക്കണതെന്ന്. ചുണ്ടനങ്ങാതെ, ഖല്‍ബിന്റെ ഉള്ളില്‍ അവള്‍ ചോദിക്കുമായിരുന്നു. എന്തിനാ നിക്കാഹ് കഴിക്കണത്? പക്ഷേ, ചോദ്യം ഖല്‍ബിന്റെ ഉള്ളില്‍ത്തന്നെ വിങ്ങിക്കിടന്നു.
ചുണ്ടുകളില്‍ മന്ദഹാസം ഊറിവന്നു.
ആരാനും കാണുന്നുണ്ടോ?
ചുറ്റും കരണ്ടുതിന്നുന്ന കണ്ണുകളാണ്.
സുബൈദയുടെ കണ്ണുകള്‍ക്ക് ചെമ്പന്‍ നിറമാണ്. കൃഷ്ണമണികള്‍ കണ്‍തടത്തില്‍ ഓടിക്കളിക്കും. തന്റെ ഓരോ ഭാവചലനങ്ങള്‍ക്കുമനുസൃതമായി അവ കറങ്ങിക്കൊണ്ടിരിക്കും.
"എന്തിനാ ഇങ്ങനെ നോക്കണത്?”
സുബൈദയുടെ അമര്‍ത്തിയുള്ള മൂളല്‍ ......
"ഖല്‍ബിലെ കലമൊടക്കണ്ടാ, പൂച്ചേ! കണ്ണടച്ചോണ്ടിരുന്നോളോണ്ടി.....”
പിന്നെ, കണ്ണിറുക്കിക്കാണിക്കും.
ജനല്‍ക്കര്‍ട്ടന്നിടയിലൂടെ ഒന്ന് പാളിനോക്കിയാണ് അവള്‍ അയാളെ കണ്ടത്, പുതുമാരനെ. കറുത്ത കണ്ണട വച്ച ചുരുള്‍മുടിക്കാരന്‍. സുന്ദരനാണോ? കറുത്ത ചുരുള്‍മുടിയുള്ളവരെല്ലാം പാത്തുമ്മയുടെ കണ്ണില്‍ സുന്ദരന്മാരാണ്.
ഒന്നേ നോക്കാനായുള്ളൂ. അപ്പോഴേക്കും സുബൈദയുടെ കരണ്ടുതിന്നാനൊരുങ്ങുന്ന പൂച്ചക്കണ്ണുകള്‍ !
പാത്തുമ്മയുടെ കണ്ണുകളില്‍ പിടിക്കപ്പെട്ട ഭാവം. സുബൈദ ചിരിച്ചു.
"അനക്ക് പുത്യാപ്ലേനെ കാണാന്‍ പൂത്യാ, ല്ലേ.....”
കവിളിണ ലജ്ജയില്‍ തുടുത്തു. നാണം ഒളിച്ചിരുന്നിടത്തൊക്കെ ചെമന്ന ചാന്ത് പരന്നു.
സുബൈദ പോയാല്‍ ഒന്നുകൂടെ നോക്കണമെന്നുണ്ടായിരുന്നു. പാത്തുമ്മയ്ക്ക് ഭയമാണ്. ചവരുകള്‍ക്കുപോലും കണ്ണുകളുണ്ട്. കരണ്ടുതിന്നാനൊരുങ്ങുന്ന കണ്ണുകള്‍. പിന്നീട് അണിഞ്ഞൊരുങ്ങി പതുമാരന്റെ മുന്നില്‍ നിന്നപ്പോഴും അവള്‍ക്ക് നോക്കാന്‍ കഴിഞ്ഞില്ല. നാണത്തില്‍ കൂമ്പിയ കണ്ണുകള്‍ നിലത്തുനിന്നെങ്ങനെ പറിച്ചെടുക്കും. അവള്‍ക്കാകെ ഒരു വിമ്മിഷ്ടം തോന്നി. എങ്ങനെയെങ്കിലും ഒന്ന് ഓടി രക്ഷപ്പെട്ടാല്‍ മതിയായിരുന്നു. എല്ലാവര്‍ക്കും അവളെ ലജ്ജിപ്പക്കുന്നതിലായിരുന്നു രസം
ദുബായീന്നു പറഞ്ഞാല്‍ എവിടെയായിരിക്കും?
