പതിര്


ചിതലരിച്ച ഈ ജനാലയിലൂടെ എത്രനേരം വേണമെങ്കിലും വെറുതെ മിഴി നട്ടുകിടക്കാം. നേര്‍ത്ത നിലാവത്ത്, വറ്റിവരണ്ട പാടങ്ങളും വേനല്‍മഴയ്ക്കായി കാത്തുനില്ക്കുന്ന മുള്‍ച്ചെടികളും കടന്ന്, ദൂരക്കാഴ്ചയില്‍ സ്റ്റേഷന്‍ വെളിച്ചത്തില്‍ മുങ്ങി നില്ക്കുന്നതു കാണാം. ചൂളംകുത്തി പാളങ്ങളില്‍ തലതല്ലിക്കരഞ്ഞ് ഒരു മിന്നായംപോലെ ഒഴുകിപ്പോകുന്ന രാക്ഷസന്മാരെ കാണാം. ഇടയ്ക്കിടെ കച്ചവടക്കാരുടെയും ചുമട്ടുകാരുടെയും ആരവങ്ങളുയരുന്നതും കേള്‍ക്കാം.

മെത്തയില്‍ വിരിച്ചിട്ട റബ്ബര്‍ഷീറ്റിന് വല്ലാത്തൊരു പതുപതുപ്പും പൊള്ളലുമാണുള്ളത്. കാലം ചുളിവുകള്‍ വരച്ചിട്ട ശരീരത്തിലാകമാനം നേര്‍ത്ത രോമരാജികളില്‍ അത് ഒട്ടിപ്പിടിയ്ക്കുന്നു. വൃണിതമായ ചര്‍മ്മം വീണ്ടും അതിലുരഞ്ഞുപൊട്ടുന്നു.

മലമൂത്രത്തിന്റെ സമ്മിശ്ര ഗന്ധം നാസാരന്ധ്രങ്ങള്‍ ഇപ്പഴും തിരിച്ചറിയുന്നുവോ?

തുറന്നിട്ട ജാലകത്തിലൂടെ ഒരു ഉഷ്ണക്കാറ്റുപോലും കടന്നുവരുന്നില്ലിവിടെ.

ഒന്നെഴുന്നേറ്റിരിയ്ക്കാന്‍ കഴിഞ്ഞെങ്കില്‍ …....!

വയ്യല്ലോ, ന്റെ തേവരേ........

വേദന! സര്‍വ്വാംഗം വേദന....... സര്‍വ്വത്ര വേദന......

ചരിഞ്ഞു കിടക്കാന്‍ നോക്കി.

കഴിയുന്നില്ല.

കട്ടില്‍ പതുക്കെ ഒന്നു ഞരങ്ങുക മാത്രം ചെയ്തു.

കട്ടില്‍ നിലവിളിയ്ക്കുന്നില്ല.

അചേതനമായ വസ്തുക്കള്‍ ഭാഗ്യം ചെയ്തവരാകുന്നു. അവയ്ക്ക് വേദനകളില്ല. അവ നിലവിളിയ്ക്കുന്നില്ല.
നിങ്ങളിലെ ചേതന നിങ്ങള്‍ക്കനുഗ്രഹമാകണമെന്നില്ല. ചേതന നിങ്ങള്‍ക്ക് വേദനകള്‍ തരുന്നു. സചേതനങ്ങളായ നിങ്ങളുടെ ഞരമ്പുകളെ അവ കഴുകന്മാരെപ്പോലെ കൊത്തിവലിയ്ക്കും. ഞരമ്പുകളില്‍നിന്നും കിനിയുന്ന ചോര കൊത്തിക്കുടിയ്ക്കും.
ജഢമായ ഈ മാംസപിണ്ഡത്തില്‍ ജീവന്റെ തുടിപ്പുകള്‍ ഇനിയും അവശേഷിയ്ക്കുന്നു. വേദന അറിയുവാന്‍ മാത്രമായിരിയ്ക്കാം!
ഞരമ്പുകള്‍ കഴുകന്മാര്‍ കൊത്തിവലിയ്ക്കുന്നു.

അസ്ഥികളില്‍ അവയുടെ കൂര്‍ത്ത കൊക്കുകളാല്‍ ഉരയ്ക്കുന്നു.

ഒന്നെഴുന്നേറ്റിരിയ്ക്കാന്‍ കഴിഞ്ഞെങ്കില്‍ …....!

ഇല്ല, ഒന്നിനുമാവുന്നില്ല.

വഴിക്കണ്ണുമായി വെറുതെയൊന്നു കുത്തിയിരിയ്ക്കാന്‍ പോലുമാവുന്നില്ലല്ലൊ ന്റെ തേവരേ.....!

മാധവനിനിയും വൈകുന്നതെന്താണാവോ!

പത്തരയുടെ മെയില്‍ ഇനിയും എത്തിയില്ലേ?

പുറത്ത് ഇരുളും വെളിച്ചവും ഇഴകോര്‍ത്തു നില്ക്കുകയാവും. ഈച്ചയനക്കമില്ല. സ്റ്റേഷനില്‍നിന്നും ആരവങ്ങളൊന്നുമുയരുന്നില്ല.

അമ്മുവിന്റെ ശബ്ദം എപ്പഴോ നേര്‍ത്തുനേര്‍ത്തില്ലാതായിരിയ്ക്കുന്നു. എപ്പോഴെന്ന് ഓര്‍മ്മ കിട്ടുന്നില്ല. ഉമ്മറത്തിരുന്ന് പാഠം ഉരുവിടുകയായിരുന്നു അവള്‍.

എപ്പഴാണ് അവള്‍ പഠിത്തം നിര്‍ത്തി ഉറങ്ങാന്‍ പോയത്?

ഉമ്മറത്തു കിടന്നെങ്ങാനും ഉറങ്ങിപ്പോയിരിയ്ക്കുമോ ആവോ!

അവളെ ഒന്ന് അകത്തേയ്ക്ക് പായിട്ടുകിടത്താന്‍ ആരുമില്ലേ ഇവിടെ?

ഹെന്റെ തേവരേ.........

വായ വരളുന്നു.

രാധികേ.......

ശബ്ദം തൊണ്ടയില്‍ കുരുങ്ങുന്നു. എത്ര ഉച്ചത്തില്‍ വിളിച്ചാലും ചെവിയില്‍ കിടന്ന് മുഴങ്ങുന്നതല്ലാതെ ആരും വിളികേള്‍ക്കുകയില്ല.

അടുക്കളയില്‍ നിന്നും പാത്രങ്ങളുടെ കലമ്പല്‍ കേള്‍ക്കുന്നുണ്ടോ?

രാധികയ്ക്കെപ്പോഴും പണിത്തിരക്കുതന്നെ. കൈയ്യൊഴിഞ്ഞൊരു നേരവുമില്ലവള്‍ക്ക്.
സാധു!
പറഞ്ഞിട്ടെന്തുകാര്യം!

ന്റെ കുട്ടി.....

ന്റെ കുട്ടി ഉമ്മറത്തു തനിച്ചു കിടന്നുറങ്ങുകയാണല്ലോ ന്റെ തേവരേ! കാത്തോളണേ.........

പ്രായം തികഞ്ഞ പെണ്ണാണ്. പുറത്ത് തെരുവുനായ്ക്കള്‍ കാത്തുകെട്ടിക്കിടക്കുന്നുണ്ടാകും. അവര്‍ കടിച്ചു കീറും പെണ്ണിനെ. പെണ്ണിന് മൂക്കും മുലയും തിരിഞ്ഞാല്‍ അച്ഛനും അമ്മയ്ക്കും നാലുഭാഗത്തും കണ്ണുണ്ടാവണം. വല്ലതും സംഭവിച്ചുപോയാല്‍ പറഞ്ഞിട്ടു കാര്യമുണ്ടോ?

അമ്മുവിന് പരീക്ഷ അടുത്തിരിയ്ക്കുന്നു. ഊണും ഉറക്കുവുമില്ലാതായിരിയ്ക്കുന്നു.

പഠിച്ച് വലിയ ഡോക്ടറാകണമെന്നാണവള്‍ക്ക്. അവളറിയുന്നുണ്ട്, അച്ഛന്‍ ജീവിതഭാരംപേറി തളര്‍ന്നിരിയ്ക്കുന്നുവെന്ന്, അച്ഛമ്മയ്ക്ക് വയസ്സായെന്ന്, അമ്മ വിളറി വെളുത്ത് കടലാസ്സുപോലെയായെന്ന്, എല്ലാവരും ഉറ്റുനോക്കുന്നത് തന്നെത്തന്നെയാണെന്നും. എല്ലാം അവളറിയുന്നുണ്ട്. ആണും പെണ്ണുമായിട്ടവളേയുള്ളൂ. നിശ്ചയമായും അവള്‍ക്ക് ഡോക്ടറാകണമെന്നാണ്.
അച്ഛമ്മയുടെ ശുഷ്കിച്ച ചര്‍മ്മത്തിലൂടെ അമ്മുവിന്റെ നനുത്ത വിരലുകളോടുന്നു.

ഈ അച്ഛമ്മയെ കാണാന്‍ ഒരു രസൂല്ല്യാ.... തൊലിയൊക്കെ ഇങ്ങനെ ചുളുങ്ങി.......?”

അമ്മുവിന് കളി. ചുണ്ടില്‍ കുസൃതി തിങ്ങി.

അച്ഛമ്മയ്ക്ക് വയസ്സായില്ലേ മോളേ....... വയസ്സാവുമ്പോ എല്ലാരും ഇങ്ങനന്യാണ്....”

പല്ലില്ലാത്ത മോണ കാട്ടി അച്ഛമ്മ ചിരിയ്ക്കുന്നു.

അവള്‍ കളിയാക്കി.

ഈ അച്ഛമ്മയ്ക്ക് ഒന്ന്വറീല്ല....... ഞാന്‍ പഠിച്ച് ഡോക്ടറാകട്ടെ. അച്ഛമ്മടെ ദണ്ണങ്ങളൊക്കെ മാറ്റിത്തരും.”

അമ്മു ഉരുവിട്ടു പഠിച്ചു. ഭൂമി ഉരുണ്ടതാകുന്നു. ഭൂമി അതിന്റെ അച്ചുതണ്ടിന്മേല്‍ സ്വയം കറങ്ങുന്നു, ഒപ്പം സൂര്യനെ വലം വയ്ക്കുകയും ചെയ്യുന്നു.
അമ്മു കണക്കുകൂട്ടി. ഏപ്ലസ്ബീ ഹോള്‍സ്ക്വയര്‍ ഈസ് ഈക്ക്വല്‍ ടു …... ഈക്ക്വല്‍ ടു........

അവള്‍ക്ക് വിരലില്‍ എണ്ണിയാല്‍ കൂടുന്നില്ല. അവളെക്കൊണ്ട് കൂട്ടിയാല്‍ കൂടുന്നില്ല. കണക്കുകള്‍ മാത്രം അവളുടെ തലയില്‍ കയറുന്നില്ല.

സിസിലിട്ടീച്ചറുടെ വട്ടമുഖത്ത് ചെമ്പിച്ച പൂച്ചക്കണ്ണുകള്‍ കലങ്ങി. കയ്യിലെ ചൂരല്‍വടിയ്ക്ക് എണ്ണയുടെ തിളക്കം. അമ്മുവിന്റെ കൈവെള്ളയില്‍ നക്ഷത്രങ്ങള്‍ പൊട്ടിത്തെറിയ്ക്കുന്നു. അവളുടെ കുരുന്നു കണ്ണുകളില്‍ പൊന്നീച്ചകള്‍ പാറിക്കളിച്ചുവോ?

വട്ടമുഖത്ത് ചോര തുടുത്തു നിന്നു. തൊട്ടുകൂടാ. തൊട്ടാല്‍ ഇറ്റിവീഴും.

പൂച്ചക്കണ്ണുകളില്‍ അഗ്നിനാളങ്ങള്‍.
കാണുന്നതിനെയെല്ലാം അഗ്നി ആവാഹിയ്ക്കുന്നു, ഭസ്മമാക്കുന്നു.

സിസിലിട്ടീച്ചര്‍ പറഞ്ഞു, കണക്കില്‍ അമ്മു വെറും വട്ടപ്പൂജ്യമെന്ന്. കണക്കില്‍ വട്ടപ്പൂജ്യമെന്നാല്‍ ജീവിതം ശൂന്യമെന്നര്‍ത്ഥം.

കണക്ക് പ്രപഞ്ചത്തിന്റെ താളമെന്നറിയണം നമ്മള്‍.

എല്ലാറ്റിലുമുണ്ട് കണക്കുകള്‍. എല്ലാറ്റിലുമുണ്ട് കൂട്ടല്‍ കിഴിക്കലുകള്‍. സ്നേഹത്തിലും, വാത്സല്യത്തിലും, വാശിയിലും, വൈരാഗ്യത്തിലുമെല്ലാം.
കണക്കില്‍ നിന്നു തുടങ്ങുന്നു എല്ലാം. കണക്കുകള്‍ തെറ്റാതിരിയ്ക്കാന്‍ നമ്മള്‍ ആവതു പരിശ്രമിയ്ക്കേണ്ടിയിരിയ്ക്കുന്നു. കണക്കുകൂട്ടലുകളിലെ ജയപരാജയങ്ങളെയും, മാറിമറിച്ചലുകളേയും ജീവിതമെന്നു പറയുന്നു.

എപ്പഴാണ് അവള്‍ പഠിത്തം നിര്‍ത്തി ഉറങ്ങാന്‍ പോയത്?

ഒന്നും ഓര്‍മ്മയില്‍ നില്ക്കുന്നില്ല.

രാത്രിയുടെ ഏതോ യാമങ്ങളില്‍, ഇടയ്ക്കെപ്പൊഴൊക്കെയോ സ്റ്റേഷനില്‍നിന്നും കച്ചവടക്കാരുടെയും ചുമട്ടുകാരുടെയും ആരവങ്ങളുയര്‍ന്നിരുന്നു.

പാളങ്ങളില്‍ തലതല്ലിക്കരഞ്ഞ് രാക്ഷസന്മാര്‍ വന്നുപോയിരിയ്ക്കാം.

ആസുരമായ ഒരു താളം എല്ലാറ്റിനെയും മൂടിനിന്നിരുന്നു.

മാധവന്‍ ഇനിയും വന്നില്ലേ?