അങ്ങു പടിഞ്ഞാറാണെന്ന് സുബൈദ പറഞ്ഞു. കടലും കടന്നു പോകണം. നോക്കിയാലെത്താത്ത മണല്‍ക്കാടുകളത്രേ. ഈന്തപ്പനകളുടെ നാടാണ്. പാത്തുമ്മയ്ക്ക് ദുബായിക്കാരനായ തന്റെ മാരനെയോര്‍ത്ത് അഭിമാനം തോന്നി.
അവള്‍ മനസ്സിലോര്‍ക്കാന്‍ ശ്രമിച്ചു. കറുത്ത കണ്ണട വച്ച, ചുരുള്‍മുടിക്കാരന്‍ .... സുന്ദരന്‍ ..... അത്രയേ അവള്‍ക്കോര്‍ക്കാന്‍ കഴിയുന്നുള്ളൂ. ഒരിക്കലല്ലേ അവള്‍ കണ്ടിട്ടുള്ളൂ, അതും ഒളികണ്ണുകൊണ്ടൊരു ഉഴിച്ചില്‍ മാത്രം.
അവള്‍ പുതുമാരനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ ഇടക്കെവിടെയോ വിട്ടുപോന്നു. ചുട്ടു പഴുത്ത മണല്‍ക്കാടുകളെക്കുറിച്ച് ഓര്‍ക്കാന്‍ ശ്രമിച്ചു. കണ്ണെത്താത്ത ദൂരത്തില്‍ പരന്നുകിടക്കുന്ന മണല്‍പ്പരപ്പ്. നമ്മുടെ നാട്ടില്‍ കുഴിച്ചാല്‍ വെള്ളം കിട്ടുന്നതുപോലെ അവിടെ എണ്ണ കിട്ടുംപോലും. എന്തെണ്ണയായിരിക്കും അത്? തലയില്‍ തേക്കുന്ന നല്ലെണ്ണയാകുമോ? പിന്നെ നിറയെ ഈന്തപ്പനകളാണത്രേ. ഈന്തപ്പന പാത്തുമ്മ കണ്ടിട്ടില്ല. തൊടിയിലെ കുടപ്പനപോലിരിക്കുമെന്നാണ് സുബൈദ പറഞ്ഞത്. പക്ഷേ, അവളും കണ്ടിട്ടൊന്നുമില്ല.
അവള്‍ പറയുകയാണ്.
"ഞമ്മക്ക് സ്വപ്നം കാണാനെവട്യാ നേരം, പാത്തുമ്മാ? അന്റെ പുത്യാപ്ല്യോട് ചോദിച്ചോളോണ്ടീ.....”
പാത്തുമ്മ മുഖം വീര്‍പ്പിച്ചു. പാത്തുമ്മയ്ക്കു സുബൈദയോട് കെറുവാ. എന്തുപറഞ്ഞാലും ഒരു പുത്യാപ്ലണ്ട്. അത്ര പൂതീണ്ടെങ്കില് സുബൈദയ്ക്കും കെട്ടായിരുന്നില്ലേ? ചോദിച്ചത് ഖല്‍ബിന്റെയുള്ളില്. മിണ്ടിയാല്‍ അതും കുഴപ്പമാകും. ഒന്നുമില്ലെങ്കില്‍ അവള്‍ വെളുവെളുങ്ങനെ ചിരിക്കും. പിന്നെ കവിളത്തു നുള്ളും. ഓമനനുള്ളലാണ്. പക്ഷേ, പാത്തുമ്മയ്ക്ക് നന്നേ നോവും.
"സുബൈദയോട് ഞാന്‍ കെറുവാ.........”
പരിഭവമറിയിക്കാന്‍ കവിളുകള്‍ വീര്‍ത്തു.
സുബൈദയുടെ കണ്ണുകളില്‍ കുസൃതി.
"എന്തിനാ മോളേ ഈ പാവത്തിനോട് കെറുവിക്കണത്?”
"എന്തിനാ എപ്പളും കളിയാക്കണ്, സുബൈദയ്ക്കും കെട്ടാലോ ഒരു പുത്യാപ്ലേനെ...”
കാതടപ്പിക്കുന്ന കുസൃതിനിറഞ്ഞ, ചിരിയാണ് പ്രതീക്ഷിച്ചിരുന്നത്.
പക്ഷേ, സുബൈദയെന്താണ് ഒന്നും മിണ്ടാതിരുന്നത്?
ങ്‌ഹേ.... കരയുകയാണോ?
മുഖക്കുരു പൊട്ടിച്ച കറുത്ത പാടുകളിലൂടെ കണ്ണീരൊലിച്ചിറങ്ങി.
"സുബൈദയെന്തിനാ കരേണത്?”
കണ്ണുകള്‍ തുടച്ച് അവള്‍ ചിരിക്കാന്‍ പാടുപെട്ടു.
"ഒന്നൂല്ല്യ കുട്ട്യേ, ഈ ദുനിയാവില് രണ്ടു കൂട്ടരേള്ളൂ..... ഭാഗ്യള്ളോരും ഭഗ്യംകെട്ടോരും. പാത്തുമ്മ ഭാഗ്യള്ളോളാ......”
"എന്താ സുബൈദ നിക്കാഹ് കയ്ക്കാത്ത്?”
എട്ടും പൊട്ടും തിരിയാത്ത നിഷ്‌കളങ്കതയുടെ ചോദ്യം വീണ്ടും സുബൈദയെ നോവിച്ചു. അവളുടെ ഖല്‍ബില് കാട്ടുമുള്ളുകണക്കെ തറച്ചു. നിഷ്‌കളങ്കതയാണ്, ഒരുപക്ഷേ മനസ്സിനെ ഏറ്റവും ക്രൂരമായി മുറിവേല്‍പ്പിച്ചു രസിക്കുന്നത്.
സുബൈദ അകലേക്കുനോക്കി നെടുവീര്‍പ്പിട്ടു. പിന്നെ, മെലിഞ്ഞുണങ്ങിയ തന്റെ മുഖം പാത്തുമ്മയുടെ നേര്‍ക്ക് തിരിച്ചു.
"ത് കണ്ടോ, കുട്ടീ..... ചന്തല്ല്യാത്ത മുഖറാ നിക്ക് അള്ളാ തന്നത്. ന്നെ ആരും കെട്ടാന്‍ വരില്ല്യാ........”
ഉമ്മറത്തും തൊടിയിലുമൊക്കെ കല്ല്യാണത്തിന്റെ മേളമുയര്‍ന്നു. ഉത്സാഹത്തമിര്‍പ്പിന് കോപ്പുകൂട്ടാന്‍ സുബൈദയുമുണ്ടായിരുന്നു. അകത്തളത്തില്‍ ഒരു മൂലയില്‍, പാത്തുമ്മയുടെ ഖല്‍ബില്‍, സുബൈദയുടെ ചൂടുള്ള നിശ്വാസങ്ങള്‍ നിറഞ്ഞു.
ദുനിയാവില് രണ്ടുകൂട്ടരേയുള്ളൂ. ഭാഗ്യള്ളോരും ഭാഗ്യംകൊട്ടോരും.
പാത്തുമ്മ ഭാഗ്യള്ളോളായിരുന്നു.
സുബൈദ......

വിനോദ്.കെ.എ.

തുരുത്തുകള്‍
പകല്‍ തന്റെ തിരശ്ശീല അഴിച്ചുവച്ചിരുന്നു. സന്ധ്യയുടെ മുഖത്ത് അരുണിമ മാഞ്ഞിരുന്നില്ല. മുറ്റത്തെ കണിക്കൊന്നയുടെ ഇലകള്‍ കൊഴിഞ്ഞു വീഴുന്നതും നോക്കി അയാള്‍ ഇരുന്നു.
അവള്‍ നട്ടുവളര്‍ത്തിയ കണിക്കൊന്നയാണത്. കൊന്നപ്പൂക്കള്‍ എന്നും അവള്‍ക്ക് വലിയ ഇഷ്ടമായിരുന്നു. അവളുടെ ഇഷ്ടങ്ങളിലെല്ലാം മഞ്ഞനിറമുണ്ടായിരുന്നു. മഞ്ഞ സാരി, മഞ്ഞ വിരി, കുട്ടികള്‍ക്ക് മഞ്ഞയുടുപ്പ്. എല്ലാറ്റിലും മഞ്ഞയുണ്ടായിരുന്നു. പക്ഷേ, മഞ്ഞപ്പൂക്കള്‍ വിരുന്നുവരുംമുമ്പ് അവള്‍ പോയിരുന്നല്ലോ.