രാധികേ, മാധവന്‍ വന്ന്വോ........

നാവു് പേരുന്നില്ലല്ലോ.........

കട്ടില്‍ ഞരങ്ങി, നിലവിളിച്ചില്ല.

വയ്യല്ലോ ന്റെ തേവരേ.....

ഒന്നു കരഞ്ഞുവിളിയ്ക്കാനെങ്കിലും.......

കാതങ്ങള്‍ക്കപ്പുറം മാധവനുണ്ണിയുടെ നെഞ്ചുതുടിച്ചു. അമ്മയുടെ നോവ് പൊക്കിള്‍ക്കൊടിയുടെ സ്പന്ദനങ്ങളിലൂടെ മക്കളറിയുന്നു. മുറിച്ചിട്ടാലും ബന്ധമറ്റുപോകുന്നില്ല.

അമ്മയ്ക്കെന്തെങ്കിലും........
അയാളുടെ ഉള്ളൊന്നു പിടഞ്ഞു.

ശനിയാഴ്ചയായിരുന്നുവെന്ന് മാധവനുണ്ണി ഓര്‍ക്കുന്നതപ്പോഴാണ്.

ആഴ്ചയുടെ അവസാനം! ആഴ്ചയുടെ അവസാനം ജീവിതത്തിന്റെ അവസാനമാകുന്നില്ല. താളുകള്‍ മറിയുന്നുമില്ല. പഴയതും പുതിയതുമെന്നില്ലാത്ത വിരസമായ ഈ ജീവിതത്തിന്റെ കുത്തിക്കുറിപ്പുകള്‍ തുടര്‍ന്നുപോകുന്നു എന്നുമാത്രം.

താളുകള്‍ മുഷിയുന്നു, മറിയുന്നില്ല.

പുറത്തിറക്കി വച്ച വഴിവാണിഭച്ചരക്കുകളൊക്കെ അകത്തേയ്ക്ക് വയ്ക്കണം. തുരുമ്പെടുത്ത ഈ സൈക്കിള്‍വണ്ടിയില്‍ എല്ലാം കുത്തി നിറയ്ക്കണം.

തീര്‍ത്താലും തീര്‍ത്താലും പണി തീരുന്നതല്ല. കൈയ്യും കാലും വേറിടുന്നതുമല്ല.

രാത്രിയിലും തിരക്കുതന്നെ.
മാധവനുണ്ണിയ്ക്ക് കൈ കൂടുന്നില്ലൊന്നിനും.

ആവശ്യക്കാര്‍ വന്നുകൊണ്ടിരിയ്ക്കുന്നു. ആവശ്യക്കാരന് ഔചിത്യത്തിന്റെ ആവശ്യമില്ലാത്തതാകുന്നു. അവന് ഏത് പാതിരായ്ക്കും കയറിവരാം. അവന്റെ ആവശ്യങ്ങളറിയിയ്ക്കാം.

ഒരു ഡപ്പ സിന്ദൂരം, ഒരു ചെറിയ വാല്‍ക്കണ്ണാടി, ഒരു കണ്മഷി.

ഒരു പാവക്കുട്ടി, ഒരു കിലുക്ക, ഒരു ഡസന്‍ കുപ്പിവള.

മാധവനുണ്ണിയുടെ കൈയ്യൊഴിയുന്നില്ല.
മാധവനുണ്ണിയ്ക്ക് പത്തരയുടെ ട്രെയിന്‍ പിടിയ്ക്കണം. പ്രായമായ അമ്മ വീട്ടിലുള്ളതല്ലേ? എപ്പഴാണ് എന്താണ് എന്നൊന്നുമറിയില്ലല്ലോ!

വില്പനച്ചരക്കുകള്‍ സൈക്കിള്‍വണ്ടിയില്‍ അടുക്കിവച്ച് താഴിട്ടുപൂട്ടി തിരക്കിട്ട് റെയില്‍വെ സ്റ്റേഷന്‍ ലക്ഷ്യമാക്കി നടക്കുമ്പോഴും അപ്പുറത്ത് മൊയ്തീനിക്കയുടെ കച്ചവടം പൊടിപൊടിയ്ക്കുന്നുണ്ട്.

വെളുത്ത ചിരിയുമായി മൊയ്തീനിക്ക ആവശ്യക്കാരെ മാടിവിളിയ്ക്കുന്നു.

ഏതെട്ത്താലും പത്ത്...... ഏതെട്ത്താലും പത്ത്...... എല്ലാരും ബരീ..... “

ദുരിതജീവിതത്തിന്റെയും ഒറ്റപ്പെടലിന്റെയും ആകത്തുകയെങ്കിലും മൊയ്തീനിക്കയുടെ മുഖത്തെപ്പോഴും പ്രസാദം. ദുഃഖങ്ങള്‍ ഒരിയ്ക്കലും ആ മുഖത്തിന്റെ വെളിച്ചം കെടുത്തുന്നില്ല.
ധൃതിപ്പെട്ട് നടക്കുമ്പോള്‍ മാധവനുണ്ണി ഉറക്കെ വിളിച്ചു പറഞ്ഞു.

ഇക്കാ, പോയിട്ടു വരാം. നോക്കണേ.......”

കച്ചവടത്തില്‍നിന്നു ശ്രദ്ധ തിരിയ്ക്കാതെത്തന്നെ മൊയ്തീനിക്ക ശബ്ദം തെല്ലുയര്‍ത്തിപ്പറഞ്ഞു.

ങ്ങള് പൊയ്ക്കോളീ............”

കാലങ്ങളായിട്ട് മൊയ്തീനിക്കയെ അറിയാം. മൊയ്തീനിക്ക കുടിയില്‍ പോകാറില്ല. കടത്തിണ്ണയില്‍ അന്തിയുറങ്ങുന്നു. ഉപ്പ മയ്യത്തായതോടെ തികച്ചും ഒറ്റാന്തടി. കല്ല്യാണം കഴിയ്ക്കാഞ്ഞതെന്തെന്ന ചോദ്യത്തിന് നിഗൂഡമായൊരു ചിരി ഉത്തരം. ദുരിതങ്ങളൊഴിഞ്ഞ് സമയം കിട്ടിയില്ലെന്നായിരിയ്ക്കാം ചിരിയുടെ പൊരുള്‍. ഉറങ്ങിക്കിടന്ന കുഞ്ഞുപെങ്ങളെയുമെടുത്ത് ഉമ്മ എതോ വരത്തന്റെ കൂടെ ഓടിപ്പോയതുമുതല്‍ പൊരുളറിയാത്ത ആ ചിരി അയാളുടെ ചുണ്ടില്‍ തങ്ങിനിന്നിരുന്നു.
വളവ് തിരിയുമ്പോള്‍, മാധവനുണ്ണി തിരിഞ്ഞുനോക്കി. പാതിയും വിജനമായിക്കഴിഞ്ഞിരുന്ന തെരുവോരത്ത് അയാളുടെ സൈക്കിള്‍വണ്ടി ഒരു പൊട്ടുപോലെ കാണപ്പെട്ടു. അയാളോര്‍ത്തു. എന്നാണ് കോര്‍പ്പറേഷന്‍ അധികാരികള്‍ എല്ലാം കൊത്തിപ്പെറുക്കി എടുത്തുകൊണ്ടുപോവുക എന്നറിയില്ല.

ഒരുനാള്‍ ….....
ഒരുനാള്‍, അധികാരം ധാര്‍ഷ്ട്യത്തിന്റെ രൌദ്രമുഖം കാണിച്ച് തന്റെ മുന്നില്‍ വന്നു നില്ക്കും.
നീ സ്വന്തമെന്നു പറയാന്‍ വേരുകള്‍ പോലുമില്ലാത്തവന്‍. നഗരത്തിന്റെ നീരൂറ്റിക്കുടിയ്ക്കുന്ന വെറുമൊരു ഇത്തിള്‍ക്കണ്ണി. പരാന്നഭോജിയായ നിനക്ക് നഗരം വെള്ളവും വളവും ചുരത്തിത്തരുന്നു. മേലില്‍ നിനക്കായി പങ്കുവയ്ക്കുവാന്‍ ചോരയും നീരുമില്ലീ നഗരത്തിന്റെ കൈയ്യില്‍. നീ മടങ്ങിപ്പൊയ്ക്കൊള്ളുക.

മടങ്ങിപ്പോവുകയേ നിര്‍വ്വാഹമുള്ളൂ.

എവിടേയ്ക്ക്?

ട്രെയിനിറങ്ങി പാളത്തിന് കുറുകെ നടക്കുമ്പോള്‍ അയാള്‍ തികച്ചും ക്ഷീണിതനായിരുന്നു. ഈ നേര്‍ത്ത ഉഷ്ണക്കാറ്റിനുപോലും അയാളെ പാളത്തിലേയ്ക്ക് തള്ളിയിടാം. ഉള്ളില്‍നിന്നും ചുമ തള്ളി വരുന്നു. കഫം തികട്ടി വരുന്നതിന്റെ ദുഷിച്ച ഗന്ധം തൊണ്ടയില്‍ നിറയുന്നു.

ആന്തരാവയവങ്ങളിലൊക്കെ പൊടി നിറഞ്ഞിരിയ്ക്കുന്നു. ഒരു വഴിയോരവാണിഭക്കാരന്റെ ആയുഷ്ക്കാലസമ്പാദ്യം!
മുറിയില്‍ വെളിച്ചം കാണുന്നു. അമ്മ ഇപ്പഴും ഉറങ്ങിയിട്ടില്ലായിരിയ്ക്കുമോ?

അയാളുടെ ഉച്ഛ്വാസത്തില്‍പോലും അമ്മയുടെ സ്നേഹത്തിന്റെയും വാത്സല്യത്തിന്റെയും ചൂടും ചൂരുമുണ്ടായിരുന്നു.
കാല്‍പ്പെരുമാറ്റം കേട്ട് രാധിക പിടഞ്ഞെണീറ്റു. അവള്‍ ഉമ്മറത്തിരുന്ന് ഉറക്കം തൂങ്ങുകയായിരുന്നു.

ന്താ ത്ര വൈക്യേ?”

ശന്യാഴ്ചയല്ലേ, നല്ല തിരക്കായിരുന്നു......”

ഉറക്കം കനം തൂങ്ങുന്ന മിഴികളുമായി അടുക്കളയിലേയ്ക്ക് നടന്നു പോകുമ്പോള്‍ അയാളുടെ ചോദ്യം അവളെ പിന്‍തുടര്‍ന്നു.

അമ്മയ്ക്കെങ്ങനെണ്ട്?”

ഒരു പോള കണ്ണുചിമ്മീട്ടില്ല. മൂത്രത്തിന്റെ റ്റ്യൂബൊക്കെവലിച്ചിട്ടിരിയ്ക്ക്ണൂ. പിച്ചും പെഴേം പറഞ്ഞോണ്ടിരിയ്ക്ക്യാര്‍ന്നു ഇതുവരെ. ഇപ്പോ ഒന്നു മയങ്ങീന്നുതോന്ന്ണൂ........ ലൈറ്റണച്ചിട്ടില്ല...”

ങ്ഹും..... പണിയ്ക്കരെക്കൊണ്ടുവന്ന് ഒന്നടക്കം വയ്ക്കണം......”

അയാള്‍ പിറുപിറുത്തു.

ഈ ജന്മത്തിലെ കെട്ടുപാടുകള്‍ തീര്‍ത്താലും തീര്‍ത്താലും തീരാത്തതാകുന്നു. കെട്ടുപാടുകള്‍ തീര്‍ക്കാതെ ആത്മാവിന് സഞ്ചരിയ്ക്കുവാന്‍ വയ്യ. ആത്മാവിന്റെ ഇരുള്‍ വീണ സഞ്ചാരപഥങ്ങളിലേയ്ക്ക് വെളിച്ചം തുറന്നിടാന്‍ കെട്ടുമുട്ടുകളെ തീര്‍ക്കേണ്ടിയിരിയ്ക്കുന്നു.

പണിയ്ക്കരെ വിളിയ്ക്കണം.
കെട്ടുമുട്ടുകളെ ആവാഹിച്ചു ബന്ധനത്തില്‍ വരുത്തണം.

ഭക്ഷണത്തിന്റെ മുന്നിലിരിയ്ക്കുമ്പോള്‍ രാധിക അടക്കം പറഞ്ഞു.

"അമ്മ ഇപ്പഴും നമ്മുടെ മോളെ അന്വേഷിയ്ക്കുന്നു.... പുറത്തിരുന്ന് ഉറക്കമൊഴിച്ച് പഠിയ്ക്കണൂന്ന്....”
മാധവനുണ്ണിയ്ക്ക് വറ്റ് തൊണ്ടയില്‍ കുരുങ്ങി. കൈകള്‍ വിറയാര്‍ന്നു. ഉരുട്ടിയ ഉരുള പാത്രത്തില്‍ വീണുചിതറി.

അമ്മു ഒരു നെരിപ്പോടാകുന്നു.

കാറ്റടിയ്ക്കുമ്പോള്‍ ചുവക്കുന്നു, നീറുന്നു, പിന്നെയും പുകയുന്നു.

മാധവനുണ്ണിയുടെ മനസ്സില്‍ അമ്മു നീറിപ്പടരുന്നു.

അമ്മുവിന്റെ മുന്നില്‍ സിസിലിട്ടീച്ചര്‍ നിന്ന് തുള്ളിവിറച്ചു. അവരുടെ കൈയ്യില്‍ പത്താം തരത്തിലെ മാര്‍ക്ക് ലിസ്റ്റായിരുന്നു. മാര്‍ക്ക് ലിസ്റ്റെന്നത് വിസ്താരം കഴിഞ്ഞ കേസിലെ വിധി പ്രസ്ഥാവമാകുന്നു. ഇനിയും വിസ്തരിയ്ക്കാന്‍ ബാക്കിയൊന്നുമില്ല. വാദപ്രതിവാദങ്ങളുമില്ല.
ജഡ്ജി സിസിലിട്ടീച്ചറാകുന്നു.

പ്രതി അമ്മു എന്ന് വിളിയ്ക്കപ്പെടുന്ന അവന്തികാദേവി.