അടുക്കളയില്‍നിന്നും ആളനക്കം കേള്‍ക്കുന്നു. സുനന്ദയും ഉണ്ണിമോളും രാവിലെ എത്തിയതാണ്. ഈ ആഴ്ച്ച അവളുടെ ഊഴമാണ്. അച്ഛനെ തനിയെ ഈ വീട്ടില്‍ നിര്‍ത്താന്‍ രണ്ട് പെണ്‍മക്കളും തയ്യാറല്ല. അവര്‍ അച്ഛനെ അത്രകണ്ട് സ്‌നേഹിയ്ക്കുന്നു. ജന്മം തന്നവന്‍. ഭക്ഷണം, സ്‌നേഹം, വിദ്യാഭ്യാസം, സംരക്ഷണം എല്ലാം തന്നവന്‍. മക്കള്‍ മറക്കാന്‍ പാടില്ലാത്തതാകുന്നു.
ബിന്ദു ഇന്നലെ വൈകിട്ട് അവളുടെ കെട്ടിയവന്റെ കൂടെ പോകുമ്പോള്‍ അച്ഛന് പിറ്റേദിവസത്തേക്ക് പ്രാതല്‍ ഒരുക്കി വച്ചിട്ടാണ് പോയത്. ഫ്രിഡ്ജില്‍ നിന്നെടുക്കണം. ഒന്ന് ചൂടാക്കണം, അത്രയേ ഉള്ളൂ. ചായയുണ്ടാക്കാന്‍ അയാള്‍ ഇതിനകം തന്നെ പഠിച്ചു കഴിഞ്ഞതാണ്.
മടിയില്‍ കിടക്കുന്ന ഖലീല്‍ ജിബ്രാനിന്റെ പുസ്തകത്തിലേയ്ക്കയാള്‍ അലസമായി കണ്ണോടിച്ചു.
പ്രവാചകന്‍ ഇങ്ങനെ മൊഴിഞ്ഞു.
നിങ്ങളുടെ കുട്ടികള്‍ നിങ്ങളുടെ കുട്ടികളല്ല. ജീവിതത്തിന്റെ തനതായ പ്രതീക്ഷയുടെ ആണ്‍-പെണ്‍ മക്കളാണവര്‍! അവരുടെ ആത്മാവുകള്‍ അന്യഗേഹങ്ങളില്‍ വസിക്കുന്നു. നിങ്ങളുടെ സ്വപ്നങ്ങളില്‍പ്പോലും അവിടെ സന്ദര്‍ശിക്കാന്‍ നിങ്ങള്‍ക്കാവില്ല.
സുനന്ദ അടുക്കളയില്‍ നല്ല തിരക്കിലാണ്. നല്ല കരിമീന്‍ കിട്ടിയിട്ടുണ്ട്. അവളുടെ കെട്ടിയവന് കരിമീന്‍ നല്ല ഇഷ്ടമാണ്. ഇന്ന് ഇരുട്ടുമ്പോഴേക്കും ഏത്താമെന്നേറ്റിരുന്നതാണ്. ഭാര്യവീട്ടില്‍ തങ്ങുന്നത് ഒരിക്കലും അവനിഷ്ടമുള്ള കാര്യമല്ല. ഇന്നെന്തോ അര്‍ദ്ധസമ്മതം മൂളിയിയിരിയ്ക്കുന്നു. സുനന്ദയുടെ മുഖത്ത് അതിന്റെ തെളിച്ചവും കാണാം.
ഉണ്ണിമോള്‍ ഉമ്മറത്ത് തൂണിന്മേല്‍ വട്ടംചുറ്റി കളിയ്ക്കുന്നു. അവള്‍ അച്ഛന്‍ വരുന്നതും കാത്തിരിക്കുകയാണ്. അച്ഛന്‍ അവള്‍ക്ക് മിഠായി കൊണ്ടുവരും. മുത്തച്ഛനെ അവള്‍ ഇടയ്ക്കിടെ ഇടംകണ്ണിട്ടു നോക്കുന്നുമുണ്ട്. ഈ മുത്തച്ഛന്റെ ഒരു കാര്യം. എപ്പഴും ഒറ്റയിരുപ്പാണ്. കഥ പറഞ്ഞു തരില്ല. ഒന്ന് മിണ്ടുകപോലുമില്ല.
തെരുവില്‍ ഇപ്പോള്‍ നേര്‍ത്ത ഇരുട്ട് പടര്‍ന്നിരിയ്ക്കുന്നു. പിറകില്‍ നിലാവും കടന്നു വരികയായി.
ആരോ പടി കയറി വരുന്നു.
രമേശാണ്.
മുറ്റത്ത് വീണുകിടക്കുന്ന കരിയിലകളില്‍ ചവിട്ടി അവന്‍ ഉമ്മറത്തേക്ക് കയറി. ഉണ്ണിമോള്‍ അച്ഛനെ വട്ടംപിടിച്ചു. തോളില്‍ തൂങ്ങുന്ന സഞ്ചിയില്‍ പരതി. അച്ഛന്‍ പറഞ്ഞുപറ്റിച്ചോ! അവള്‍ ആശങ്കപ്പെട്ടു. രമേശ് കീശയില്‍നിന്നും മിഠായിപ്പൊതിയെടുത്ത് അവള്‍ക്കു നീട്ടി. അത് വാങ്ങി അവള്‍ തുള്ളിച്ചാടി അകത്തേക്ക് ഓടിപ്പോയി.
കുട്ടിക്കാലത്ത് സുനന്ദയും ഇങ്ങനെയായിരുന്നു. അന്നൊക്കെ ജോലികഴിഞ്ഞ് വരുമ്പോള്‍ ഏത് പാതിരാത്രിയിലായാലും അവള്‍ ഉറങ്ങിയിട്ടുണ്ടാവില്ല. അച്ഛന്‍ കൊണ്ടുവരുന്ന മിഠായിക്കായി അവള്‍ കാത്തിരിയ്ക്കുന്നുണ്ടാകും. ഇപ്പോള്‍ അവള്‍ അമ്മയായി. ഉണ്ണിമോള്‍ അവളുടെ അമ്മ ചെയ്തിരുന്നതുപോലെ അച്ഛനെ വട്ടംപിടിച്ചു നിന്നു. കാലം അല്പം മുന്നോട്ടുപോയി തിരിച്ച് പുറപ്പെട്ടിടത്തുതന്നെ വന്നെത്തി നില്ക്കുന്നു.
പക്ഷേ, ഇലകള്‍! ഇലകള്‍ മാത്രം കൊഴിയുന്നു.
ഇലകള്‍!
ഞെട്ടറ്റുവീഴുന്ന കരിയിലകള്‍ ..... അവയെ നമ്മള്‍ ഓര്‍ക്കുന്നില്ല.
ഇലകളെല്ലാം കൊഴിഞ്ഞുതീരുമ്പോള്‍ പൂക്കളുടെ പുതുനാമ്പുകള്‍ വരും. പച്ചയായി, പിന്നെ മഞ്ഞയായി....
ഇലകള്‍ കൊഴിഞ്ഞത് പൂക്കാലത്തിന്റെ മുന്നോടിയെങ്കില്‍, അവള്‍.... അവള്‍ കൊഴിഞ്ഞു പോയതെന്തിനായിരുന്നു?
അയാള്‍ ഓര്‍ത്തു. നമ്മളും ഈ കണിക്കൊന്നയുടെ ഇലകളെപ്പോലെയല്ലേ? തളിര്‍ക്കുന്നു, തുടുക്കുന്നു, നിറം മങ്ങുന്നു, ഞെട്ടറ്റ് മണ്ണിലേക്ക് അടര്‍ന്നുവീഴുന്നു.....
അയാള്‍ വീണ്ടും മുറ്റത്തേക്ക് കണ്ണുംനട്ടിരുന്നു. കണിക്കൊന്നയില്‍ നിന്നും ഇറങ്ങിവന്ന നിലാവ് മുറ്റം നിറഞ്ഞുതുടങ്ങിയിരുന്നു. നിലാവും കൊഴിഞ്ഞ ഇലകളും ഇഴകോര്‍ത്തുകിടന്നു.
അകത്ത് സുനന്ദയും രമേശും എന്തൊക്കെയോ കുശുകുശുക്കുന്നുണ്ട്. അവരുടെ കുടുംബപ്രശ്‌നങ്ങള്‍, വീട്, അച്ഛന്‍, അമ്മ, വളര്‍ത്തുമൃഗങ്ങള്‍, അവരുടെ സ്വപ്നങ്ങള്‍, അവരുടെ പ്രതീക്ഷകള്‍! ഓരോ കുടംബവും ഓരോ തുരുത്തുകളില്‍ ഒറ്റപ്പെട്ടുവസിക്കുന്നു, അവരവരുടെ സ്വപ്നങ്ങളുമായി, അവരവരുടെ പ്രതീക്ഷകളുമായി. പക്ഷേ, നമ്മള്‍ എല്ലാവരും ഒറ്റപ്പെട്ടവര്‍ മാത്രമെന്ന് നാമറിയുന്നുവോ?