അച്ഛനും അമ്മയ്ക്കും അച്ഛമ്മയ്ക്കുമെല്ലാം അമ്മുവെങ്കിലും, പരമമായ നീതിപീഠത്തിനുമുന്നില്‍ നില്ക്കുമ്പോള്‍ അമ്മു വെറും അവന്തികാദേവി മാത്രമത്രേ.
വാക്കുകള്‍ അടര്‍ന്നു വീഴുമ്പോള്‍ ചെമ്പിച്ച പൂച്ചക്കണ്ണുകള്‍ ജ്വലിച്ചു.

വാക്കുകള്‍ വാക്കുകളായിരുന്നില്ല.

വാക്കുകള്‍ കരിങ്കല്‍ച്ചീളുകളാകുന്നു.

കരിങ്കല്ലുചീളുകള്‍ അമ്മുവെന്ന അവന്തികാദേവിയെ മൂടുന്നു. കരിങ്കല്ലുചീളുകള്‍ കുത്തിവീണത് അവളുടെ ദേഹത്തായിരുന്നില്ല. അവ നേരെ പെയ്തിറങ്ങിയത് അവളുടെ ഹൃദയത്തിലേയ്ക്കായിരുന്നു.
കരിങ്കല്‍ച്ചീളുകള്‍ ഹൃദയത്തില്‍ ചോരപ്പാടുകള്‍ തീര്‍ക്കുന്നു.

പിന്നെയും പിന്നെയും വാക്കുകള്‍ വിറയാര്‍ന്നു വീഴുന്നു.

നീ ഞങ്ങളുടെ ഈ വിശുദ്ധവിദ്യാലയത്തിലെ കൃമികീടമാകുന്നു. വര്‍ഷങ്ങളായി ഇവിടെ നൂറില്‍ നൂറുമേനി വിളയുന്നു. പതിരില്ല, കളകളില്ല, എല്ലാം തുടുത്തുമുഴുത്ത കതിര്‍മണികള്‍ മാത്രം.
ഇപ്പോള്‍ നീ മാത്രം....... നീ മാത്രം തുടുത്തു മുഴുത്ത കതിര്‍മണികള്‍ക്കിടയിലെ പതിര്.

ഈ വിശുദ്ധവിദ്യാലയത്തില്‍ നീ കാലുകുത്തിയതെന്തിനായിരുന്നു?

അച്ഛനും അമ്മയ്ക്കും ഏക ആശ്രയമാവേണ്ടവളായിട്ടും അവന്തികാദേവിയോട് സിസിലിട്ടീച്ചര്‍ ചോദിച്ചു.

ചത്തുകൂടായിരുന്നോ നിനക്ക്?

അമ്മുവിന് ഒന്നും കേള്‍ക്കാന്‍ വയ്യ. കേള്‍ക്കുകയും വേണ്ട.

അവള്‍ക്കൊന്നിനും വയ്യായിരുന്നു. അച്ഛന്റെ സങ്കടം താങ്ങുവാന്‍ വയ്യ, അമ്മയുടെ വിളറി വെളുത്ത മുഖത്ത് നോക്കാന്‍ വയ്യ, അച്ഛമ്മയുടെ വാത്സല്യക്കണ്ണുകളെ താങ്ങാനും വയ്യ.

കെട്ടുപാടുകളൊന്നും തീര്‍ക്കാന്‍ വയ്യ.

കെട്ടുപാടുകളൊന്നും തീരുന്നില്ല.

അവള്‍ നിര്‍ത്താതെ, നിര്‍ത്താതെ ഓടുകയായിരുന്നു.

അച്ഛമ്മ കരഞ്ഞു വിളിച്ചു.

മോളേ, സൂക്ഷിക്കണം...... പുറത്ത് തെരുവുനായ്ക്കള്‍ കാത്തുകെട്ടിക്കിടക്കുന്നു.

അമ്മു ഒന്നും കേള്‍ക്കുന്നില്ല, കാണുന്നുമില്ല.

അവള്‍ നിര്‍ത്താതെ, നിര്‍ത്താതെ ഓടി.
ആയിരം കൈകളുള്ള രാക്ഷസന്‍ അലറി.
ഝക് ഝക് …... ഝക് ഝക്......

അവന്‍ പാളങ്ങളില്‍ തല്ലിച്ചിരിയ്ക്കുന്നു.

ഝക് ഝക് …... ഝക് ഝക്......

പ്രചണ്ഡമായ താളം...….........

ആസുരതാളം.

താളം മുറുകുന്നു.
(ഈ കഥ ഫെയ്സ് ബുക്കിലെ കഥാ ഗ്രൂപ്പും കൃതി ബുക്ക്സും ചേര്‍ന്ന് നടത്തിയ കഥാരചനാ മത്സരത്തില്‍ അവസാനവട്ടത്തിലെത്തിയിരുന്നു.)

ദേശാടനപ്പക്ഷികള്‍

 
സലാം സാബ്......”
പാന്‍മസാല കുത്തിനിറച്ചു ചോപ്പിച്ച വായില്‍ നിന്നും തുപ്പലും പുഞ്ചിരിയും തെറിപ്പിച്ച്, എനിയ്ക്ക് സലാം തന്ന്, അവര്‍ പാടത്തേയ്ക്ക് കുനിഞ്ഞിറങ്ങുകയായിരുന്നു.
അവര്‍ ഇറങ്ങിപ്പോകുന്നത് എന്റെ കണക്കുപുസ്തകത്തിന്റെ താളുകളിലൂടെയാകുന്നു.
വരിവരിയായി....
എറുമ്പുകളേപ്പോലെ...
ഞാനെണ്ണി.
ഒരെറുമ്പ്..... രണ്ടെറുമ്പ്...... മൂന്നെറുമ്പ്.....
ഒരേക്കര്‍ നിലം നടുവാന്‍ പത്തെറുമ്പുകള്‍.
അന്യദേശത്തുനിന്നും വന്നവരാണവര്‍.
ഉറ്റവരുടെ വിശപ്പാറ്റുവാന്‍ അന്നം തേടിപ്പോന്നവര്‍.
പാടത്തിറമ്പത്ത്, വെയില്‍ ചിറകുകള്‍ക്ക് എത്തിപ്പിടിയ്ക്കാന്‍ പറ്റാത്തൊരിടം നോക്കി ഞാനിരുന്നു. എന്റെ കണക്കുപുസ്തകത്തില്‍ സുന്ദരമായ കൈപ്പടയാലെ ഞാന്‍ അക്കങ്ങളെ നിറച്ചു കൊണ്ടിരുന്നു.
ഒരെറുമ്പ്..... രണ്ടെറുമ്പ്...... മൂന്നെറുമ്പ്.....
താഴെ, ദേശാടനക്കിളികള്‍ വീണ്ടും പറന്നു വന്നിരുന്നു. ചക്രവാളച്ചെരുവില്‍ നിന്നും പറന്നു വന്നിറങ്ങിയ ആ ഗഗനചാരികള്‍ ചേറില്‍ ചിക്കിച്ചികഞ്ഞ്, പരല്‍മീനുകളെയും ഞണ്ടുകളെയും പെറുക്കി അലസം നടക്കുവാന്‍ തുടങ്ങി, തങ്ങള്‍ക്ക് ചിരപരിചിതങ്ങളായ ഇടങ്ങളിലെന്നപോലെ. ഒരു പക്ഷേ അവര്‍ പരമ്പരകളായി ഇവിടെ വന്നു പോകുന്നവരായിരിയ്ക്കാം.
ഋതുക്കളുടെ ആ വിരുന്നുകാരെയും നോക്കി ഞാനിരിയ്ക്കുന്നു.
എന്റെ മൃദുലമായ ചര്‍മ്മത്തില്‍ വെയില്‍ നാളങ്ങള്‍ തുളഞ്ഞിറങ്ങുന്നു.
ഈ ഇളവെയിലില്‍ പോലും ഞാന്‍ കരിഞ്ഞുപോകുന്നുവോ?
എന്റെ ചര്‍മ്മം മൃദുലവും സുന്ദരവുമാകുന്നു.
എനിയ്ക്ക് വെയില്‍ കൊണ്ടുകൂടാ.
വെയില്‍നാളങ്ങള്‍ എന്നെ കുത്തിനോവിയ്ക്കുന്നു.
ഭായ് സാബ് ......”
പിറകില്‍ നിന്നും നേര്‍ത്ത, ആ ശബ്ദം എന്നെ തെല്ലൊന്ന് അമ്പരപ്പിയ്ക്കാതിരുന്നില്ല.
"ഭായ് സാബ്,....... കുച്ച് കാം മിലേഗാ …... ?"
എന്തെങ്കിലും ജോലി തരപ്പെടുമോ ?
ചോദ്യവുമായി മുന്നില്‍ വന്നു നിന്നതൊരു കിളുന്തു പയ്യന്‍.
ശബ്ദം പോലെത്തന്നെ രൂപവും.
നേര്‍ത്ത്, മെലിഞ്ഞ്.
ചുരുള്‍ മുടി. ഇരുനിറം.
ദൈന്യത, നിസ്സംഗഭാവം.
മേല്‍ച്ചുണ്ടില്‍ പൊടിച്ചുവരുന്ന നനുത്ത രോമരാജി.
കൌമാരം വിട്ടു പോകാന്‍ മടിച്ചു നില്ക്കുന്നു.
നാം ക്യാ ഹേ തേരാ ….. ?”
നിന്റെ പേരെന്താകുന്നു....... ?
രാജ് ബിഹാരി, സാബ്....... “
ബിഹാരി ഏത് നാട്ടുകാരനാണ് ?
ബീഹാറിയോ?
ഉത്തരപ്രദേശുകാരനോ?
ആരുമാകട്ടെ, എനിയ്ക്കവന്‍ എന്റെ കണക്കുപുസ്തകത്തിലെ ഒരു അക്കം മാത്രമാകുന്നു.
എന്റെ കണക്കുപുസ്തകത്തില്‍ അക്കങ്ങള്‍ മാത്രം കുറിയ്ക്കപ്പെടുന്നു.
ഒരെറുമ്പ്..... രണ്ടെറുമ്പ്...... മൂന്നെറുമ്പ്.....
പേരും നാടും വയസ്സുമെല്ലാം തികച്ചും അപ്രസക്തം. ഇവിടെ സ്ഥാനങ്ങള്‍ മാത്രം പ്രസക്തമാകുന്നു.
അക്കങ്ങള്‍ പൂജ്യത്തില്‍ നിന്നു തുടങ്ങി ഒമ്പതില്‍ ഒടുങ്ങുന്ന അചേതനവസ്തുക്കളത്രേ. അവ ആരോഹണ, അവരോഹണ ക്രമങ്ങളില്ലാതെ അടുക്കി വയ്ക്കപ്പെടുന്നു.
ഭായ് സാബ് .......”
അവന്‍ ആശയോടെ എന്നെ നോക്കി.
മേരാ ദോസ്ത് ബോലാ കി ആപ് ബഡാ ആദ്മീ ഹേ....... ആപ് മേരാ മദദ് കരേഗാ......”
താങ്കള്‍ നല്ല മനുഷ്യനാണെന്നും എന്നെ സഹായിയ്ക്കുമെന്ന് എന്റെ സുഹൃത്ത് പറഞ്ഞിരുന്നു.
ഞാന്‍ അവന്റെ മുഖത്തേയ്ക്ക് നോക്കി. അവന്റെ കുരുന്നു മുഖം എന്റെ കണക്കുപുസ്തകത്തില്‍ അക്കങ്ങളായാണ് തെളിയുന്നത്.
ഒരെറുമ്പ്..... രണ്ടെറുമ്പ്...... മൂന്നെറുമ്പ്.....
അവന്റെ വിയര്‍പ്പ് ഞാന്‍ വിലയ്ക്കു വാങ്ങിയ്ക്കുവാന്‍ പോകുന്നു.
എറുമ്പുകള്‍ വിയര്‍ക്കാറുണ്ടോ?
അവന് താമസിയ്ക്കുവാന്‍ ഞാനിടം കൊടുക്കും.
എറുമ്പുകള്‍ക്ക് താമസിയ്ക്കാന്‍ ഇടം വേണമോ?
അവന് വിയര്‍പ്പൊഴുക്കുവാന്‍ ഞാന്‍ നിലം കൊടുക്കും.
എറുമ്പുകള്‍ മണ്ണു് കുത്തിച്ചേറിപ്പെറുക്കുന്നു.
പകരം ഞാനവന്റെ വിയര്‍പ്പ് നിങ്ങള്‍ക്ക് വില്പനയ്ക്കായി വയ്ക്കും.
വരേണ്യരായ നിങ്ങള്‍ക്ക് ചേറിലിറങ്ങേണ്ടതില്ല.