നിലാവിന്റെ പ്രഭ കൂടിക്കൂടിവന്നപ്പോള്‍ കൊന്നയുടെ കീഴെ അവള്‍ വന്നു നിന്നു. അതെ, അതവള്‍തന്നെ. മുടിയഴിച്ചിട്ട്, അവള്‍ക്കിഷ്ടപ്പെട്ട മഞ്ഞച്ചേലയുടുത്ത്.
അവള്‍ ദുഃഖിതയായിരുന്നു.
"എന്നെ ഒറ്റയ്ക്കീ തുരുത്തിലുപേക്ഷിച്ചൂല്ലേ.....?”
അയാള്‍ക്കൊന്നും മനസ്സിലായില്ല. അയാള്‍ അവളുടെ വാക്കുകളെ തടയാന്‍ ശ്രമിച്ചു. ഒറ്റക്കുപോയതവളല്ലേ, ഒന്ന് യാത്രപോലും പറയാതെ.........
"ഞാന്‍ വരും, നിന്റെ തുരുത്തിലേക്ക് ഞാനും വരും.”
അയാള്‍ പിറുപിറുത്തുകൊണ്ടിരുന്നു. പക്ഷേ, അവള്‍ ഒന്നും കേള്‍ക്കുന്നില്ലായിരുന്നു. തെല്ലു പരിഭവത്തോടെ അവള്‍ നടന്നകന്നു.
"പോകരുത്.....”
അലറിവിലിക്കണമെന്നുണ്ട്, അവളെ തടയണമെന്നുണ്ട്. പക്ഷേ, അയാള്‍ക്കൊന്നിനും കഴിയുന്നില്ല. അവള്‍ ഒന്നും കേള്‍ക്കുന്നുമുണ്ടായിരുന്നില്ല. പിന്നെ നിലാവില്‍ അവള്‍ അലിഞ്ഞില്ലാതായി.
അയാള്‍ വാക്കുകള്‍ വറ്റി കിതച്ചുനിന്നു.
"അച്ഛാ...”
കണ്‍മിഴിച്ചു നോക്കിയപ്പോള്‍ സുനന്ദ. വിയര്‍പ്പില്‍ കുളിച്ചിരുന്നു അയാള്‍. സുനന്ദ അച്ഛനെ ആശങ്കയോടെ നോക്കി. കൂടെ രമേശുമുണ്ട്. ഒന്നുമറിയാതെ ഉണ്ണിമോള്‍ മുത്തച്ഛനെ നോക്കിനില്ക്കുന്നു.
"എന്തുപറ്റി അച്ഛാ....?”
അച്ഛന് ഒന്നും പറയാന്‍ കഴിയുന്നില്ല.
"അവള്‍... അവള്‍... കൊന്നയുടെ ചോട്ടില്‍ ..........”
അയാള്‍ നന്നായി കിതക്കുന്നുണ്ടായിരുന്നു.
"സ്വപ്നം കണ്ടതാവും, അച്ഛന്‍ വരൂ.... നമുക്ക് ഊണ് കഴിക്കാം.....”
അയാള്‍ അനുസരണയുള്ള കുട്ടിയെപ്പേലെ അവളുടെ കൂടെ പോയി. ഭക്ഷണത്തിന് മുന്നിലിരിക്കുമ്പോഴും അയാള്‍ കിതക്കുന്നുണ്ടായിരുന്നു.
അപ്പോഴേക്കും കണിക്കൊന്നയുടെ ഇലകളെല്ലാം കൊഴിഞ്ഞുതീര്‍ന്നിരുന്നു.
ഇനി പൂക്കളുടെ പുതുനാമ്പുകള്‍ കിളിര്‍ക്കും. പച്ചയായി, പിന്നെ മഞ്ഞയായി വസന്തം വരും. വസന്തത്തിന്റെ അവസാനം ഇലകള്‍ കിളിര്‍ക്കും, തുടുക്കും, വാടിക്കരിഞ്ഞ് മണ്ണിലേക്കൂര്‍ന്നു വീഴും. പക്ഷേ, കാലം നില്ക്കുകില്ല. കാലം ഓരോ തുരുത്തുകള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കും. ആ തുരുത്തുകളില്‍ നിങ്ങള്‍ക്ക് പ്രവേശനമില്ല. നിങ്ങള്‍ നിങ്ങളുടെ തുരുത്തുകളില്‍ കുടികൊള്ളുക.

വിനോദ്.കെ.എ.