മൃദുലമായ നിങ്ങളുടെ മേനിയില്‍ വെയില്‍ കത്തിക്കാളുകയില്ല.
നിങ്ങള്‍ക്കുവേണ്ടി അവന്‍ വിതച്ചുകൊള്ളും.
ഞാറ് നട്ടുകൊള്ളും.
കള പറിച്ചുകൊള്ളും
കൊയ്യുകയും മെതിയ്ക്കുകയും ചെയ്തുകൊള്ളും.
നിങ്ങള്‍ ഒന്നും തന്നെ ചെയ്യേണ്ടതില്ല.
നിങ്ങള്‍ക്കുവേണ്ടി അവന്‍ വിയര്‍പ്പൊഴുക്കട്ടെ.....
വിയര്‍പ്പ് പാടത്ത് പച്ചപ്പായി നിറയട്ടെ.....
വിയര്‍പ്പിന്റെ പങ്ക് എന്റെ കണക്കുപുസ്തകത്തില്‍ അക്കങ്ങളായി, സ്ഥാനക്രമത്തില്‍ നിറയട്ടെ.........
അക്കങ്ങള്‍ ഊറ്റിയൂറ്റി എന്റെ കുഞ്ഞുങ്ങളും നിങ്ങളുടെ കുഞ്ഞുങ്ങളും കുടിച്ചുന്മദിയ്ക്കട്ടെ...
ഗര്‍ മേ കോന്‍ കോന്‍ ഹേ ….... ?”
വീട്ടില്‍ ആരൊക്കെയുണ്ട് സഹോദരാ ?
ഗര്‍ മേ മാ അകേലാ ഹേ......”
വീട്ടില്‍ അമ്മ ഒറ്റയ്ക്കാണ്.
ദൂരെ ചേറില്‍ ചിക്കിച്ചികയുന്ന ദേശാടനക്കിളികളെ നോക്കി അവന്‍ നെടുവീര്‍പ്പിട്ടു.
ബാബൂജി ബഹുത്ത് ദിനോം സെ ലാ പതാ ഹേ ….. “
അച്ഛനെ കാണാതായിട്ട് ഒരുപാട് നാളായി.
അവരുടെ കുടുംബം പരമ്പരകളായി ദേശാടകരാകുന്നു.
ഓരോരോ നാടുകളില്‍ അന്നം തേടിപ്പോകുന്നവര്‍.
പിറന്ന നാട്ടില്‍ പണിയില്ലാത്തവര്‍. പണിയെടുത്തിട്ടും കൂലി കിട്ടാത്തവര്‍. മാടുകളേപ്പോലെ പുല്ലിനും തീറ്റയ്ക്കുമായി പണിയെടുത്തു് മടുത്തവര്‍.
അവരെ നമ്മള്‍ക്ക് പ്രവാസികള്‍ എന്ന് ഓമനപ്പേരിട്ട് വിളിയ്ക്കാം.
ദേശദേശാന്തരങ്ങളില്‍, പാടത്തും പറമ്പിലും പണിയെടുത്ത് അവര്‍ അഷ്ടിയ്ക്ക് വക സ്വരുക്കൂട്ടുന്നു.
ഉറ്റവര്‍ക്കായി ഇരുണ്ട ഭൂഖണ്ഡങ്ങളില്‍ അന്നം തേടിപ്പോകുന്നവരത്രേ പ്രവാസികള്‍. അവര്‍ തങ്ങളുടെ വിയര്‍പ്പെല്ലാം കിട്ടിയ കാശിന് വില്ക്കുന്നു, സ്വപ്നങ്ങള്‍ കണ്ടുറങ്ങുന്നു, സ്വപ്നങ്ങള്‍ തന്നെ കണ്ടുണരുകയും ചെയ്യുന്നു.
പ്രവാസത്തിന്റ നോവും വിയര്‍പ്പും സ്വപ്നങ്ങളുടെ ഉണ്മയും കലര്‍ന്ന നാളുകളില്‍ അവര്‍ ഒറ്റയൊറ്റകളായി പാടത്തും പറമ്പിലും ചേറിലും ചിക്കിച്ചികയുന്നു.
ബിഹാരിയുടെ അച്ഛനും മുത്തച്ഛനും മുതുമുത്തച്ഛനുമൊക്കെയും പ്രവാസികളായിരുന്നു. ഒരോ ഋതുക്കളും അവര്‍ ഓരോ നാടുകളിലായലഞ്ഞു. ഓരോരോ നാടുകളില്‍ വരേണ്യര്‍ക്കുവേണ്ടി വിതച്ചു, ഞാറ് നട്ടു, കൊയ്തു, കളകള്‍ പറിച്ചു, മെതിച്ചു, കാറ്റത്തിട്ടു, വൈക്കോലുണക്കി..........
എന്നിട്ടും ബിഹാരിയുടെ അമ്മ ഇപ്പോഴും മുതലാളിയുടെ പശുത്തൊഴുത്തിനരികിലെ ചായ്പ്പില്‍ താമസിയ്ക്കുന്നു. മുതലാളിയുടെ അടുക്കളയിലെ പാത്രങ്ങള്‍ കഴുകിക്കൊടുക്കുന്നു, മുറ്റമടിയ്ക്കുന്നു, ചാണകം കോരുന്നു. പശുവിനെ കുളിപ്പിയ്ക്കുന്നു.......
ഭഗവാന്‍ കി കൃപാ സേ മാ ബില്‍ക്കുല്‍ ഠീക്ക് ഹേ.......
ഭഗവാന്റെ കൃപകൊണ്ട് അമ്മ വളരെ സുഖമായിരിയ്ക്കുന്നു.
പ്രവാസത്തിന്റ ഇരുളില്‍നിന്നും അച്ഛന്‍ ഇടയ്ക്കൊക്കെ വെളിപ്പെട്ടു വരുമ്പോള്‍ കുഞ്ഞുബിഹാരിയും അമ്മയും നക്ഷത്രലോകത്ത് വിരുന്നിനെത്തിയവരെ പോലെയായിരിയ്ക്കും.
പശുത്തൊഴുത്തില്‍ മിന്നാമിനുങ്ങുകള്‍ ഇമചിമ്മിപ്പറക്കും.
കൊതുകുകള്‍ മൂളക്കമിടും.
വേച്ചുവേച്ച് , കൈനിറച്ചും പണവുമായി, ഏതൊക്കെയോ കൂരിരുള്‍ക്കാടുകളില്‍ നിന്നും വലിയ ബിഹാരി പ്രത്യക്ഷനാകുന്നു.
പണക്കിഴി കയ്യില്‍ വച്ച് അയാള്‍ ബീവിയുടെ കാതില്‍ മൊഴിയും.
ബസന്തീ, യേ രഖ്നാ......”
ബസന്തീ, നീയിത് വച്ചുകൊള്ളുക. ഈ പണം നമ്മള്‍ക്കൊരു കൊച്ചു വീടു് പണിയുവാനായി നീ സൂക്ഷിച്ചു വയ്ക്കുക.
ഒരു കൊച്ചുമാടം.
തീരെ ചെറുത്.
ചെറുതെങ്കിലും സ്വന്തം.
തുരുമ്പിച്ച മേല്‍ക്കൂരയ്ക്കിടയിലൂടെ നക്ഷത്രങ്ങള്‍ സ്വപ്നങ്ങളായി പെയ്തിറങ്ങുകയായി.
ഒരു കൊച്ചുമാടം, തീരെചെറുത്, ചെറുതെങ്കിലും സ്വന്തം.
എച്ചില്‍ പാത്രങ്ങള്‍ നീരൂറ്റിയെടുത്ത ബസന്തിയുടെ ശുഷ്കിച്ച കൈവിരലുകള്‍ തലോടി, അയാള്‍ മിഴികളില്‍ മിഴി നട്ടിരിയ്ക്കും, ഉറങ്ങാതെ.
ബസന്തീ, ….. ആജ് തൂ ബഹുത്ത് ഖൂബ്സൂരത്ത് ലഗ്തീ ഹേ........”
നീയിന്ന് ഏറെ സുന്ദരിയായിരിയ്ക്കുന്നു.
ചോര വറ്റിയ കണ്‍തടങ്ങളില്‍ നാണത്തിന്റെ തിരയിളക്കം കണ്ട് അയാളിരിയ്ക്കുന്നു. ഉറങ്ങണമെന്നില്ലാതെ ഉറങ്ങി ഉണരുമ്പോള്‍ അയാളുടെ കൈകള്‍ വിറയാര്‍ന്നിരിയ്ക്കും.
ബസന്തീ, നിന്റെ പണക്കിഴിയൊന്നു തുറക്കുക. ഇന്നത്തേയ്ക്കുമാത്രം. എന്റയീ കൈകളുടെ ഈ നാശം പിടിച്ച വിറയൊന്നു മാറ്റുവാന്‍ മാത്രം. ഒരല്പം മദ്യം. ഇന്നിത് അവസാനത്തേതായിരിയ്ക്കും.
നിര്‍ത്തി. ഇന്നത്തോടെ ഇതെല്ലാം നിര്‍ത്തി.
നമ്മുടെ മകനെ പഠിപ്പിച്ച് വലിയ ആളാക്കണ്ടേ?
ങ്ഹാ....
സ്വന്തമായൊരു കൊച്ചുമാടം പണിയേണ്ടേ ?
വേണം....
നമുക്ക് സ്വപ്നങ്ങളില്‍ മുങ്ങി നിവരേണ്ടേ ?
ബസന്തി തലയാട്ടുന്നു.
ഓരോ ദിവസവും ബസന്തി തലയാട്ടുന്നു. അവളുടെ തലയ്ക്കാമ്പുറത്തെ തുരുമ്പെടുത്ത തകരപ്പെട്ടിയിലെ പണക്കിഴി ശുഷ്കമാകുന്നു.
ശൂന്യമായ പണക്കിഴി നോക്കി അയാള്‍ നെടുവീര്‍പ്പിടും. ഇനി അയാള്‍ക്ക് പോകണം. അയാളുടെ പ്രിയപ്പെട്ട പണിയിടങ്ങളിലേയ്ക്ക്. പോകാതെ തരമില്ല. ദൂരെ കേരളക്കരയില്‍ വെള്ളമൊഴിഞ്ഞ പാടശേഖരങ്ങള്‍ അയാളെ കാത്തിരിയ്ക്കുകയാണ്. വിത്തുകള്‍ മുള പൊട്ടി വിതുമ്പി നില്ക്കുകയാണ്.
ബിഹാരിയ്ക്ക് ഇനി നാട്ടില്‍ നിന്നുകൂടാ.
ദേശാടനക്കിളികള്‍ക്ക് നില്ക്കാന്‍ നിയോഗമില്ല. കാലചക്രത്തിന്റെ സമയ സൂചികകള്‍ക്കൊത്ത് അവരുടെ സ്ഥാനം മുന്‍നിശ്ചയിയ്ക്കപ്പെട്ടിരിയ്ക്കുന്നു. പോകാതിരിയ്ക്കാനാവില്ല.
കുഞ്ഞുബിഹാരിയെ അമ്മ എന്നും താരാട്ടുപാടിയുറക്കി.
മുതലാളിയുടെ പശുത്തൊഴുത്തില്‍ നിന്നും കൊതുകുകള്‍ കാതുകൂര്‍പ്പിച്ചു നിന്നു.
സോജാ, മേരേ ലാഢലാ.....
ഉറങ്ങുക നീയെന്റെ പൊന്നുമകനേ. കൈനിറയെ കളിപ്പാട്ടങ്ങളുമായി ഒരുനാള്‍ നിന്റെ ബാബൂജി തിരിച്ചുവരും, ഇപ്പോള്‍ നീയുറങ്ങിക്കൊള്ളുക...
ബാബൂജി തിരിച്ചു വന്നില്ല.
പ്രവാസത്തിന്റ ഇരുളാര്‍ന്ന കാരാഗൃഹത്തിലകപ്പെട്ടുവോ?
ദിക്കറിയാതെ പ്രപഞ്ചത്തിന്റെ മറുകരയിലകപ്പെട്ടു പോയോ ?
ബാബൂജി മകന് കളിപ്പാട്ടങ്ങളുമായി വന്നില്ല.
ബസന്തിയുടെ മുന്നില്‍ വേച്ചുവേച്ച് പണക്കിഴിയുമായി വന്നു നിന്നുമില്ല.
ബാബൂജി ഒരിയ്ക്കലും തിരിച്ചു വന്നില്ല.
മുതിര്‍ന്നപ്പോള്‍ കൊച്ചുബിഹാരി പറഞ്ഞു.
അബ് മേ ആദ്മി ബന്‍ ഗയാ ഹൂം …... മേ കേരളാ ജാവൂംഗാ.....”
ഇപ്പോള്‍ ഞാന്‍ ഒരു ആണൊരുത്തനായിരിയ്ക്കുന്നു, എനിയ്ക്ക് കേരളത്തിലേയ്ക്ക് പോകണം. ബാബൂജിയ്ക്ക് ഇഷ്ടപ്പെട്ട പണിയെടുക്കണം. ബാബൂജിയെ തിരിച്ചു കൊണ്ടു വരണം.
ബാബൂജിയ്ക്കേറ്റവും പ്രിയപ്പെട്ട കേരളത്തിലെ ഏതെങ്കിലും നടവഴികളില്‍, ഏതെങ്കിലും വയല്‍വരമ്പില്‍, എതെങ്കിലും കുന്നിന്‍ ചരിവുകളില്‍ നിന്നും ഞാന്‍ അച്ഛനെ വീണ്ടെടുത്തു കൊണ്ടുതരും അമ്മയ്ക്ക്.
"മുജേ ഡര്‍ ലഗ് രഹാ ഹേ ബേട്ടാ........തൂ ബീ........."
അമ്മയ്ക്ക് പേടിയാകുന്നു മോനെ. ബാബൂജിയേപ്പോലെ നീയും......
"ഡരോ മത്ത്, മാ....."
ഒന്നും വരില്ല, അമ്മ ധൈര്യമായിരിയ്ക്കുക.
ഇപ്പോള്‍ എന്റെ മുന്നില്‍ വന്നു നില്ക്കുന്നത് രാജ് ബിഹാരി.
ആദ്മി ബന്‍ ഗയാ ഹേ വോ.......
വളര്‍ന്ന് ഒരാണൊരുത്തനായിരിയ്ക്കുന്നു.
അവന്‍ എന്റെ മുന്നില്‍ വിയര്‍പ്പു വില്ക്കാനായി വന്നു നില്ക്കുന്നു.
അവന്റെ വിയര്‍പ്പ് എന്റെയും നിങ്ങളുടേയും അന്നമാകുന്നു.
അന്നം ദൈവമാകുന്നു.
പാടത്തിറമ്പത്ത്, പൊള്ളുന്ന വെയില്‍ച്ചിറകുകള്‍ക്ക് എത്തിപ്പിടിയ്ക്കാനാവാത്തയിടത്ത് ഞാനിരിയ്ക്കുകയാണ്.
താഴെ, ബിഹാരിമാര്‍ പാട്ടുപാടി, ഞാറ് നട്ടു.
അവരുടെ പാട്ടുകള്‍ വിയര്‍പ്പായി, അക്കങ്ങളായി എന്റെ കണക്കുപുസ്തകത്തില്‍ നിറയുന്നു, അടുക്കും ചിട്ടയുമില്ലാതെ......
അവരെ തൊട്ടും തലോടിയും ദേശാടനക്കിളികള്‍ അലസമായി ചേറില്‍ ചിക്കിച്ചികഞ്ഞു നടക്കുന്നുണ്ടായിരുന്നു.
അങ്ങു ദൂരെ, ബിഹാരിയുടെ കൊച്ചു ഗ്രാമത്തില്‍, പശുത്തൊഴുത്തിനരികെ, ചായ്പ്പില്‍, ബസന്തിയുടെ നെഞ്ചില്‍ തെള്ളി ഉണര്‍ന്ന താരാട്ടിന്റെ ഈണങ്ങളില്‍ ശോകഛവി കലര്‍ന്നിരുന്നു.
ലൌട്ടാ മേരേ ലാഢലാ..... ലൌട്ടാ.......
മടങ്ങി വരിക എന്റെ പൊന്നുമകനേ....

(വിനോദ്.കെ.എ.)